•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

പാലയോ? പാലായോ?

സ്ഥലനാമങ്ങളില്‍ പലതിന്റെയും പിറവി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീനകേരളത്തിലെ ദ്രാവിഡജനത ഭൂമിയുടെ കിടപ്പിനെ ആധാരമാക്കിയാണു ഭൂപ്രദേശത്തെ വിഭജിച്ചത്. ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട കാവ്യപ്രമേയസ്വീകരണത്തിനുവേണ്ടിയായിരുന്നു വിഭജനം. ഐന്തിണൈകള്‍ എന്ന പേരില്‍ ആ ഭൂവിഭാഗങ്ങള്‍ അറിയപ്പെട്ടു. കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തല്‍ എന്നിവയാണ് ഐന്തിണൈകള്‍. തിണൈ എന്ന പദത്തിന് വിഭാഗം എന്നോ ഭൂവിഭാഗം എന്നോ അര്‍ത്ഥം പറയാം. അതത് പ്രദേശത്തുണ്ടാകുന്ന 'പൂക്കളു'മായി ബന്ധപ്പെടുത്തിയാണ് തിണൈകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. കുറിഞ്ചി മലമ്പ്രദേശവും പാലൈ മണല്‍ക്കാടും മുല്ലൈ കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലവും മരുതം സമതലവും നെയ്തല്‍ കടല്‍ത്തീരവുമാകുന്നു.
തമിഴിലെ തിണൈ, മുല്ലൈ, പാലൈ എന്നിവ യഥാക്രമം മലയാളത്തില്‍ തിണ, മുല്ല, പാല എന്നിങ്ങനെ രൂപം മാറും. പ്രകൃതികളുടെയും പ്രത്യയങ്ങളുടെയും ഒടുവില്‍ ഐകാരം കാണുന്നിടത്ത് മലയാളത്തില്‍ അകാരം വരും. ഐ(അ+ഇ)കാരത്തിന് സംവരണം സംഭവിച്ചതാണ്, കേരളപാണിനിയുടെ അഭിപ്രായത്തില്‍ അകാരം.* അങ്ങനെ പാലൈ - പാല എന്നായിത്തീരുന്നു. മീനച്ചിലാറിന്റെ തീരത്തുള്ള നഗരമാണ് ഇന്നത്തെ പാല. എന്നാല്‍ മണല്‍ത്തിട്ടകള്‍ നിറഞ്ഞ ഫലഭൂയിഷ്ഠമല്ലാത്ത ഒരു പ്രദേശമായിട്ടാണ് പാലയെ പൂര്‍വ്വികര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. പൂഞ്ഞാര്‍ കേന്ദ്രമായ പാണ്ഡ്യരാജവംശവുമായി പാലയ്ക്കുണ്ടായിരുന്നു ബന്ധവും സുവിദിതമാണല്ലോ. അങ്ങനെയെങ്കില്‍ ഭൂപ്രദേശത്തെ അടയാളപ്പെടുത്തുന്ന തിണകളില്‍ ഒന്നായ പാലൈ ആണ് പാലാ ആയിത്തീര്‍ന്നതെന്നു കരുതുന്നതില്‍ ന്യായമില്ലേ?
യക്ഷിയുടെ സാന്നിധ്യമുള്ള ഒരു വൃക്ഷമായി പാലയെ ചിലര്‍ കരുതുന്നു. പാലയുടെ തടി ബലിഷ്ഠമല്ല. ഉറപ്പുവേണ്ട പണിത്തരങ്ങള്‍ക്ക് പാലത്തടി ഉപയോഗിക്കാറില്ല. വലിയ മരമാകുന്നതും അല്ലാത്തതുമായി വിവിധയിനം പാലകളുണ്ട്.** ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് പാല പൊതുവെ വളരുന്നത്. (ഉണങ്ങി വരണ്ട മണല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമാണല്ലോ പാലൈനിലം) പാലയുടെ പേരിലുള്ള സ്ഥലനാമങ്ങളില്‍ ഒന്നാമത്തേതാണ്  പാലാ (പാലാ?). കേരളത്തിലെ പല ജില്ലകളിലും പാല ചേര്‍ന്ന സ്ഥലനാമങ്ങള്‍ ഉണ്ട്. പാലക്കാടു ജില്ലതന്നെ പാലയുടെ പേരില്‍ അറിയപ്പെടുന്നു. പാലത്തറ(കൊല്ലം), പാലത്തറ, (വര്‍ക്കലയ്ക്കടുത്ത്), പാലാവയല്‍ (കാസര്‍കോട്) എന്നിവ പാല പൂര്‍വ്വപദമായ സ്ഥലനാമങ്ങളാണ്.
പാലൈ ചുരുങ്ങി പാലാ എന്നു സ്ഥലനാമമാകുന്നതിലും പാല്‍പോലുള്ള കറയോടുകൂടിയ വൃക്ഷമായ പാല സ്ഥലനാമമാകുന്നതിലും യുക്തിഭംഗമില്ല. ഭൂമിശാസ്ത്രപ്രത്യേകതകളും ചരിത്രസൂചനകളും പാല എന്ന ഹ്രസ്വാന്തരൂപത്തെ സാര്‍ത്ഥകമാക്കുന്നു. ഉച്ചാരണത്തില്‍ കടന്നുകൂടിയ പദാന്ത്യദീര്‍ഘം എഴുത്തിലേക്കു സംക്രമിച്ച് സ്ഥലനാമം പാലാ എന്നു രൂഢിയായിത്തീര്‍ന്നതാകണം. ''ദീര്‍ഘാന്തം ഹ്രസ്വമാക്കേണ/ മനേകാക്ഷരമാവുകില്‍ (കാരിക 19) എന്ന കേരളപാണിനീയവിധിയും പാലയെ അനുകൂലിക്കുന്നു. വസ്തുതകള്‍ എങ്ങനെയായിരുന്നാലും പാല എന്ന ദേശനാമം രണ്ടുതരത്തില്‍ എഴുതി വയ്ക്കുന്നത് ആശാസ്യമല്ല.
*രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം 1988, പുറം -60.
** ഏഴിലംപാല, മംഗലപ്പാല, മുക്കമ്പാല, യക്ഷിപ്പാല, ദൈവപ്പാല, കള്ളിപ്പാല, കാക്കപ്പാല, വള്ളിപ്പാല, കുറ്റിപ്പാല മുതലായവ. പാല പൂത്താല്‍ രൂക്ഷമായ ഗന്ധം ഉണ്ടാകും.
*** മുന്‍ഗ്രന്ഥം, പുറം - 308.

 

Login log record inserted successfully!