•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

കുഞ്ഞുമനസ്സുകളില്‍ നിറക്കൂട്ട് ചാര്‍ത്തുന്നവര്‍

ധ്യാപനം വെറുമൊരു ഉപജീവനമാര്‍ഗമല്ല; മറിച്ച്, നാടിന്റെ നന്മയ്ക്കും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുമുള്ള കരുതല്‍കൂടിയാണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞ പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപകവിദ്യാര്‍ത്ഥികളുടെ വിശേഷങ്ങളിലേക്ക്.....
അധ്യയനവര്‍ഷം ഇങ്ങെത്താറായി. കൊച്ചുകുട്ടികളെ വരവേല്ക്കാന്‍ സ്‌കൂളുകള്‍ അണിഞ്ഞൊരുങ്ങുന്ന കാഴ്ചയാണെവിടെയും. ബലൂണുകളും പൂക്കളും അലങ്കാരങ്ങളുമൊക്കെയായി കുട്ടികളെ സന്തോഷിപ്പിക്കാനുള്ള തിടുക്കത്തിലാണ് സ്‌കൂള്‍ അധികൃതരും. ഇതിനിടെ, അലങ്കാരങ്ങള്‍ക്കപ്പുറം കുട്ടികളുടെ മനം കവരുന്ന നിറക്കൂട്ടിനുള്ളില്‍ പുത്തന്‍ പഠനരീതി ഒളിപ്പിച്ചുവച്ചു നാടിനുതന്നെ മാതൃകയാവുകയാണ് പാലായിലെ ഒരു കൂട്ടം അധ്യാപകവിദ്യാര്‍ത്ഥികള്‍.
കുട്ടിക്കൂട്ടുകാരെ വരവേല്‍ക്കാന്‍ ആനക്കുട്ടിയും അണ്ണാറക്കണ്ണനും ആമച്ചേട്ടനും മുയലച്ഛനും തവളയും തത്തമ്മപ്പെണ്ണും പൂക്കളും ഇലകളും ചിത്രശലഭങ്ങളും കുട്ടികളുടെ ഇഷ്ട താരങ്ങളായ മിക്കി മൗസും ഡോറായും ബുജിയുമൊക്കെ ഒരുക്കിയാണു നിറക്കൂട്ട് പ്രവര്‍ത്തകര്‍ സ്‌കൂള്‍ ചുമരുകള്‍ മനോഹരമാക്കുന്നത്.
ഇവ കേവലം ചിത്രകഥകളിലെ കഥാപാത്രങ്ങളാണെന്നു തോന്നിയാല്‍ നമുക്കു തെറ്റി. നിറക്കൂട്ടുകള്‍ക്കുള്ളില്‍ അക്ഷരങ്ങളും അക്കങ്ങളും സൂത്രവാക്യങ്ങളും ഒളിപ്പിച്ച പുത്തന്‍ പഠനരീതിയാണ്. കണക്കുപട്ടികയും എണ്ണല്‍സംഖ്യകളും അക്ഷരങ്ങളും പദ്യവും സൂത്രവാക്യങ്ങളുമെല്ലാം ഈ ചിത്രങ്ങളില്‍ കൗതുകമുയര്‍ത്തി നില്ക്കുന്നുണ്ട്.
തങ്ങള്‍ക്കിഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ക്കൊപ്പം എഴുതിയിട്ടിരിക്കുന്ന അക്ഷരമാലകള്‍ പലതവണ വായിക്കുന്നതുവഴി കുട്ടികളതു മനപ്പാഠമാക്കും.
അല്പം മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടിയാകട്ടെ അസ്ഥികൂടവും മനുഷ്യശരീരഭാഗങ്ങളും അവര്‍ കാണുന്ന ചുമരുകളില്‍ മനോഹരമായി വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ടാകും. പലതവണ കാണുന്നതുവഴി അതും മനപ്പാഠമാകും. ചിത്രകലയെത്തന്നെ പഠനഭാഗമാക്കുകയും സ്‌കൂള്‍ ചുമരുകള്‍ മനോഹരമാക്കുകയും ചെയ്യുന്ന വ്യത്യസ്തമായ പ്രോജക്ടാണിത്.
'നിറക്കൂട്ട്' എന്നു പേരിട്ടിരിക്കുന്ന ഇവരുടെ പുത്തന്‍പഠനരീതിയും സാമൂഹികപ്രതിബദ്ധതയും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. മോഡല്‍ സ്‌കൂളായ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ ചുമരിലാണ് ആദ്യം ചിത്രം വരച്ചിട്ടത്. സംഗതി ഹിറ്റായതോടെ നിറക്കൂട്ടിനെ അന്വേഷിച്ച് നിരവധി സ്‌കൂളുകളാണെത്തിയത്.  ഇതുവരെ പതിനാലു സ്‌കൂളുകള്‍ നിറക്കൂട്ട് ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കിക്കഴിഞ്ഞു.
അവഗണനമൂലം ജീര്‍ണാവസ്ഥയിലായ സര്‍ക്കാര്‍ സ്‌കൂളുകളാണ് മനോഹരമാക്കിയതിലേറെയും. ഇതോടൊപ്പം പൂന്തോട്ടനിര്‍മാണവും ഇവര്‍ നടത്തുന്നുണ്ട്. സ്‌കൂള്‍കുട്ടികളിലെ സര്‍ഗാത്മകത, പഠനതാത്പര്യം എന്നിവ വളര്‍ത്താനുതകുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം അധ്യാപകവിദ്യാര്‍ത്ഥികളില്‍ സര്‍ഗശേഷിയും സാമൂഹികപ്രതിബദ്ധതയും വളര്‍ത്തുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ.ടി.സി. തങ്കച്ചന്‍ പറഞ്ഞു.
മാതൃഭാഷാപോഷകസമിതി രക്ഷാധികാരിയും അക്ഷരസമരത്തിന്റെ അമരക്കാരനുമായ ഡോ. തോമസ് മൂലയില്‍ അച്ചന്റെ നിര്‍ദേശങ്ങളും മേല്‍നോട്ടവും പദ്ധതി മികവുറ്റതാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു നിറക്കൂട്ട് അംഗങ്ങള്‍ പറയുന്നു.    
രണ്ടും മൂന്നും ലക്ഷം രൂപ ചെലവില്‍ മറ്റുള്ളവര്‍വരയ്ക്കുന്ന മതിലുകള്‍ ഇവരുടെ കൈകളിലെത്തിയാല്‍ പെയിന്റു വാങ്ങാനുള്ള പണം മാത്രമേ ചെലവാകുന്നുള്ളൂ. കിട്ടുന്നതോ പഠനത്തിന്റെ മറ്റൊരു ലോകവും.കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. സി. തങ്കച്ചന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു,പ്രൊജക്ട് ഇന്‍ ചാര്‍ജ് ഡോ. അലക്സ് ജോര്‍ജ്,
സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ സോജോ ജോണ്‍, എസ്. ലക്ഷ്മി, ഡെന്‍സി ജോണ്‍, സ്നേഹാ ജയകുമാര്‍, ലിജിന്‍ പുല്ലേംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വര്‍ണവിസ്മയമൊരുങ്ങുന്നത്.

 

Login log record inserted successfully!