•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

നായാട്ടിനുപോയി വന്നതിനുശേഷം സുഗന്ധി വളരെ സന്തോഷവതിയാണ്. എപ്പഴും ചിരിയും കളിയുംതന്നെ. തോഴിമാര്‍ ചെമ്പകവും ചാരുലതയും എപ്പഴും അവളുടെ കൂടെത്തന്നെയുണ്ട്.
''രാജകുമാരി സുഗന്ധിക്കീയിടെ വളരെ സന്തോഷമുണ്ട് എന്താത്?'' ഒരിക്കല്‍ തോഴി ചെമ്പകം അവളോടു ചോദിച്ചു. അര്‍ത്ഥം വെച്ചാണു ചെമ്പകം അങ്ങനെ ചോദിച്ചതെന്നു കുമാരിക്കറിയാം. എങ്കിലും തത്കാലം വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ.
''പിന്നെ ഞാനെപ്പഴും കരഞ്ഞോണ്ടു നടക്കണമോ ചെമ്പകമേ...''
''പൊന്നിന്‍കുടമേ, അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഈയിടെ കുമാരിക്കൊരു വല്ലാത്ത സന്തോഷം. എല്ലാവരും അതു ശ്രദ്ധിക്കുന്നുണ്ട്.''
''ഓഹോ... അങ്ങനെയാണോ... എന്താ കാരണമെന്നു നിന്നോടാരെങ്കിലും ചോദിച്ചോ?'' കുമാരി അന്വേഷിച്ചു.
''ആ മെയ്‌വര്‍ണന്‍ ഒരിക്കല്‍ ചോദിച്ചു. നായാട്ടു കഴിഞ്ഞുവന്നതില്‍പ്പിന്നെ കുമാരി അതീവ സന്തോഷവതിയായിക്കാണുന്നു. നല്ല കാര്യംതന്നെയെന്നും അയാള്‍ പറഞ്ഞു.''
''ഉവ്വോ...'' സുഗന്ധി രാജകുമാരി മണികിലുക്കംപോലെ ചിരിച്ചു.
''അതാ കേട്ടില്ലേ നമ്മുടെ മോളുടെ ചിരി. അവള്‍ക്കീയിടെ വലിയ സന്തോഷം.'' രാജ്ഞി സീമന്തിനി രാജാവിനോടുണര്‍ത്തിച്ചു.
''നമ്മുടെ മകള്‍ സന്തോഷിക്കട്ടെ ദേവീ.'' രാജാവ് ഉന്മേഷചിത്തനായിപ്പറഞ്ഞു.
''പക്ഷേ, ഈ സന്തോഷം അവള്‍ക്കു നേരത്തേയില്ലായിരുന്നു. ആ നായാട്ടിനുപോയി വന്നതിനുശേഷമാണ് അവളിലീ മാറ്റം കാണാന്‍ തുടങ്ങിയത്.'' രാജ്ഞി പറഞ്ഞു.
രാജാവ് ഒരു നിമിഷം ചിന്തിച്ചു.
ശരിയാണല്ലോ രാജ്ഞി പറഞ്ഞത്. അതില്‍പ്പിന്നെയാണീ മാറ്റം. തന്നോടുള്ള മകളുടെ പെരുമാറ്റംതന്നെ വളരെ മൃദുവായും സ്‌നേഹമായും മാറിയിരിക്കുന്നു.
''പിതാവേ,''
''എന്താ മകളേ...''
''ഭക്ഷണം കഴിച്ചുവോ?''
''ഉവ്വ്.''
''എങ്കിലീ മുന്തിരിപ്പഴം കൂടി തിന്നോളൂ.''
സുഗന്ധി രാജകുമാരി ഒരു ചെറിയ കുല തുടുത്ത മുന്തിരിപ്പഴം രാജാവിന്റെ കൈയില്‍ കൊടുത്തു. രാജാവു സ്‌നേഹപൂര്‍വം അതു വാങ്ങി രണ്ടുമൂന്നെണ്ണം കഴിച്ചു.
മൂന്നാലു മുന്തിരിയെടുത്ത് വാത്സല്യനിധിയായ മകളുടെ വായില്‍വെച്ചു കൊടുത്തു. അവളതു തിന്നു.
''അമ്മ എവിടെ പിതാവേ?''
''പുറത്തുണ്ടല്ലോ.''
''ഞാന്‍ പോയി കണ്ടോളാം.''
''വേണ്ട. വിളിപ്പിക്കാം.''
''ശരി.''
''ആരവിടെ?''
''അടിയന്‍.''
''ഇവിടെ വാടാ മണ്ടശിരോമണീ.''
മണ്ടശിരോമണിയെന്ന സേവകന്‍ ഓടിയത്തി.
''ഉത്തരവ്. എന്തുവേണം തിരുമനസ്സേ.''
''രാജ്ഞിയെ വിളിക്കൂ.''
''ഓ.'' സേവകന്‍ മറഞ്ഞു.
സീമന്തിനി രാജ്ഞി രാജാവിനടുത്തെത്തി.
''എന്തിനാണു പ്രഭോ വിളിപ്പിച്ചത്?''
''നമ്മുടെ മകള്‍ നിന്നെ അന്വേഷിച്ചു.'' രാജാവു ചിരിച്ചുകൊണ്ടാണു പറഞ്ഞത്.
''എന്താ മകളേ, പറയൂ.''
''ഒന്നുമില്ല മാതാവേ, എനിക്കവിടുത്തെ ഒന്നു കാണണമെന്നു തോന്നി. അതുകൊണ്ടു വിളിച്ചതാണ്...''
ചെമ്പകവും ചാരുലതയും ഒരിടത്തു മാറി നില്‍ക്കുകയാണ്.
''ചെമ്പകം.''
''ഉത്തരവ് രാജ്ഞീ.''
''ഞങ്ങള്‍ക്ക് ഓരോ ഗ്ലാസ് പാലു കൊണ്ടുവരൂ.''
''പാലും പഴവും ആയാലോ?'' ചെമ്പകം ചോദിച്ചു.
''ആവാം.''
ചെമ്പകം പെട്ടെന്നു പോയി പാലും പഴവുമായി വന്നു.
രാജാവും രാജ്ഞിയും രാജകുമാരിയും പൂവന്‍പഴം കഴിച്ചു. എന്നിട്ടു പശുവില്‍പാല്‍ കാച്ചിയതു പാനം ചെയ്തു.
''നിങ്ങള്‍ക്കും ലഘുഭക്ഷണമെന്തെങ്കിലും കഴിച്ചൂടേ ചാരുലതേ...'' രാജ്ഞി ചോദിച്ചു.
''ആവാം തിരുമനസ്സേ, ഞങ്ങള്‍ കഴിച്ചോളാം.''
''ങാ, കുമാരി നായാട്ടിനുപോയ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ.'' രാജാവു ചോദിച്ചു.
''ശരിയാണു പിതാവേ, ക്ഷമിക്കണേ...''
''ഓ സാരമില്ല മകളേ, പറയൂ, എന്തൊക്കെയാണു നായാട്ടു വിശേഷങ്ങള്‍...''
''പുഷ്പവനം കാട്ടിലേക്കുള്ള നായാട്ടു നന്നായിരുന്നു അച്ഛാ. എന്റെ മനസ്സിനു വളരെ സന്തോഷം തോന്നി. എന്തൊരു കാട്. എങ്ങും പച്ചപ്പ്... എപ്പഴും വീശുന്ന കുളിര്‍ക്കാറ്റ്. കാറ്റില്‍ പൂക്കളുടെ മണം. ഹാ എത്ര നന്നായിരുന്നു ആ നായാട്ട്... പിന്നെ... പിന്നെ.... പിതാവു കോപിക്കുകയില്ലെങ്കില്‍ ഞാന്‍ പറയാം ഞാനൊരാളിനെക്കണ്ടു...''
''ആരെയാണു മകളെ?''
''ഒരു രാജകുമാരനെ.''
സത്യധര്‍മമഹാരാജാവ് അദ്ഭുതം തുടിക്കുന്ന മിഴികളോടെ തന്റെ പുത്രിയെ നോക്കി.
(തുടരും)

 

Login log record inserted successfully!