മേയ് 22 ഉയിര്‍പ്പുകാലം ആറാം ഞായര്‍
ഉത്പ 9 : 8 - 17 2 രാജാ 2 : 1 - 15
റോമ 8 : 1 - 11 യോഹ 5 : 19 - 29
ഉയിര്‍പ്പ് ആറാം ആഴ്ചയില്‍ നാം ആഘോഷിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണം ദൈവത്തിന്റെ പക്കലേക്ക് എല്ലാവരും എത്തിച്ചേരുമെന്ന ഉറപ്പുനല്കുന്നു. ഇന്നത്തെ ദൈവവചനചിന്തകളെല്ലാം മിശിഹായിലുള്ള നവസൃഷ്ടിയെക്കുറിച്ചും അവിടുത്തോടുകൂടി ആയിരിക്കുന്നതിനെക്കുറിച്ചുമാണു പങ്കുവയ്ക്കുന്നത്. നോഹയുടെ കാലത്തെ ജലപ്രളയവിവരണത്തിനുശേഷം ദൈവവും നോഹയും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ചും അതിന് ഒരു അടയാളം നല്കുന്നതിനെക്കുറിച്ചുമാണ് ഒന്നാം വായനയില്‍ പ്രതിപാദിക്കുന്നത്. തിന്മ വര്‍ദ്ധിക്കുന്നിടത്ത് ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും തിന്മയെ നശിപ്പിച്ച് ഒരു നവലോകം സൃഷ്ടിക്കുമെന്നുമുള്ള സന്ദേശമാണ് ഒന്നാംവായനയിലുള്ളത്. സൃഷ്ടപ്രപഞ്ചം മുഴുവന്‍ ദൈവികപദ്ധതിയനുസരിച്ചു നവീകരിക്കപ്പെട്ട് എന്നേക്കും ദൈവത്തോടുകൂടെയായിരിക്കുന്ന അവസ്ഥ സംജാതമാകുമ്പോഴാണു പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുന്നത്. ആയതിനാല്‍, സര്‍വജീവജാലങ്ങളെയും ഭൂമിയെയും നശിപ്പിക്കാന്‍ പോരുന്ന ജലപ്രളയം ഇനിയുണ്ടാവുകയില്ലെന്ന് ദൈവം നോഹയെ ഓര്‍മിപ്പിക്കുന്നു. ഭൂമിയെ നശിപ്പിക്കുകയില്ലെന്ന ദൈവികവാഗ്ദാനം നമുക്കുള്ള ഓര്‍മക്കുറിപ്പും മുന്നറിയിപ്പുമാണ്. നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുകയും പ്രകൃതിയെ കാത്തുസൂക്ഷിക്കുകയും തിന്മകളില്‍നിന്ന് അകന്നുനില്ക്കുകയും വേണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. എല്ലാ ജീവജാലങ്ങള്‍ക്കും തലമുറകള്‍ക്കുമായി സ്ഥാപിച്ച ഉടമ്പടിയുടെ അടയാളമായി ദൈവം ആകാശത്തു മഴവില്ലു സ്ഥാപിക്കുന്നു. ഇതു സൃഷ്ടപ്രപഞ്ചത്തിലൂടെയുള്ള ദൈവികവെളിപ്പെടുത്തലിലേക്കാണു വിരല്‍ചൂണ്ടുന്നത്. നന്മയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും മാരിവില്ല് വെണ്‍മേഘങ്ങളില്‍ തെളിയാന്‍ ദൈവകല്പനകളനുസരിച്ചു നാം ജീവിക്കണം.
ഏലിയാ പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുന്ന സംഭവത്തിന്റെ വിവരണമാണ് രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍നിന്നു വായിച്ചത്. ഏലിയാ പ്രവാചകന്റെ മരണം അസാധാരണമായ വിധത്തിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഏലിയായുടെ വേര്‍പാടുസമയത്ത് ഒരു അഗ്നിരഥംവന്ന് പ്രവാചകനെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോയി. ഏലിയാ പ്രവാചകന്‍ ഇസ്രായേല്‍ക്കാരുടെ മാര്‍ഗദര്‍ശിയും സംരക്ഷകനുമായിരുന്നുവെന്ന് അഗ്നിരഥം സൂചിപ്പിക്കുന്നു. കൂടാതെ, അഗ്നിരഥങ്ങളും അശ്വങ്ങളുമെല്ലാം ദൈവികസാന്നിധ്യത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. ഏലിയായുടെ സ്വര്‍ഗീയപ്രവേശനം യുഗാന്ത്യജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മില്‍ നിറയ്ക്കുന്നു.
'അങ്ങയുടെ ആത്മാവിന്റെ ഇരട്ടി പങ്ക് എനിക്കു തരണം' എന്നാണ് ഏലിയാ പ്രവാചകനോടു ഏലീഷാ ചോദിക്കുന്നത്. ഇസ്രായേല്‍പാരമ്പര്യത്തില്‍ കടിഞ്ഞൂലുകള്‍ക്ക് അവകാശപ്പെട്ടതാണ് ഇരട്ടി അവകാശം, അതായത്, പിന്തുടര്‍ച്ചാവകാശം (നിയമ. 21:17). തന്നില്‍നിന്ന് ഏലിയാ എടുക്കപ്പെടുന്നത് നേരിട്ടു ദര്‍ശിച്ച എലീഷാ പിന്തുടര്‍ച്ചാവകാശിയായി മാറി. അതുപോലെ, മിശിഹാ സ്വര്‍ഗത്തിലേക്കെടുക്കപ്പെടുന്നതു കാണുന്ന ശ്ലീഹന്മാരുടെ സമൂഹത്തിന് മിശിഹായുടെ ദൗത്യത്തിന്റെ തുടര്‍ച്ചയുണ്ട് എന്ന കാര്യത്തിലേക്കും ഈ സംഭവം ശ്രദ്ധ ക്ഷണിക്കുന്നു.
പരിശുദ്ധാത്മാവിലുള്ള പുതുജീവിതത്തെക്കുറിച്ചാണ് ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവില്‍ ജീവിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല; മറിച്ച്, അവര്‍ മരണത്തില്‍നിന്നു ജീവനിലേക്കു പ്രവേശിക്കുന്നു. അവര്‍ പാപത്തിന്റെയും മരണത്തിന്റെയും കെട്ടുപാടുകളില്‍നിന്നു സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. ശിക്ഷാവിധിയെന്നത് ഒരുതരം ശാപമാണ്. നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയുമിരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണെന്ന് പൗലോസ് ശ്ലീഹാ പറയുന്നു (ഗലാ. 3:10). പരിശുദ്ധാത്മാവില്‍ ജീവിക്കുന്നവര്‍ക്കു ശിക്ഷാവിധിയല്ല നിത്യജീവനാണു ലഭിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികചിന്തകള്‍ ഒരുവനെ ജഡികതയിലേക്കും മരണത്തിലേക്കും നയിക്കുമെങ്കില്‍ പരിശുദ്ധാത്മാവിലുള്ള ജീവിതം അവനെ മരണത്തില്‍നിന്ന് ജീവനിലേക്കു നയിക്കുന്നു. തന്നെത്തന്നെ കേന്ദ്രീകരിച്ചുള്ള ജഡികതയുടെയും, ദൈവകേന്ദ്രീകൃതമായ ആത്മീയതയുടെയും ഭാവങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ്'ജഡത്തിന്റെ നിയമവും ആത്മാവിന്റെ നിയമവും'എന്നതിലൂടെ ശ്ലീഹാ അര്‍ത്ഥമാക്കുന്നത്. ശരീരം മരണത്തിനും ജീര്‍ണതയ്ക്കും വിധേയമാണെങ്കിലും അന്തിമവിധിനാളില്‍ ദൈവം നമ്മെ ഉയിര്‍പ്പിക്കും. ജഡത്തിന്റെ പ്രവൃത്തികളെ ആത്മാവിനാല്‍ നിഹനിച്ചു ജീവനിലേക്കു പ്രവേശിക്കുക എന്നതാണ് മിശിഹായിലുള്ള നവജീവിതം. മാമ്മോദീസായിലൂടെ ഒരുവന്‍ മിശിഹായുടെ പീഡാനുഭവ - കുരിശുമരണ - ഉത്ഥാനത്തില്‍ പങ്കുചേരുകയും പരിശുദ്ധാത്മാവിന്റെ ആലയമായിത്തീരുകയും ചെയ്യുന്നു. ആത്മാവിലുള്ള നവജീവിതത്തിലേക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്.
പിതാവും പുത്രനും തമ്മിലുള്ള തുല്യതയും ഐക്യവും വ്യക്തമാക്കുന്ന ഇന്നത്തെ സുവിശേഷഭാഗം മിശിഹായുടെ ദൈവത്വവും പുത്രന്റെ അധികാരവും വെളിപ്പെടുത്തുന്നതാണ്. 'പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വയമേവ ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല; പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നുവെന്നു പറയുന്നതിലൂടെ പിതാവും പുത്രനും തമ്മിലുള്ള അഭേദ്യമായ എകത്വവും, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ, പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടെന്നത് രണ്ടു പേരുടെയും വ്യതിരിക്തതയും ചൂണ്ടിക്കാണിക്കുന്നു.
മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമാണ് ഈശോ പഠിപ്പിക്കുന്നത്. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.'ക്രീസിസ്'എന്ന ഗ്രീക്കുപദമാണു'വിധി'എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ പദത്തിനു വേര്‍തിരിക്കല്‍'എന്നാണര്‍ത്ഥം. പുത്രന്റെ 'വിധി ജീവനും മരണവും, നന്മയും തിന്മയും, രക്ഷയും ശിക്ഷയും തമ്മിലുമുള്ള വേര്‍തിരിക്കലാണ്. ആത്മാവിലുള്ള ജീവിതം നയിക്കുന്നവര്‍ മിശിഹായിലുള്ള ജീവിതമാണു നയിക്കുന്നത്. അവര്‍ക്കു വിധിയെ ഭയപ്പെടേണ്ടതില്ല. കാരണം, അവര്‍ മരണത്തില്‍നിന്നു ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ത്തന്നെ നിത്യജീവനില്‍ പങ്കുചേരുന്നു. മിശിഹായുടെ വചനം ശ്രവിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യണം. അങ്ങനെയെങ്കില്‍ ഭൂമിയില്‍വച്ചുതന്നെ നിത്യജീവന്റെ അനുഭവം നമുക്കുണ്ടാകും. ഇപ്പോഴുള്ള ജീവിതത്തിന്റെ നാഥനായ മിശിഹാതന്നെയാണു വരാനിരിക്കുന്ന ജീവിതത്തിന്റെയും കേന്ദ്രമെന്നതിനാല്‍ യുഗാന്ത്യത്തിലും നിത്യജീവന്‍ ലഭിക്കുമെന്നു സുവിശേഷഭാഗം ഓര്‍മിപ്പിക്കുന്നു.
വി. കുര്‍ബാനയുടെ ആഘോഷത്തിലൂടെയാണ് ആരാധനസമൂഹം മിശിഹായുടെ മഹത്ത്വപൂര്‍ണമായ ദ്വിതീയാഗമനത്തിന്റെയും യുഗാന്ത്യസത്യങ്ങളുടെയും മുന്നാസ്വാദനം അനുഭവിക്കുന്നത്. സഭയില്‍ അര്‍പ്പിക്കപ്പെടുന്ന ഓരോ പരിശുദ്ധ കുര്‍ബാനയും സ്വര്‍ഗീയവിരുന്നിന്റെ മുന്നാസ്വാദനമാണ്. ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള നമ്മുടെ പ്രത്യാശയെ വി. കുര്‍ബാനയുടെ ആഘോഷം ശക്തിപ്പെടുത്തുന്നുവെന്ന് സാക്രമെന്തും കാരിത്താത്തിസ് എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ബനഡിക്ട് പാപ്പാ പ്രസ്താവിക്കുന്നു (സാക്രമെന്തും കാരിത്താത്തിസ് നമ്പര്‍, 32). മിശിഹായുടെ മരണോത്ഥാനങ്ങള്‍ നമ്മുടെ മരണോത്ഥാനങ്ങളുടെ അച്ചാരമാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. ആയതിനാല്‍, യുഗാന്ത്യോന്മുഖപ്രതീക്ഷയോടെ ജീവിക്കാനും മണവാളനായ മിശിഹായെ സ്വീകരിക്കാന്‍ വിവേകമതികളായ കന്യകമാരെപ്പോലെ ഒരുക്കത്തോടെ വി. കുര്‍ബാനയില്‍ പങ്കുചേരാനും ദിവ്യകാരുണ്യാധിഷ്ഠിതജീവിതം നയിക്കാനും നമുക്കു പരിശ്രമിക്കാം.