മേയ് 8 ഉയിര്‍പ്പുകാലം നാലാം ഞായര്‍
ജോഷ്വാ 1 : 1-9 2 ദിന 15 : 1 -7
2 കൊറി 13 : 5 -10 മത്താ 28 : 16-20
മോശയുടെ മരണശേഷം േജാഷ്വായെയാണ് ദൈവം ഇസ്രായേല്‍ജനത്തെ നയിക്കാനായി നിയോഗിക്കുന്നത്. ഇസ്രായേല്‍ക്കാരെ കാനാന്‍ദേശത്ത് എത്തിക്കുന്നതിനു ദൈവം ജോഷ്വായെ ശക്തിപ്പെടുത്തുന്നു. ന്യായപ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ട് ജോഷ്വാ മുന്നോട്ടുനീങ്ങുകയും അവരെ സധൈര്യം നയിക്കുകയും ചെയ്യുന്നതായി ഒന്നാമത്തെ വായനയില്‍ നാം കാണുന്നു.
ക്രിസ്തുവിനുമുമ്പ് 911-870 കാലഘട്ടത്തില്‍ യൂദാരാജാവായിരുന്ന ആസായുടെ കാലത്തെ ഒരു സംഭവമാണ് ദിനവൃത്താന്തം രണ്ടാം പുസ്തകം 15-ാം അധ്യായത്തില്‍ വിവരിക്കുന്നത്. ദൈവത്തിന്റെ അരൂപി ഓദേദിന്റെ മകന്‍ അസറിയായിലൂടെ യൂദാരാജാവായ ആസായോടും ജനത്തോടും സംസാരിക്കുന്നു: ''കര്‍ത്താവിനോടു ചേര്‍ന്നുനില്ക്കുമ്പോള്‍ കര്‍ത്താവ് നിങ്ങളോടുകൂടെയുണ്ടാകും; നിങ്ങള്‍ അവിടത്തെ അന്വേഷിച്ചാല്‍ കണ്ടെത്തും; നിങ്ങള്‍ അവിടത്തെ പരിത്യജിച്ചാല്‍ അവിടന്ന് നിങ്ങളെയും പരിത്യജിക്കും'' (15:2). അസറിയായിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവവചനം സ്വീകരിച്ച് ദൈവത്തിങ്കലേക്ക് ആസായും ജനതയും തിരിയുകയും തങ്ങളുടെ ഇടയിലെ മ്ലേച്ഛതകള്‍ തുടച്ചുനീക്കുകയും ചെയ്തു. അങ്ങനെ, ദേശത്തു സമാധാനവും സ്വസ്ഥതയും കൈവന്നു. ആസായുടെകൂടെ ദൈവമുണ്ട് എന്നു മനസ്സിലാക്കിയപ്പോള്‍ അനേകര്‍ അവനോടുകൂടെ ചേര്‍ന്നു. കര്‍ത്താവിനോടു ചേര്‍ന്നു ജീവിച്ചാല്‍ കര്‍ത്താവു നമ്മളോടുകൂടെ വസിക്കുമെന്നു രണ്ടാം വായന വ്യക്തമാക്കുന്നു.
ആത്മശോധന നടത്താനുള്ള ക്ഷണമാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ വിശ്വാസികള്‍ക്കു നല്കുന്നത് (2 കോറി. 13:5). 'മിശിഹാ നിങ്ങളില്‍ വസിക്കുന്നു' എന്ന ബോധ്യത്തില്‍ വളരാനാണ് പൗലോസ് അവരോട് ആവശ്യപ്പെടുന്നത്. ഇസ്രായേല്‍ജനത്തിന്റെ സമാധാനത്തിനും സ്വസ്ഥതയ്ക്കും ഐശ്വര്യത്തിനും കാരണം മോശയിലൂടെയും ജോഷ്വായിലൂടെയും ദൈവം അവരെ നയിച്ചതാണ്. അതുപോലെ, മിശിഹായുടെ കൂടെയായിരിക്കാനാണ് പൗലോസ് ശ്ലീഹായും കോറിന്തോസുകാരോട് ആവശ്യപ്പെടുന്നത്. ഉത്ഥിതനായ മിശിഹായുടെ ചൈതന്യം നഷ്ടപ്പെടുമ്പോഴാണ് അസ്വസ്ഥതകളും വിഭാഗീയതകളും സഭയില്‍ ഉടലെടുക്കുന്നത്. തിന്മ പ്രവര്‍ത്തിക്കുന്നവരാകാതെ പൂര്‍ണതയുള്ളവരായിരിക്കാനാണ് പൗലോസ് ശ്ലീഹാ കോറിന്തോസുകാരെ ഓര്‍മിപ്പിക്കുന്നത്. ''പൂര്‍ണരായിരിക്കുക''എന്നു പറയുമ്പോള്‍ പൗലോസ് ശ്ലീഹാ ആഗ്രഹിക്കുന്നത് അവര്‍ ആത്മീയമനുഷ്യരായിരിക്കുക എന്നതാണ് (1 കോറി. 3:1-3). ആത്മീയതയുടെ നിറവുള്ളവരാകാന്‍, 'മിശിഹാ കൂടെയുണ്ട്' എന്ന ബോധ്യവും 'നാം ദൈവത്തിന്റെ ആലയങ്ങളാണ്' എന്ന തിരിച്ചറിവുമാണു വേണ്ടത് (1 കോറി. 3:16.17).
ഇവിടെ സുവിശേഷപാഠത്തില്‍ ഒന്നാമതായി നാം കാണുന്നത്, ഈശോ തന്റെ പ്രേഷിതദൗത്യം ശിഷ്യന്മാരെ ഭരമേല്പിക്കുന്നതാണ്. ഈശോയുടെ നിര്‍ദേശമനുസരിച്ച് പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോകുന്നു. 'മിശിഹായെ കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു' എന്നാണ് മത്തായി സുവിശേഷകന്‍ പറയുന്നത്. 'പോവുക' എന്ന കല്പന ശിഷ്യഗണം സ്വീകരിക്കുന്നു. പ്രേഷിതദൗത്യം തുടരാന്‍ പരിശുദ്ധാത്മാവ് സഭയെ നിരന്തരം നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീവിതംവഴിയാണ് ഉത്ഥിതനെ നമ്മള്‍ പ്രഘോഷിക്കേണ്ടത്. കാരണം, സാക്ഷ്യത്തിനാണ് പ്രസംഗത്തെക്കാളും മൂല്യമുള്ളത്. ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോലെ ജീവിതംകൊണ്ട് മറ്റുള്ളവരെ നാം ക്രിസ്തുവിലേക്ക് ആകര്‍ഷിക്കണം.
രണ്ടാമതായി, മാമ്മോദീസയുടെ പ്രാധാന്യം സുവിശേഷഭാഗം അനുസ്മരിപ്പിക്കുന്നു. 'ത്രിതൈ്വകനാമത്തില്‍ മാമ്മോദീസാ നല്കുക' എന്ന ആഹ്വാനംതന്നെ മാമ്മോദീസയിലൂടെ ഒരു വ്യക്തി പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും കൂട്ടായ്മയിലായിത്തീരുന്നുവെന്നു സൂചിപ്പിക്കുന്നു. മാമ്മോദീസായിലൂടെ മിശിഹായുടെ മരണോത്ഥാനങ്ങളിലാണ് അര്‍ത്ഥി പങ്കുചേരുന്നത്. സഭയുടെ മുഴുവന്‍ വിശ്വാസത്തിന്റെയും രത്‌നച്ചുരുക്കമാണു മാമ്മോദീസയിലെ വിശ്വാസപ്രമാണത്തില്‍ നല്കപ്പെട്ടിരിക്കുന്നതെന്ന് സഭാപിതാവായ വിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്കുന്നു.
മൂന്നാമതായി, കര്‍ത്താവിന്റെ കല്പനകള്‍ നാം പാലിക്കണമെന്നു സുവിശേഷഭാഗം ഓര്‍മിപ്പിക്കുന്നു. 'ആകയാല്‍, നിങ്ങള്‍ പോയി' എന്നു പറഞ്ഞു ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള കല്പന നല്കുന്നതിലൂടെ, ശിഷ്യന്മാര്‍ക്കു നല്കപ്പെട്ടിരിക്കുന്ന അധികാരം മിശിഹായുടെ അധികാരത്തില്‍നിന്നാണെന്നും ആ അധികാരത്തിന്റെ കീഴിലാണ് ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്നും വ്യക്തമാക്കുന്നു. 'എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു' എന്നു പറയുന്നതിലൂടെ, ദൈവത്തിന്റെ അഭിഷിക്തനാണ് മിശിഹാ എന്നു പഠിപ്പിക്കുന്നു. ദൈവമാണ് എല്ലാ അധികാരവും മനുഷ്യപുത്രനായ ഈശോയ്ക്കു നല്കിയിരിക്കുന്നത്. 'പോവുക', 'എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക', 'കല്പിച്ചവയെല്ലാം അനുസരിക്കാന്‍ പഠിപ്പിക്കുക' എന്നിവയാണ് ശിഷ്യന്മാര്‍ അനുവര്‍ത്തിക്കേണ്ട കല്പനകള്‍. മോശയുടെ നിയമത്തെ പൂര്‍ണമാക്കുന്ന മിശിഹായുടെ കല്പനകള്‍ നാം അനുവര്‍ത്തിക്കണം. സ്വര്‍ഗീയജറുസലേമിനെ ലക്ഷ്യംവച്ച് പ്രയാണം ചെയ്യുന്ന നമുക്ക് 'കര്‍ത്താവേ, വേഗം വരണമേ' (മാറാനാത്താ) എന്നു പ്രാര്‍ഥിക്കുകയും അവിടത്തെ കല്പനകളനുസരിച്ചു ജീവിക്കുകയും ചെയ്യാം.
സ്‌നേഹമുള്ളവരേ, ഈശോയുടെ പ്രേഷിതാശംസ സ്വീകരിച്ചുകൊണ്ട് നമുക്കും ഉത്തമപ്രേഷിതരായിത്തീരാം. 'അങ്ങു മാത്രമാണ് യഥാര്‍ത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചെന്നും ഭൂവാസികള്‍ എല്ലാവരും അറിയട്ടെ' എന്നു കുര്‍ബാനയില്‍ ചൊല്ലുന്ന പ്രാര്‍ത്ഥന അന്വര്‍ത്ഥമാകാന്‍ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയും ഉത്തമക്രൈസ്തവരായി ജീവിക്കുകയും ചെയ്യാം. ക്രൈസ്തവവിശ്വാസത്തെ അപകടപ്പെടുത്തുന്ന തിന്മയുടെ കെണികളില്‍ വീഴാതിരിക്കാനും വളര്‍ത്തിവലുതാക്കിയ മാതാപിതാക്കളെ മറക്കാതിരിക്കാനും ഏകരക്ഷകനായ ഈശോമിശിഹായെ സധൈര്യം ഏറ്റുപറഞ്ഞ് ഉത്തമകുടുംബജീവിതം നയിക്കാനും നമുക്കു ശ്രമിക്കാം.