•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

സഹറാവീയം

വായന

ഫ്രിക്കയിലെ മുസ്‌ലിം തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലെഴുതിയ പൊനോന്‍ ഗോംബെ എന്ന നോവലിനുശേഷം ജൂനൈദ് അബൂബക്കര്‍ എഴുതിയ നോവലാണ് സഹറാവീയം. അഭയാര്‍ഥികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണീ നോവല്‍. ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ അഭയാര്‍ത്ഥികളാക്കുന്ന, രാജ്യത്തിന്റെ അതിരുകളില്‍നിന്നുമാത്രമല്ല സമൂഹമനസ്സാക്ഷിയുടെ അതിരുകളില്‍നിന്നുകൂടി അവരെ ആട്ടിപ്പായിക്കുന്ന അധികാരരാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് നോവല്‍ പറഞ്ഞുപോകുന്നത്. ജനവിരുദ്ധഭരണകൂടങ്ങളുടെ അഭയാര്‍ത്ഥികളോടുള്ള മനോഭാവം തുറന്നുകാണിക്കുന്ന, ഇങ്ങനെയൊരു സമൂഹം ലോകത്തിലുണ്ടെന്നത് പുറംലോകത്തുനിന്നു മറച്ചുവയ്ക്കുകയാണെന്ന് ലോകത്തോടു വിളിച്ചു പറയുന്ന നോവല്‍. ഒരു ജനസമൂഹത്തിനു മുന്നില്‍ കെട്ടിപ്പൊക്കിയ യഥാര്‍ത്ഥ മതിലുകളുടെ രാഷ്ട്രീയം പറയുന്ന മലയാളഭൂമികയില്ലാത്ത, മലയാളിയുടെ കഥ പറയാത്ത ഒരു മലയാളനോവല്‍.
ജെസീക്ക ഒമറെന്ന മാധ്യമപ്രവര്‍ത്തകയിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ലണ്ടനിലെ ഒരു പ്രാദേശികചാനലിലെ, മാധ്യമപ്രവര്‍ത്തനത്തില്‍ പരിചയമോ ബിരുദമോ ഇല്ലാത്ത ജീവനക്കാരിയാണ് ജെസീക്ക. ജീവിതസാഹചര്യംകൊണ്ട് മാധ്യമപ്രവര്‍ത്തികയായിത്തീര്‍ന്ന ജെസീക്ക ഒരു ദിവസം ചാനലില്‍ വെച്ച് മൊറോക്കന്‍ രാജ്യം, 2700 കിലോമീറ്ററിലധികം നീളമുള്ള, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിലായ ബേം എന്ന മതിലുകെട്ടി മരുഭൂമിയിലേക്ക് പുറന്തള്ളിയ പടിഞ്ഞാറന്‍ സഹാറയുടെ യഥാര്‍ത്ഥ അവകാശികളായ സഹാറാവികളുടെ പ്രതിനിധിയായ ആബിദിനെ കണ്ടുമുട്ടുന്നതും അയാളുടെ കൈവശമുണ്ടായിരുന്ന സഹറാവികളെക്കുറിച്ചുള്ള ഫാക്ട്‌സ് എന്ന  ഹ്രസ്വചിത്രം കാണുന്നതോടുംകൂടിയാണ് ജെസീക്ക ഒമറിലൂടെ സംഭവബഹുലമായ നോവല്‍  ആരംഭിക്കുന്നത്.
 അഫ്ഗാനിസ്ഥാനിലെ കലാപഭൂമിയില്‍നിന്ന് ഒമ്പതാമത്തെ വയസ്സില്‍ ഓടിരക്ഷപ്പെടേണ്ടിവന്ന അര്‍മേനി യന്‍ വംശിജയാണ് ജെസീക്ക. പല രാജ്യങ്ങളിലായി പല പേരുകളില്‍ അവള്‍  അഭയാര്‍ത്ഥിയായി കഴിഞ്ഞു.
സഹറാവികളുടെ അടുത്തെത്താന്‍ അള്‍ജീരിയയിലൂടെ എളുപ്പവഴിയുണ്ടായിരുന്നിട്ടും മൊറോക്കയിലൂടെത്തന്നെ അവിടെയെത്താനുള്ള ജെസീക്കയുടെ സാഹസികയാത്ര നമ്മെ അദ്ഭുതപ്പെടുത്തും. പലയിടങ്ങളില്‍വച്ച് പലരാല്‍ അവള്‍ ആക്രമിക്കപ്പെടുന്നു. പ്രത്യേകിച്ച് രഹസ്യപ്പോലീസിന്റെ വേട്ടയാടല്‍. ഒടുവില്‍ അവരുടെ ഇരുണ്ട ജയിലറയ്ക്കുള്ളില്‍നിന്ന് അതിസാഹസികമായ രക്ഷപ്പെടലും തുടര്‍ന്ന് മൊറോക്കന്‍ അധികാരികളുടെ കൈയില്‍പ്പെടാതെ 'ബേം' മതില്‍ മുറിച്ചുകടക്കാന്‍ കടലിലും മരുഭൂമിയിലുംകൂടി നടത്തുന്ന ഉദ്വേഗജനകമായ യാത്രകളും നെഞ്ചിടിപ്പോടെ മാത്രമേ വായിക്കാനാവൂ. ജെസീക്ക ശത്രുക്കളുടെ കൈകളില്‍ അകപ്പെടരുതേ എന്ന് വായനക്കാര്‍പോലും ചിലപ്പോള്‍ പ്രാര്‍ത്ഥിച്ചുപോവും.
അയല്‍രാജ്യമായ അള്‍ജീരിയ നല്‍ക്കുന്ന  ചെറിയ സഹായത്തോടെ ജീവിതം നിലനിര്‍ത്തിപ്പോരുന്ന തിന്‍തൗഫിലെ സഹറാവി ക്യാമ്പുകളില്‍ ജെസീക്ക എത്തുമ്പോള്‍ വായനയുടെ ലോകം മാറുന്നു.  നാളെ സ്വന്തം രാജ്യം തിരിച്ചുപിടിക്കാനാവുമെന്ന സ്വപ്‌നത്തിലാണ് ഓരോ സഹറാവിയും ജീവിക്കുന്നത്. സഹറാവീയം അഭയാര്‍ത്ഥിവേദനകളുടെ ഏറ്റവും ഇരുണ്ട ലോകം നമുക്കു കാണിച്ചുതരുന്നു.  പുറംലോകത്തു ചര്‍ച്ചയാവാത്ത, അല്ലെങ്കില്‍ പുറംലോകം കാണാനാഗ്രഹിക്കാത്ത ഒരു ദൈന്യലോകമാണിത്. വിശപ്പും ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്തവന്റെ ആകുലതകളും അന്താരാഷ്ട്രസമൂഹത്തിന്റെ കഴിവുകെട്ട നീതിയും ആഫ്രിക്കന്‍, യൂറോപ്യന്‍ കൂട്ടായ്മകളുടെ പൊള്ളത്തരവും നോവലില്‍ ഉറക്കെപ്പറയുന്നുണ്ട്. അഭയാര്‍ത്ഥിയാകാന്‍ വിധിക്കപ്പെട്ടവന്റെ മാനസികസംഘര്‍ഷങ്ങളെന്തെന്നു മനസ്സിലാക്കാനും  നിസ്സഹായനായ അവന്റെ ചിന്തകളിലൂടെ സഞ്ചരിക്കാനും വായനക്കാര്‍ക്ക് അവസരമുണ്ടാകുന്നു.
സഞ്ചരിക്കുന്ന വഴികള്‍, പ്രദേശം, രാജ്യം അവിടുത്തെ സംസ്‌കാരം, ഭാഷ, ഭക്ഷണ-വസ്ത്രധാരണരീതികള്‍ ആചാര-അനാചാരങ്ങള്‍, കാഴ്ചപ്പാടുകള്‍ വിനിമയങ്ങള്‍ എല്ലാംതന്നെ കൃത്യമായി മനസ്സിലാക്കി വിവരിച്ചിട്ടുണ്ട് എന്നതാണ് ഈ നോവലിന്റെ പ്രത്യേകത.  മൊറോക്കയുടെ സാമ്പത്തികതലസ്ഥാനമായ കാസാബ്ലാങ്കയും സാംസ്‌കാരികനഗരമായ മാറക്കേഷും അതില്‍ എടുത്തു പറയാം. ഇതുവരെ നാം മനസ്സിലാക്കാതിരുന്ന, അറിയപ്പെടാത്ത ലോകമായിക്കഴിഞ്ഞിരുന്ന മൊറോക്കോയെയും സഹറാവികളെയും അടുത്തറിയാന്‍ സഹായിക്കുന്ന നല്ലൊരു നോവലാണ് സഹറാവീയം.

 

 

Login log record inserted successfully!