•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

അന്നാമ്മച്ചി കണ്ട നക്ഷത്രം

കഥ

തോക്കേന്തി നില്‍ക്കുന്ന രണ്ടു പട്ടാളക്കാര്‍. ഗര്‍ജിച്ചുകൊണ്ട് നിലകൊള്ളുന്ന രണ്ടു സിംഹങ്ങള്‍. ഈ ഭിത്തിയില്‍ കൊത്തിവച്ച രൂപങ്ങള്‍ വല്ലാത്തൊരു സംരക്ഷണകവചത്തിന്റെ ബോധമുണര്‍ത്തുന്നു. പള്ളിയുടെ കവാടത്തിലെ ഈ ശില്പങ്ങള്‍ക്ക് എന്തൊക്കെയോ ഐതിഹ്യങ്ങളുണ്ടെന്നു പറഞ്ഞു കേട്ടി
ട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ ദേവാലയത്തില്‍ കയറി കതകടച്ച വിശ്വാസികള്‍ക്കുവേണ്ടി കാവല്‍ക്കാരെപ്പോലെ നിറുത്തിയ മാതാവിന്റെ ചരിത്രം, പറഞ്ഞും പറയപ്പെടാതെയും ആ ഭിത്തികളില്‍ തങ്ങിനില്ക്കുന്നു.
അന്നാമ്മച്ചി പള്ളിനടകള്‍ കയറാന്‍ നന്നേ കഷ്ടപ്പെട്ടു. വാതത്തിന്റെ ഓര്‍മപ്പെടുത്തല്‍ ഇത്തവണ കുറച്ചു കഠിനമാണ്. ശാരദയുടെ വീട്ടില്‍ പണിക്കു നില്‍ക്കുമ്പോഴാണ് ഈ അതിഥിയുടെ വരവ്. ഇപ്പോള്‍ കുടിതാമസമാക്കിക്കഴിഞ്ഞു. ഔസേപ്പു മുതലാളിയുടെ മാര്‍ബിള്‍ തറ തുടച്ചു വൃത്തിയാക്കുമ്പോഴേക്കും എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം തളര്‍ന്നിരിക്കും. എന്റെ മാതാവേ, ഞാനെത്രകാലമായി പറയുന്നു ഇതൊന്നു മാറ്റിത്തരാന്‍, ഹാ... എല്ലാം നിന്റെ മോനറിയാല്ലോ...
പള്ളിമുറ്റത്തൂടെ ഓടിനടക്കുന്ന ഒരു കൊച്ചു കുഞ്ഞിനെക്കണ്ടപ്പോള്‍ അന്നാമ്മച്ചിയുടെ കണ്ണുകളില്‍ അറിയാതെ അശ്രുക്കള്‍ പടര്‍ന്നു. റോസിക്കൂട്ടീ... പണ്ടീ പള്ളിമുറ്റത്ത് ടോമിച്ചന്റെകൂടെ അവളെയാക്കി നിറുത്താന്‍ കഷ്ടപ്പെട്ട ദിവസങ്ങള്‍. മഹാകുസൃതിയായിരുന്നു. അവളെ കണ്ടിട്ട് എത്ര കാലമായി? ഇല്ല, അവളെയിനി കാണുമെന്ന പ്രതീക്ഷയില്ല. പുതുക്രിസ്ത്യാനികളാ എന്ന പേരില്‍ എത്ര കാലമായിങ്ങനെ സ്വന്തം മകളെ കാണാതിരിക്കുക. അവള്‍ക്കും കാണണമെന്നില്ലായിരിക്കും അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിനു ജീവിക്കാന്‍ ഇക്കാലത്തൊക്കെ ആരിരുന്നിട്ടാ. വല്യ ക്രിസ്ത്യാനികളെയൊക്കെ കിട്ടിയപ്പോ സ്വന്തം വീട്ടുകാര് കുറച്ചിലായി തോന്നിക്കാണും കല്യാണം നടന്നതെങ്ങനാന്ന് നമുക്കല്ലേ അറിയൂ.
ചിന്തകള്‍ കാടുകയറിപ്പോകുന്നു. ഓരോന്നോര്‍ത്താല്‍ ഇങ്ങനെ സങ്കടം വരും. ഓര്‍മകളുടെ സുഖമുള്ള പൂക്കളൊക്കെ വാടിക്കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു.
അന്നാമ്മച്ചി സെമിത്തേരിയില്‍ ടോമിച്ചനെ അടക്കം ചെയ്ത സ്ഥലത്തു വന്നുനിന്ന് എന്തൊക്കെയോ അടക്കം പറഞ്ഞു. ടോമിച്ചനെ അടക്കിയിടത്തൊക്കെ പുതിയ കല്ലറ വന്നിരിക്കുന്നു.
അന്നാമ്മച്ചി കുര്‍ബാനയും കഴിഞ്ഞ് വികാരിയച്ചന്റെയടുത്തെത്തി. ഈ വിഷമങ്ങളൊക്കെ ആര്‍ക്കാ അറിയാത്തത്. അച്ചനു നന്നായിട്ടറിയാം. വന്ന കാര്യം നേരേ ബോധിപ്പിച്ചേക്കാം.
''അച്ചോ... വീടു മുഴുവന്‍ ചോര്‍ച്ചയാ. ഓടു മാറിത്തരുവാര്‍ന്നേല്. അച്ചന് എന്തെങ്കിലും.''
അതൊക്കെ യൂത്തിനെ പറഞ്ഞേല്‍പ്പിച്ചേക്കാമെന്ന് അച്ചനുറപ്പു തന്നു. ഹാ... ഒരു ദിവസമെങ്കിലും ഒരു മഴയത്ത് നനയാതെ കിടക്കണം. ഒറ്റയ്ക്കു താമസിക്കുന്നതിന്റെ ബുദ്ധിമുട്ടൊന്നുമിപ്പോഴില്ല. ഒരിക്കല്‍ രാത്രിയിലൊറ്റയ്ക്ക് ആകാശത്തു നോക്കുമ്പോള്‍ ഒറ്റയ്ക്കു മിന്നുന്ന ഒരു നക്ഷത്രം കാണാം. ആ താരകത്തെയും നോക്കി അന്നമ്മച്ചി ആ രാത്രി മുഴുവനിരുന്നു. ഇടിയും മഴയും അന്നാമ്മച്ചിക്ക് വല്ലാത്ത ഭയമായിരുന്നു. പള്ളിനടകളിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ ഒരുപാടു പ്രതീക്ഷകളുണ്ടായിരുന്നു. റോസിക്കുട്ടിയെ വീണ്ടും കാണുമെന്ന്. പിന്നീട് പല രാത്രികളിലും നോക്കിയിരുന്നിട്ടും കാണാതെപോയ ആ ഒറ്റ നക്ഷത്രത്തെ ഇന്നും വീണ്ടും കാണാനാകുമെന്ന്.
കരിയിലകള്‍ നിരന്ന കുഞ്ഞുവഴിയിലൂടെ അന്നാ
മ്മച്ചി തന്റെ വീട് ലക്ഷ്യമാക്കി നടന്നു. പൊട്ടിച്ചിതറിയ റബ്ബര്‍ക്കായ്കളും ഉണങ്ങിയ മരക്കൊമ്പും ലഹരി പിടിച്ച കാറ്റില്‍ നിലംപതിക്കുന്ന ശബ്ദം അലോസരപ്പെടുത്തി. ഒരു കറുത്ത പൂച്ച മോങ്ങിക്കൊണ്ടു വരുന്നതു കണ്ടു. അടുത്ത വീട്ടിലെ ഉണക്കമീനിന്റെ മണം പിടിച്ചുപോയതാണ്.
അന്നാമ്മച്ചി വീടിനടുത്തെത്തിയപ്പോള്‍ അവിടെ ചെറിയൊരാള്‍ക്കൂട്ടം. എന്താണു സംഭവം? ഏതോ ചില ഉദ്യോഗസ്ഥരൊക്കെ നില്‍പ്പുണ്ട്. അന്നാമ്മച്ചി ധൃതിയില്‍ നടന്നു. വീടിനു സമീപം ഒരു കല്ലുവച്ചിരിക്കുന്നതു കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'കെ റെയില്‍.'
കറുത്ത പൂച്ച വീണ്ടും മോങ്ങിക്കൊണ്ട് ആ വഴിപോയി. മത്തുപിടിച്ച കാറ്റ് ഒരു കിളിക്കൂട് ഇളക്കി നിലത്തെത്തിച്ചു. ആ കൂടിനൊപ്പം പൊട്ടിച്ചിതറിയ മുട്ടകളെ നോക്കി കരിയിലകള്‍ ഊറിച്ചിരിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)