•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

ദേവാങ്കണം

തിരുവിതാംകൂറുകാരനായി പരിണമിച്ചുവെങ്കിലും പാശ്ചാത്യരീതിയില്‍ത്തന്നെയായിരുന്നു ക്യാപ്റ്റന്‍ ഡിലനായിയുടെയും കുടുംബത്തിന്റെയും ജീവിതം. ബല്‍ജിയത്തില്‍ ജനിച്ചുവളര്‍ന്ന ഡിലനായി തന്റെ നാടിന്റെ പൈതൃകങ്ങളൊന്നും ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല.
വെള്ളാരംകണ്ണുകളും ചെമ്പന്‍മുടിയുമുള്ള ഡിലനായി കാല്‍ശരായിയും കോട്ടും തലപ്പാവും ധരിച്ചിരുന്നു. അരപ്പട്ടയില്‍ വാളും കൈത്തോക്കും അണിഞ്ഞിരുന്നു. ജന്മനാടിനൊത്ത വേഷഭൂഷാദികള്‍തന്നെയാണ് ഭാര്യ മാര്‍ഗരറ്റും മകന്‍ ജോഹന്നാസും തുടര്‍ന്നുപോന്നത്.
മാംസാഹാരികളായിരുന്ന അവര്‍ക്കു പന്നിമാംസവും പശുവിറച്ചിയും പഥ്യം. പാലും മുട്ടയും പച്ചക്കറിയും കഴിച്ചിരുന്നു.  സസ്യാഹാരത്തിന്റെ രുചിമുകുളങ്ങള്‍ അവരുടെ നാവില്‍ വിരിയിച്ചുകൊടുക്കുന്നത് നീലകണ്ഠന്റെ ഭാര്യ ഭാര്‍ഗവിയായിരുന്നു.
മരുതുകുളങ്ങര ദുര്‍ഗാക്ഷേത്രത്തിലെ തിരുവിഴാദിനത്തിനും പൊങ്കലിനും ദീപാവലിക്കുമൊക്കെ ഡിലനായിയും കുടുംബവും മരുതുകുളങ്ങരത്തറവാട്ടില്‍ അതിഥികളായി എത്തും.
അതിഥിസല്‍ക്കാരപ്രിയരായിരുന്ന ഭാര്‍ഗവിയും നീലകണ്ഠനും തങ്ങളുടെ അന്തസ്സിനൊത്തവണ്ണം അവരെ സ്വീകരിക്കുകയും വിശേഷരീതിയിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുണ്ടാക്കിക്കൊടുത്ത് അവരെ സന്തോഷിപ്പിക്കുകയും ചെയ്തു.
തേച്ചുമിനുക്കി ക്ലാവു കളഞ്ഞു സ്വര്‍ണനിറം ചേര്‍ത്ത ഓട്ടുതളികയില്‍ പകര്‍ന്ന ചെമ്പാവരിച്ചോറും സാമ്പാറും കാളനും തൊടുകറികളും പപ്പടം, പഴം, പായസം തുടങ്ങിയ വിഭവങ്ങളും ചേര്‍ന്നുള്ള ഭക്ഷണം ഏറെ പ്രിയപ്പെട്ടവതായിരുന്നു അവര്‍ക്ക്.
മാര്‍ഗരറ്റിനായിരുന്നു ഭാര്‍ഗവിയുടെ കൈപ്പുണ്യത്തോട് ഏറ്റവും വലിയ ആദരം. ഉദരത്തിനും മനസ്സിനും  വല്ലാത്തൊരു സുഖം പകരുന്നുണ്ട് ഭാര്‍ഗവി പാകം ചെയ്യുന്ന ഭക്ഷണത്തിനെന്ന് മാര്‍ഗരറ്റ് പറയും. അതൊരു വെറും പറച്ചില്‍ മാത്രമായിരുന്നില്ല. സത്യംതന്നെയായിരുന്നു.
വ്യക്തിപരമായും കുടുംബപരമായും നീലകണ്ഠന്റെയും ഡിലനായിയുടെയും സൗഹൃദം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ഹൃദയപരമായി ഇഴയടുപ്പമുള്ള ഒരു സൗഹൃദമായിരുന്നത്. അവര്‍ പങ്കുവയ്ക്കാത്ത രഹസ്യങ്ങളില്ല.
ക്യാപ്റ്റന്‍ ഡിലനായിക്ക് ആരാധന നടത്താനും പ്രാര്‍ത്ഥിക്കാനുംവേണ്ടി പണിയുന്ന മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദൈവാലയത്തിന്റെ പണി പൂര്‍ത്തിയായിരുന്നു. മഹാരാജാവിനു തിരുവിതാംകൂറിന്റെ വലിയ കപ്പിത്താനോടുള്ള ആദരവിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ദൈവാലയം.
ദൈവാലയത്തില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ വരുന്ന വൈദികനു നൂറു പണം വീതം പ്രതിഫലം നല്കാന്‍ മഹാരാജാവ് കല്പിച്ചുത്തരവായി.
അത്രമേല്‍ മതസൗഹൗര്‍ദം നിലനിന്നിരുന്നു അക്കാലത്ത് തിരുവിതാംകൂറില്‍. പ്രജാക്ഷേമതത്പരനായിരുന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്. നാമമാത്രമായി ക്രിസ്ത്യാനികളും വിരലിലെണ്ണാവുന്ന മുസ്ലീം കുടുംബങ്ങളുമായിരുന്നു അന്നു തിരുവിതാംകൂറില്‍ പാര്‍ത്തിരുന്നത്. ബഹുഭൂരിപക്ഷവും ഹിന്ദുക്കള്‍.
ഒരു മതവിഭാഗക്കാരും തിരുവിതാംകൂറില്‍ ഹനിക്കപ്പെടില്ല. എല്ലാവരും സോദരത്വേന വാഴുന്ന നാടായിരുന്നു തിരുവിതാംകൂര്‍.
അങ്ങനെയിരിക്കെയാണ് നായ്ക്കന്‍പടയുടെ ഒരാക്രമണത്തിനു സാധ്യതയുണ്ടെന്നുള്ള  രഹസ്യവിവരം കൊട്ടാരത്തിലെത്തിയത്. അതറിഞ്ഞ നിമിഷം തന്നെ കൊട്ടാരത്തില്‍നിന്ന് ഉദയഗിരിയിലേക്കു ഡിലനായിക്കുള്ള ദൂതുപോയി.
ഉടനെതന്നെ ഡിലനായി കൊട്ടാരത്തിലെത്തി. ഒപ്പം നീലകണ്ഠനുമുണ്ടായിരുന്നു. നീലകണ്ഠന്റെ സാന്നിധ്യത്തില്‍ യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മഹാരാജാവിനു വൈമുഖ്യമൊന്നുമുണ്ടായിരുന്നില്ല.
മഹാരാജാവില്‍നിന്നു കാര്യങ്ങള്‍ മനസ്സിലാക്കിയ ഡിലനായി പറഞ്ഞു:
''മഹാരാജന്‍, താങ്കള്‍ ആകുലപ്പെടേണ്ടതായ ഒരു സംഗതിയുമില്ല. നമ്മുടെ സൈന്യം സുസജ്ജമാണ്, ആള്‍ബലംകൊണ്ടും ആയുധക്കരുത്തുകൊണ്ടും. നായ്ക്കന്‍പടയുടെ ഏഴു സമുദ്രങ്ങളും ഒരുമിച്ചിളകിവന്നാലും നാം അവരെ തടഞ്ഞുനിറുത്തും പരാജയപ്പെടുത്തുകയും ചെയ്യും. ഇതു സത്യം. താങ്കള്‍ സമാധാനമായി ഇരുന്നാലും.''
ഡിലനായിയുടെ ആത്മവിശ്വാസം ജ്വലിക്കുന്ന വാക്കുകള്‍ കുറച്ചൊന്നുമല്ല മഹാരാജാവിന് ആശ്വാസമായത്. തിരുവിതാംകൂറിന് ഇനിയൊരു പരാജയം ഹിതകരമല്ല. വിജയങ്ങളല്ലാതെ ഒന്നും തിരുവിതാംകൂര്‍ ആഗ്രഹിക്കുന്നില്ല.
മടക്കത്തില്‍ നീലകണ്ഠന്‍ ഡിലനായിയോടു ചോദിച്ചു:
''ഇനിയും ഒരു യുദ്ധം. എന്തിന്? ആര്‍ക്കുവേണ്ടി.'' ഡിലനായി ചിരിച്ചു. എന്നിട്ടു പറഞ്ഞു:
''ഇതു രാജനീതിയാണ്. സ്വന്തം രാജ്യത്തിന്റെ അതിരുകളും തന്റെ പ്രജകളെയും സംരക്ഷിക്കേണ്ടത് രാജാവിന്റെ കര്‍ത്തവ്യം. നീലകണ്ഠനറിയാമോ ഒരു രാജാവ് സ്വപ്നം കാണുന്നതു തന്റെ രാജ്യത്തിന്റെ അതിരുകള്‍ വികസിച്ചു ലോകത്തിന്റെ അതിരുകളോളം എത്തുന്നതാണ്.''
''എന്നിട്ടോ...?''
''അതിനൊരുത്തരമില്ല. ധീരനായ ഒരു യോദ്ധാവിന്റെ സ്വപ്നങ്ങളില്‍ യുദ്ധം മാത്രമാണുള്ളത്. പടക്കളങ്ങളും പടനീക്കങ്ങളും വിജയങ്ങളും മാത്രമേ അയാള്‍ക്കു സ്വപ്നം കാണാന്‍ കഴിയൂ.
നീലകണ്ഠന്‍ സന്ദേഹത്തോടെ, നേരിയൊരദ്ഭുതത്തോടെ ഡിലനായിയെ നോക്കി. ഡിലനായിയുടെ കണ്ണുകളപ്പോള്‍ പത്മനാഭപുരത്തിന്റെ ആകാശത്തില്‍ ചിറകനക്കാതെ പറക്കുന്ന ഒരു കഴുകനിലായിരുന്നു. അല്പനേരം കഴിഞ്ഞ് ഡിലനായി പറഞ്ഞു:
''ഒരു കര്‍ഷകന്‍ സമൃദ്ധമായ  വിളവെടുപ്പുകാലം സ്വപ്നം കാണുന്നതുപോലെയാണത്. ഒരു കര്‍ഷകനും ശുഷ്‌കമായ കൊയ്ത്തുകാലം സ്വപ്നം കാണാന്‍ ആഗ്രഹിക്കുകയില്ല.'' ഡിലനായി തുടര്‍ന്നു: ''ഇതിനൊരു മറുവശംകൂടിയുണ്ട്, നീലകണ്ഠന്‍. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ കേട്ടിട്ടുണ്ടോ? മാസിഡോണിയയിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ മകന്‍ അലക്‌സാണ്ടര്‍.''
നീലകണ്ഠന്‍ അതിനു മറുപടി പറഞ്ഞില്ല. ഡിലനായി തുടര്‍ന്നു:
''ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഊരിപ്പിടിച്ച വാളുമായി യൂസിഫലസ് എന്ന തന്റെ കുതിരപ്പുറത്ത് നാല്പത്തിരണ്ടായിരം പടയാളികള്‍ക്കൊപ്പം ലോകം കീഴടക്കാനിറങ്ങിയ മാസിഡോണിയായിലെ രാജകുമാരന്‍.''
രാമനെയും കൃഷ്ണനെയും ശ്രീശങ്കരനെയുമൊക്കെ പഠിച്ച നീലകണ്ഠന്‍ അലക്‌സാണ്ടറെ പഠിച്ചില്ല. മാസിഡോണിയയുടെ അതിര്‍ത്തി കടന്ന് പേര്‍ഷ്യ കീഴടക്കി, മെഡിറ്ററേനിയന്‍ തീരംവഴി ടയറും കോമ്പയും കടന്ന് ഈജിപ്തിലെത്തി. മഹാവിജയങ്ങളുടെ ഒരു പടയോട്ടമായിരുന്നത്. ഈജിപ്തുകാര്‍ സീയൂസ് ദേവന്റെ പുത്രനെന്ന് അലക്‌സാണ്ടറെ പുകഴ്ത്തി. ഈജിപ്തില്‍ അലക്‌സാണ്ട്രിയ സ്ഥാപിച്ച അകല്‌സാണ്ടര്‍ അസീറിയായും ബാബിലോണും കീഴടക്കി സ്പാര്‍ട്ട, ത്രേസ്, അനടോമിയ, സിറിയ, ഫിനീഷ്യ, ഗാസ എന്നീ രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലുമെത്തി. കാറി മൈതാനത്തുവച്ചു നടന്ന യുദ്ധത്തില്‍ പോറസിനെ തോല്പിച്ചു. പക്ഷേ, പോറസിനു രാജ്യവും അധികാരവും തിരിച്ചുകൊടുത്തു മഹാനായ അലക്‌സാണ്ടര്‍. അതു മറ്റൊരു കഥ.
''പക്ഷേ, അതിനുമുമ്പ് അലക്‌സാണ്ടര്‍ പറഞ്ഞു, എന്റെ മരണശേഷം മൃതശരീരം അടക്കം ചെയ്യാനായി കൊണ്ടുപോകുമ്പോള്‍ എന്റെ കരങ്ങള്‍ ശവപ്പെട്ടിയുടെ പുറത്തേക്കിടണം. അങ്ങനെ എനിക്കു ലോകത്തോടു പറയണം ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന്, ഒന്നും.''
'എന്നിട്ടോ' എന്ന  ചോദ്യമുന്നയിച്ച നീലകണ്ഠനോട് അതിനൊരുത്തരമില്ല എന്നു പറഞ്ഞെങ്കിലും     ഒരുത്തരം പറയുകയായിരുന്നു അലക്‌സാണ്ടറുടെ കഥയിലൂടെ.
''എല്ലാ യുദ്ധങ്ങളും അപകടകരങ്ങളും അനാശാസ്യങ്ങളുമാണ്. പക്ഷേ, ചിലപ്പോഴത് അനിവാര്യമായി വരികയും ചെയ്യും.''
ലോകനീതിയുടെ ചെമ്പോലച്ചുരുളുകള്‍ നീലകണ്ഠനുമുമ്പില്‍ നിവര്‍ത്തപ്പെടുകയാണ്. അതു സാവധാനം വായിച്ചെടുക്കാന്‍ നീലകണ്ഠനു കഴിയുന്നുണ്ട്. പിന്നെ കുറെ ദിവസങ്ങള്‍ നീലകണ്ഠന്‍ അലക്‌സാണ്ടറുടെ ചരിത്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു.
മധുരനായ്ക്കന്‍പടയുടെ  ആഗമനം പ്രതീക്ഷിച്ച് ഡിലനായിയുടെ പട്ടാളം തിരുവിതാംകൂറിന്റെ അതിര്‍ത്തികളില്‍ തമ്പടിച്ചു. വാളും പരിചയുമേന്തിയ പടയാളികള്‍. ഉന്നംതെറ്റാതെ ശരംപായിക്കുന്ന വില്ലാളികള്‍. വെടിക്കോപ്പുകള്‍ പ്രയോഗിക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍. രാപകല്‍ കണ്ണിമയ്ക്കാതെ തിരുവിതാംകൂര്‍ പട അതിര്‍ത്തികളില്‍ ജാഗ്രതയോടെ നിന്നു. ദിവസങ്ങള്‍... ആഴ്ചകള്‍... മധുരനായ്ക്കന്‍പടയുടെ കാറ്റുപോലും തിരുവിതാംകൂറിന്റെ മണ്ണിലേക്കെത്തിയില്ല.
ക്യാപ്റ്റന്‍ ഡിലനായി തന്റെ സൈന്യത്തെ പടയാളിത്താവളത്തിലേക്കു തിരിച്ചുവിളിച്ചു. എങ്കിലും തിരുവിതാംകൂറിന്റെ അതിര്‍ത്തികളില്‍ നിരീക്ഷകര്‍ കൂടാരങ്ങളടിച്ചിരുന്നു. ഏതു നിമിഷവും നായ്ക്കന്‍പടയുടെ ആക്രമണം ഉണ്ടായിക്കൂടെന്നില്ല.
രണ്ടാഴ്ചകള്‍ക്കുശേഷമാണ് ക്യാപ്റ്റന്‍ ഡിലനായി നീലകണ്ഠനെ കാണുന്നത്. അതിര്‍ത്തിയിലെ പടയൊരുക്കം അവസാനിപ്പിച്ചു വന്ന ദിവസങ്ങളിലായിരുന്നത്.
നീലകണ്ഠന്‍ ആകെ മുഷിഞ്ഞുപോയിരുന്നു. ആ മുഖത്ത് സദാ തിളങ്ങിനിന്നിരുന്ന മന്ദഹാസം വറ്റിപ്പോയിരുന്നു. കണ്ണുകളിലെ പ്രതീക്ഷാനിര്‍ഭരമായ തിളക്കം മങ്ങിപ്പോയിരുന്നു.
''പ്രിയമിത്രമേ, താങ്കള്‍ക്ക് എന്താണു സംഭവിച്ചത്...?'' ഡിലനായി ചോദിച്ചു. ''താങ്കള്‍ ആളാകെ മാറിപ്പോയിരിക്കുന്നു. ഏതോ കൊടിയ വ്യാധി താങ്കളെ ബാധിച്ചിരിക്കുന്നതുപോലെ. സംസാരംപോലും ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കുന്നു. എന്താണു സംഭവിച്ചത്? എന്താണെങ്കിലും പറയൂ.''
തനിക്ക് എന്താണു സംഭവിച്ചതെന്നു നീലകണ്ഠന്‍ ആലോചിച്ചു നോക്കി. ആളുകളെക്കൊണ്ട് ഇങ്ങനെ ചോദിപ്പിക്കാന്‍ തക്കവണ്ണം തന്റെ രൂപംപോലും മാറിപ്പോയോ... തന്റെ ഹൃദയത്തിന്റെ നിയന്ത്രണങ്ങളുടെ കടിഞ്ഞാണ്‍ തനിക്കു കൈമോശം വന്നുവോ?
നിനച്ചിരിക്കാതെയാണു മരുതുകുളങ്ങരത്തറവാട്ടില്‍ അശുഭകരങ്ങളായ ചിലതൊക്കെ സംഭവിച്ചത്. കാരണവരുടെ ദീനം സുഖപ്പെട്ടിരുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയായിരുന്നു കാരണവരുടെ യാത്ര. ചികിത്സാവിധികളും ശുശ്രൂഷകളും നേരാംവണ്ണം പാലിക്കപ്പെടുന്നുണ്ടെങ്കിലും ഇനി എത്രകാലം എന്ന് ഏവര്‍ക്കും സന്ദേഹമുണ്ടായിരുന്നു.
അതിനിടയിലാണ് തറവാട്ടില്‍ രണ്ടുമൂന്നുപേര്‍ക്കുകൂടി ദീനം പിടിപെട്ടത്. ഒപ്പം തറവാട്ടിലെ എല്ലാക്കാര്യങ്ങള്‍ക്കും സഹായി ആയിരുന്ന കുമരനും രോഗബാധിതനായി.
തറവാട് ശാപഗ്രസ്തമാകുന്നതുപോലെ എല്ലാവര്‍ക്കും തോന്നി. അസുഖങ്ങള്‍ വന്നു ഭവിക്കാനുള്ള കാരണങ്ങളൊന്നും ആര്‍ക്കും വ്യക്തമല്ല. തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളില്‍നിന്നും എത്തിയ വൈദ്യശ്രേഷ്ഠന്മാര്‍ക്ക് എന്താണു രോഗമെന്നു ഗണിക്കാനും കഴിഞ്ഞില്ല. എങ്കിലും ഭിഷഗ്വരവിധികള്‍ക്കൊത്തവണ്ണം ചികിത്സകള്‍ നിറവേറ്റുന്നതില്‍ ലോഭമൊന്നും വരുത്തിയതുമില്ല.
തുടരെത്തുടരെയായിരുന്നു ദുരന്തങ്ങള്‍. ദേശത്താകെ വളര്‍ത്തുമൃഗങ്ങള്‍ക്കു നടപ്പുദീനം പിടിപെട്ടു. മരുതുകുളങ്ങരത്തറവാട്ടിലെ തൊഴുത്തില്‍ ഉരുക്കളോരോന്നും പിടഞ്ഞുവീണു ചത്തു. വയലുകളില്‍ വിളവു മോശമായി. മോശമായി എന്നല്ല പതിരു മാത്രമാണു ലഭിച്ചത്.
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും നീലകണ്ഠനു മനസ്സിലായില്ല. ദുരന്തങ്ങളുടെ ഒരു കാര്‍മേഘനിഴല്‍ തറവാടിനു മുകളില്‍ വിരിഞ്ഞുകിടക്കുന്നു. ദുരന്തങ്ങള്‍ ഓരോന്നോരോന്നായി വരികയാണ്, ഇടതടവില്ലാതെ.
നീലകണ്ഠനാണെങ്കില്‍ ഒന്നിനും സമയം തികയുന്നില്ല. കോട്ടകളുടെ ജോലികള്‍ തീര്‍ന്നിട്ടില്ല. നീലകണ്ഠസ്വാമിക്ഷേത്രകാര്യങ്ങള്‍ക്ക് ഒരു വിഘാതവും വന്നുകൂടാ. അതൊക്കെ മുറതെറ്റാതെ നടക്കുന്നുണ്ട്. പക്ഷേ, നീലകണ്ഠസ്വാമിയും കടാക്ഷിക്കുന്നില്ല.
ഭാര്‍ഗവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ദീനം പിടിപെട്ടു കിടക്കുന്നവര്‍ നാലഞ്ചുപേര്‍. അവരെ കാര്യമായിത്തന്നെ പരിചരിക്കണം. ഊണും ഉറക്കവുമുപേക്ഷിച്ച് കാവലിരിക്കണം. ഇതിനിടയില്‍ വീട്ടുകാര്യങ്ങള്‍. വേലക്കാരുണ്ടെങ്കിലും എല്ലായിടത്തും തന്റെ നോട്ടമെത്തണമെന്നു ഭാര്‍ഗവിക്കു നിര്‍ബന്ധം.
''ദേവീകോപം. അല്ലാതൊന്നുമല്ല.'' അസുഖം ബാധിച്ചു കിടക്കുന്ന കാരണവര്‍ ഒരു ദിവസം പറഞ്ഞു.
തിരുവിതാംകൂറിന്റെ വിവിധപ്രദേശങ്ങളില്‍നിന്നു പ്രശസ്തരായ ജ്യോതിഷികളെ കണ്ടെത്തി. ഗ്രഹനില നോക്കി. മനനംകൊണ്ടും മൗനംകൊണ്ടും കാരണങ്ങള്‍ ചികഞ്ഞു.
''ദേവീകോപംതന്നെ. കാളീദേവി മുഖം തിരിച്ചു നില്ക്കുന്നു. പ്രതിവിധി വേണം.''
അതിനും ലോഭം വരുത്തിയില്ല. പുനഃപ്രതിഷ്ഠ നടത്തി. വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍. ഏറെ ദ്രവ്യങ്ങളും ചെലവായി.
പക്ഷേ, അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ആപത്തുകളും നാശനഷ്ടങ്ങളും തുടരുകയാണ്.
സംഭവിച്ചതൊക്കെയും ഡിലനായിയോടു പറഞ്ഞുകഴിഞ്ഞപ്പോള്‍ ഹൃദയത്തിന്റെ ഭാരം കുറഞ്ഞതുപോലെ നീലകണ്ഠനു തോന്നി.
''താങ്കളോടു സംസാരിക്കുമ്പോള്‍ എനിക്ക് ഇത്തിരി സമാധാനം കിട്ടുന്നുണ്ട്.'' നീലകണ്ഠന്‍ പറഞ്ഞു.
''അതു നല്ലതുതന്നെ.'' ഡിലനായി പറഞ്ഞു.
അന്നു രാത്രി പാര്‍ക്കാന്‍ ഡിലനായി നീലകണ്ഠനെ തന്റെ മാളികയിലേക്കു കൂട്ടി.


(തുടരും)

 

Login log record inserted successfully!