•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

പ്പോഴാണ് സംഗതികളുടെ കിടപ്പ് മന്ത്രി സോമദേവനു മനസ്സിലായത്.
അന്നു നായാട്ടിനുപോയി വന്നതില്‍പ്പിന്നെ രാജകുമാരിയിലുണ്ടായ മാറ്റം എല്ലാവരും സംശയത്തോടെയാണു വീക്ഷിക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ ഒരുവിധം അറിയാമെങ്കിലും രാജാവും രാജ്ഞിയും മൗനം ദീക്ഷിക്കുന്നു. അതെന്താണ്?
രാജകുമാരി സുഗന്ധിയെ സ്‌നേഹിക്കുന്നതൊരു നിസ്സാരപ്പെട്ട ആളല്ല. രാക്ഷസനാണ്. ബലവാനായ ഒരു രാക്ഷസന്‍ വിചാരിച്ചാല്‍ എന്താണു നടക്കാത്തത്. രാക്ഷസപ്രവീണന്‍ രാജകുമാരിയെ സ്‌നേഹിക്കുന്നു. അവളെ മനസ്സില്‍ പ്രതിഷ്ഠിച്ചു നടക്കുന്നതുകൊണ്ടാണല്ലോ ഒരു നോക്കു കാണാന്‍വേണ്ടി പ്രവീണന്‍ രാജകൊട്ടാരത്തില്‍ അതിക്രമിച്ചു കടന്നത്. അയാള്‍ക്കുവേണമെങ്കില്‍ ഒരൊറ്റനിമിഷംകൊണ്ട് രാജകുമാരിയെ സ്വന്തമാക്കാം. പക്ഷേ, രാക്ഷസന്‍ ഒരു നല്ല സ്വഭാവക്കാരനാണെന്നു തോന്നുന്നു. അല്ലെങ്കില്‍ പണ്ടേ അയാള്‍ സുഗന്ധിയെ തട്ടിക്കൊണ്ടുപോയേനെ. തനിക്കു കളത്തിലിറങ്ങിക്കളിക്കാന്‍ ഇതൊരവസരമാണെന്നു ദുഷ്ടനായ മന്ത്രി സോമദേവനു തോന്നി. തന്റെ മകന്‍ പ്രേമസ്വരൂപനു രാജകുമാരി എന്തുകൊണ്ടും അനുയോജ്യതന്നെ. തന്റെ മകനെന്താണൊരു കുറവ്. സൗന്ദര്യമുണ്ട്. സമ്പത്തുണ്ട്. തനിക്കുശേഷം അവനെ രാജകൊട്ടാരത്തിലെ മന്ത്രിയാക്കണം. അതിനുള്ള കരുക്കള്‍ താന്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. സോമദേവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു. തല്‍ക്കാലം രാക്ഷസനെ അനുനയത്തില്‍ നിര്‍ത്തുക. എന്നിട്ട് മെല്ലെ അവനെ ഇല്ലാതാക്കുക.
അന്നു വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ മന്ദാകിനിയോട് സോമദേവന്‍ വിവരമെല്ലാം പറഞ്ഞു. എല്ലാം സശ്രദ്ധം കേട്ടശേഷം മന്ദാകിനി ഭര്‍ത്താവിനോടു പറഞ്ഞു.
''നമ്മുടെ മകനു രക്ഷപ്പെടാന്‍ ഒരു മാര്‍ഗം തെളിഞ്ഞിരിക്കുന്നു അല്ലേ ജീവനാഥാ.''
മന്ദാകിനി കുശുമ്പിയും സാമര്‍ത്ഥ്യമുള്ളവളുമായിരുന്നു. അവരുടെ മകന്‍ പ്രേമസ്വരൂപനാകട്ടെ വിഡ്ഢിയും വിവരമില്ലാത്തവനുമാണ്. എന്നാല്‍ അവന്‍ കാഴ്ചയ്ക്ക് സുന്ദരനായിരുന്നു.
''നിങ്ങള്‍ രാജാവിനെ എങ്ങനെയെങ്കിലും വാചകമടിച്ചു വശത്താക്കുക. എന്നിട്ടു രാജകുമാരിയെ നമ്മുടെ മകനെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുക. അങ്ങനെയായാല്‍ നാം രാജ്യത്തിന്റെ അവകാശികള്‍ കൂടിയാവും.'' ധനമോഹിയായ മന്ദാകിനി പറഞ്ഞു. ''നീ ദീര്‍ഘവീക്ഷണത്തോടുകൂടിയാണു പറഞ്ഞതു മന്ദാകിനീ. ഞാന്‍ നാളെത്തന്നെ സത്യധര്‍മഹാരാജാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. അല്പം പൊടിപ്പും തൊങ്ങലുമൊക്കെവച്ചു തട്ടിവിട്ടേക്കാം.'' സോമദേവന്‍ പറഞ്ഞതു ഭാര്യ മന്ദാകിനിക്കിഷ്ടപ്പെട്ടു. രാജാവിനെ വശത്താക്കാന്‍ തന്റെ ഭര്‍ത്താവു മിടുക്കനാണെന്നവള്‍ക്കറിയാം.
എവിടെ പ്രേമസ്വരൂപന്‍? രാവിലെ വീട്ടില്‍നിന്നിറങ്ങിയതാണല്ലോ. കുറെ ചീത്ത കൂട്ടുകാരുണ്ടവന്. വല്ലടത്തുമൊക്കെ തെണ്ടി നടന്നു ചൂതുകളിച്ചു കാശുകളയലാണവന്റെ ഹോബി. അച്ഛന്‍ അവനോടൊന്നും മറുത്തു പറയില്ല. അവനതു വളമായി. ഭക്ഷണം കഴിക്കാന്‍ നേരം കയറി വരും. മൂക്കുമുട്ടെതിന്നും. പോത്തിനെപ്പോലെ കിടന്നുറങ്ങും. സന്ധ്യക്കെണീറ്റു വീണ്ടും പറത്തുപോകുമവന്‍.
''മകനേ പ്രേമസ്വരൂപാ, നിന്റെയീ ചീത്ത കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കാതെ നിനക്കു നല്ലൊരു വിവാഹമുണ്ടാവില്ല.''
''വാ മകനേ വാ... നീയിടക്കിത്രേം നേരം ഭക്ഷണം കഴിക്കാതെ എവിടെയായിരുന്നു പുത്രാ?''
''ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കുകയായിരുന്നു മാതാവേ...'' പ്രേമസ്വരൂപന്‍ കൊഞ്ചിക്കൊണ്ടു പറഞ്ഞു.
''കളിക്കാന്‍ നല്ല പ്രായം. വയസ്സിരുപത്തിരണ്ടു കഴിഞ്ഞു. ജീവിതത്തെപ്പറ്റി നിനക്കു വല്ല ചിന്തയുമുണ്ടോ മകനേ.''
''എന്തിനമ്മേ ആവശ്യമില്ലാത്ത കാര്യമൊക്കെ ചിന്തിച്ചു മനസ്സു പുണ്ണാക്കുന്നത്... എന്റെ അച്ഛന്‍ ഈ രാജ്യത്തെ മന്ത്രിയാണ്. പിന്നെ നമ്മളെന്തിനു വ്യാകുലപ്പെടണം?'' പ്രേമസ്വരൂപന്‍ പറഞ്ഞു.
ഇവനാണോ പൊട്ടന്‍? വിവരമില്ലാത്തവന്‍...
മന്ദാകിനി മനസ്സില്‍ വിചാരിച്ചു.
സാഹചര്യവും സമയവും ഒത്തുവന്നപ്പോള്‍ സോമദേവന്‍ രാജാവിനോടു പറഞ്ഞു:
''മഹാരാജന്‍, എനിക്ക് അങ്ങയോടു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.''
''അതിനീ മുഖവുര ആവശ്യമുണ്ടോ മന്ത്രീ. പറഞ്ഞോളൂ നാം കേള്‍ക്കാന്‍ തയ്യാറാണ്.''
''ഇന്നലെ ഇവിടെ വന്നു ബഹളമുണ്ടാക്കിയ രാക്ഷസന്‍ ആരാണെന്ന് അങ്ങേക്കറിയാമോ?''
''ഇല്ല.''
''രാജകുമാരിയെ സ്‌നേഹിക്കുന്നയാളാണവന്‍.''
''ങേ... മന്ത്രീ...'' സത്യധര്‍മരാജാവു കോപാകുലനായി ചാടിയെണീറ്റു.
''അവിടന്നു സമാധാനിക്കണം. ഇക്കാര്യം എന്താണെന്നെങ്കിലും അവിടന്നറിയണം. അതുകൊണ്ടു പറഞ്ഞുപോയതാണ്. തെറ്റാണെങ്കില്‍ അടിയനോടു പൊറുക്കണം.'' മന്ത്രി സോമദേവന്‍ വളരെ വിനീതനായി  രാജാവിന്റെ മുമ്പില്‍ അഭിനയിച്ചു.


(തുടരും)

 

Login log record inserted successfully!