•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ദേവാങ്കണം

രുട്ട് സുതാര്യമായിരുന്നു. ഇളംകാറ്റാണു വീശുന്നത്. പുഷ്പഗന്ധിയായ കാറ്റ് മൃതസഞ്ജീവനിമന്ത്രം മൂളുന്നതുപോലെ നീലകണ്ഠനു തോന്നി. ശരീരത്തിനും മനസ്സിനും ഒരുണര്‍വ് പകര്‍ന്നു തരുന്നുണ്ട് സുഗന്ധവാഹിയായ സന്ധ്യാവാതം.
വടക്കുംകുളം ദൈവാലയത്തിന്റെ മുറ്റത്ത് നീലകണ്ഠന്റെ കുതിരയെത്തി. ദൈവാലയത്തിന് അധികമകലെയല്ലാതെ ഓടുമേഞ്ഞ ഒരു ചെറിയ കെട്ടിടമാണ് പള്ളിമേട. മേടയിറയത്തെ ഉത്തരത്തില്‍ ഇരുമ്പുചങ്ങലയില്‍ ഞാത്തിയിട്ടിരിക്കുന്ന റാന്തല്‍വിളക്ക് വെളിച്ചം വിതറുന്നുണ്ട്. മുറ്റത്തേക്കു ചിതറി വീഴുന്ന വെളിച്ചം ഒരു സുഖദസ്വപ്നത്തിന്റെ ചീളുകള്‍പോലെ മണല്‍വിരിപ്പില്‍ ചിതറിക്കിടക്കുന്നു.
മുന്‍വാതില്‍ തുറന്നിട്ടിരിക്കുന്നു. അകത്തു കത്തിനില്ക്കുന്ന രണ്ടു മെഴുകുവിളക്കുകള്‍ക്കു നടുവിലെ ക്രൂശിതരൂപത്തിനു മുമ്പില്‍ ആകാശത്തേക്കു വിരിച്ച കൈകളുമായി ഒരാള്‍ മുട്ടിന്മേല്‍ നില്ക്കുന്നത് നീലകണ്ഠന്‍ കണ്ടു.
അത് ഫാദര്‍ ബുട്ടാരി ആയിരിക്കണം. അല്ലാതെ മറ്റാര്? പക്ഷേ, അദ്ദേഹം പ്രാര്‍ത്ഥനയിലാണ്. സര്‍വം മറന്ന് ഏകാന്തതയുടെ മഞ്ഞുപടലങ്ങള്‍ക്കുള്ളില്‍ പ്രാര്‍ത്ഥനകളുടെ അലൗകികലോകത്താണ് അദ്ദേഹം.
ഫാദര്‍ ബുട്ടാരിക്കു മുമ്പില്‍ മെഴുകുവിളക്കുവെട്ടം മിനുക്കിയ കുരിശില്‍ തറച്ച ശിരസ്സില്‍നിന്നും കായക്ഷതങ്ങളില്‍നിന്നും രക്തം കിനിയുന്നു. അവന്റെ ചുണ്ടുകള്‍ വേദനകൊണ്ടു പിളര്‍ന്നിരിക്കുന്നു. അവന്റെ കലങ്ങിപ്പോയ കണ്ണുകള്‍ ഉന്നതങ്ങളില്‍ തറഞ്ഞുനില്ക്കുന്നു.
കുരിശില്‍ നിണമണിഞ്ഞ പൂക്കള്‍ വിടരുന്നു...
രാവിരുട്ടില്‍ കുന്തിരിക്കം മണക്കുന്നു...
നീലകണ്ഠന്‍ നിശ്ചേതനനായി ഒട്ടുനേരം ആ കാഴ്ച നോക്കിനിന്നു. അന്തമില്ലാത്ത കദനത്താല്‍ ചിതറിപ്പോയ ഒരു മനസ്സായിരുന്നു നീലകണ്ഠനപ്പോള്‍.
ഏറെനേരം കാത്തുനിന്ന ശേഷമാണ് നീലകണ്ഠന്‍ അറിയിപ്പുമണി മുഴക്കിയത്. ഫാദര്‍ ബുട്ടാരി പ്രാര്‍ത്ഥന മതിയാക്കി ഉമ്മറത്തേക്കു വന്നു.
നീലകണ്ഠന്‍ ബഹുമാനപൂര്‍വം ഫാദര്‍ ബുട്ടാരിയെ വണങ്ങി.
''ആരാ... എവിടുന്നാ...''
''എന്റെ പേര് നീലകണ്ഠപ്പിള്ള. പത്മനാഭപുരത്തുനിന്നാണ്. അങ്ങുതന്നെയല്ലേ പരംജ്യോതിനാഥസ്വാമികള്‍ എന്നറിയപ്പെടുന്ന വൈദികശ്രേഷ്ഠന്‍...''
''അങ്ങനെയാണ് എന്റെ ഇടവകക്കാര്‍ എന്നെ വിളിക്കുന്നത്. പക്ഷേ, എന്റെ യഥാര്‍ത്ഥനാമം ബുട്ടാരി എന്നാണ്. അതെന്തുമാകട്ടെ, ഈ രാത്രിയില്‍ എന്നെ കാണുവാന്‍ വന്നതെന്തിന്? ഞാന്‍ എന്താണ് താങ്കള്‍ക്കായി ചെയ്തുതരേണ്ടത്?''
നീലകണ്ഠന്‍ ക്യാപ്റ്റന്‍ ഡിലനായി കൊടുത്തയച്ച കത്ത് പരംജ്യോതിനാഥസ്വാമികള്‍ക്കു കൈമാറി. കത്തു വായിച്ചുനോക്കിയ പരംജ്യോതിനാഥസ്വാമികള്‍ ഒരു നിമിഷം നിര്‍നിമേഷനായി നീലകണ്ഠനെ നോക്കിനിന്നു.
കോമളനായ യുവാവ്. വിരിഞ്ഞ മാറിടം. ദൃഢമായ മാംസപേശികള്‍. അരയില്‍ ഞാത്തിയിട്ടിരിക്കുന്ന വാള്‍. എല്ലാംകൊണ്ടും ലക്ഷണമൊത്ത ഒരു യോദ്ധാവ്.
പക്ഷേ, ആ കണ്ണുകളില്‍ ഒരു ധൈര്യം നിഴല്‍ വിരിച്ചു കിടക്കുന്നു.
''ഈ കത്തുമായി വരുന്ന നീലകണ്ഠപ്പിള്ള പത്മനാഭപുരം കൊട്ടാരത്തിലെ ഉന്നതശ്രേണിയിലുള്ള ഉദ്യോഗം വഹിക്കുന്ന മാന്യദേഹമാണ്. വിദ്യാസമ്പന്നന്‍. സത്യസന്ധന്‍. എല്ലാ കാര്യങ്ങളിലുംതന്നെ നിപുണന്‍. ഇദ്ദേഹം ക്രിസ്തുമതം സ്വീകരിക്കാനാഗ്രഹിക്കുന്നു. വേണ്ടത് ചെയ്തുകൊടുക്കുമല്ലോ...''
ഇത്രമാത്രമാണ് ഫാദര്‍ ബുട്ടാരിക്കുള്ള കത്തില്‍ ക്യാപ്റ്റന്‍ ഡിലനായി കുറിച്ചിരുന്നത്.
ഫാദര്‍ ബുട്ടാരി വിദേശിയായിരുന്നു. എങ്കിലും, വടക്കുംകുളം ഇടവകയിലെ ജനങ്ങളുമായും നാടുമായും വളരെയധികം ഇടപഴകി ജീവിച്ചിരുന്നതിനാല്‍ നാടിന്റെ മതരാഷ്ട്രീയ സാംസ്‌കാരികമണ്ഡലങ്ങളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് രാജ്യം ഭരിക്കുന്നത്. മതസൗഹാര്‍ദമൊക്കെ പുലര്‍ത്തിപ്പോരുന്ന ഭരണാധികാരിയാണ് മാര്‍ത്താണ്ഡവര്‍മ. അടിയുറച്ച ഹിന്ദുമതവിശ്വാസിയുമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോടു വല്ലാത്ത വിധേയത്വമുള്ളയാള്‍. പത്മനാഭസ്വാമിഭക്തന്‍. ബ്രാഹ്‌മണഭക്തന്‍. മന്ത്രി രാമയ്യന്‍ ദളവയാണെങ്കില്‍ കടുത്ത വര്‍ഗീയചിന്താഗതി പുലര്‍ത്തുന്ന ആളും.
ഹിന്ദുമതത്തിനു പ്രാമുഖ്യമുള്ള നാടാണ് തിരുവിതാംകൂര്‍. ക്രിസ്ത്യാനികള്‍ തുലോം തുച്ഛം. മാര്‍ത്താണ്ഡവര്‍മയ്ക്കു ചുറ്റും ബ്രാഹ്‌മണാധിപത്യത്തിന്റെ ഒരു ഉരുക്കുകോട്ട ഉയര്‍ന്നുനില്പുണ്ട്. ബ്രഹ്‌മജ്ഞാനികളെന്നു നടിക്കുന്ന ഒരുപാടു പേര്‍ അദ്ദേഹത്തിനുചുറ്റും ഉപദേശകരായിട്ടുണ്ട്.
പത്മനാഭപുരം കൊട്ടാരത്തിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനായി പരിഗണിക്കപ്പെടുന്ന നീലകണ്ഠന്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍, കൊട്ടാരത്തിനും അതിലുപരി ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ക്കും അത് അഹിതമാകുമെന്ന് ഫാദര്‍ ബുട്ടാരി കണക്കുകൂട്ടി. ഒരുപക്ഷേ, ഇതൊന്നു മാത്രം മതിയാകും ഒരു വര്‍ഗീയലഹളയ്ക്കു കാരണമായിത്തീരാന്‍.
ഒട്ടുനേരം ഫാദര്‍ ബുട്ടാരി സംശയിച്ചുനിന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ പള്ളിമേടയുടെ മുറ്റത്തേക്കു ചിതറിയ റാന്തല്‍ വെളിച്ചത്തിനപ്പുറത്തുള്ള ഇരുട്ടില്‍ എന്തോ കണ്ടെത്തുവാനെന്നവണ്ണം പരതിനടന്നു. ഒരു തീരുമാനത്തിലേക്കെത്തിച്ചേരാന്‍ ഫാദര്‍ ബുട്ടാരിക്കു കഴിഞ്ഞില്ല.
തന്റെ മുമ്പില്‍ നില്ക്കുന്ന ഈ മനുഷ്യന്‍ ക്രിസ്തുനാഥനാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ തന്നെയോ? ഫാദര്‍ ബുട്ടാരി ഒരു നിമിഷം സന്ദേഹിച്ചു.
അതങ്ങനെതന്നെയാകണം. അല്ലെങ്കില്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തിച്ചേരേണ്ടതില്ല. എങ്കിലും ഫാദര്‍ ബുട്ടാരി പറഞ്ഞു:
''മാന്യമിത്രമേ, താങ്കള്‍ ലോകരക്ഷകനായ ക്രിസ്തുദേവനെക്കുറിച്ചു പഠിക്കുകയും അവനെ ധ്യാനിക്കുകയും അവന്റെ കൃപാവരത്താല്‍ പൂരിതനായിരിക്കുകയും ചെയ്തിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, ഞാന്‍ ഒരു കാര്യം താങ്കളെ ഓര്‍മിപ്പിക്കട്ടെ. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വഴി പട്ടും പരവതാനിയും വിരിച്ചതല്ല. അതു കല്ലും മുള്ളും നിറഞ്ഞതും കഠോരവുമാണ്.
''എന്റെ മനസ്സ് ഭൂമിയിലെ സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്നതില്‍ ഭ്രമിക്കുന്നില്ല സ്വാമി. അതുപേക്ഷിക്കുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്.''
''നല്ലത്. പക്ഷേ, മഹാരാജാവിനും കൊട്ടാരവാസികള്‍ക്കും താങ്കളുടെ ഈ തീരുമാനം അനിഷ്ടമുണ്ടാക്കും. അതു തീര്‍ച്ചയാണ്. മാത്രമല്ല ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ക്കു കൊട്ടാരത്തില്‍ വലുതായ സ്വാധീനമുണ്ട്. അവര്‍ കണ്ണടച്ചിരിക്കുമെന്നു തോന്നുന്നുണ്ടോ? അവര്‍ നിങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കും. മഹാരാജാവിനെ സ്വാധീനിക്കും. പോരാത്തതിനു മഹാരാജാവ് കടുത്ത ബ്രാഹ്‌മണ ഭക്തനുമാണ്.
''പരമകര്‍ത്താവായ ദൈവത്തിന്റെ കൃപാകടാക്ഷമുണ്ടെങ്കില്‍ അവര്‍ക്കെന്നോട് എന്തു ചെയ്യാന്‍ പറ്റും?''
''അതൊക്കെ ശരിതന്നെയാണ്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുമാറാകട്ടെ. പക്ഷേ, മിത്രമേ, ഒന്നോര്‍ക്കുക. ലോകരക്ഷകനായ യേശുവിന്റെ മരണം  ഒരു മരക്കുരിശിലായിരുന്നു. അതും മുപ്പത്തിമൂന്നാമത്തെ വയസ്സില്‍.''
''പക്ഷേ, അവനെ മരണത്തിനു വിധിച്ചവര്‍ പരാജയപ്പെട്ടു. അവന്‍ മൂന്നാം ദിനം ഉത്ഥാനം ചെയ്തു. അതുപോലെ എനിക്കും മരണം മാത്രമല്ല സ്വാമീ ഉത്ഥാനവുമുണ്ട്.''
ഇവന്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍തന്നെ. പാറമേല്‍ പണിയപ്പെട്ട നഗരംപോലെയാണിവന്‍. വിശ്വാസത്തിന്റെ ചിറകുകള്‍ കടംവാങ്ങി ഇവന്‍ സ്വര്‍ഗത്തോളം പറന്നെത്തും. ഇവനായി സ്വര്‍ഗത്തിന്റെ കിളിവാതിലുകള്‍ തുറക്കപ്പെടും.
എങ്കിലും ജ്ഞാനസ്‌നാനം സ്വീകരിക്കുകവഴി നീലകണ്ഠനനുഭവിച്ചേക്കാവുന്ന പ്രയാസങ്ങളെ ചിന്തിച്ചപ്പോള്‍ ഫാദര്‍ ബുട്ടാരി വീണ്ടും സംശയാലുവായി. അദ്ദേഹത്തിന്റെ മൗനം കണ്ടിട്ടെന്നവണ്ണം നീലകണ്ഠന്‍ പറഞ്ഞു:
''അജ്ഞതയാകുന്ന അന്ധകാരത്തെ നശിപ്പിച്ച് ജ്ഞാനമാകുന്ന പ്രകാശം നാടാകെ പരത്തി ജനങ്ങളെയാകെ നന്മയുടെ വഴിയേ തെളിക്കാന്‍ അന്യദേശത്തുനിന്നു വന്നുചേര്‍ന്ന അല്ലയോ മഹര്‍ഷേ, ഈയുള്ളവന്‍ മറ്റാരുടെയും പ്രേരണയാലല്ല ഇങ്ങനെയൊന്നിന് ഒരുമ്പെട്ടിരിക്കുന്നത്. എന്റെ അദമ്യമായ ആഗ്രഹവും ദൈവതിരുമനസ്സും ഇതുതന്നെയാണ്. എന്റെ വിശ്വാസം ഇതാ, ഈ പ്രപഞ്ചത്തോടു വിളിച്ചു പറയുന്നു. സത്യവിശ്വാസത്തെ രക്ഷിക്കുന്നതിനുവേണ്ടി എന്റെ സര്‍വസ്വത്തുക്കളും ബന്ധുമിത്രങ്ങളെയും എന്തിനധികം എന്റെ ശരീരത്തെത്തന്നെയും ഉപേക്ഷിക്കുന്നതിനു ഞാന്‍ തയ്യാറാണ്.''
നീലകണ്ഠനെ വീണ്ടും കേട്ടപ്പോള്‍ ഫാദര്‍ ബുട്ടാരിയില്‍ ജന്യമായ സകലസംശയങ്ങളും നീങ്ങിപ്പോയി. താമസംവിനാ നീലകണ്ഠനെ വേദോപദേശങ്ങളും ജപങ്ങളും മറ്റും പഠിപ്പിക്കുന്നതിന് വടക്കുംകുളം ഇടവകയിലെ വേദോപദേശിയായിരുന്ന ജ്ഞാനപ്രകാശംപിള്ളയെ ഏര്‍പ്പാടുചെയ്തു.
അപാരമായ ബുദ്ധിസാമര്‍ത്ഥ്യമുണ്ടായിരുന്ന നീലകണ്ഠന്‍ ആദ്യകേള്‍വിയില്‍ത്തന്നെ പ്രാര്‍ത്ഥനകളും ജപങ്ങളും ഹൃദിസ്ഥമാക്കി. അത് ജ്ഞാനപ്രകാശം പിള്ളയെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്തു.
''ഇവന് ഈ ഗ്രഹണശക്തി എവിടുന്ന്! ഇവന്‍ ദൈവത്തിനു പ്രിയപ്പെട്ടവന്‍. ഇവന്‍ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.'' ജ്ഞാനപ്രകാശം അങ്ങനെ ചിന്തിച്ചു.
മാമ്മോദീസാജലം തലയില്‍ വീണപ്പോള്‍ ആത്മജ്ഞാനത്തിന്റെ യോര്‍ദാന്‍നദി നീന്തിക്കയറുകയായിരുന്നു ദേവസഹായം. സ്വര്‍ഗത്തിന്റെ പളുങ്കുജാലകങ്ങള്‍ തുറന്ന് പരിശുദ്ധാത്മാവിന്റെ വെണ്‍കപോതങ്ങള്‍ ഭൂമിയിലേക്കിറങ്ങിവന്നു.
നീലകണ്ഠന്‍ ഭാരമില്ലാത്തവനായി. തന്റെ ഹൃദയത്തിനിപ്പോള്‍ ഒരു തൂവലിന്റെ ഭാരം മാത്രമാണുള്ളതെന്ന് നീലകണ്ഠന്‍ അറിഞ്ഞു. തന്റെ ഖിന്നതകളെല്ലാം കൂടൊഴിഞ്ഞുപോയിരിക്കുന്നു. ഒരു നീഹാരമഴയില്‍ കുളിച്ചുകയറിയ പ്രതീതി.
ജ്ഞാനസ്‌നാനശേഷം ദേവസഹായം പത്മനാഭപുരത്തെത്തിയപ്പോള്‍ രാത്രി അതിന്റെ ആദ്യയാമങ്ങള്‍ പിന്നിട്ടിരുന്നു. ഭൂമിക്കു മീതെ ആകാശം നിലാവിന്റെ ആദ്യയാമങ്ങള്‍ പിന്നിട്ടിരുന്നു. ഭൂമിക്കു മീതെ ആകാശം നിലാവിന്റെ പാല്‍ക്കച്ച വിതാനിച്ചു കിടന്നു. കുളിര്‍മയോലുന്ന നിലാവ്. രാജമല്ലിത്തലോടല്‍പോലെ രാക്കാറ്റ്.
പത്മനാഭപുരം കോട്ടയില്‍ ക്യാപ്റ്റന്‍ ഡിലനായി നീലകണ്ഠനെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. നീലകണ്ഠന്‍ വടക്കുംകുളത്തുനിന്നു തിരിച്ചെത്താന്‍ വൈകുന്നതില്‍ ഡിലനായി അസ്വസ്ഥനായിരുന്നു. നീലകണ്ഠന്റെ കുതിര നിലാവില്‍ കണ്‍പെട്ടപ്പോഴാണ് അദ്ദേഹം ആശ്വാസംകൊണ്ടത്.
ദേവസഹായവും ഡിലനായിയെ കണ്ടു. നിലാവെട്ടത്തില്‍ ഡിലനായിയുടെ രൂപം അകലെനിന്നേ ദേവസഹായം തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെ കാത്തു നില്ക്കുകയാണ്.
ദേവസഹായം കുതിരയെ ഒരു മരത്തില്‍ കെട്ടി. കോട്ടയ്ക്കു കാവല്‍നിന്നിരുന്ന ഭൃത്യനെ വിളിച്ച് കുതിരയ്ക്കു തീറ്റികൊടുക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ട് ക്യാപ്റ്റന്റെ സമീപത്തേക്കു ചെന്നു.
''പ്രിയമിത്രമേ, നീലകണ്ഠാ, എന്തേ ഇത്ര വൈകി?''
''ഞാനിപ്പോള്‍ നീലകണ്ഠനല്ല കപ്പിത്താന്‍. ദേവസഹായംപിള്ളയാണ്.''
അത്രയും മതിയായിരുന്ന ക്യാപ്റ്റന്‍ ഡിലനായിക്ക്. അദ്ദേഹത്തിന് എല്ലാം മനസ്സിലായി. നീലകണ്ഠന്‍ സ്‌നാനപ്പെട്ട് ദേവസഹായംപിള്ള എന്ന സ്‌നാനനാമം സ്വീകരിച്ചിരിക്കുന്നു. ദൈവത്തിന്റെ ഉദ്യാനത്തില്‍ ഒരു പനിനീര്‍ച്ചെടികൂടി പുഷ്പിച്ചിരുന്നു.
ക്യാപ്റ്റന്‍ ഡിലനായ ആകാശത്തേക്കു കണ്ണുകളുയര്‍ത്തി. നെഞ്ചില്‍ കുരിശു വരച്ചു. ദൈവമേ, നിന്റെ മഹത്ത്വത്തിനു നന്ദി. എല്ലാറ്റിനും യോഗ്യനായവന്‍ നീ മാത്രമാണ്. മറ്റെല്ലാം കേവലം നിഴല്‍ മാത്രം. കേവലം സ്വപ്നംപോലെയും മഞ്ഞുപോലെയും മാഞ്ഞുപോകുന്ന നിഴല്‍ച്ചിത്രങ്ങള്‍ മാത്രം.
അന്നു രാത്രി ഒറ്റയ്ക്കു കഴിയണമെന്ന് ദേവസഹായം ആഗ്രഹിച്ചു. രാത്രി മുഴുവന്‍ ഏകനായിരുന്നു പ്രാര്‍ത്ഥിക്കാന്‍ ദേവസഹായം ഇഷ്ടപ്പെട്ടു. നിശ്ശബ്ദവും ഏകാഗ്രവുമായ പ്രാര്‍ത്ഥന പിത്തളകൊണ്ടു പണിത മാര്‍ച്ചട്ടപോലെയാണെന്ന് ദേവസഹായം അറിഞ്ഞിരുന്നു. വടക്കുംകുളം ദൈവാലയത്തിന്റെ പള്ളിമേടയില്‍ ഒരു ക്രൂശിതരൂപത്തിന് ഇരുവശത്തുമായി കൊളുത്തിവച്ച മെഴുകുവിളക്കുകളുടെ അരണ്ടവെളിച്ചത്തില്‍ പരംജ്യോതിനാഥസ്വാമികളുടെ മൗനപ്രാര്‍ത്ഥന ദേവസഹായം കണ്ടതാണ്.
പക്ഷേ, ക്യാപ്റ്റന്‍ ഡിലനായി ദേവസഹായത്തെ ഒറ്റയ്ക്കു വിടാന്‍ സമ്മതിച്ചില്ല.
''ജ്ഞാനസ്‌നാനത്താല്‍ നിത്യസ്വര്‍ഗ്ഗത്തിന് അവകാശിയായിത്തീര്‍ന്ന എന്റെ പ്രിയമിത്രമേ, താങ്കള്‍ ഇന്നു രാത്രി എന്റെ ബഹുമാന്യനായ അതിഥിയാണ്. മാളികയില്‍ മാര്‍ഗരറ്റും ജോഹന്നാസും താങ്കളെ കാത്തിരിക്കുകയാണ്.''
ക്യാപ്റ്റന്‍ ഡിലനായിയുടെ ക്ഷണം ദേവസഹായത്തിനു നിരസിക്കാനായില്ല. എന്തെന്നാല്‍, അത്രയ്ക്കുണ്ടായിരുന്നു ദേവസഹായത്തിന് ഡിലനായിയോടുള്ള വിധേയത്വം.
അവര്‍ നിലാവു പകുത്ത് ഉദയഗിരിയിലേക്ക്, ക്യാപ്റ്റന്‍ ഡിലനായിയുടെ മാളിക ലക്ഷ്യമാക്കി തങ്ങളുടെ കുതിരകളെ തെളിച്ചു.


            (തുടരും)

 

Login log record inserted successfully!