•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

ചര്‍മ്മം, ത്വക്ക്

''മുഖവും ചര്‍മ്മവും സുന്ദരമാക്കാന്‍ സ്‌കിനിമലിസം (വനിത, ജനുവരി, 2022). Skin the human body എന്ന അര്‍ത്ഥത്തിലാണ് ചര്‍മ്മം എന്ന പദം പരസ്യവാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചര്‍മ്മം എന്ന വാക്കിന്, ഉരിച്ചെടുത്ത തോല്, ഉരിച്ചെടുത്ത് പാകം വരുത്തിയ തുകല്‍ (hide, leather) എന്നെല്ലാമാണര്‍ത്ഥം. ഉരിച്ചെടുക്കാവുന്ന തോല്‍ ജന്തുജാലങ്ങള്‍ക്കേ ഉള്ളൂ. അതിനാല്‍ ചര്‍മ്മശബ്ദം മനുഷ്യശരീരത്തോടു ചേര്‍ക്കരുത്. ''നീഴ്കുശനിരത്തി മൃഗചര്‍മമതില്‍ മേലേ''* എന്നു ചര്‍മശബ്ദം ശരിയായ വിവക്ഷിതത്തില്‍ ഭാഷാഭഗവദ്ഗീതകാരന്‍ പ്രയോഗിച്ചിട്ടുണ്ട്. ചര്‍മന്‍ എന്ന പ്രകൃതിയില്‍നിന്നു രൂപപ്പെട്ട വാക്കാണ് ചര്‍മ്മം. ശരീരത്തെ പൊതിഞ്ഞിരിക്കലാണ് അതിന്റെ ധര്‍മം.
മനുഷ്യശരീരത്തില്‍ പ്രകൃത്യാ ഉള്ള ആവരണത്തിന് ത്വക്ക് എന്നാണു പറയേണ്ടത്. ത്വക് എന്ന പ്രകൃതിയില്‍നിന്നു നിഷ്പന്നമായ വാക്കാണ് ത്വക്ക്. 'ത്വചസംവരണേ', ദേഹത്തെ മറയ്ക്കുന്നത് എന്നര്‍ത്ഥം.** സംസ്‌കൃതത്തിലെ പ്രഥമ ഏകവചനമായ ത്വക് ഭാഷയില്‍ ത്വക്ക് എന്നാകും. പദാന്തേ വ്യഞ്ജനം വന്നാല്‍/ സംവൃതം ചേര്‍ത്തു ചൊല്ലുക''*** എന്ന ഭാഷാനിയമപ്രകാരം ത്വക്ക്  എന്നാണു വേണ്ടത്. അന്ത്യവ്യഞ്ജനത്തിനു ദ്വിത്വവും സംവൃതോകാരവും വേണമെന്നു ചുരുക്കം. (ത്വക്šത്വക്ക്) ദേഹത്തെ മാംസാദികളെ മറയ്ക്കുന്ന തൊലിയാണ് യഥാര്‍ത്ഥത്തില്‍ ത്വക്ക്. പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നായും ത്വക്കിനെ കണക്കാക്കുന്നു. സ്പര്‍ശനേന്ദ്രിയം എന്നും പറയാം.
''പദാന്തത്തില്‍ ദൃഢങ്ങള്‍ക്ക് മൃദുവാദേശമായ് വരും അപദാന്തത്തിലും ഘോഷമൃദുക്കള്‍ പരമാവുകില്‍ പഞ്ചമത്തിനുമുമ്പ് വര്‍ഗ്യം സ്വസ്വപഞ്ചമമായിടും''**** ഈ നിയമപ്രകാരം ത്വക് + ഇന്ദ്രിയം = ത്വഗിന്ദ്രിയം;  ത്വക് + മാംസം = ത്വങ്മാംസം (തൊലിയും മാംസവും) എന്നെല്ലാം സന്ധി ചെയ്യണം. ദേഹത്ത് പച്ചകുത്തുന്നതിന് ത്വചോല്‍ക്കിരണം (ത്വച+ഉല്‍ക്കിരണം) എന്നു പറയാറുണ്ട്. ഉല്‍ക്കിരണത്തിന് കൊത്തുപണി എന്നര്‍ത്ഥം. അങ്ങനെ, ത്വച+ഉല്‍ക്കിരണം, ത്വചോല്‍ക്കിരണം അഥവാ പച്ചകുത്ത് ആകുന്നു.
* മാധവപ്പണിക്കര്‍, നിരണത്ത്, (പഠനം, പുതുശ്ശേരി രാമചന്ദ്രന്‍) ഭാഷാഭഗവദ്ഗീത, കണ്ണശ്ശസ്മാരക ട്രസ്റ്റ്, നിരണം, 2001, പുറം -109.
** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി) എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 281.
*** രാജരാജവര്‍മ്മ ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്, കോട്ടയം, 1998, പുറം - 134.
**** മണിദീപിക, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1987, പുറം - 38.
 
 

 

Login log record inserted successfully!