•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

പുഞ്ചിരി

''പുഞ്ചിരി, ഹാ! കുലീനമാം കള്ളം
നെഞ്ചുകീറി ഞാന്‍ നേരിനെക്കാട്ടാം''                  - കുടിയൊഴിക്കല്‍
എന്നെഴുതിയത്, ശ്രീ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോനാണ്. സംസ്‌കൃതത്തിലെ ശ്രീയാവണം മലയാളത്തില്‍ ചിരിയായത്.* പ്രാകൃതത്തില്‍ സിരി എന്നാണു രൂപം. സിരിയില്‍നിന്നാണ് ചിരിയുടെ പിറവി. പുഞ്ചിരി എന്ന പദത്തിലെ വിശേഷണശബ്ദം ഏതാവും? പുന്‍? പുഞ്? പൂ? പുന്‍+ചിരി സന്ധി ചെയ്യുമ്പോള്‍ പുഞ്ചിരിയാകും. പുന്‍ എന്നതിന് ചെറിയ എന്നര്‍ത്ഥം. അങ്ങനെ, പുഞ്ചിരി ചെറിയ ചിരിയാകുന്നു. പുഞ്ചിരിക്ക്, മന്ദഹാസം, സ്മിതം, ഇളംചിരി, ചെറുചിരി, ശബ്ദം കേള്‍ക്കാത്ത ചിരി, മനോഹരമായ ചിരി, സന്തോഷംകൊണ്ടുണ്ടാകുന്ന ചിരി, മുഖവികാസം എന്നെല്ലാം വിവക്ഷിതങ്ങള്‍ ഉണ്ട്.
പുഞ്ചിരിയിലെ പൂര്‍വ്വപദം പുഞ് എന്നോ പൂ എന്നോ ആകുവാന്‍ സാധ്യതയില്ല. മലയാളത്തിലും സഗോത്രഭാഷകളിലും പുഞ് എന്നൊരു ധാതുവില്ല. പൂ+ചിരി ഞകാരാഗമത്താല്‍ 'പൂഞ്ചിരി' എന്നേ വരൂ. പൂ എന്നതിലെ ദീര്‍ഘസ്വരം എങ്ങനെ ഹ്രസ്വമാകും? നിശ്ചയമില്ല. അങ്ങനെയെങ്കില്‍ പുന്‍+ചിരിയല്ലേ വാസ്തവത്തില്‍ പുഞ്ചിരി?  അപ്പോള്‍, ചെറുചിരി പുഞ്ചിരിയാകുന്നു. ''പുന്‍+ചിരി പരസവര്‍ണ്ണനംകൊണ്ട് പുഞ്ചിരിയാകും. ന്‍ വര്‍ത്സ്യാനുനാസികമാണല്ലോ. 'ച' താലവ്യഖരവും. താലവ്യഖരത്തിന്റെ പ്രേരണകൊണ്ട് വര്‍ത്സ്യാനുനാസികം താലവ്യാനുനാസികമായി മാറുന്നു. മീഞ്ചന്ത (മീന്‍+ചന്ത). തേഞ്ചോരും (തേന്‍+ചോരും) മുതലായ സന്ധിരൂപങ്ങളും സമാനപ്രവണത വ്യക്തമാക്കുന്നു'' ** പുന്‍+ചിരി സന്ധി ചെയ്യുമ്പോള്‍, പുഞ്ചിരിയാകും എന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണനും രേഖപ്പെടുത്തിയിട്ടുണ്ട്.*** (പുന്‍+ചെയ് ആണ് പുഞ്ച പുന്‍+ചെയ് പരസവര്‍ണ്ണനംകൊണ്ട് പുഞ്‌ചെയ് എന്നും സ്വരസംവരണംകൊണ്ട് പുഞ്ച എന്നും രൂപം നേടുന്നു. പുന്‍+ചെയ് ണ്ണ പുഞ്ചൈ ണ്ണ പുഞ്ച)
* ദേവന്‍ ശ്രീകുമാരന്‍ (തേവന്‍ ചിരികുമാരന്‍) ഉണ്ണിയച്ചീചരിതത്തിന്റെ കര്‍ത്താവ്; ഏ.ഡി. 13-ാം ശതകം. ജന്മസ്ഥലം വയനാട്. രാമന്‍ ശ്രീകുമാരന്‍ (രാമന്‍ ചിരികുമാരന്‍) ഗ്രന്ഥം ഓലയില്‍ പകര്‍ത്തിയെഴുതിയ ആള്‍.
** ലത, വി. നായര്‍, പ്രൊഫ., സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം രണ്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 42.
*** ഗോപാലകൃഷ്ണന്‍, നടുവട്ടം, ഡോ. എന്‍.ആര്‍. ഗോപിനാഥപിള്ള, ഗവേഷണംതന്നെ ജീവിതം (ആമുഖപഠനം) എന്‍.ആര്‍.ഗോപിനാഥപിള്ളയുടെ കൃതികള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019,
പുറം - 13.

 

Login log record inserted successfully!