•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

ജീവദായകനായ ദൈവപുത്രന്‍

ജൂണ്‍  12 ശ്ലീഹാക്കാലം രണ്ടാം ഞായര്‍

എസെ 2 : 1-7   1 തിമോ 1:12-19
യോഹ 11 : 1 -16  പരിശുദ്ധത്രിത്വത്തിന്റെ തിരുനാള്‍
റോമ 5 : 1 - 5  യോഹ 16:12-15

യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തിന്റെ ആദ്യഭാഗമായ (1-11 അധ്യായങ്ങള്‍) അടയാളങ്ങളുടെ പുസ്തകത്തിലെ (book of signs) ഏഴ് അടയാളങ്ങളിലെ  അവസാനത്തേതാണ് ലാസറിനെ ഉയിര്‍പ്പിക്കുന്ന അദ്ഭുതം (യോഹ. 11:1-44). ഈശോ പ്രവര്‍ത്തിച്ച എല്ലാ അടയാളങ്ങളുടെയും പരമകാഷ്ഠ (climax) )യായിട്ടാണ്  സുവിശേഷകന്‍ ലാസറിന്റെ ഉയിര്‍പ്പിനെ അവതരിപ്പിക്കുന്നത്. ദീര്‍ഘമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഏഴാമത്തെ അടയാളത്തിന്റെ ആദ്യഭാഗമാണ് ഇന്നത്തെ സുവിശേഷവായന (11:1-16). രോഗിയായ ലാസറിനെ കാണാനുള്ള ഈശോയുടെ യാത്രയും (11:1-7) ആ യാത്രയോടുള്ള ശിഷ്യന്മാരുടെ പ്രതികരണവുമാണ് (11:8-16) ഇവിടുത്തെ പ്രതിപാദ്യവിഷയം.
ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗബാധിതനായി. ഇവന്‍ മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു (11:1). ആരാണ് ലാസര്‍ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഒന്നാം വാക്യത്തിലുള്ളത്. എലെയാസര്‍ (Eleazar) എന്ന ഹീബ്രുനാമത്തിന്റെ ചുരുക്കരൂപമായ ലാസര്‍ (Lazar) എന്ന പദത്തിന്റെ അര്‍ത്ഥം 'ദൈവം സഹായിക്കുന്നവന്‍' (he whom God helps) എന്നാണ്. ദൈവത്തിന്റെ കനിവു ലഭിച്ചവനാണ് ലാസര്‍. ഈ ലാസര്‍ രോഗഗ്രസ്തനായിരുന്നു. അവന്റെ ശാരീരികാവസ്ഥയെ  സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന  ക്രിയാപദം അസ്തനെയോ (astheneo) എന്നാണ്. മനുഷ്യന്റെ ബലഹീനതയെയും, രോഗഗ്രസ്തമായ ദുര്‍ബലാവസ്ഥയെയും വ്യാധിഗ്രസ്തമായ സ്ഥിതിവിശേഷത്തെയും ഇത് അര്‍ത്ഥമാക്കുന്നു. പരിമിതികളും പരാധീനതകളും നിറഞ്ഞ ലാസര്‍ അശക്തനാണ്. ദൈവം തുണയാകുമ്പോഴാണ് അവന്‍ ജീവനുള്ളവനും ദൃഢഗാത്രനുമാകുന്നത്.
രോഗഗ്രസ്തനായ ലാസര്‍ ബഥാനിയാ പ്രദേശക്കാരനാണ്. ഒലിവുമലയുടെ കിഴക്കേചെരിവില്‍ ജറൂസലേമില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ബഥാനിയ. ബഥാനിയ(Bethania)) എന്ന ഹീബ്രുപദത്തിന്റെ അര്‍ത്ഥം കഷ്ടതകളുടെ ഭവനം ((house of affliction) എന്നാണ്. വ്യാധികളാല്‍ വലയുന്നവന്റെ വാസം ക്ലേശങ്ങളുടെ ഭവനത്തിലാണ്. അവിടേക്കാണ് ഈശോ പിന്നീട് കടന്നുവരുന്നതും ലാസറിനു ജീവന്‍ നല്കുന്നതും അങ്ങനെ  അവിടം ആനന്ദത്തിന്റെ ഭവനമാകുന്നതും.
ലാസര്‍ മര്‍ത്തായുടെയും മറിയത്തിന്റെയും സഹോദരനാണെന്ന് രണ്ടാം വാക്യം വ്യക്തമാക്കുന്നു (11:2). ഒപ്പം മറിയത്തിന്റെ വിശേഷണങ്ങളും സുവിശേഷകന്‍ ഇവിടെ അവതരിപ്പിക്കുന്നു. 'സഹോദരന്‍' (brother, male sibling)) എന്നര്‍ത്ഥം വരുന്ന അദെല്‍ഫോസ് (adelphos) എന്ന ഗ്രീക്കുപദമാണ് ലാസറിനെ സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിക്കുന്നത്. ആലങ്കാരികമായ (figurative) അര്‍ത്ഥത്തെക്കാള്‍ അക്ഷരാര്‍ത്ഥത്തിലുള്ള (literal)) ബന്ധത്തെയാണ് ഈ പദം ഇവിടെ കുറിക്കുന്നത്.
കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പറയാന്‍ ആ സഹോദരിമാര്‍ അവന്റെ അടുക്കലേക്ക് ആളയച്ചു (11:3). ലാസറിനെക്കുറിച്ച് മറ്റൊരു വിശേഷണവും ഈ വാക്യത്തില്‍ കണ്ടുമുട്ടുന്നു. സഹോദരിമാരായ മര്‍ത്തായും മറിയവും തങ്ങളുടെ സഹോദരനെക്കുറിച്ചു പറയുന്നത് അവന്‍ 'അങ്ങു സ്‌നേഹിക്കുന്നവന്‍'(he whom you love) എന്നാണ്. സ്‌നേഹിക്കുക, ഇഷ്ടം കാണിക്കുക ((love, have affection for)എന്നര്‍ത്ഥം വരുന്ന ഫിലെയോ (phileo) എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ ലാസറാണ് എന്നു പറയുന്നത്. രോഗാവസ്ഥയിലും ഈശോ മാത്രമാണു സഹായമെന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് ആ സഹോദരിമാര്‍ ഈശോയുടെ അടുക്കലേക്ക് ആളുകളെ അയയ്ക്കുന്നത്. ഉറച്ച വിശ്വാസത്തിന്റെ അടയാളമാണിത്.
അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ് (11:4). എന്താണു സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ പ്രവചനാത്മകസൂചനയാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്. ഈ സ്‌നേഹിച്ചിരുന്ന സ്‌നേഹിതന്റെ രോഗത്തിന്റെ ആത്യന്തികലക്ഷ്യം ഈശോ ഇവിടെ വ്യക്തമാക്കുന്നു. ദൈവവും മനുഷ്യപുത്രനും മഹത്ത്വപ്പെടണം. ഒന്നാമതായി, രോഗബാധിതനായി മരണപ്പെടുന്ന ലാസറിന് 'ദൈവം സഹായകമാകും' അതായത് ഈശോ ലാസറിനു ജീവന്‍ നല്കുന്നതിലൂടെ ദൈവമഹത്ത്വം പ്രകടിതമാകും. രണ്ടാമതായി, രോഗഗ്രസ്തനായി മരണപ്പെട്ടവനു ജീവന്‍ നല്‍കിയതിലൂടെ ഈശോ തന്റെ മരണത്തിന്റെ വഴികളിലേക്കു നടന്നുകയറി. അങ്ങനെ ഈശോ കുരിശില്‍ മരിച്ച് മഹത്ത്വീകൃതനായി. ദോക്‌സാ (doxa)), ദോക്‌സാസോ (doxa-zo)) എന്നീ രണ്ടു വാക്കുകളാണ് മഹത്ത്വത്തെ (glory) സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അടയാളങ്ങളുടെ പുസ്തകത്തില്‍ (book of signs)നിന്ന് മഹത്ത്വത്തിന്റെ പുസ്തകത്തിലേക്ക്(book of glory) ഉള്ള ഈശോയുടെ യാത്ര ഇവിടെ ആരംഭിക്കുകയാണ്.
യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു. എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസംകൂടി ചെലവഴിച്ചു (11:5-6). രോഗിയായ ലാസറിനെ കാണാന്‍ ഈശോ പോകാന്‍ താമസിച്ചതിനുകാരണം അവിടുത്തേക്ക് അവരോടു സൗഹൃദവും അനുകമ്പയും ഇല്ലാത്തതുകൊണ്ടല്ല, മറിച്ച്, അവരെ മൂന്നുപേരെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന ഈശോ പിതാവായ ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരുന്നതാണ്. മനുഷ്യന്റെ സമയമല്ല, ദൈവത്തിന്റെ സമയം. ലാസറിന്റെ രോഗവിവരമറിഞ്ഞ ഈശോ ബഥാനിയായിലേക്കു പോകുന്നത് മൂന്നാം ദിവസമാണ്. മൂന്നാം ദിവസം ദൈവസഹായത്തിന്റെ ദിവസമാണ് (യോഹ. 2:1). കൂടാതെ, മൂവരോടുമുള്ള ഈശോയുടെ സ്‌നേഹം 'ദൈവകൃപ' അവര്‍ക്കു നല്‍കാനുള്ള സ്‌നേഹമാണ്.
ലാസറിന്റെ രോഗവിവരണത്തെത്തുടര്‍ന്ന് (11:1-6) ഈശോയും ശിഷ്യരും തമ്മിലുള്ള സംഭാഷണങ്ങളാണ് (11:7-16) സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മാനുഷികമായ ചിന്തകള്‍ക്കും പദ്ധതികള്‍ക്കുമപ്പുറം ദൈവഹിതത്തിനും ദൈവേഷ്ടത്തിനും വിധേയപ്പെടണമെന്ന ദര്‍ശനം ഈശോ ഇവിടെ പഠിപ്പിക്കുന്നു. 'യൂദയായിലേക്കു നമുക്കു പോകാം' (11:7) എന്ന ഈശോയുടെ വാക്കുകളോടു ശിഷ്യന്മാര്‍ തടസ്സമാണു പറഞ്ഞത്. മാനുഷികപദ്ധതികളുടെ വെളിച്ചത്തിലാണു ശിഷ്യന്മാരുടെ സംഭാഷണങ്ങള്‍. എന്നാല്‍, ഈശോ ദൈവികമായി സംസാരിക്കുന്നു.
പകലിനു പന്ത്രണ്ടു  മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍ തട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു. രാത്രി നടക്കുന്നവന്‍ തട്ടി വീഴുന്നു. കാരണം, അവനു പ്രകാശമില്ല (11:9-10). ഈശോ പറഞ്ഞ ഈ പൊതുസത്യപ്രസ്താവനയുടെ അര്‍ത്ഥമെന്താണ്?  പകല്‍, രാത്രി എന്നീ രണ്ടു പ്രതീകങ്ങളുപയോഗിച്ചു ദൈവപദ്ധതിയനുസരിച്ച് ജീവിക്കാന്‍ ഈശോ ശിഷ്യന്മാരെ പഠിപ്പിക്കുകയാണിവിടെ. സൂര്യോദയത്തോടെ ആരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്ന പകലിനു പന്ത്രണ്ടു മണിക്കൂറാണുള്ളത്. ഇതു പ്രകാശത്തിന്റെ സമയമാണ്; ഒപ്പം പ്രവര്‍ത്തിക്കാനുള്ള സമയവും. ഈശോയ്ക്കു പ്രവര്‍ത്തിക്കാന്‍ പിതാവ് അനുവദിച്ചിരിക്കുന്ന സമയമാണിത്; ഒപ്പം, ഈശോയുടെ ശിഷ്യന്മാര്‍ക്ക് അവിടുത്തെ അനുഗമിക്കാനുള്ള സമയവും. പ്രകാശമായ ഈശോയോടൊത്തു നടക്കുന്നവന്‍ ഒരിക്കലും തട്ടിവീഴുന്നില്ല. പകലിനു ശേഷമുള്ളതു രാത്രിയാണ്, അത് അന്ധകാരത്തിന്റെ സയമാണ്.
അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു (11:11). വാച്യാര്‍ത്ഥത്തില്‍ പറയാതെ ഈശോ ഇവിടം വ്യംഗ്യമായി സംസാരിക്കുകയാണ്. അക്കാലത്തെ സാഹിത്യശൈലിയനുസരിച്ച് മരണത്തെ 'ഉറക്കം' എന്നു വിശേഷിപ്പിച്ചിരുന്നു. കൊയ്മാഓ (koimao) എന്ന ഗ്രീക്കുപദത്തിന് ഉറങ്ങുക, മരണപ്പെടുക (sleep, die) എന്നീയര്‍ത്ഥങ്ങളുണ്ട്. ഉണര്‍ത്തുക, ജീവിപ്പിക്കുക (wake up, rouse, cause to become alive again)  എന്നീയര്‍ത്ഥങ്ങള്‍ വരുന്ന എക്‌സുപ്നീസോ (exupniso) എന്ന പദവും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. അക്കാരണത്താല്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തുക എന്നതിന്റെ വ്യംഗ്യാര്‍ത്ഥം മരണത്തില്‍നിന്നു ജീവനിലേക്കു കൊണ്ടുവരിക എന്നാണ്. ലാസറിന്റെ ഉറക്കം അവന്റെ  മരണമാണ്. അവന്റെ ഉണരല്‍ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പാണ്.
നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാത്തതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം (11:15). ലാസറിന്റെ മരണം ദുഃഖകരമെങ്കിലും തന്റെ ശിഷ്യരെയോര്‍ത്ത് ഈശോ സന്തോഷിക്കുകയാണിവിടെ. 'ആനന്ദിക്കുക, സന്തോഷിക്കുക'(rejoice, be glad, be delighted)എന്നീയര്‍ത്ഥങ്ങളുള്ള  ഖയ്‌റോ (chairo) എന്ന ഗ്രീക്കു പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോ ജീവന്‍ പ്രദാനം ചെയ്യുന്ന ദൈവപുത്രനാണെന്ന ബോധ്യത്തിലേക്കും വിശ്വാസത്തിലേക്കും അവിടുത്തെ ശിഷ്യര്‍ ഈ അടയാളം കാണുന്നതുവഴി കടന്നുവരുമെന്നതിലാണ് ഈശോയുടെ ആനന്ദം. ആ വിശ്വാസത്തിന്റെ ശക്തിപ്പെടുത്തലിലേക്കാണ് ഈശോ ശിഷ്യരെ ക്ഷണിക്കുന്നതും.
ദിദീമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം (11:16). ഈശോയുടെ ക്ഷണത്തിനുള്ള മറുപടി ഒരാള്‍ മാത്രമാണു നല്‍കുന്നത്. അത് തോമാശ്ലീഹായാണ്. ദിദീമോസ് (didimos) എന്നത് ഗ്രീക്കുനാമമാണ് ഇരട്ട (twin) എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇരട്ട എന്നര്‍ത്ഥം വരുന്ന ഹീബ്രുപദമാണ് തോമാ (thoma).. ഈശോയുടെ ക്ഷണത്തോടുള്ള തോമായുടെ പ്രതികരണം ശ്ലീഹായുടെ വിശ്വാസത്തിന്റെ വളര്‍ച്ചയെയും അദ്ദേഹത്തിന്റെ ധൈര്യത്തെയും കുറിക്കുന്നു. ഈശോയുടെ 'കൂടെ' ചരിക്കാനുള്ള ഒരാഹ്വാനമാണ് തോമായുടെ വാക്കുകള്‍ നമുക്കു നല്‍കുന്നത്. പ്രകാശമായ അവിടുത്തെകൂടെ നടന്നാല്‍ നാം തട്ടിവീഴില്ല.

 

Login log record inserted successfully!