•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

പാടി സ്തുതിക്കുവിന്‍ വരുന്നൂ പാപവിമോചകന്‍

ജിപ്തിലെ അടിമത്തത്തില്‍നിന്നു തങ്ങളെ അദ്ഭുതകരമായി വിമോചിപ്പിച്ച കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് മൂശെയും ഇസ്രായേല്‍ജനവും ആലപിച്ച കൃതജ്ഞതാഗീതമാണ് ഒന്നാമത്തെ വായനയുടെ പ്രതിപാദ്യവിഷയം (പുറ. 15:1-3;11-15;20-21). ഫറവോയുടെ രഥങ്ങളെയും സൈന്യങ്ങളെയും ചെങ്കടലില്‍ ആഴ്ത്തുകയും ഇസ്രായേലിനെ രക്ഷിക്കുകയും ചെയ്ത ശക്തനായ ദൈവത്തെ അവര്‍ പാടിസ്തുതിച്ചു. ഇസ്രായേല്‍ജനം കര്‍ത്താവിനെ സ്തുതിച്ചതിനു സമാനമായാണ് ശിഷ്യഗണവും ആബാലവൃദ്ധജനങ്ങളും ഓശാനഗീതികളാലും ഒലിവുചില്ലകളാലും ഈശോയെ ജറൂസലേമിലേക്ക് എതിരേല്ക്കുന്നത്.
രക്ഷയുടെ ആഗമനത്തെക്കുറിച്ചു സീയോന്‍പുത്രിയോടു പ്രഘോഷിക്കാന്‍ ഏശയ്യാപ്രവാചകന്‍ ആഹ്വാനം ചെയ്യുന്ന ഭാഗമാണ് പഴയനിയമത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണം (ഏശ. 62:10-12; 63:1-4). മെസയാനിക് പ്രതീക്ഷ ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വളരെ ശക്തമായിരുന്നു. ജറുസലേമില്‍ വരാനിരിക്കുന്ന രാജാവിനെ അവര്‍ കാത്തിരിക്കുകയായിരുന്നു. ഇതാ, നിന്റെ രക്ഷ വരുന്നു'(ഏശ. 62:11) എന്നു സീയോന്‍ പുത്രിയോടു ഉദ്‌ഘോഷിച്ച പ്രവാചകവചസ്സുകള്‍ ഈശോയുടെ ജറൂസലേംപ്രവേശനവേളയിലാണു പൂര്‍ത്തിയാകുന്നത്.
ഗലാത്തിയാക്കാരെക്കുറിച്ചുള്ള വ്യഗ്രതയാണ് ലേഖനഭാഗത്തു പൗലോസ് ശ്ലീഹാ പങ്കുവയ്ക്കുന്നത്. യഥാര്‍ത്ഥ വിമോചകനായ ഈശോമിശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഘോഷിച്ചപ്പോള്‍ അവര്‍ അതു സര്‍വാത്മനാ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു (ഗലാ.4:12-20). എന്നാല്‍, മിശിഹാ അവരില്‍ രൂപംകൊള്ളുന്നതുവരെ താന്‍ അവര്‍ക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നുവെന്നു ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
ജറുസലേമിലേക്കുള്ള ഈശോയുടെ രാജകീയപ്രവേശനത്തെക്കുറിച്ചാണ് സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. ദൈവമഹത്ത്വത്തിന്റെ വെളിപാടുമായി ബന്ധപ്പെട്ട ഒലിവുമലയുടെ (സഖ. 14: 1-9) അരികെയുള്ള ബദ്ഫഗെയിലെത്തിയപ്പോഴാണ് (അത്തികളുടെ ഭവനം) തനിക്ക് ജറുസലേമിലേക്കു പ്രവേശിക്കാന്‍വേണ്ടി കഴുതയെ അഴിച്ചുകൊണ്ടുവരാനായി രണ്ടു ശിഷ്യന്മാരെ അടുത്തുള്ള ഗ്രാമത്തിലേക്ക് ഈശോ അയയ്ക്കുന്നത്. അവിടുന്നു നിര്‍ദേശിച്ചതനുസരിച്ച് അവര്‍ കഴുതക്കുട്ടിയെ അവിടുത്തെ പക്കല്‍ കൊണ്ടുവന്നു. ഈ കഴുതയുടെ പുറത്തിരുന്ന് ശിഷ്യന്മാരോടും ജനക്കൂട്ടത്തോടുമൊപ്പം ഈശോ ജറുസലേമിലേക്കു പ്രവേശിക്കുന്നു.
ഭൗതികരാജാക്കന്മാരെപ്പോലെ കുതിരയുടെ പുറത്തല്ല; പ്രത്യുത, കഴുതയുടെ പുറത്തിരുന്നാണ് ഈശോ ജറുസലേമിലേക്കു വരുന്നത്. അതായത്, അക്രമവും അധികാരവും വഴിയല്ല, മറിച്ച് ശാന്തതയും, വിനയവും വഴി ഈശോ മനുഷ്യരെ രക്ഷിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. മാത്രമല്ല, ഒരു പുല്‍ത്തൊട്ടിയില്‍ ജനിച്ച ഈശോ ഒരു കഴുതപ്പുറത്ത് തന്റെ പരസ്യജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇതു വ്യക്തമാക്കുന്നു. അതുകൊണ്ടാണ്, ഈശോ ബത്‌ലഹേമില്‍ ഒരു പുല്‍ത്തൊട്ടികൊണ്ട് ആരംഭിക്കുകയും ജറുസലേമില്‍ ഒരു കഴുതയെക്കൊണ്ട് തന്റെ പരസ്യജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്ന് പൗരസ്ത്യസഭാപിതാവായ വിശുദ്ധ അപ്രേം പറയുന്നത്.
ഈശോയുടെ ജറുസലേം പ്രവേശനത്തെക്കുറിച്ച് സമവീക്ഷണസുവിശേഷങ്ങളില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഈശോ കഴുതപ്പുറത്തുകയറി ഇരുന്നു (റക്കേവ്) എന്നാണ് സുവിശേഷകന്മാരായ മത്തായിയും മര്‍ക്കോസും പറയുന്നത് (മത്താ 21:7, മര്‍ക്കോ 11: 7). ഇരിക്കുക, സവാരിചെയ്യുക എന്നൊക്കെ അര്‍ത്ഥമുള്ള 'റക്കേവ്''എന്ന ക്രിയയാണ് സുറിയാനിബൈബിളില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, ലൂക്കായുടെ വിവരണമനുസരിച്ച്, ഈശോയെ അവര്‍ കഴുതപ്പുറത്തുകയറ്റി ഇരുത്തി (അര്‍ക്കേവ്) എന്നാണ് (ലൂക്കാ 19:35). റക്കേവ് എന്ന ക്രിയയുടെ ആഫേല്‍ രൂപമായ അര്‍ക്കേവ്' എന്ന പദമാണ് വി. ലൂക്കാ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതിനര്‍ത്ഥം ഇരുത്തുക, സവാരിചെയ്യിക്കുക എന്നതാണ്. പഴയനിയമത്തില്‍ സോളമന്‍ രാജാവിന്റെ സ്ഥാനാരോഹണത്തിനുമുമ്പായി അദ്ദേഹത്തെ കഴുതപ്പുറത്ത് ഇരുത്തിക്കൊണ്ടുപോകാന്‍ ദാവീദ് രാജാവ് പുരോഹിതന്‍ സാദോക്കിനോടും പ്രവാചകന്‍ നാഥാനോടും ആവശ്യപ്പെടുന്നു. എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി (അര്‍ക്കേവ്), ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍'(1 രാജ. 1: 33-34) എന്നാണ് ദാവീദ് അവരോടു കല്പിക്കുന്നത്. ഇവിടെയും ഇരുത്തുക, സവാരിചെയ്യിക്കുക എന്നര്‍ത്ഥമുള്ള അര്‍ക്കേവ്'എന്ന ക്രിയതന്നെയാണു നമ്മള്‍ കാണുന്നത്. അതായത്, സോളമനെ രാജാവായി വാഴിച്ചതുപോലെ ഈശോയെയും തങ്ങളുടെ രാജാവായി വാഴിക്കാനും പ്രഖ്യാപിക്കാനും ശിഷ്യന്‍മാരും ഇസ്രായേല്‍ജനങ്ങളും ആഗ്രഹിച്ചുവെന്നര്‍ത്ഥം.
ശിഷ്യന്മാര്‍ തങ്ങളുടെ വസ്ത്രം കഴുതപ്പുറത്തും ജനക്കൂട്ടം തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വഴിയിലും നിരത്തിയാണ് രാജാവായ ഈശോയെ എതിരേല്ക്കുന്നത് (മത്താ. 21:7). ഈ പാരമ്പര്യം രാജാവിന്റെ അഭിഷേകവുമായി ബന്ധപ്പെട്ടതാണ്. ഇസ്രായേലിന്റെ രാജാവായി യേഹു തിരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞ് രാജസേവകന്‍മാര്‍ തങ്ങളുടെ മേലങ്കി പടിയില്‍ വിരിച്ചിട്ട് കാഹളം മുഴക്കി വിളംബരം ചെയ്യുന്നതായി രാജാക്കന്‍മാരുടെ പുസ്തകം രേഖപ്പെടുത്തുന്നു (2 രാജ. 9:13). ഈശോയുടെ ജറുസലേം പ്രവേശനത്തിനായി ശിഷ്യരും ജനങ്ങളും വസ്ത്രം വിരിക്കുന്നത് ദാവീദിന്റെ സിംഹാസനത്തിലേക്കു കര്‍ത്താവ് സ്ഥാനാരോഹണം ചെയ്യുന്നതിന്റെ അടയാളമായിത്തീരുന്നു.
ഈശോയില്‍ രക്ഷകനായ മിശിഹായെ തിരിച്ചറിഞ്ഞതുകൊണ്ടാണ്'ദാവീദിന്റെ പുത്രന് ഓശാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍'(സങ്കീ 118: 26) എന്ന 118-ാം സങ്കീര്‍ത്തനം ജനം ആലപിക്കുന്നത്. സന്തോഷത്താലുള്ള ഈ ആര്‍പ്പുവിളി  ഈശോയെ സ്തുതിക്കാനും പ്രകീര്‍ത്തിക്കാനുമുള്ള ആപ്തവാക്യമായി പരിണമിക്കുന്നു. ഈയര്‍ത്ഥത്തിലാണ് ഈ സങ്കീര്‍ത്തനഭാഗം വിശുദ്ധ കുര്‍ബാനയുടെ ഓശാനഗീതത്തില്‍ നാം കാണുന്നത്.
ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി' (സങ്കീ. 8:2) എന്ന സങ്കീര്‍ത്തനവാക്യം അന്വര്‍ത്ഥമാകുന്ന രീതിയില്‍ ഈശോയുടെ ജറുസലേംപ്രവേശനവേളയില്‍ കുഞ്ഞുങ്ങളും ബാലകരും ഹോസാനകളാല്‍ ആര്‍പ്പുവിളിക്കുന്നു. ദാവീദിന്റെ പുത്രന് ഹോസാന'എന്നു കുട്ടികള്‍ വിളിച്ചുപറഞ്ഞത് പ്രധാന പുരോഹിതര്‍ക്കും നിയമജ്ഞര്‍ക്കും ഇഷ്ടമായില്ല. അവരെ നിശ്ശബ്ദരാക്കാനാണ് യഹൂദപ്രമാണികള്‍ ഈശോയോട് ആവശ്യപ്പെടുന്നത്. സ്വര്‍ഗരാജ്യത്തില്‍ വലിയവനാരാണെന്ന ശിഷ്യന്മാരുടെ തര്‍ക്കത്തിന് ഉത്തരമായി ഈശോ ഒരു ശിശുവിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.'ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു'(മര്‍ക്കോ. 9:33-37) എന്നാണ് കുട്ടിയെ കരങ്ങളില്‍ വഹിച്ചുകൊണ്ട് ഈശോ അവരോടു പറയുന്നത്. ഈശോയുടെ ജനനത്തിലും മരണത്തിനു മുന്നോടിയായുള്ള ജറുസലേംപ്രവേശനത്തിലും കുഞ്ഞുങ്ങളുടെ സാന്നിധ്യം കാണാന്‍ കഴിയും. മിശിഹായുടെ സഹനങ്ങളുടെ കിരീടത്തില്‍ കുട്ടികള്‍ കൂട്ടിപ്പിണയപ്പെട്ടിരിക്കുന്നുവെന്ന വിശുദ്ധ അപ്രേമിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. മിശിഹായെ കണ്ടപ്പോള്‍ ഗര്‍ഭസ്ഥിതനായ യോഹന്നാന്‍ സന്തോഷത്താല്‍ കുതിച്ചുചാടിയതുപോലെ (ലൂക്കാ 1:41) ഈശോയുടെ മരണസമയം അടുത്തപ്പോഴും കുട്ടികള്‍ അവനു സ്തുതിഗീതം ആലപിക്കാനായി കുതിച്ചുചാടുന്നു.
ഈശോ ജറുസലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി (മത്താ. 21:10) എന്ന് മത്തായിയുടെ സുവിശേഷം പ്രസ്താവിക്കുന്നു. ഇളകുക, അസ്വസ്ഥമാകുക എന്നര്‍ത്ഥമുള്ള 'സ്‌വാ' എന്ന സുറിയാനിക്രിയയുടെ എത്ത്‌പെയാല്‍ രൂപമായ എത്ത്‌സിയാസ്' എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണമായി ഭൂമികുലുക്കത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഈശോയുടെ ജനനവേളയില്‍ ജറുസലേം ഇളകിവശായതുപോലെ (മത്താ. 2: 3) മിശിഹാ ജറുസലേമിലേക്കു പ്രവേശിച്ചപ്പോഴും വീണ്ടും അവിടം ഇളകിവശായെന്ന് (മത്താ. 21: 10) മത്തായിസുവിശേഷകന്‍ പ്രസ്താവിക്കുന്നു.
ജറുസലേംനിവാസികള്‍ വസ്ത്രം നിരത്തി നാഥനെ എതിരേറ്റതുപോലെ നമ്മുടെ ജീവിതമാകുന്ന വസ്ത്രം ആരാധനയോടും ആദരവോടുംകൂടെ നിരത്തി, ഹൃദയമാകുന്ന ജറുസലേമിലേക്കു രക്ഷകനായ മിശിഹായെ സ്വീകരിക്കുകയെന്നതാണു നമ്മുടെ കര്‍ത്തവ്യം. നൈമിഷികവും നിര്‍ജീവവുമായ മരച്ചില്ലകള്‍ക്കും വസ്ത്രങ്ങള്‍ക്കുമുപരിയായി സ്പന്ദിക്കുന്ന ജീവിതമാകുന്ന വസ്ത്രങ്ങള്‍തന്നെ അവിടുത്തെ പാദാന്തികത്തില്‍ സമര്‍പ്പിക്കാനാണ് ഓശാന ഞായര്‍ ആഹ്വാനം ചെയ്യുന്നത്.       
ഓശാനഞായര്‍ എന്നതു കഴിഞ്ഞുപോയ ഒരു സംഭവമല്ല. ഇന്നും വിശുദ്ധ കുര്‍ബാനമദ്ധ്യേ വിനയാന്വിതനായി അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ ഈശോ നമ്മുടെ ഇടയിലേക്കും ഹൃദയങ്ങളിലേക്കും എഴുന്നള്ളിവരുന്നു. ഭൗതികസന്തോഷങ്ങളെക്കാള്‍ സ്വര്‍ഗീയസന്തോഷം പ്രദാനംചെയ്യുന്ന രക്ഷകനും നാഥനുമായ മിശിഹായെ ഓശാനപാടി എതിരേല്ക്കണം. സ്തുതിയുടെയും കൃതജ്ഞതയുടെയും കീര്‍ത്തനങ്ങള്‍ ആലപിച്ച് ഹൃദയത്തില്‍ അവിടുത്തെ സ്വീകരിച്ച് ജീവിതത്തില്‍ രാജാവും നാഥനുമായി ഈശോയെ ഏറ്റുപറയുക എന്നതാണ് ആധുനികകാലത്തു ക്രൈസ്തവരായ നമുക്കുള്ള  വിളിയും വെല്ലുവിളിയും.

 

Login log record inserted successfully!