•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

''രാജരാജന്‍ സത്യധര്‍മന്‍ വിജയിച്ചാലും.'' മന്ത്രിയുടെ സ്വരമാണല്ലോ അത്. രാജാവു വിചാരിച്ചു. 
''വരൂ... മന്ത്രീ.''
''അങ്ങു വിശ്രമത്തിലാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിങ്ങോട്ടു വന്നത്.'' സോമദേവന്‍ മുഖവുരയായിപ്പറഞ്ഞു.
''പറഞ്ഞോളൂ മന്ത്രീ. എന്താണു താങ്കളുടെ ആഗമനോദ്ദേശ്യം? സത്യധര്‍മരാജാവു ചോദിച്ചു. 
''വിഷയം രാജകുമാരിയുടേതുതന്നെ. അതങ്ങുമറന്നോ...'' 
''ഇല്ല മന്ത്രീ, നാം മറന്നിട്ടില്ല.''
''ഉടന്‍ നമ്മള്‍ കരുക്കള്‍ നീക്കണം. രാജകുമാരിയുടെ മനസ്സില്‍ മറ്റൊരാളെ കയറ്റി വിടണം.''
''മന്ത്രി പറയുന്നത്... ഒന്നു കൂടെ വ്യക്തമാക്കൂ.''
''അതായത്, സുഗന്ധി രാജകുമാരിയുടെ മനസ്സില്‍ എങ്ങനെയോ ആ രാക്ഷസപ്രവീണന്‍ കയറിക്കൂടിയിട്ടുണ്ട്. അതാണ് അവന്‍ ഇടയ്ക്കിടയ്ക്ക് കുമാരിയുടെ വിവരമറിയാന്‍ വരുന്നത്.
''രാജകുമാരി വേറൊരു യുവാവിനെ പരിചയപ്പെടണം. ആ യുവാവ് എങ്ങനെയെങ്കിലും കുമാരിയുടെ മനസ്സില്‍ കയറിക്കൂടിയാല്‍ നാം രക്ഷപ്പെട്ടു. പിന്നെ രാക്ഷസനെ ഒഴിവാക്കാനെളുപ്പമാണ്.'' സോമദേവന്‍ വലിയ ബുദ്ധിയുപദേശിക്കുന്നപോലെ രാജാവിനോടു പറഞ്ഞു.
''പക്ഷേ, അങ്ങനെയൊരു യുവാവ് എവിടെ സോമദേവാ,''
''അവിടുന്നു സമ്മതിച്ചാല്‍ ഒരു യുവാവിനെ ഞാന്‍തന്നെ കൊണ്ടുവരാം.''
''സന്തോഷം. ഏതു യുവാവായിരിക്കും അത്? ഒന്നറിഞ്ഞാല്‍ക്കൊള്ളാം.''
''തീര്‍ച്ചയായും തിരുമേനീ... ആ യുവാവ് എന്റെ മകന്‍ പ്രേമസ്വരൂപനാണ്. ഇതു പറഞ്ഞതുകൊണ്ട് അങ്ങക്കീയുള്ളവനോടു തിരുവുള്ളക്കേടുണ്ടാവില്ലെന്നു കരുതുന്നു.''
രാജാവു പുഞ്ചിരിച്ചു. നമ്മുടെ മന്ത്രി മോശക്കാരനല്ല. ഈ ദുര്‍ഘടസന്ധിയില്‍നിന്നു രാജകുമാരിയെ രക്ഷിക്കാന്‍ ഉപായം കണ്ടെത്തിയിരിക്കുന്നു. തന്നോടും ഈ രാജ്യത്തോടും മന്ത്രിക്കു കൂറുണ്ട്, സ്‌നേഹമുണ്ട്. ഏതായാലും കുമാരിയുടെ മനസ്സില്‍നിന്നു രാക്ഷസനെ ഒഴിവാക്കണം. അവിടെ മറ്റൊരു മിടുക്കന്‍ കയറിപ്പറ്റണം. രാജാവിന്റെ മൗനം മന്ത്രിയെ അല്പം വിഷമിപ്പിച്ചു. ഇദ്ദേഹം താന്‍ പറഞ്ഞതു വെറും തമാശയായിക്കരുതിയോ? തന്റെ മകനെക്കൊണ്ടു സുഗന്ധിരാജകുമാരിയെ വിവാഹം ചെയ്യിക്കണം. ഈ രാജ്യത്തിന്റെ പകുതി തട്ടിയെടുക്കണം. തന്റെയും മന്ദാകിനിയുടെയും ആഗ്രഹമതാണ്. മന്ത്രിക്കൊരു സംശയമേയുള്ളൂ. തന്റെ മകന്‍ പ്രേമസ്വരൂപന്‍ ഈ കളിയില്‍ വിജയിക്കുമോ?
നോക്കാം, ഒന്നു പയറ്റിനോക്കുകതന്നെ. ഒത്താല്‍ രാജ്യത്തിന്റെ പകുതിയും സ്വത്തുക്കളും തന്റെ സ്വന്തം. ഭാവിയിലെ രാജാവും മന്ത്രിയും താനും മകനും. സോമദേവന്റെ സ്വപ്നങ്ങള്‍ സ്വര്‍ണച്ചിറകുകള്‍ വച്ചു പറന്നു. 
രാജാവു മൗനത്തിലാണല്ലോ. 
''അവിടുന്ന് മറുപടിയൊന്നും പറഞ്ഞില്ല.'' സോമദേവന്‍ തല ചൊറിഞ്ഞുകൊണ്ടുനിന്നു.
''താങ്കള്‍ കളി തുടങ്ങിക്കോളൂ മന്ത്രീ, എനിക്കു സമ്മതം. എങ്ങനെയാണു താങ്കളുടെ മകനെ നമ്മുടെ പുത്രിയുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.''
''രാജകുമാരിയും തോഴിമാരും എന്നും സായന്തനത്തില്‍ പൂന്തോട്ടത്തില്‍ വിശ്രമിക്കുമല്ലോ. അപ്പോള്‍ ഞാന്‍ പ്രേമസ്വരൂപനെ അങ്ങോട്ടു കയറ്റിവിടും. തിരുമനസ്സും രാജ്ഞിയും മട്ടുപ്പാവിലിരുന്ന് ആ കാഴ്ച കണ്ടുകൊള്ളണം.'' 
''ശരി. അങ്ങനെതന്നെ മന്ത്രീ,'' രാജാവ് സന്തോഷവാനായി.
''എന്നാല്‍ ഞാനങ്ങോട്ട്...'' മന്ത്രി വിട ചോദിച്ചു.
''പൊയ്‌ക്കൊള്ളൂ.''
സോമദേവന്‍ പോയി. തന്റെ മന്ത്രി ബുദ്ധിമാന്‍തന്നെ. പക്ഷേ, ഇവന്റെ മകന്‍ പ്രേമസ്വരൂപന്‍ എങ്ങനെയിരിക്കുന്നെന്ന് തനിക്കൊരു രൂപവുമില്ല. സുന്ദരനാണെന്നൊക്കെ മന്ത്രി പറയുന്നുണ്ട്. ങാ... എല്ലാം നേരില്‍ക്കാണാം. നാളെ വൈകുന്നേരം.
പിറ്റേന്നു സായാഹ്നമായപ്പോള്‍ സുഗന്ധി രാജകുമാരിയും തോഴിമാരായ ചെമ്പകവും ചാരുതലയും പൂന്തോട്ടത്തില്‍ ഉല്ലസിക്കാനിറങ്ങി. പൂക്കളുടെ മണംകൊണ്ട് അവിടം സുരഭിലമായിരുന്നു.
സ്വര്‍ഗീയമായ ഒരന്തരീക്ഷം.
മെല്ലെ വീശുന്ന കുളിര്‍ക്കാറ്റ്. ആ കുളിര്‍ക്കാറ്റില്‍ എന്തോ വാസനദ്രവ്യങ്ങളുടെ മണം കലര്‍ന്നിട്ടുണ്ട്.
അതാ ഒരാള്‍ നടന്നുവരുന്നു. കോമളനായ ഒരു യുവാവ്.
വൃത്തിയായി വസ്ത്രധാരണം ചെയ്ത ഒരു രാജകുമാരന്‍.
''നിങ്ങള്‍ ആരാണ്? ഈ പൂന്തോട്ടത്തിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നതെന്തിനാണ്?'' രാജകുമാരി ചോദിച്ചു.
''കുമാരി ക്ഷോഭിക്കാതിരിക്കൂ. അനുവാദം വാങ്ങിത്തന്നെയാണ് ഞാനിങ്ങോട്ടു വന്നത്...'' യുവാവ് സൗമ്യനായി പറഞ്ഞു.
''എന്താണു താങ്കളുടെ പേര്? എവിടെനിന്നു വരുന്നു...?''
''പേര് പ്രേമസ്വരൂപന്‍. ഇവിടെ അടുത്തുനിന്നാണു വരുന്നത്...''
സൗമ്യമായ വാക്കുകള്‍...
മനം മയക്കുന്ന പുഞ്ചിരി...
രാജകുമാരിയുടെ മനസ്സിളകുമോ?''

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)