''കേരളീയഭാഷാശൈലിയില്‍ ബൃഹത്തായ രൂപശില്പവും മഹത്തായ ഭാവശില്പവും ഒത്തുചേരുംവണ്ണം വിരചിച്ച ഗൗരവപ്പെട്ട ആദ്യകാവ്യ''*മെന്ന് രാമചരിതത്തെ ഡോ. എം. ലീലാവതി വിശേഷിപ്പിച്ചിട്ടുണ്ട്. ബൃഹത്തായ എന്ന ശുദ്ധരൂപം ചിലര്‍ എഴുതുമ്പോള്‍ ''ബ്രഹത്തായ'' എന്നായിപ്പോകുന്നു. ഉച്ചാരണവ്യതിയാനം അശ്രദ്ധമൂലം എഴുത്തിലേക്കു കടന്നുവന്നതാകാം. വിദ്യാര്‍ത്ഥികളിലാണ് ഇത്തരം പിശകുകള്‍ പൊതുവെ കാണുന്നത്. അച്ചടിച്ചു വന്നാല്‍പ്പിന്നെ തെറ്റുകള്‍ക്ക് ആധികാരികസ്വഭാവം കൈവരുമല്ലോ.
ഇവിടെ പൂര്‍വപദം(ബ്രഹത്' അല്ല, ബൃഹത് ആണ്. ബൃഹത് എന്ന ശബ്ദത്തിന് വലിയ എന്നര്‍ത്ഥം. 'ബൃഹത് എന്ന ശബ്ദത്തോട് ഉത്തരപദമായി ഗ്രന്ഥം' എന്ന സംജ്ഞ ചേരുമ്പോള്‍ രൂപം ബൃഹദ്ഗ്രന്ഥം എന്നാകും. ബൃഹത്+ഗ്രന്ഥം = ബൃഹദ്ഗ്രന്ഥം. പദാന്തത്തില്‍ വരുന്ന ദൃഢത്തിന് മൃദു ആദേശം വരുമെന്നാണല്ലോ നിയമവും.** ബൃഹത് എന്ന ശബ്ദത്തിന് വര്‍ദ്ധിക്കുന്നത് (വൃഹവൃദ്ധൗ) എന്നു പദാര്‍ത്ഥം. അങ്ങനെ ബൃഹദ്ഗ്രന്ഥം വലിയ ഗ്രന്ഥമാകുന്നു. എവിടെയും 'ബ്രഹത്' എന്നൊരു രൂപമില്ലെന്നു മനസ്സിലാക്കുക. വിശങ്കടം (പറന്നത്) പൃഥു (പ്രസിദ്ധം) ബൃഹദ്വിശാലം മഹത്*** (പൂജിക്കപ്പെടുന്നത്) എന്നാണല്ലോ അമരകോശമനനവും.
ബൃഹസ്പതിയെ ബ്രഹസ്പതിയും ആക്കരുത്. ''ബൃഹസ്പതി: സുരാചാര്യോ (ദേവന്മാരുടെ ഗുരു) ഗ്രീഷ്പതിര്‍ (വാക്കുകളുടെ നാഥന്‍) ധിഷണോ (ബുദ്ധിയുള്ളവന്‍) ഗുരു'' **** എന്നാണ് അമരകോശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ബൃഹസ്പതി ദേവന്മാരുടെ ഗുരു അല്ലെങ്കില്‍ അവരുടെ ഉപദേഷ്ടാവാകുന്നു. കൂടാതെ ബൃഹതഃവാചഃപതിഃ (വാക്പതി വചസ്പതി) എന്നുമുണ്ടല്ലോ.'' അതിചാരേതു വക്രേതു പൂര്‍വ്വരാശിഗതംഫലം; ബൃഹസ്പതേസ്തു തന്നാസ്തിതത്തദ്രാശിഗതംഫലം''***** ജ്യോതിഷത്തില്‍ ബൃഹസ്പതിക്ക് സൂര്യഗ്രഹം എന്നര്‍ത്ഥം കല്പിക്കാം. 'ബ്രഹസ്പതി' അപപാഠമാണെന്നു ധരിക്കണം.
* ലീലാവതി, എം.ഡോ., മലയാളകവിതാസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1996, പുറം - 22.
** ജോണ്‍ കുന്നപ്പള്ളി, പ്രക്രിയാഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം - 41
*** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി), എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 695
**** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി), എന്‍.ബി.എസ്., കോട്ടയം, 2013, പുറം 107
***** ദാമോദരന്‍ നായര്‍ പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 457.