ഏപ്രില്‍ 3 നോമ്പുകാലം ആറാം ഞായര്‍
നിയ 8 : 1-10 2 മക്ക 6 : 18-31
1 പത്രോ 4 : 12-19 മര്‍ക്കോ 8 : 31-9:1
സഹനത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉത്ഥാനരഹസ്യത്തിന്റെ ഉള്‍പ്പൊരുള്‍ നമുക്കു പിടികിട്ടുകയുള്ളൂ. നോമ്പുകാലമെന്നത് സഹനങ്ങളുടെയും പരിത്യാഗങ്ങളുടെയും പീഡാനുഭവവഴിയിലൂടെ ക്രൂശിതനെ അനുധാവനം ചെയ്യാനുള്ള സമയമാണ്.
ഈശോയുടെ പീഡാസഹനവും കുരിശുമരണവും അനുസ്മരിക്കുന്ന ആഴ്ചയിലേക്കു കടക്കുന്നതിന്റെ ഒരുക്കമായി, സഹനത്തിന്റെ രക്ഷാകരമൂല്യത്തെക്കുറിച്ചാണ് നോമ്പുകാലം ആറാം ഞായറാഴ്ചത്തെ വിശുദ്ധഗ്രന്ഥവായനകള്‍ നമ്മെ പഠിപ്പിക്കുന്നത്. വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയില്‍ ഇസ്രായേല്‍ജനത്തിനു നിരവധിയായ സഹനങ്ങള്‍ നേരിടേണ്ടിവന്നു. എങ്കിലും, ദൈവത്തിന്റെ അദൃശ്യകരം അവരെ സംരക്ഷിക്കുന്നുണ്ടായിരുന്നു. അതിനാല്‍, ദൈവമായ കര്‍ത്താവിന്റെ മാര്‍ഗത്തിലൂടെ ചരിച്ചും അവിടത്തെ കല്പനകള്‍ പാലിച്ചും അവിടത്തേക്കു സ്തുതികളര്‍പ്പിച്ചും ജീവിക്കണമെന്ന് ഇസ്രായേല്‍ക്കാരെ ഓര്‍മിപ്പിക്കുന്നതാണ് ഒന്നാം വായനയില്‍ വിവരിക്കുന്നത് (നിയ 8:1-10).
വിശ്വാസത്തിനുവേണ്ടി സഹനങ്ങളും രക്തസാക്ഷിത്വവും വരിച്ച എലെയാസറിന്റെ ധീരതയെക്കുറിച്ചു മക്കബായരുടെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന (2 മക്ക. 8:18-31) ഭാഗമാണു രണ്ടാം വായനയില്‍ നാം ശ്രവിക്കുന്നത്. വിശ്വാസത്തിനുവേണ്ടി സഹനങ്ങളേല്ക്കാന്‍ മാത്രമല്ല മരിക്കാന്‍പോലും നാം തയ്യാറാകണമെന്ന് എലെയാസറിന്റെ രക്തസാക്ഷിത്വം നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ വിശ്വാസത്തിന്റെ ആഴം പരിശോധിക്കാനായി അഗ്നിപരീക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത് എന്നു വി. പത്രോസ് ശ്ലീഹാ (1 പത്രോ. 4:12-19) ഉദ്‌ബോധിപ്പിക്കുന്നു. മിശിഹായെപ്രതി സഹിക്കേണ്ടിവന്നാല്‍ ആഹ്ലാദിച്ചാനന്ദിക്കാന്‍ വിശ്വാസിക്കു സാധിക്കണമെന്നു ശ്ലീഹാ ഓര്‍മിപ്പിക്കുന്നു. ക്രിസ്ത്യാനി എന്ന നിലയില്‍ പീഡ സഹിക്കുന്നത് മിശിഹായോടു താദാത്മ്യപ്പെടാന്‍ നമുക്കു കരുത്തു പകരും.
ഈശോ തന്റെ പീഡാസഹന-മരണോത്ഥാനങ്ങളെപ്പറ്റി നടത്തുന്ന മൂന്നു പ്രവചനങ്ങളില്‍ ഒന്നാമത്തേതാണ് സുവിശേഷപാഠം (മര്‍ക്കോ. 8:31-9,1). ജറുസലേം യാത്രയുടെ സമാപനഘട്ടത്തിലാണ് ഈശോ പീഡാനുഭവപ്രവചനം നടത്തുന്നത്. ഈശോ ജറുസലേമിലേക്കു പോവുകയെന്നാല്‍ കുരിശുമരണം ഏറ്റെടുക്കാന്‍ പോകുന്നുവെന്നാണര്‍ത്ഥം. ഈശോയുടെ പീഡാനുഭവമരണത്തെക്കുറിച്ച് പ്രവാചകഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ഒരാടിനെപ്പോലെ അവനെ വധിക്കാന്‍ കൊണ്ടുപോയി. രോമം കത്രിക്കുന്നവന്റെ മുമ്പിലെന്നപോലെ അവന്‍ നിശ്ശബ്ദനായി നിന്നു'(ഏശ. 53:7). അവര്‍ എന്റെ മേലങ്കിക്കുവേണ്ടി ചിട്ടിയിട്ടു'എന്ന സങ്കീര്‍ത്തനവാക്യവും (സങ്കീ. 22:18) ഈശോയുടെ പീഡാനുഭവമരണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
ക്രിസ്തുശിഷ്യത്വത്തിന്റെ അവിഭാജ്യഘടകമായ സഹനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈശോ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കുന്നത്. സഹനവും മരണവും അംഗീകരിക്കാന്‍ മനുഷ്യന് ഒരുകാലത്തും എളുപ്പമല്ല. ഈശോയുടെ ശിഷ്യന്മാരും ഇതിന് ഒരു അപവാദമായിരുന്നില്ല. അതുകൊണ്ടാണ്,'കര്‍ത്താവേ, ഇതു നിനക്കു സംഭവിക്കാതിരിക്കട്ടെ'(മത്താ. 16: 22) എന്നുപറഞ്ഞ് പത്രോസ് ശ്ലീഹാ തടസ്സപ്പെടുത്തുന്നതെന്ന് അലക്‌സാണ്ട്രിയായിലെ വി. സിറിള്‍ പ്രസ്താവിക്കുന്നു. എന്നാല്‍, സഹനത്തോടുള്ള പത്രോസിന്റെ വിപ്രതിപത്തിയെ ഈശോ ശകാരിക്കുന്നു. മിശിഹായെക്കുറിച്ചു വെറും മാനുഷികമായി മാത്രം ചിന്തിക്കുന്നതു ശരിയല്ലെന്നും ദൈവികമായി ചിന്തിക്കാന്‍ പരിശീലിക്കണമെന്നും അവിടന്ന് അവരെ ഉപദേശിച്ചു (മര്‍ക്കോ.8:33).
മറ്റേതൊരു ശക്തനായ ഭൗതികരാജാവിനെയുംപോലെയാണ് ഈശോമിശിഹാ എന്നത് വെറും മാനുഷികചിന്തയാണ്. പ്രത്യുത, സഹനമരണോത്ഥാനങ്ങളിലൂടെ മനുഷ്യരക്ഷ സാധിക്കുന്ന മിശിഹായാണ് ഈശോ എന്നതാണ് അവിടത്തെക്കുറിച്ചുള്ള ദൈവികചിന്ത. ഇപ്രകാരമുള്ള ദൈവികചിന്തയിലേക്കുയരാനും വളരാനുമാണ് ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ നമ്മെ ക്ഷണിക്കുന്നത്. സഹനത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉത്ഥാനരഹസ്യത്തിന്റെ ഉള്‍പ്പൊരുള്‍ നമുക്കു പിടികിട്ടുകയുള്ളൂ. നോമ്പുകാലമെന്നത് സഹനങ്ങളുടെയും പരിത്യാഗങ്ങളുടെയും പീഡാനുഭവവഴിയിലൂടെ ക്രൂശിതനെ അനുധാവനം ചെയ്യാനുള്ള സമയമാണ്. കര്‍ത്താവിനെ അനുഗമിക്കാന്‍ കുരിശുവഹിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് വിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്കുന്നത്. ഒരാള്‍ പീഡാനുഭവത്തിനു വിധേയമാകുമ്പോള്‍ ഈശോയുടെ കുരിശിലെ സഹനം ചെറിയ തോതിലെങ്കിലും ഏറ്റുവാങ്ങുകയാണു ചെയ്യുന്നത്. ക്രൂശിതന്റെ പാത പിന്തുടര്‍ന്നാല്‍ മാത്രമേ നമുക്ക് അവനോടൊപ്പം ഉത്ഥാനസന്തോഷത്തില്‍ പങ്കുചേരാനും നിത്യജീവിതം കരസ്ഥമാക്കാനും കഴിയൂ. നോമ്പിന്റെ ചൈതന്യത്തില്‍ നിന്നുകൊണ്ട് ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ചു ധ്യാനിക്കാനും, നമ്മുടെ പീഡകളെ മിശിഹായുടെ പീഡാസഹനങ്ങളോടു ചേര്‍ത്തുവയ്ക്കാനും നമ്മുടെ അനുദിനകുരിശുകളില്‍ ക്രൂശിതന്റെ മുഖം ദര്‍ശിക്കാനും തക്കരീതിയില്‍ നമ്മുടെ വിശ്വാസത്തെ ആഴമുള്ളതും ദൃഢതരവുമാക്കാം.