•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

ന്നു ധനുമാസത്തിലെ പൗര്‍ണമി. നല്ല നിലാവുണ്ടാകും.
മന്ദരരാജ്യത്തിനടുത്തുള്ള പുഷ്പവനത്തില്‍ നിലാവു പെയ്തിറങ്ങുന്നതു കാണാന്‍ എന്തു ചേലാണ്. ഇടതൂര്‍ന്ന വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാട് നിലാവത്തു കണ്ണിനമൃതം നല്‍കുന്ന ഒരു കാഴ്ചയാണ്. മഞ്ഞുകാലത്ത് മരങ്ങളില്‍നിന്നു മഞ്ഞു പൊഴിയുന്നതു കേള്‍ക്കാം.
ചെറിയ കുളിരുള്ള ഒരു കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും. ചന്ദനമരങ്ങളെയും മറ്റു സുഗന്ധവാഹികളായ ചെടികളെയും തഴുകിയൊഴുകി വരുന്ന കാറ്റിനു നല്ല സുഗന്ധം.
നാനാതരം വൃക്ഷങ്ങള്‍, വള്ളിച്ചെടികള്‍, കായ്കനികള്‍, ഇടയ്ക്കിടയ്ക്ക് കളകളാരവത്തോടെ ഒഴുകുന്ന പൂഞ്ചോലകള്‍. ആടിപ്പാടി പറന്നുല്ലസിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍, കലമാനുകള്‍, കുരങ്ങുകള്‍, സിംഹം, കരടി, ആന എല്ലാം. മനുഷ്യരെ വന്യമൃഗങ്ങള്‍ക്കു ഭയമാണ്. എങ്കിലും ആന ചിലപ്പോള്‍ പുറത്തിറങ്ങും. വാഹനങ്ങള്‍ തകര്‍ക്കും, മനുഷ്യരെ ഉപദ്രവിക്കും... സിംഹം, പുലി മുതലായ മൃഗങ്ങള്‍ ചിലപ്പോള്‍ ആളുകളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. കുരങ്ങുകള്‍ മഹാവികൃതികളാണ്. മനുഷ്യര്‍ കാടുകാണാന്‍ വരുമ്പോള്‍  കുരങ്ങന്മാര്‍ അവരെ പലവിധത്തില്‍ ഉപദ്രവിക്കാറുണ്ട്. വാഹനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തുക. സാധനങ്ങള്‍ നശിപ്പിക്കുക അങ്ങനെ പല വികൃതികള്‍ വാനരന്മാര്‍ ചെയ്യും. മനുഷ്യരവരെ ഉപദ്രവിക്കുകയും വിരട്ടിയോടിക്കുകയും ചെയ്യും. ചിലര്‍ കുരങ്ങന്മാര്‍ക്കു പഴങ്ങളും ഭക്ഷണസാധനങ്ങളും നല്‍കും. കുട്ടികള്‍ കുരങ്ങന്മാരെ ഗോഷ്ടികള്‍ കാണിക്കും, കുരങ്ങന്മാര്‍ തിരിച്ചും അങ്ങനെതന്നെ ചെയ്യും. ഇതാണു കാട്ടിലെ ചിത്രങ്ങള്‍...
കാണികളുടെ കണ്ണിനിമ്പം നല്‍കുന്ന കാട്.
ഇളംവെയിലും കുളിര്‍ത്തെന്നലും കൂടിക്കുഴഞ്ഞ് സ്വര്‍ഗമാക്കുന്ന കാട്. പുഷ്പവനം എന്ന കൊടുംകാട്. രാജാക്കന്മാരും മന്ത്രിമാരും രാജകുമാരന്മാരും രാജകുമാരിമാരും വിനോദത്തിനായി നായാട്ടിനു പോകും.
ഇത്തവണ പുഷ്പവനത്തിലേക്കു നായാട്ടിനു പോകുന്നത് മന്ദരരാജ്യത്തിലെ സത്യധര്‍മന്‍ മഹാരാജാവിന്റെ പുത്രി സുഗന്ധി രാജകുമാരിയാണ്. കുറെ തോഴിമാരോടും അംഗരക്ഷകരോടുമൊപ്പം നായാട്ടിനു പോകാന്‍ തയ്യാറാവുകയാണു രാജകുമാരി. സത്യധര്‍മമഹാരാജാവിന്റെയും സീമന്തിനി രാജ്ഞിയുടെയും ഏകപുത്രിയാണ് സുഗന്ധി.
സുഗന്ധി സുന്ദരിയാണ്. വെളുത്ത നിറം. നീണ്ടിടംപെട്ട നീലനയനങ്ങള്‍... കവിള്‍ത്തടങ്ങളോ റോസാപ്പൂവിതളുകള്‍പോലെ. പഴുത്ത ചാമ്പക്കാപോലെ ചുവന്ന ചുണ്ടുകള്‍. അവ വിടര്‍ന്നാലോ മുല്ലമൊട്ടുകള്‍പോലുള്ള ദന്തനിരകള്‍ കാണാം. അംഗപ്രത്യംഗം സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആകാരവടിവ്. നീണ്ടിരുണ്ട് ചുരുണ്ട കാര്‍കൂന്തല്‍. അവ കുമാരിയുടെ നിതംബത്തെയും മറച്ചുകിടന്ന് ഓളംവെട്ടി. കുമാരിയുടെ നടത്തയോ അരയന്നപ്പിടപോലെ അടിവച്ചടിവച്ച്...
ആരു കണ്ടാലും രാജകുമാരിയെ മോഹിച്ചുപോകും.  അമൃതേത്തു കഴിഞ്ഞ് ഒന്നു മയങ്ങുകയായിരുന്നു സുഗന്ധി. ഒരു കിളിശബ്ദം കേട്ടവള്‍ ഞെട്ടിയുണര്‍ന്നു.
''രാജകുമാരീ...''
ചെമ്പകമാണ്. സുഗന്ധിയുടെ പ്രധാന തോഴി.
''മയങ്ങിയോ തങ്കക്കുടമേ.''
''ചെറുതായി മയങ്ങിത്തുടങ്ങിയിരുന്നു.'' രാജകുമാരി മൊഴിഞ്ഞു.
''ഈയുള്ളവള്‍ വന്നുണര്‍ത്തിയതു ശല്യമായോ?'' ചെമ്പകം ചോദിച്ചു.
''ഒരിക്കലുമില്ല. നിന്റെ 'തങ്കക്കുടമേ' എന്ന വിളി കേള്‍ക്കാന്‍ എനിക്കെപ്പോഴും കൊതിയാണ്.''
''നാളെ രാവിലെ ഭക്ഷണശേഷം നായാട്ടിനു പുറപ്പെട്ടോളാനാണു രാജകല്പന. കുമാരി തയ്യാറല്ലേ...''
''ഞാന്‍ തയ്യാറാണ്. നമ്മുടെകൂടെ ആരൊക്കെ?''
സുഗന്ധി ചോദിച്ചു.
''പല്ലക്കു ചുമക്കാന്‍, അതായതു നിന്നെ ചുമക്കാന്‍, നാലുപേര്‍.... മെയ്‌വര്‍ണന്‍. കൈക്കരുത്തന്‍. സിംഹഗര്‍ജന്‍. സൗമ്യശീലന്‍.'' ചെമ്പകം പല്ലക്കു ചുമക്കുന്നവരുടെ പേരു പറഞ്ഞു.
''കൊള്ളാം മിടുക്കന്മാര്‍. എന്റെ അമ്മ വരുന്നില്ലേ...'' സുഗന്ധി ചെമ്പകത്തോടു ചോദിച്ചു.
''രാജ്ഞി വരുന്നില്ലെന്നു തോന്നുന്നു. രാജ്ഞികൂടി നായാട്ടിനു വന്നാല്‍ ഇവിടെ രാജാവു തനിച്ചാകില്ലേ...'' ചെമ്പകം പുഞ്ചിരിച്ചു.
(തുടരും)

 

Login log record inserted successfully!