•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

തദ്ഭവം, തത്‌സമം

ന്യഭാഷകളില്‍നിന്നു പദങ്ങള്‍ കടംകൊള്ളാതെ ഒരു ഭാഷയ്ക്കും വളരാനാവില്ല. നാമപദങ്ങളാണ് അധികവും സ്വീകരിക്കപ്പെടുന്നത്. ആദാനം ചെയ്യുമ്പോള്‍ പദങ്ങളെ ചിലപ്പോള്‍ അല്പസ്വല്പം മാറ്റം വരുത്തിയും സ്വീകരിക്കേണ്ടതായി വരാം. സ്വന്തം ഭാഷയുടെ സ്വനിമഘടനയ്ക്കനുസരിച്ച് രൂപംമാറ്റി സ്വീകരിക്കുന്നതിനു തദ്ഭവം എന്നും അതേപടി ആദാനം ചെയ്യുന്നതിന് തത്‌സമം എന്നും വ്യവഹരിക്കുന്നു. ചങ്ങല (ശൃംഖല) തദ്ഭവത്തിനും കമ്പ്യൂട്ടര്‍ തത്‌സമത്തിനും ഉദാഹരണമാണ്.
തത് + ഭവം = തദ്ഭവം. ഉത്തരപദാദിയിലെ വ്യഞ്ജനം ഘോഷമാണെങ്കില്‍, സന്ധിയില്‍ പൂര്‍വ്വപദാന്ത്യവ്യഞ്ജനം മൃദുവാകാം. അങ്ങനെ തത്+ഭവം, തദ്ഭവമാകുന്നു. തദ്ഭവത്തെ മലയാളരീതിയോട് ഇണക്കി തദ്ഭവം എന്ന് എഴുതാവുന്നതേയുള്ളൂ. ത്, ഭ ആകുമ്പോള്‍ ചേര്‍ത്തെഴുതാം (ത്ഭ) എന്നൊരു സൗകര്യവും ഉണ്ട്. തത്ഭവത്തിന്റെ ലിപിഭേദമാണ് തദ്ഭവം എന്ന മതമാണ് മലയാളമഹാനിഘണ്ടുകാരനുള്ളത്.*അന്യഭാഷയില്‍നിന്ന് രൂപത്തിലും ഉച്ചാരണത്തിലും വേണ്ട മാറ്റങ്ങള്‍ ചെയ്ത് സ്വീകരിക്കുന്ന പദമാണ് തദ്ഭവം ((a loan word adopted with necessary phonological changes). തത് + സമം = തത്‌സമം. സന്ധിയില്‍ ചേര്‍ച്ച മാത്രമേയുള്ളൂ; വികാരമില്ല. പ്രത്യയാംശത്തിനുമാത്രം രൂപവ്യത്യാസം വരുത്തിയോ വരുത്താതെയോ മറ്റു ഭാഗത്തിനു മാറ്റം കൂടാത്ത പ്രകാരത്തില്‍ പരഭാഷയില്‍ നിന്നു പദം കടംകൊണ്ടാലത് തത്‌സമമായി. (a loan word used without any change expect for naturalising suffixes).. ''ഇതരഭാഷയില്‍നിന്നു ശബ്ദമെടുത്ത് അതിന് സ്വഭാഷയിലെ വ്യാകരണശട്ടവട്ടങ്ങള്‍ക്കനുസരിച്ച് ഉച്ചാരണത്തിലും രൂപത്തിലും മാറ്റങ്ങള്‍ ചെയ്ത് ദത്തുപുത്രനെപ്പോലെ തറവാട്ടില്‍ ചേര്‍ത്തിട്ടുള്ള പദങ്ങള്‍ക്കാണ് തദ്ഭവം എന്നു പേര്‍. യാതൊരു ഭേദവും ചെയ്യാതെ യാഥാസ്ഥിതികരീതിയില്‍ത്തന്നെ നിത്യനായ ഒരു അതിഥിയെപ്പോലെ സ്വഭാഷയില്‍ പെരുമാറുന്ന ഭാഷാന്തരപദമാണ് തത്‌സമം. ഇങ്ങനെ രണ്ടുവകയിലുള്ള ബാഹ്യപദങ്ങളും ഉപയോഗാര്‍ഹങ്ങളാകുന്നു.''**രാജരാജവര്‍മ്മയുടെ ഈ വ്യവച്ഛേദനം ലളിതവും സൂക്ഷ്മവുമാണെന്നു കരുതാം.
* ബാലകൃഷ്ണന്‍, ബി.സി., മലയാള മഹാനിഘണ്ടു, വാല്യം ഢക, കേരള സര്‍വകലാശാലാ പ്രസിദ്ധീകരണം 1988, പുറം - 80, 81.
** രാജരാജവര്‍മ്മ, ഏ.ആര്‍., സാഹിത്യസാഹ്യം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1989, പുറം - 87.

 

Login log record inserted successfully!