•  28 Mar 2024
  •  ദീപം 57
  •  നാളം 4
നോവല്‍

ദേവാങ്കണം

പ്പത്തിന്റെ ഗേഹം എന്നര്‍ത്ഥമുള്ള ബത്‌ലഹേം എന്ന ചെറുപട്ടണത്തിലായിരുന്നു അവന്റെ ജനനം. ഒരു കാലിത്തൊഴുത്തില്‍. മരങ്ങള്‍പോലും കോച്ചുമാറ് തണുപ്പുപെയ്യുന്ന ഒരു രാത്രിയായിരുന്നത്.
അവനെ കിടത്താനായി ദേവദാരുവില്‍ തീര്‍ത്ത തല്പമോ, പുതപ്പിക്കാന്‍ വിശേഷതരത്തിലുള്ള പട്ടുകളോ മാതാവ് മറിയമോ പിതാവ് ജോസഫോ ഒരുക്കിയിരുന്നില്ല. കാലിപ്പുരയിലെ പുല്‍ത്തൊട്ടിയില്‍ പുല്ലുവിരിച്ച് പിള്ളക്കച്ചയില്‍ പൊതിഞ്ഞ് അവര്‍ അവനെ കിടത്തി.
അവന്‍ കന്യകയില്‍നിന്ന് ഉടല്‍രൂപം പൂണ്ടവനായിരുന്നു. അവന്റെ ജനനംവരെ അമ്മ മറിയം പുരുഷനെ അറിഞ്ഞിരുന്നില്ല. കാലത്തിന്റെ തികവില്‍ അവന്‍ ലോകത്തിനായി അവതരിക്കപ്പെടുകയാണുണ്ടായത്.
യൂദയായുടെ കിഴക്കേ ആകാശത്തില്‍ അവന്റെ ജനനത്തിന്റെ അടയാളമായി നക്ഷത്രങ്ങള്‍ ഉദിച്ചിരുന്നു. യഹൂദജനതയുടെ വിമോചനത്തിന്റെ അടയാളനക്ഷത്രങ്ങള്‍.
പൗരസ്ത്യദേശത്തുനിന്നുള്ള ജ്ഞാനികള്‍ക്ക് നക്ഷത്രം ജറുസലേമിലേക്കു വഴികാട്ടി. അവര്‍ക്ക് മുമ്പേ നക്ഷത്രം സഞ്ചരിച്ചുകൊണ്ടിരുന്നു. അതു ശിശുവിനെ കിടത്തിയിരുന്ന പശുത്തൊഴുത്തിനു മുകളില്‍വന്നു നിലയുറപ്പിച്ചു.
കറവ വറ്റാത്ത പശുക്കളും രോമം കത്രിക്കാത്ത ചെമ്മരിയാടുകളും ശിശുവിനു കാവലുണ്ടായിരുന്നു. ദൈവദൂതന്മാരുടെ അറിയിപ്പനുസരിച്ചു മലഞ്ചെരുവിലെ കൂടാരങ്ങളില്‍നിന്ന് ആട്ടിടയന്മാരും അവനെ ആരാധിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.
ജ്ഞാനികള്‍ ശിശുവിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പം കണ്ട് അദ്ഭുതപ്പെട്ടു. പ്രവാചകഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ഇതാ, ലോകത്തിന്റെ രക്ഷകന്‍ പിറവിയെടുത്തിരിക്കുന്നു.
ജ്ഞാനികള്‍ ശിശുവിനെ കുമ്പിട്ട് ആരാധിച്ചു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയര്‍പ്പിച്ചു. ശേഷം യേശുവിനെ വധിക്കാനായി തീരുമാനിച്ചിരുന്ന ഹേറോദോസിനെ വിവരമറിയിക്കാതെ സ്വദേശത്തേക്കു മടങ്ങിപ്പോയി.
ക്യാപ്റ്റന്‍ ഡിലനായി പറഞ്ഞുകൊണ്ടിരുന്നു. ശ്വാസമടക്കിപ്പിടിച്ച് നീലകണ്ഠന്‍ കേട്ടുകൊണ്ടുമിരുന്നു. ഇമ്പമാര്‍ന്നൊരു കിന്നരഗീതംപോലെയായിരുന്നു ഡിലനായിയുടെ കഥനം. ഇപ്പോള്‍ മഞ്ഞുപെയ്യുന്നതും നിലാവുദിക്കുന്നതും നീലകണ്ഠന്റെ ഹൃദയത്തിലാണ്.  ഈറന്‍കാറ്റില്‍ മാതളമരങ്ങള്‍ ഉലയുന്നു. കുന്തിരിക്കവും മീറയും മണക്കുന്നു. മീവല്‍പ്പക്ഷികളുടെ ചിറകാരവങ്ങളും കേള്‍ക്കാവുന്നു.
ഒരു ചില്ലുവിളക്കിന്റെ വെളിച്ചത്തില്‍ ക്യാപ്റ്റന്‍ ഡിലനായിയുടെ ഭാര്യ മാര്‍ഗരറ്റ് മട്ടുപ്പാവിലേക്കു വന്നു. അവരുടെ കൈയിലിരുന്ന താലത്തില്‍ രണ്ടു സ്ഫടികപ്പാത്രങ്ങളില്‍ പാനീയങ്ങളുണ്ടായിരുന്നു. നീലകണ്ഠനു ചൂടുള്ള മധുരപാനീയവും ഡിലനായിക്കു മദ്യവും. നീലകണ്ഠന്‍ മദ്യം സേവിക്കുമായിരുന്നില്ല. ഡിലനായിക്കാകട്ടെ, മദ്യം അവരുടെ സംസ്‌കാരത്തിന്റെ ഭാഗംതന്നെയായിരുന്നു.
''ഇതെന്താ ഉറങ്ങുന്നില്ലേ രണ്ടുപേരും...'' മാര്‍ഗരറ്റ് ചോദിച്ചു. ''എന്താണ് ഇത്രമാത്രം ചര്‍ച്ച ചെയ്യാനുള്ളത്?''
''ഗൗരവമുള്ള കാര്യംതന്നെ മാര്‍ഗരറ്റ്. നീ പോയി ഉറങ്ങിക്കൊള്ളുക. അസുഖങ്ങളൊന്നും വരുത്തിവയ്‌ക്കേണ്ടതില്ല. ഈ നാട്ടിലെ കാലാവസ്ഥയുമായി നീ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.''
മാര്‍ഗരറ്റ് വിളക്കുവെളിച്ചത്തിലൂടെ മട്ടുപ്പാവിന്റെ പടികളിറങ്ങിപ്പോയി.
രാത്രിയിലെ ആകാശം ശുഭ്രവതിയായ ഒരു കന്യകയെപ്പോലെയായിരുന്നു. അവള്‍ രാകാശശികൊണ്ടു പൊട്ടുകുത്തിയിരുന്നു. ഡിലനായി നീലകണ്ഠന്റെ മുമ്പിലിരിക്കുന്ന പാനീയം ചൂണ്ടിപ്പറഞ്ഞു:
''അതു കഴിക്കൂ നീലകണ്ഠന്‍, ചൂടാറിപ്പോകുംമുമ്പ്.''
നീലകണ്ഠന്‍ പാത്രമെടുത്ത് ഒരു കവിള്‍ കുടിച്ചു. മധുരവും നേര്‍ത്ത എരിവും കലര്‍ന്ന പാനീയം രുചിപ്രദമായിരുന്നു.
''താങ്കള്‍ തുടരൂ,'' നീലകണ്ഠന്‍ പറഞ്ഞു: ''എന്റെ ഖിന്നതകള്‍ എന്നെ വിട്ടുപോകുന്നതുപോലെ എനിക്കു തോന്നുന്നു.''
''നീലകണ്ഠാ, ഒരുവന്റെ സങ്കടങ്ങളും സന്തോഷങ്ങളും അവന്റെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. ഏറ്റവും പ്രധാനം നമ്മുടെ ജീവിതത്തെ നമ്മള്‍തന്നെ ജയിക്കണമെന്നുള്ളതാണ്. അതിനുള്ള മാര്‍ഗമാണ് ക്രിസ്തുവിന്റെ ജീവിതം പിന്തുടരുകയെന്നുള്ളത്. അതു മാത്രമാണു മാര്‍ഗം.''
''ക്രിസ്തു.'' ആ നാമം നീലകണ്ഠന്‍ ആദ്യമായിട്ടുച്ചരിക്കുകയായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല. ഒരു മഞ്ഞുതുള്ളി തന്റെ നാവില്‍വീണതുപോലെ നീലകണ്ഠനു തോന്നി.
''ക്രിസ്തുവിന്റെ മാര്‍ഗം പിന്‍തുടരുകയെന്നാല്‍...''
''അതിനുള്ള ഏകവഴി ജ്ഞാനം സമ്പാദിക്കുക എന്നുള്ളതാണ്. നാശോന്മുഖമായ ഈ ലോകത്തില്‍നിന്നു ലഭിക്കുന്ന ഭൗതികജ്ഞാനത്തെയല്ല ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. ആത്മജ്ഞാനത്തെക്കുറിച്ചാണ്. ദൈവികമായ ജ്ഞാനം. ഇതിനര്‍ത്ഥം ഭൗതികജ്ഞാനം അവന്‍ സമ്പാദിക്കേണ്ടതില്ല എന്നല്ല. അറിവിന് അതിര്‍വരമ്പുകളില്ല.
''ക്രിസ്തു മഹാജ്ഞാനിയായിരുന്നു. ഭൂമിയിലുള്ള സകലതിനെക്കുറിച്ചും വിജ്ഞാനിയായിരുന്നു അവന്‍. സ്വര്‍ഗരാജ്യത്തെക്കുറിച്ചും. കാരണം, അവന്‍ മനുഷ്യനും അതേസമയംതന്നെ ദൈവവുമായിരുന്നു.''
''പന്ത്രണ്ടാമത്തെ വയസ്സിലാണ് അവന്‍ ജറുസലേം ദേവാലയത്തില്‍വച്ച് ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന് അവരെ കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തത്. അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ യഹൂദപുരോഹിതന്മാരും ഫരിസേയപ്രമാണിമാരും കുഴങ്ങിപ്പോയി. ദേവാലയത്തിന്റെ ചുവരുകള്‍ വിറകൊണ്ടു. അവനെ കേട്ടവരെല്ലാം അവന്റെ ബുദ്ധികൂര്‍മതയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ഈ വിജ്ഞാനമെല്ലാം ഇവന് എവിടെനിന്ന് എന്ന് അവര്‍ അതിശയംകൊണ്ടു.''
''പിന്നെ നമ്മള്‍ യേശുവിനെ കാണുന്നത് മുപ്പതാമത്തെ വയസിലാണ്. ഇതിനിടയ്ക്കുള്ള പതിനെട്ടു വര്‍ഷത്തെ യേശുവിന്റെ രഹസ്യജീവിതത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥം ഒട്ടൊക്കെ മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്.''
ഈ പതിനെട്ടുവര്‍ഷം അവന്റെ മഹായാനങ്ങളുടെ കാലമായിരുന്നിരിക്കണം. പര്‍വതങ്ങളും ദേശങ്ങളും കടന്ന് അവന്‍ യാത്ര ചെയ്തിരിക്കണം. ഓരോ ദേശത്തിന്റെയും അതിരുകള്‍ കടക്കുമ്പോഴും അവന്‍ അവിടെനിന്നു കിട്ടാവുന്നതൊക്കെയും സമ്പാദിച്ചു. സ്വര്‍ണമോ വെള്ളിയോ നാണയങ്ങളോ അല്ല. ജ്ഞാനം മാത്രം. ഓരോ ദേശത്തെയും മഹാജ്ഞാനികളായ അവതാരപുരുഷന്മാരില്‍നിന്നു കിട്ടാവുന്നതൊക്കെയും ഹൃദയംകൊണ്ട് അവന്‍ ഊറ്റിയെടുത്തു.
കടലുകള്‍ കടന്ന്, തിരമാലകളെ ജയിച്ച് അവന്‍ മറുകരകളിലൂടെ സഞ്ചരിച്ചു. അവന്‍ പാഥേയമോ പാദുകങ്ങളോ കരുതിയിരുന്നില്ല. ജ്ഞാനദാഹത്തിന്റെ നെരിപ്പോടുകള്‍ ഹൃദയത്തില്‍ എരിയിച്ചുകൊണ്ടായിരുന്നു അവന്റെ യാത്ര.
ഏകദേശം മുപ്പതാമത്തെ വയസ്സുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ശേഷം അവന്‍ സ്വദേശത്തേക്കു മടങ്ങി.
യോര്‍ദാനില്‍വച്ച് യേശു സ്‌നാപകയോഹന്നാനില്‍നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിന്‍ അവന്റെമേല്‍ ഇറങ്ങിവരികയും ചെയ്തു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി:
''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.''
ദൂരെ എവിടെയോ പാതിരാക്കോഴി കൂവി. നീലകണ്ഠന്റെയും ഡിലനായിയുടെയും മുമ്പിലിരുന്ന പാനപാത്രങ്ങള്‍ കാലിയായിരിക്കുന്നു. വീശിയെത്തിയ കാറ്റ് മട്ടുപ്പാവിലേക്കു കുടമുല്ലപ്പൂക്കളുടെ സൗരഭ്യം കൊണ്ടുവന്നു.
''കോഴി കൂവി. നേരം ഒരുപാടായിരിക്കുന്നു.'' ഡിലനായി പറഞ്ഞു.
''സാരമില്ല. ഉറക്കം എന്നെ തൊട്ടുതീണ്ടുന്നുപോലുമില്ല. താങ്കള്‍ക്കോ?''
''ഒരു പടയാളിക്കു രാവും പകലും ഒരുപോലെയാണ്.''
''താങ്കള്‍ പറഞ്ഞു നിറുത്തിയത് ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനംവരെയാണ്. താങ്കള്‍ തുടരുക. ആ കഥ എന്നെ വളരെയേറെ ആശ്വസിപ്പിക്കുന്നുണ്ട്.''
''യേശു പരിശുദ്ധാത്മാവില്‍ നിറഞ്ഞവനായി യോര്‍ദ്ദാനില്‍നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കാണ് നയിച്ചത്. അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു രാവും പകലും കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. അവനു വിശന്നു.
അപ്പോള്‍ സാത്താന്‍ അവനെ സമീപിച്ച് പറഞ്ഞു. ''നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്പിക്കുക.''
''മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന്.'' അവന്‍ ഉത്തരം പറഞ്ഞു.
പിശാച് അവനെ ഒരു പര്‍വ്വതാഗ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലുള്ള സകലരാജ്യങ്ങളെയും ക്ഷണനേരത്തില്‍ അവനെ കാണിച്ചുകൊണ്ടു പറഞ്ഞു:
''ഇവയുടെമേല്‍ എല്ലാ അധികാരവും ഞാന്‍ നിനക്കു തരാം. ഇതൊക്കെയും എന്റെമേല്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്കു ഞാനതു കൊടുക്കും. നീ എന്നെ ആരാധിച്ചാല്‍ ഇവയൊക്കെയും നിന്റേതാവും.''
''നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്നെഴുതിയിരിക്കുന്നു'' എന്ന് അവന്‍ ഉത്തരം പറഞ്ഞു.
പിന്നെ പിശാച് അവനെ ജറുസലേമിലേക്കു കൂട്ടിക്കൊണ്ടുപോയി. ദേവാലയത്തിന്റെ ഗോപുരത്തിനു മുകളില്‍ കയറ്റി നിറുത്തി.
'നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക' എന്നു പറഞ്ഞു: നിന്നെ കാക്കുവാന്‍ അവന്‍ തന്റെ ദൂതന്മാരോട് കല്പിക്കുകയും നിന്റെ കാല്‍ കല്ലിനോടു തട്ടാതെ താങ്ങിക്കൊള്ളുകയും ചെയ്യും എന്ന് എഴുതിയിരിക്കുന്നുവല്ലോ...'' 'നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും അരുളിച്ചെയ്തിരിക്കുന്നു' എന്ന് യേശു ഉത്തരം പറഞ്ഞു.
അനന്തരം പിശാച് അവനെ ഉപേക്ഷിച്ചുപോയി. യേശു ആത്മാവിന്റെ  ശക്തിയാല്‍ ഗലീലിയിലേക്കു  മടങ്ങിപ്പോയി. അവിടെ സിനഗോഗുകളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അവന്റെ ബുദ്ധിയിലും ജ്ഞാനത്തിലും അവര്‍ അതിശയിച്ചു. അവര്‍ അവനെ പുകഴ്ത്തി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.
അത് അവന്റെ രക്ഷാകരദൗത്യത്തിന്റെ കാലമായിരുന്നു. അവന്‍ യൂദയായിലെ വിജനപ്രദേശങ്ങളിലും മലഞ്ചെരുവുകളിലും ജനങ്ങളോടു പ്രസംഗിച്ചു. സിനഗോഗുകളില്‍ പഠിപ്പിച്ചു.
അവന്റെ വാഗ്‌ധോരണിയിലും വിജ്ഞാനത്തിലും ജനങ്ങള്‍ അതിശയിച്ചു. അവനു ശിഷ്യന്മാരുണ്ടായി.
അവന്‍ കുഷ്ഠരോഗിയെ സുഖപ്പെടുത്തി. തളര്‍വാതരോഗിയെയും. അവന്‍ മനുഷ്യരില്‍നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കി. സാബത്തില്‍പ്പോലും രോഗശാന്തി നല്കി.
അവന്‍ ശിഷ്യഗണങ്ങളെ അടുത്തു വിളിച്ച് അവരില്‍നിന്ന് പന്ത്രണ്ടു പേരെ അപ്പസ്‌തോലന്മാരായി തിരഞ്ഞെടുത്തു. അവന്‍ സുവിശേഷഭാഗ്യങ്ങള്‍ അവരെ പഠിപ്പിക്കുകയും നന്മകൊണ്ടു തിന്മയെ ജയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാനും അന്യരെ വിധിക്കരുതെന്നും അവന്‍ പറഞ്ഞു. പാപിനിക്കു മോചനം നല്കി. നായിനിലെ വിധവയുടെ മകനെയും മാര്‍ത്തയുടെയും മറിയത്തിന്റെയും സഹോദരനായ ലാസറിനെയും മരിച്ചവരില്‍നിന്നുയര്‍പ്പിച്ചു. ജായ്‌റോസിന്റെ മകളെയും പുനര്‍ജീവിപ്പിച്ചു.
അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കുകയും കുഷ്ഠരോഗികളെ സുഖപ്പെടുത്തുകയും അന്ധര്‍ക്കു കാഴ്ച നല്കുകയും ചെയ്തു. അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കി.
ഉപമകളിലൂടെയായിരുന്നു അവന്‍ ജനതയെ പ്രബോധിതരാക്കിയത്. കൂനുള്ള സ്ത്രീക്കും മഹോദരരോഗിക്കും സൗഖ്യം നല്കി. ഒടുവില്‍ അവന്‍ തന്റെ പീഡാനുഭവങ്ങള്‍ക്കും മരണത്തിനുമായി ആത്മാവില്‍ രൂപാന്തരപ്പെട്ടു. തന്റെ പീഡാനുഭവങ്ങളെക്കുറിച്ചും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചും പ്രവചിച്ചു.
അനന്തരം, തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണത്തിനായി യൂദാസിനാല്‍ ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കപ്പെട്ടു. പത്രോസിനാല്‍ തള്ളിപ്പറയപ്പെട്ടു. പീലാത്തോസിനാല്‍ കുറ്റം വിധിക്കപ്പെട്ടു. അവനെ മരണത്തിനായി ഏല്പിച്ചുകൊടുത്തു.
രണ്ടു കള്ളന്മാരുടെ നടുവില്‍ അവരവനെ കുരിശില്‍ തറച്ചുകൊന്നു. അങ്ങനെ ലോകത്തിന്റെ പ്രകാശം മൂന്നാണികളില്‍ തൂങ്ങിപ്പൊലിഞ്ഞുപോയി.
എന്നാല്‍, ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തു. അതിനു സാക്ഷികളും അടയാളങ്ങളും അനവധി.
ക്യാപ്റ്റന്‍ ഡിലനായി കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഉദയഗിരിക്കു കിഴക്ക് ചക്രവാളത്തില്‍ പുലരിത്തുടിപ്പുകള്‍ കാണായി വന്നു.
''പ്രഭാതമാകുന്നു.'' നീലകണ്ഠന്‍ പറഞ്ഞു.      
(തുടരും)

 

Login log record inserted successfully!