ദേശനാമങ്ങള്‍ക്ക് ഭാഷാപഠനത്തില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്. ഒരു ജനതയുടെ പ്രകൃതിജ്ഞാനവും സൗന്ദര്യബോധവും നാട്ടുപേരുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നാടിന്റെ ഭൂപ്രകൃതി അറിയാന്‍ ദേശസംജ്ഞകളെ പ്രയോജനപ്പെടുത്താം. ആരാധനാലയങ്ങള്‍, നദികള്‍, വൃക്ഷങ്ങള്‍ മുതലായവ പേരിടലില്‍ നിയാമകമായി വര്‍ത്തിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാമകരണത്തിനു കാരണമാകാം. ചില വ്യക്തിസംജ്ഞകളെയും ദേശനാമങ്ങളോടു ബന്ധപ്പെടുത്താറുണ്ട്. പേരിടലിനു പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയായാലും സ്ഥലസംജ്ഞകളില്‍ പല ഭാഷാരഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.
കോട്ടയം ജില്ലയിലുള്ള ഒരു താലൂക്കിന്റെ പേരാണ് മീനച്ചില്‍. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. മീനച്ചില്‍ എന്ന ദേശത്തിന് ഒരു കാലത്ത് പാണ്ഡ്യദേശവുമായി ചരിത്രപരമായ ബന്ധമുണ്ടായിരുന്നു. തന്മൂലം മധുരമീനാക്ഷിയുമായി മീനച്ചില്‍ എന്ന വാക്കിന് ബന്ധമുള്ളതായി ചിലര്‍ അഭ്യൂഹിച്ചിട്ടുണ്ട്. പക്ഷേ, മീനച്ച(ച്ചി)ല്‍ എന്ന ദേശനാമത്തെ മീനാക്ഷിയില്‍ നിന്നു നിഷ്പാദിപ്പിക്കാനാവുമോ? ഭാഷാശാസ്ത്രയുക്തി ഈ മതത്തെ നിരാകരിക്കുന്നു!
മീനാക്ഷി ശബ്ദപരിണാമംവഴി മീനാക്കിയോ മീനാച്ചിയോ ആകാം. എന്നാല്‍ മീനാക്ഷി, മീനച്ചില്‍ (ക്ഷി ണ്ണച്ചില്‍) ആവുകയില്ല. ഇക്കാര്യത്തെക്കുറിച്ച് പണ്ഡിതന്മാര്‍ മൗനം അവലംബിക്കുന്നു. അങ്ങനെയെങ്കില്‍ സ്വീകാര്യമായ നിരുക്തി അന്വേഷിക്കേണ്ടതുണ്ട്. കോട്ടയത്തിന്റെ വടക്കന്‍ പ്രദേശമാണല്ലോ മീനച്ചില്‍. മീനക്കോണില്‍ (വടക്കുകിഴക്ക്) സ്ഥിതി ചെയ്യുന്ന ഭൂവിഭാഗം എന്ന അര്‍ത്ഥത്തില്‍ മീനത്തില്‍ എന്ന സംജ്ഞ സ്വീകാര്യമാണ്. അ, ഇ, എ, ഐ എന്നീ താലവ്യസ്വരങ്ങള്‍ക്കുശേഷം ത, ന, ത്ത, ന്ന, ന്ത എന്നിവയില്‍ ഒരെണ്ണം വന്നാല്‍ സവര്‍ണ്ണനംകൊണ്ട് ദന്ത്യം താലവ്യമാകും. ദന്ത്യത്തിന് താലവ്യം ആദേശം ചെയ്യുകയാല്‍ താലവ്യാദേശമെന്നും തവര്‍ഗ്ഗങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നതിനാല്‍ തവര്‍ഗ്ഗോപമര്‍ദമെന്നും ഈ പ്രവണതയ്ക്കു കേരളപാണിനി നാമകരണം ചെയ്തിട്ടുണ്ട്. അതായത്, മീനത്തില്‍ എന്ന വാക്ക് താലവ്യാദേശംകൊണ്ട് മീനച്ചില്‍ എന്നാകുന്നു. (മീനത്തില്‍ ണ്ണ മീനച്ചില്‍). മീനാക്ഷിയില്‍നിന്നുതന്നെ മീനച്ചില്‍ എന്ന പദത്തെ നിഷ്പാദിപ്പിക്കണം എന്നുണ്ടെങ്കില്‍ അതിനു വേറേ യുക്തികള്‍ കണ്ടെത്തണം. അതത്ര എളുപ്പമാണോ? പണ്ഡിതന്മാര്‍ ആലോചിക്കട്ടെ!
*ലത വി. നായര്‍, എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍ (സമ്പാദനം) വാല്യം ഒന്ന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 460.