മന്ദരരാജ്യത്തിലെ രാജകൊട്ടാരം.
പ്രഭാതം. വെയില്‍ച്ചീളുകള്‍ വീണ് രാജകൊട്ടാരത്തിലെ പുറംചുമരുകള്‍ തിളങ്ങി. രാജസേവകര്‍ കുന്തവും കൈയിലേന്തി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു ഇളംകാറ്റു വീശുന്നുണ്ട്. കാറ്റിനു പുഷ്പങ്ങളുടെ മണം. രാവിലെതന്നെ കൊട്ടാരമുറ്റത്ത് ഒരു പല്ലക്ക് ജോലിക്കാര്‍ കൊണ്ടുവന്നു വച്ചു. വര്‍ണ്ണക്കടലാസുകൊണ്ടും പട്ടുതുണികള്‍ക്കൊണ്ടും അലങ്കരിച്ച സുന്ദരമായൊരു പല്ലക്ക്. വലിയ ഒരാള്‍ക്കു സുഖമായി അതിലിരിക്കാം. ഒരു പട്ടുതുണികൊണ്ട് തേരിന്റെ പ്രവേശനകവാടം മൂടിയിരിക്കുന്നു.
''സമയമായി.'' ഒരു സേവകന്‍ വന്നറിയിച്ചു.
അതാ, സര്‍വാഭരണവിഭൂഷിതയായി സുഗന്ധിരാജകുമാരി എഴുന്നള്ളുന്നു. കൂടെ തോഴിമാര്‍ ചെമ്പകവും ചാരുലതയുമുണ്ട്. ബാക്കി മൂന്നു തോഴിമാര്‍ തേരിന്റെ ചുറ്റും വന്നു നിന്നു. ജമന്തി, പിച്ചകം, ചെമ്പരത്തി. ഈ പൂവിന്റെ പേരുകള്‍ രാജകുമാരിയുടെ പല്ലക്കിന്റെ ചുറ്റും നില്‍ക്കുന്ന തോഴികളുടെ പേരുകളാണ്. രാജകുമാരിയുടെ വിശ്വസ്തരും അംഗരക്ഷകരുമായ തോഴികള്‍. സുഗന്ധി രാജകുമാരി പല്ലക്കിനുള്ളില്‍ കയറിയിരുന്നു. കൂടെ രണ്ടു തോഴിമാര്‍, ചെമ്പകവും ചാരുലതയും കയറി. പല്ലക്കുചുമക്കാന്‍ നാലുപേര്‍ വന്നുനിന്നു. മെയ്‌വര്‍ണന്‍, കൈക്കരുത്തന്‍. സിംഹഗര്‍ജന്‍, സൗമ്യശീലന്‍. രാജാവും രാജ്ഞിയും എഴുന്നള്ളേണ്ട താമസം പല്ലക്ക് ഉയരും. അതാ, സത്യധര്‍മമഹാരാജാവും സീമന്തിനിരാജ്ഞിയും എഴുന്നള്ളുന്നു.
''തേരു പൊങ്ങട്ടെ.'' രാജാവു കല്പിച്ചു.
സേവകര്‍ നാലുപേരുംകൂടി പല്ലക്ക് ഉയര്‍ത്തി.
''ഐലസാ...''
''ഐലസാ...''
''സൂര്യനസ്തമിക്കുന്നതിനുമുമ്പ് കൊട്ടാരത്തില്‍ തിരിച്ചെത്തണം.''
''ശരി തിരുമനസ്സേ.''
''ഉം, പൊയ്‌ക്കൊള്ളൂ.''
പല്ലക്കും സേവകരും തോഴിമാരും മുന്നോട്ടു നടന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ പുഷ്പവനം കാണാറായി.
''മന്ദരരാജ്യത്തിലെ സത്യധര്‍മന്‍ തിരുമനസ്സിന്റെയും സീമന്തിനിരാജ്ഞിയുടെയും ഏകമകള്‍ സുഗന്ധിരാജകുമാരി പുഷ്പവനത്തിലേക്കു നായാട്ടിനിറങ്ങിയിരിക്കുന്നു. വഴി തടസ്സപ്പെടുത്താതെ എല്ലാവരും മാറി നില്‍ക്കുക... ഇതു രാജകല്പനയാണ്. കല്പന ലംഘിക്കുന്നവര്‍ക്കു തക്കതായ ശിക്ഷകിട്ടും.... ഡും... ഡും... ഡും...''
ഒരു സേവകന്‍ പെരുമ്പറ കൊട്ടി അറിയിച്ചു.
''ഓഹോയ്...''
''ഓഹോയ്... പല്ലക്കു ചുമക്കുന്നവര്‍ താളാത്മകമായി ഉരുവിടുന്ന ശബ്ദമാണത്.
പല്ലക്കു കാടിന്റെ കവാടത്തിലേക്കു പ്രവേശിച്ചു.
''ഈ മൈതാനംപോലെ കാണുന്ന സ്ഥലത്ത് നമുക്കു പല്ലക്കു നിര്‍ത്താം. എന്നിട്ടല്പം വിശ്രമിച്ചിട്ടാകാം പിന്നത്തെ യാത്ര. എന്താ...'' മെയ്‌വര്‍ണനാണതു പറഞ്ഞത്. രാജകുമാരിയും തോഴിമാരും സമ്മതിച്ചു.
''ഞങ്ങള്‍ക്കു സമ്മതം സേവകരേ.''
''ഓ... എങ്കില്‍പ്പിന്നൊന്നും ചിന്തിക്കാനില്ല. പല്ലക്കു താഴ്ത്തൂ... ഹൊ വിയര്‍ത്തു വിഷമിച്ചു. മൂന്നുപേരെയാ നമ്മള്‍ ചുമന്നിരുന്നത്.'' മെയ്‌വര്‍ണന്‍ പറഞ്ഞു. അതുകേട്ടു ചെമ്പകവും ചാരുലതയും ചിരിച്ചു.
സുഗന്ധി രാജകുമാരിയും ചിരിച്ചുപോയി.
കാറ്റു താളമടിച്ചു. വന്‍വൃക്ഷങ്ങളിലെ ഇലകള്‍ ഇളകിത്തുള്ളി.
****
നല്ല മനുഷ്യമണം. രാക്ഷസപ്രവീണന്‍ മൂക്കുവിടര്‍ത്തി ആസ്വദിച്ചു. കാട്ടിലൂടെ ഉലാത്തുകയായിരുന്നു ഭീകരരാക്ഷസന്‍ പ്രവീണന്‍. ആ നടത്തയ്ക്കിടയില്‍ വല്ല മുയലോ കലമാനോ കണ്ണില്‍പ്പെട്ടാല്‍ പിടിച്ചു തിന്നാം.
പക്ഷേ, ഈ മണം... ഹായ് അല്പം മനുഷ്യമാംസം ഭക്ഷിച്ചിട്ടെത്ര കാലമായി! പ്രവീണന്‍ ദുഃഖിച്ചു. തന്റെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമൊന്നും മനുഷ്യമാംസത്തിനു വലിയ താത്പര്യമില്ലതാനും. പക്ഷേ, ആ മണം. മനുഷ്യമണം... അതു തന്നെ ഹരം പിടിപ്പിക്കുന്നു. ആരായിരിക്കും ഈ വഴി വരുന്നത്?''
അയാള്‍ കാട്ടുവഴിയില്‍ കാത്തുനിന്നു.
അതാ, മൂന്നാലുപേരുകൂടി ഒരു പല്ലക്കു ചുമന്നുകൊണ്ടുവരുന്നു.
''വഴി മാറെടാ.'' സിംഹഗര്‍ജന്‍ ഒച്ചവച്ചു:
''ഞമ്മളെ എടാ പോടാന്നൊന്നും വിളിക്കല്ലേ മല്ലന്മാരേ.'' രാക്ഷസപ്രവീണന്‍ തന്റെ ബീഭത്സരൂപം കാട്ടി അവരെ ഭയപ്പെടുത്തി.
''ഇതെന്തൊരു ഭീകരരൂപം... തീര്‍ച്ചയായും ഇവന്‍ മനുഷ്യനല്ല കൂട്ടരേ...'' സിംഹഗര്‍ജന്‍ പറഞ്ഞു.
''പിന്നെ...?''
''നിങ്ങള്‍ നോക്കൂ. നിങ്ങള്‍ക്കും മുഖത്തു കണ്ണില്ലേ. സിംഹഗര്‍ജന്‍ ചോദിച്ചു. മെയ്‌വര്‍ണനും കൈക്കരുത്തനും സൗമ്യശീലനും വഴിതടഞ്ഞു നില്‍ക്കുന്ന രൂപത്തെ നോക്കി. അവര്‍ ഞെട്ടിപ്പോയി.
''ഒരു ഭീകരരാക്ഷസന്‍...'' സുഗന്ധി രാജകുമാരിയുടെ ഒരു തോഴി അലറിവിളിച്ചു.
(തുടരും)