•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രാക്ഷസപ്രവീണന്‍ അന്നു വീട്ടിലെത്തിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. രാത്രി തന്റെ കറുത്ത കരിമ്പടം കൊണ്ടു ഭൂമിയെ മൂടി. വന്‍വൃക്ഷങ്ങളില്‍ മുട്ടിത്തട്ടിയുലഞ്ഞ് ഒരു കാറ്റുവീശി. വലിയ രാക്ഷസന്‍, അതായത്, പ്രവീണന്റെ അച്ഛന്‍ കറുപ്പച്ചന്‍ വീട്ടിലുണ്ടായിരുന്നു. അമ്മ കാമാച്ചിയമ്മ രാക്ഷസിയും സ്ഥലത്തുണ്ടായിരുന്നു.
''മണ്ടകുണ്ടന്മാരൊക്കെ എന്തിയേടീ കാമാച്ചീ.''
മണ്ടന്‍ രാക്ഷസനും കുണ്ടന്‍ രാക്ഷസനും പ്രവീണന്റെ ഇളയവരാണ്. പിന്നെയൊരനിയത്തികൂടിയുണ്ടവര്‍ക്ക്, സ്വര്‍ണവല്ലി രാക്ഷസി.
ഒരു കറുത്ത സുന്ദരി. ഭയങ്കര സത്വം. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും, അല്ലല്ല, അവള്‍ ചിരിച്ചാല്‍ പല്ലുമുഴുവന്‍ പുറത്തു ചാടും.''
''എടീ കാമാച്ചിയേ.''
''എന്തരേനു?''
''എടീ മണ്ടകുണ്ടന്മാരൊക്കെ എന്തിയേന്ന്. നിനക്കു ചെവി കേട്ടൂടേടീ. എപ്പം എന്തു ചോദിച്ചാലും എന്തരേനു കുന്തരേ...'' കറുപ്പച്ചന്‍മൂത്തതിനു ദേഷ്യം വന്നു.
''അവമ്മാരു ദേ അപ്രത്തു കിടന്നുറങ്ങുന്നു.''
''ആരാ അമ്മാച്ചീ,'' പ്രവീണന്‍രാക്ഷസന്‍ അങ്ങോട്ടു കടന്നുചെന്നു. അവന്‍ നല്ല സന്തോഷത്തിലാണ്. നീ രാവിലെ എണീറ്റു നായാട്ടിനുപോയതല്ലേടാ ശെര്‍ക്കാ. എന്നിട്ടിപ്പഴാണാ എഴുന്നള്ളുന്നെ.''
''അമ്മാച്ചീ ഞാമ്പറയട്ടെ. ഞാനൊരു സുന്ദരിയെക്കണ്ടു. സുഗന്ധി രാജകുമാരിയെ.''
''എന്നിട്ട്... എവിടെവച്ച്...'' കാമാച്ചി രാക്ഷസി ചോദിച്ചു.
''പുഷ്പവനം കാട്ടില്‍വച്ച്. അവിടെ അവളും നായാട്ടിനു വന്നതാരുന്നു.''
''എന്തരേനു...''
''കുന്തം. കൊടച്ചക്രം.
''നീ പറേഡാ പ്രവീണാ അവളെ നെനക്കു പിടിച്ചോ.''
''ഒവ്വ.''
''പിന്നെന്തെരേനു.'' കാമാച്ചി രാക്ഷസി ചോദിച്ചു.
''ഞാന്‍ എന്റെ രാക്ഷസരൂപം വെടിഞ്ഞാണവളെ കണ്ടത്.'' രാക്ഷസപ്രവീണന്‍ പറഞ്ഞു.
''അതു നന്നായി ശെര്‍ക്കാ.''
''അമ്മാച്ചീ കാമാച്ചീ ഞാനവളെ പ്രണയിച്ചുപോയി.''
പ്രവീണന്‍ സ്വപ്നലോകത്തിലാണ്. അവന്റെ പരുക്കന്‍ മനസ്സു നിറയെ രാജകുമാരിയോടുള്ള പ്രേമമാണ്. അവളുടെ ചാമ്പക്കാച്ചുണ്ടുകള്‍... തളിരുപോലുള്ള ആ മേനിയഴക്...
''നിനക്കവളെ രാശാവു കെട്ടിച്ചു തരുമോടാ പ്രവീണാ.''
''കെട്ടിച്ചു തന്നില്ലെങ്കില്‍ ഞാനവളെ കട്ടോണ്ടു പോരും. എനിക്കത്രയ്ക്കിഷ്ടമാണവളെ. മാന്തളിരേ.. മലര്‍ക്കൊടിയേ... എന്‍ രാശാത്തീ.'' പ്രവീണന്‍ ഉണര്‍ന്നിരുന്നു കിനാവുകാണുകയാണ്.
''ശെര്‍ക്കാ, ഒരാട്ടിന്‍കുട്ടിയെ പുഴുങ്ങിവെച്ചിട്ടുണ്ട് നീ ചെന്നതിനെ തിന്ന്. വെശപ്പുമാറട്ടെ. നായാട്ടിനു പോയപ്പം നീ വല്ലതും കഴിച്ചാരുന്നോടാ കുട്ടപ്പാ.''
''ഞാനാ പെണ്ണിനെ തിന്നു, ജമന്തിയെ. നല്ല രുചിയായിരുന്നു. സുഗന്ധിരാജകുമാരിയുടെ തോഴിയായിരുന്നു അവള്‍.''
''എന്റെ ശെര്‍ക്കാ...'' കാമാച്ചി രാക്ഷസി മൂക്കത്തു വിരല്‍വച്ചുപോയി. വിശന്നിട്ട് അവനൊരു പെണ്ണിനെ തിന്നുപോലും. അതും അവന്‍ പ്രണയിക്കുന്ന രാജകുമാരിയുടെ തോഴിയെ.
എവിടെ പ്രവീണന്‍? കാമാച്ചി രാക്ഷസി എണീറ്റു ചെന്നു നോക്കി. വലിയ പാത്രത്തില്‍ വേവിച്ചു വച്ചിരിക്കുന്ന ആട്ടിന്‍കുട്ടിയെ തിന്നുകയാണു പ്രവീണന്‍.
''എടാ ശെര്‍ക്കാ, ആ ഒറങ്ങുന്ന മണ്ടകുണ്ടന്‍മാര്‍ക്കൂടെ കൊറച്ചു കൊടുക്കണം.''
''ആട്ടിന്‍കുട്ടീടെ കാലു വെച്ചേക്കാം അവര്‍ക്ക്.''
''അപ്പനോ?''
''കുറുപ്പച്ചന്‍മൂപ്പനാര്‍ക്കു ഞാനൊരു പന്നിയെ വേവിച്ചു കൊടുത്താരുന്നു.''
''ഓഹോ അപ്പ അമ്മാച്ചിക്കോ. ആ പെണ്ണിനോ, സ്വര്‍ണ്ണവല്ലിക്ക്...'' പ്രവീണന്‍ ചോദിച്ചു.
''നീ രണ്ടു കലമാനെയോ അഞ്ചാറു മുയലുകളെയോ പിടിച്ചോണ്ടു വാ മോനേ. ഞങ്ങള്‍ക്കും വിശക്കുന്നു.''
''ശരിയമ്മാ.'' തീറ്റ നിര്‍ത്തി ഭയങ്കര ശബ്ദത്തില്‍ ഒരേമ്പക്കം വിട്ട് പ്രവീണന്‍ കാട്ടിലേക്കോടി. പെട്ടെന്നുതന്നെ ആറുമുയലുകളുമായി രാക്ഷസപ്രവീണന്‍ വന്നു. കാമാച്ചി രാക്ഷസി ആ കാട്ടുമൃഗങ്ങളെ വേവിച്ചെടുത്തു.
ആവി പറക്കുന്ന മുയലിറച്ചി.
കാമാച്ചിയും സ്വര്‍ണവല്ലിയും അതിന്റെ മുമ്പിലിരുന്നു തീറ്റ തുടങ്ങി.
രാക്ഷസപ്രവീണന്‍ അതു കണ്ടു വെള്ളമിറക്കിക്കൊണ്ടുനിന്നു.


(തുടരും)

 

Login log record inserted successfully!