മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയതു കേട്ടു വളര്‍ന്നവരാണു മലയാളികള്‍. യാത്രയ്ക്കിടെ പരസ്പരം വാശിപിടിച്ചതു മണ്ണാങ്കട്ടയ്ക്കും കരിയിലയ്ക്കും ഒരുപോലെ വിനയായതു മറക്കരുതല്ലോ. കരിയില പറന്നും പോയി, മണ്ണാങ്കട്ട അലിഞ്ഞും പോയി. പഴമൊഴികളില്‍ പതിരില്ലെന്നതില്‍ സംശയമില്ല. മോക്ഷം കിട്ടാന്‍ കാശിക്കു പോകുന്ന ഹൈന്ദവവിശ്വാസികള്‍ ഏറെയുള്ള നാടാണ് കേരളം. മലയാളികള്‍ കണ്ടുപരിചയിച്ച കാശിയില്‍ സ്ഥിതി പാടെ മാറുകയാണ്.
കാശി വിശ്വനാഥക്ഷേത്രവും തൊട്ടുരുമ്മിയുള്ള ജ്ഞാന്‍വാപി മസ്ജിദും ഏറെക്കാലയമായി സമുദായ മൈത്രിയുടെ പ്രതീകമായിരുന്നു. തൊട്ടുരുമ്മിയുള്ള രണ്ട് ആരാധനാലയങ്ങളെയും വേര്‍തിരിക്കാന്‍ രണ്ടാള്‍ പൊക്കത്തില്‍ ഇരുമ്പുവേലിയുണ്ട്. പൂര്‍ണമായി കാഴ്ച മറയ്ക്കാത്ത വേലിക്കപ്പുറത്ത് എന്താണു നടക്കുന്നതെന്നു കാണാനാകും. ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ സംഘര്‍ങ്ങളോ ഏറ്റമുട്ടലുകളോ ഇല്ലാതെ ഏറെക്കാലമായി സമാധാനത്തില്‍ പോകുകയായിരുന്നു. കഴിഞ്ഞ മാസം അടക്കം അഞ്ചു തവണ ലേഖകന്‍ ഈ സമുച്ചയം സന്ദര്‍ശിച്ചപ്പോഴും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.
എന്നാല്‍, ഇപ്പോഴിതു മതപരമായ വിദ്വേഷങ്ങളുടെയും ഭിന്നിപ്പിന്റെയും കാരണമാക്കി മാറ്റിയിരിക്കുകയാണ്. എവിടെയും തോക്കേന്തിയ പോലീസുകാര്‍. സംഘര്‍ഷത്തിന്റെയും ഭീതിയുടെയും അവസ്ഥ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാമണ്ഡലമായ വാരാണസിയിലെ ജ്ഞാന്‍വാപി സമുച്ചയത്തിന്റെ പേരില്‍ ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ക്കും കോടതിവ്യവഹാരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്.
തീരുമാനമാകാത്ത വ്യവഹാരം
ജ്ഞാന്‍വാപി മസ്ജിദ് കേസില്‍ ഏത് അപേക്ഷയാണ് ആദ്യം പരിഗണിക്കേണ്ടതെന്നുപോലും തീരുമാനിക്കാന്‍ കോടതിയില്‍ തര്‍ക്കമാണ്. ഇക്കാര്യത്തില്‍ വാരാണസി ജില്ലാ സെഷന്‍സ് കോടതി തീരുമാനം പ്രധാനമാകും. ജ്ഞാന്‍വാപി സമുച്ചയത്തിന്റെ സര്‍വേ റിപ്പോര്‍ട്ടിന് എതിരേ ആദ്യം മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പുകള്‍ ക്ഷണിക്കണോ അതോ ഹിന്ദുപക്ഷത്തിന്റെ ഹര്‍ജിയിലെ ആവശ്യം സംബന്ധിച്ച അപേക്ഷയില്‍ തീരുമാനമെടുക്കണോ എന്നതാണു തീരുമാനിക്കേണ്ടത്. മസ്ജിദ് പരിസരത്ത് ആരാധനയ്ക്ക് അനുമതി വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കുന്നതുതന്നെ ശരിയല്ലെന്നു മസ്ജിദ് കമ്മിറ്റി പറയുന്നു.
വാരാണസി സിവില്‍ കോടതിയുടെ പരിഗണനയില്‍ നിലവിലുള്ള ജ്ഞാന്‍വാപി കേസ് വാരാണസി ജില്ലാ കോടതിയിലെ മുതിര്‍ന്ന ജഡ്ജിയുടെ കീഴിലേക്കു മാറ്റാന്‍ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റീസുമാരായ സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവര്‍ അംഗങ്ങളുമായുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ജില്ലാ കോടതി തീരുമാനിക്കുന്നതുവരെ പരമോന്നതകോടതിയുടെ മേയ് 17 ലെ ഇടക്കാല ഉത്തരവ് തുടരും. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന കുളത്തിനുചുറ്റും സുരക്ഷ ഉറപ്പാക്കുക, മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്കു സൗകര്യമൊരുക്കുക തുടങ്ങിയവയാണ് ഇടക്കാല ഉത്തരവിലുള്ളത്.
ഇതിനിടെ ജ്ഞാന്‍വാപി കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചതും വെറുതെയല്ല. 1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സ്ഥിതി മാറ്റരുതെന്ന 1991 ലെ നിയമം മോസ്‌കുകളുടെ കാര്യത്തില്‍ ബാധകമല്ലെന്നാണ് അശ്വിനി പറയുന്നത്. ജ്ഞാന്‍വ്യാപി മോസ്‌ക് സ്ഥിതി ചെയ്യുന്ന സ്ഥലം ആദിവിശ്വേശ്വറിന്റേതാണെന്നും ആരാധന നടത്താനുള്ള ഹൈന്ദവവിശ്വാസികളുടെ അവകാശം നിഷേധിക്കാനാകില്ലെന്നും ഹര്‍ജിയിലുണ്ട്. ക്ഷേത്രം തകര്‍ത്തു പണിയുന്ന മന്ദിരം മോസ്‌ക് ആകില്ലെന്നാണ് ഇസ്ലാമികതത്ത്വമെന്നും ഈ വക്കീല്‍ അവകാശപ്പെടുന്നു.
വിവാദമായ വീഡിയോ സര്‍വേ
കാശി വിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ജ്ഞാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിനു പിന്നില്‍ ദിവസേന പ്രാര്‍ത്ഥന നടത്താനും ഹൈന്ദവാചാരങ്ങള്‍ പാലിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു നീണ്ട കോടതി വ്യവഹാരങ്ങളിലേക്കു നയിച്ചത്. ഹിന്ദുദേവതയായ ശൃംഗാര്‍ ഗൗരിയുടെ ചിത്രം മസ്ജിദിന്റെ മതിലില്‍ ഉണ്ടെന്നു ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു. രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പഥക്, സീതാ സാഹു തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.
വാരാണസി സിവില്‍ കോടതിയില്‍ 2021 ഓഗസ്റ്റ് 18 നാണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്. ജ്ഞാന്‍വാപി മോസ്‌ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തു ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് 1991 ല്‍ വാരാണസി കോടതിയില്‍ ഹര്‍ജി വന്നെങ്കിലും അന്നതു പരിഗണിച്ചില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ ഹര്‍ജിയില്‍ വീഡിയോഗ്രഫിയോടു കൂടിയ സര്‍വേ നടത്താന്‍ കഴിഞ്ഞ മാസം 26 ന് ഫാസ്റ്റ് ട്രാക്ക് കോടതി സിവില്‍ ജഡ്ജി അശുതോഷ് തിവാരി ഉത്തരവിട്ടു.
കാശി വിശ്വനാഥ് - ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ ഇപ്പോഴുള്ള മതപരമായ ഘടന അതിരുകടന്നതാണോ മാറ്റം വരുത്തിയതാണോ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കലാണോ തുടങ്ങിയവ പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഹിന്ദുത്വവാദിയെന്ന് അറിയപ്പെടുന്ന വക്കീലിനെ സര്‍വേയ്ക്കുള്ള പ്രത്യേക കമ്മീഷനായും കോടതി നിയോഗിച്ചു. ഇതോടെ സ്ഥിതി മാറി. രാജ്യത്തു പുതിയൊരു ഹിന്ദു - മുസ്ലിം ഭിന്നതയ്ക്കു തീ പിടിച്ചു.
വീഡിയോ സര്‍വേ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മേയ് 12 ന് വിചാരണക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് പുറത്തുവിട്ട ആദ്യ കമ്മീഷണറെ മാറ്റി പകരം രണ്ട് അഭിഭാഷകരെ സര്‍വേയ്ക്കു ചുമതലപ്പെടുത്തി. മേയ് 14, 14, 16 തീയതികളില്‍ പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ട് 19 ന് കോടതിയില്‍ സമര്‍പ്പിച്ചു.
ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെടുന്ന മോസ്‌കിന്റെ ഭാഗം സീല്‍ ചെയ്യാന്‍ വിചാരണക്കോടതി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മേയ് 16 നുതന്നെ നിര്‍ദേശം നല്‍കി. രഹസ്യസ്വഭാവം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു നടത്തിയ സര്‍വേയിലെ വീഡിയോദൃശ്യങ്ങളും പ്രധാന വിവരങ്ങളും ചോര്‍ന്നതിനോടു കോടതികള്‍ കാണിച്ച മൃദുസമീപനവും ശ്രദ്ധേയമായി.
അത്ര പുതിയതല്ലാത്ത വിവാദം
മസ്ജിദിനുള്ളിലെ വീഡിയോഗ്രഫിയെ എതിര്‍ത്ത് മസ്ജിദ് നടത്തിപ്പുകാരായ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍വേ തടഞ്ഞില്ല. മേയ് ആറിലെ പ്രാഥമിക സര്‍വേ കഴിഞ്ഞതോടെ മസ്ജിദിന്റെ ചെറിയ കുളത്തില്‍ ശിവലിംഗം കണ്ടുവെന്നു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. എന്നാല്‍ ഈ വസ്തു ശിവലിംഗമല്ല, മസ്ജിദിന്റെ വസുഖാനയിലെ (ശരീരശുദ്ധി നടത്തുന്ന സ്ഥലം) ടാങ്കിലെ ഫൗണ്ടനായി പ്രവര്‍ത്തിക്കുന്ന കല്ല് ആണെന്നു മസ്ജിദ് കമ്മിറ്റി അവകാശപ്പെട്ടു.
മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബ് 1669 ല്‍ നിര്‍മിച്ച ജ്ഞാനവാപി മസ്ജിദിനെക്കുറിച്ച് ബിജെപി നേതാവ് ഉമാഭാരതി മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പേ പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു. മറ്റു മുഗള്‍ ചക്രവര്‍ത്തിമാരെ അപേക്ഷിച്ച് ഇതരമതവിഭാഗങ്ങളോടു സഹിഷ്ണുത കാണിച്ചയാള്‍ ആയിരുന്നു ഔറംഗസീബ് എന്നു ചരിത്രവിദ്യാര്‍ഥികള്‍ക്ക് അറിയാം. പക്ഷേ, ഉമാഭാരതിക്കും ബിജെപിക്കും വേണ്ടതു മറ്റൊന്നായിരുന്നു.
ആദി വിശ്വേശ്വര്‍ ക്ഷേത്രം തകര്‍ത്താണ് ജ്ഞാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്ന് ഉമാഭാരതി അവകാശപ്പെട്ടു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പുരാതന ഇന്ത്യന്‍ ചരിത്ര സാംസ്‌കാരിക വകുപ്പിന്റെ തലവനും ഹിന്ദുപണ്ഡിതനുമായ എ.എസ്. അല്‍തേകര്‍ രചിച്ച 'ഹിസ്റ്ററി ഓഫ് ബനാറസ്: ഫ്രം ദ ഏര്‍ലിയസ്റ്റ് ടൈംസ് ഡൗണ്‍ ടു 1937' എന്ന പുസ്തകത്തിലെ പരാമര്‍ശമാണു ചരിത്രരേഖയായി ഉമാഭാരതി അവതരിപ്പിച്ചത്.
നോക്കുകുത്തിയായി നിയമം
ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ഓഗസ്റ്റ് 15 നു നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരിവര്‍ത്തനം നിരോധിക്കുന്നതിനുംവേണ്ടിയുള്ള ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥ) നിയമം 1991 ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. എന്നാല്‍, ഇത്തരമൊരു നിയമനിര്‍മാണത്തെ ഉമാഭാരതിയും ബിജെപിയും എതിര്‍ത്തു.
അയോധ്യയിലെ രാമജന്മഭൂമി - ബാബ്‌റി മസ്ജിദ് പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ ഈ നിയമം പാസാക്കിയത്. എല്ലാ ആരാധനാലയങ്ങളുടെയും മതപരമായ സ്വഭാവം നിലനിര്‍ത്താന്‍ സര്‍ക്കാരിനെ നിയമത്തില്‍ ബാധ്യസ്ഥരാക്കുകയും ചെയ്തിരുന്നു. തര്‍ക്കമുണ്ടായിരുന്ന അയോധ്യയ്ക്കു മാത്രം ഒഴിവു നല്‍കി.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമായാണു പുതിയ കേസുകള്‍ കോടതികള്‍ പരിഗണിക്കുന്നതെന്നാണ് ആക്ഷേപം. ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനു മാത്രമാണു തടസ്സമെന്നും അവിടെ സര്‍വേ നടത്തുന്നതിനു തടസ്സമില്ലെന്നുമാണു സുപ്രീം കോടതി വിധിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന വാദം തള്ളുകയും ചെയ്തു.
പക്ഷേ, മതത്തിന്റെ പേരില്‍ വെറുപ്പിന്റെയും ഭിന്നതയുടെയും രാഷ്ട്രീയം കളിച്ചു മുതലെടുക്കാനാണു രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെ ശ്രമം. മതവിദ്വേഷം വളര്‍ത്തി ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ അധികാരം ചുളുവില്‍ കൈക്കലാക്കുക. വിവാദ രഥയാത്രയും ബാബറി മസ്ജിദിന്റെ തകര്‍ക്കലും തുടക്കമായിരുന്നു.
അയോധ്യയ്ക്കു പിന്നാലെ
ബാബറി മസ്ജിദ് തകര്‍ത്തു രാമക്ഷേത്രം പണിയുന്നതിനു പിന്നാലെയാണു കാശിയിലെ ജ്ഞാനവാപി മസ്ജിദ് പ്രശ്നം. മധുരയിലെ ഷാഹി ഈദ്ഗാഹ്, ഗുജറാത്തില്‍ സിദ്ധ്പൂരിലെ ജാമി, അഹമ്മദാബാദിലെ ജമാ, മധ്യപ്രദേശില്‍ ധറിലെ കമാല്‍ മൗല, വിദിഷയിലെ ബിജാമണ്ഡല്‍, പശ്ചിമ ബംഗാളിലെ അദിന എന്നിവ മുതല്‍ ഡല്‍ഹി കുത്തബ് മിനാറിലെ ക്വാവത്ത് അല്‍ ഇസ്ലാം എന്നിവ അടക്കം പത്തു മോസ്‌കുകളാണ് അടുത്ത ലക്ഷ്യമെന്നു ഹിന്ദുത്വ വര്‍ഗീയവാദികള്‍ തുറന്നു പറയുന്നു. ഹൈന്ദവ, ജെയ്ന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പണിതവയാണ് ഈ മസ്ജിദുകള്‍ എന്നാണ് അവകാശവാദം.
വിഖ്യാതമായ താജ് മഹലിന്റെ പേരിലും വിവാദം തുടങ്ങിവച്ചിട്ടുണ്ട്. മുഹമ്മദ് ഗസ്‌നി കൈയേറി നശിപ്പിച്ച ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം 1951 മേയില്‍ പൂര്‍ണമായി പുനര്‍നിര്‍മിച്ചതിനാല്‍ നിലവില്‍ തര്‍ക്കമില്ല.
മസ്ജിദുകള്‍ മാത്രമല്ല ക്രൈസ്തവദേവാലയങ്ങളും തകര്‍ക്കാന്‍ പലയിടത്തും അക്രമം നടക്കുന്നുണ്ട്. ഒഡീഷയിലെ കാന്‍ഡമാലില്‍ ക്രൈസ്തവര്‍ക്കും അവരുടെ പള്ളികള്‍ക്കും നേര്‍ക്കുണ്ടായ വര്‍ഗീയകലാപം ആസൂത്രിതമായിരുന്നുവെന്നു കണ്ടെത്തിയതാണ്. കര്‍ണാടക, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും മഹാരാഷ്ട്രയിലെ പുനെ, തെലുങ്കാനയിലെ സെക്കന്തരാബാദ് എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍പ്പോലും ക്രൈസ്തവദൈവാലയങ്ങള്‍ തകര്‍ക്കുകയോ പരസ്യമായി ആക്രമണം നടത്തുകയോ ചെയ്തു. കൈസ്ത്രവസ്ഥാപനങ്ങള്‍ക്കും സന്ന്യാസികളടക്കം ക്രൈസ്തവര്‍ക്കുംനേരേയുമുള്ള അക്രമങ്ങള്‍ക്കും കുറവില്ല.
മനുഷ്യനു മരുന്നാകണം
മതത്തിന്റെ പേരിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭിന്നതകളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക വികസനത്തില്‍ ശാസ്ത്രീയമനോഭാവം നിര്‍ണായകപങ്കു വഹിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു വിശ്വസിച്ചിരുന്നു. നെഹ്റുവിന്റെ 'ദി ഡിസ്‌കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. മതപരവും ജാതീയവുമായ അന്ധവിശ്വാസങ്ങളും സാമൂഹികതിന്മകളും നിറഞ്ഞ സമൂഹത്തില്‍ ശാസ്ത്രീയമനോഭാവം വളര്‍ത്തിയെടുക്കാനാണ് അക്കാലത്തെ സര്‍ക്കാര്‍ ശ്രമിച്ചത്.
ശാസ്ത്രീയമനോഭാവവും മാനവികതയും ഒപ്പം അന്വേഷണത്തിന്റെയും പരിഷ്‌കരണത്തിന്റെയും മനോഭാവവും വളര്‍ത്തിയെടുക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 51 എ(എച്ച്) പറയുന്നു. ജീവിതത്തില്‍ തീരുമാനമെടുക്കുന്നതിന് ഓരോ വ്യക്തിയും ശാസ്ത്രീയവും യുക്തിസഹവുമായ രീതി അവലംബിക്കണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. ഒരു സിദ്ധാന്തം രൂപപ്പെടുത്തുന്നതിനു മുമ്പു വസ്തുതകള്‍ ആവര്‍ത്തിച്ചു നിരീക്ഷിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
പൊള്ളുന്ന വിലയക്കയറ്റവും കൊവിഡ് മഹാമാരിയും തൊഴിലില്ലായ്മയും കാര്‍ഷികപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവുംമുതല്‍ ചൈനയും പാക്കിസ്ഥാനും അടക്കമുള്ള അയല്‍രാജ്യങ്ങളും ഭീകരരും തീവ്രവാദികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍വരെയുള്ളവയില്‍നിന്നു ശ്രദ്ധ തിരിക്കാനാകും ആരാധനാലയങ്ങളുടെ പേരിലുള്ള തര്‍ക്കം. പക്ഷേ, ന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യംവച്ചുള്ള വിഭജനരാഷ്ട്രീയം ഇനിയും പടരുന്നത് അത്യാപത്താകും. കുടത്തില്‍ അടച്ചിരുന്ന വര്‍ഗീയഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാകുമിത്.