•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

മിശിഹായെ പ്രഘോഷിക്കാനും സഭയെ സേവിക്കാനും

മെയ്  1 ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍
പുറ 3:1-12   എസെ 34:20-26
എഫേ 4:7-16   യോഹ 21:15-19

മിശിഹായുടെ അജപാലനദൗത്യം നിര്‍വഹിക്കുന്നവര്‍ മിശിഹായെ അനുകരിക്കുന്നവരും എല്ലാ വിധത്തിലും അവിടുത്തെ സ്‌നേഹിക്കുന്നവരും അവിടുന്നു നല്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളോടു സഹകരിക്കുന്നവരുമാകണം.

യിര്‍പ്പുകാലം മൂന്നാം ഞായറാഴ്ചയിലെ ദൈവവചനം ഉത്ഥിതനായ മിശിഹാ പത്രോസിനെ ഭരമേല്പിക്കുന്ന ഇടയദൗത്യത്തിലേക്കാണു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇപ്രകാരം ഒരു ദൗത്യമേല്പിക്കലിന്റെ വിവരണമാണ് ഒന്നാം വായനയില്‍ നാം ശ്രവിക്കുന്നത് (പുറ. 3:1-12). മോശ തന്റെ അമ്മായിയപ്പനായ ജത്രോയുടെ ആടുകളെ മേയിച്ചുകൊണ്ടു ഹോറെബിലെത്തിയപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ടു തന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്പിക്കുന്നു. കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നെങ്കിലും ചാമ്പലാകാതിരുന്ന ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയിലാണു ദൈവം പ്രത്യക്ഷപ്പെടുന്നത്. മുള്‍പ്പടര്‍പ്പില്‍നിന്നു കര്‍ത്താവിന്റെ ''വചന''മാണു വെളിപ്പെടുത്തല്‍ നടത്തുന്നത്. ആ ''വചന''മാണു പ്രവാചകന്മാരിലൂടെ സംസാരിച്ചതും പിന്നീട് മാംസം ധരിച്ചു മനുഷ്യനായി പിറന്നതും. കത്തുന്നുണ്ടെങ്കിലും എരിഞ്ഞുചാമ്പലാകാത്ത മുള്‍പ്പടര്‍പ്പില്‍ ദൈവം മോശയ്ക്കു പ്രത്യക്ഷപ്പെട്ടതിനെ, ദൈവത്വം നഷ്ടപ്പെടുത്താതെ ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്തതിന്റെ പ്രതിരൂപമായി സഭാപിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നുണ്ട്.
ഇസ്രായേലിന്റെ ഇടയന്മാര്‍ കര്‍ത്താവിന്റെ ഹിതം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കര്‍ത്താവ് ഇടപെടുന്നതും ഇടയദൗത്യം ഏറ്റെടുക്കുന്നതും അവിടത്തെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ഇടയനെ നിയോഗിക്കുന്നതുമാണ് എസെക്കിയേലിന്റെ പുസ്തകം 34-ാം അധ്യായം പ്രതിപാദിക്കുന്നത്. ഇസ്രായേല്‍ വിപ്രവാസികളായത്, നേതാക്കള്‍ വേണ്ടവിധം അവരെ നയിക്കാത്തതിനാലാണ്. അതിനാല്‍, അവരുടെ നേതാക്കന്മാരെ പ്രവാചകന്‍ ശാസിക്കുന്നു. കര്‍ത്താവ് ദുര്‍ബലരുടെ ന്യായാധിപനും സംരക്ഷകനുമാണ്. ശക്തിയുള്ളതും ശക്തിയില്ലാത്തതുമായ ആട്ടിന്‍കൂട്ടമായി ഇസ്രായേലിനെ പ്രവാചകന്‍ ചിത്രീകരിക്കുന്നു. കര്‍ത്താവ് ബലഹീനരുടെ സംരക്ഷണം ഏറ്റെടുക്കുകയും പുതിയ ഇടയനെ നല്കുമെന്ന വാഗ്ദാനം കൊടുക്കുകയും ചെയ്യുന്നു. 'ഞാന്‍ ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെ നിയമിക്കും' എന്ന കര്‍ത്താവിന്റെ വചനം പ്രത്യക്ഷത്തില്‍ ദാവീദിനെക്കുറിച്ചാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതു ദാവീദുവംശത്തില്‍ നിന്നു വരാനിരിക്കുന്ന രാജാവായ മിശിഹായിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
വിശ്വാസികള്‍ക്കുള്ള ഇടയധര്‍മത്തെക്കുറിച്ചാണ് പൗലോസ് ശ്ലീഹാ സൂചിപ്പിക്കുന്നത്. വിവിധ ദാനങ്ങളും വരങ്ങളും സഭയില്‍ പ്രദാനം ചെയ്തുകൊണ്ടാണ് ആത്മാവ് സഭയെ നിരന്തരം നവീകരിക്കുകയും പടുത്തുയര്‍ത്തുകയും ചെയ്യുന്നത്. മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും സഭയുടെ നന്മയ്ക്കുവേണ്ടിയാകണം വരദാനങ്ങള്‍ ഉപയോഗിക്കുന്നത്. കൃപാവരങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും നമുക്കു ലഭിച്ച വരദാനങ്ങള്‍ ഉപയോഗിച്ച് മിശിഹായുടെ ശരീരം പടുത്തുയര്‍ത്തണം. അതിനു നാമെല്ലാവരും സ്‌നേഹത്തില്‍ വളരുകയും മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്നു ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
അവന്‍ ഉന്നതത്തിലേക്ക് ആരോഹണം ചെയ്തപ്പോള്‍ ബന്ധനത്തെ ബന്ധിതമാക്കി എന്ന സങ്കീര്‍ത്തകവചസ്സുകള്‍ (സങ്കീ. 68:18) പൗലോസ് ശ്ലീഹ ഉദ്ധരിക്കുന്നു. ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ക്കാര്‍ ജറുസലേമിലെ സീയോന്‍ മലയിലേക്ക് ആനയിക്കപ്പെടുന്നതിനെക്കുറിച്ചാണു സങ്കീര്‍ത്തകന്‍ സൂചിപ്പിക്കുന്നതെങ്കില്‍ ഈശോയുടെ സ്വര്‍ഗാരോഹണവുമായി ബന്ധിപ്പിച്ചാണ് ശ്ലീഹാ സങ്കീര്‍ത്തകവചസ്സുകള്‍ ഇവിടെ സൂചിപ്പിക്കുന്നത്. കാരണം, സ്വര്‍ഗാരോഹണത്തെത്തുടര്‍ന്നുള്ള പന്തക്കുസ്താവേളയിലാണല്ലോ ഉത്ഥിതനായ മിശിഹാ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ശിഷ്യര്‍ക്കുമേല്‍ ചൊരിയുന്നത്. സഭയിലെ വിവിധ ശുശ്രൂഷകരും അജപാലകരും ജനങ്ങളെ വിശുദ്ധീകരിച്ചും സഭയില്‍ ഐക്യം നിലനിറുത്തിയുമാണു തങ്ങളുടെ ഇടയധര്‍മം നിര്‍വഹിക്കേണ്ടത്. മിശിഹായുടെ അജപാലനദൗത്യം നിര്‍വഹിക്കുന്നവര്‍ മിശിഹായെ അനുകരിക്കുന്നവരും എല്ലാ വിധത്തിലും അവിടുത്തെ സ്‌നേഹിക്കുന്നവരും അവിടുന്ന് നല്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളോടു സഹകരിക്കുന്നവരുമാകണം.  
നല്ലിടയനായ മിശിഹാ സ്വജീവന്‍ നല്കി വീണ്ടെടുത്ത സഭയുടെ ഇടയധര്‍മം പത്രോസ് ശ്ലീഹായെ ഭരമേല്പിക്കുന്ന വചനഭാഗമാണു സുവിശേഷപാഠം. ആടുകളുടെ ഇടയനായി ലോകത്തിലേക്കുവന്ന മിശിഹായുടെ പാത പിഞ്ചെല്ലാനാണ് പത്രോസ് ശ്ലീഹായോട് ഈശോ ആവശ്യപ്പെടുന്നത്. മിശിഹായുടെ ദൗത്യം ഏറ്റെടുക്കുന്നതിനു മിശിഹാ ചോദിക്കുന്ന ഏകചോദ്യം 'എല്ലാറ്റിനുമുപരിയായി / എല്ലാവരെയുംകാള്‍ തന്നെ സ്‌നേഹിക്കുന്നുവോ' എന്നതാണ്. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്‌നേഹിക്കുക എന്ന കാര്യമാണ് ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തപ്പോള്‍ നല്കിയ കല്പനയിലുള്ളത് (നിയമ. 6:5). മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനോട് (യോഹ. 13:38; യോഹ. 18:15-25) 'ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ' എന്നു മൂന്നു പ്രാവശ്യം മിശിഹാ ചോദിക്കുമ്പോള്‍ മൂന്നു പ്രാവശ്യവും അവിടത്തോടുള്ള സ്‌നേഹം പത്രോസ് ഏറ്റുപറയുന്നു. 'കര്‍ത്താവേ, നീ എല്ലാം അറിയുന്നു; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ മനസ്സിലാക്കുന്നു' എന്നാണു ശിഷ്യപ്രമുഖന്‍ മറുപടി പറയുന്നത്. ആ സ്‌നേഹത്തിന്റെ പ്രതിഫലനമാണു  തുടര്‍ന്നു പത്രോസിന്റെ ജീവിതത്തില്‍ നാം കാണുന്നത്. ശിഷ്യരില്‍ പ്രധാനിയായ പത്രോസ് ഉത്ഥിതനായ ഈശോയെ പൂര്‍ണമായി അനുഗമിക്കുകയും പന്തക്കുസ്താ അനുഭവത്തിനുശേഷം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാല്‍ നിറഞ്ഞ് അവിടത്തെ സധൈര്യം സകല ജനതകളോടും പ്രഘോഷിക്കുകയും ചെയ്തു. ദൈവരാജ്യത്തിന്റെ താക്കോലുകള്‍ കര്‍ത്താവില്‍നിന്നു സ്വീകരിച്ച പത്രോസ് കുരിശുമരണത്തിലൂടെ തന്റെ ഗുരുനാഥനെ മഹത്ത്വപ്പെടുത്തുന്നു.
തന്റെ അജഗണത്തെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം ശ്ലീഹന്മാരുടെ തലവനായ പത്രോസിനെ ഏല്പിക്കുമ്പോള്‍ അവിടന്നാഗ്രഹിച്ചത് താന്‍ സ്‌നേഹിച്ചതുപോലെ പരസ്പരം സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹത്തിന്റെ ഗൃഹപാഠങ്ങള്‍ ചെയ്ത ശ്ലീഹാ, മിശിഹായുടെ സഭയെ പടുത്തുയര്‍ത്തുകയും സധൈര്യം നയിക്കുകയും ചെയ്തു. പത്രോസിന്റെ മാതൃക പിഞ്ചെന്ന് ഉത്ഥിതനായ മിശിഹായെ പ്രഘോഷിക്കാനും സഭയെ സേവിക്കാനും സഹോദരങ്ങളെ സ്‌നേഹിക്കാനും നമുക്കു ശ്രമിക്കാം. സഭ അഭിമുഖീകരിക്കുന്ന ആന്തരികവും ബാഹ്യവുമായ ഭീഷണികളെ പ്രാര്‍ത്ഥനയിലൂടെയും കൂട്ടായ്മയിലൂടെയും നമുക്കു തോല്പിക്കാം. സഭയെ കാര്‍ന്നുതിന്നുന്ന തിന്മകളുടെ വൈറസുകള്‍ക്കെതിരേ പത്രോസിന്റെ ഇടയമനോഭാവത്തോടെ സഭാമക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവയെ പരാജയപ്പെടുത്തുകയും ചെയ്യണം. പിശാചിന്റെ സകല കെണികളില്‍നിന്നും സഭയെ കാത്തുകൊള്ളണമെന്നാണ് പത്രോസിന്റെ തിരുനാള്‍ദിനത്തിലെ ഓനീസാ ദ് റാസേയില്‍ നാം പ്രാര്‍ത്ഥിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഭ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു.

 

Login log record inserted successfully!