•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

കരുണയുടെ വാതില്‍ അടയുന്നില്ല

നോമ്പുകാലത്ത് സഭ നമ്മില്‍നിന്നാവശ്യപ്പെടുന്ന ഒരു സുപ്രധാന കാര്യമാണു പാപത്തെക്കുറിച്ചുള്ള അനുതാപം. ആത്മാര്‍ത്ഥമായി അനുതപിക്കുന്നവര്‍ക്കാണു കര്‍ത്താവ് രക്ഷ പ്രദാനം ചെയ്യുന്നത്. ഇവിടെ ഒന്നാം പ്രഘോഷണത്തില്‍ (ഉത്പ. 4:8-16) കാണുന്ന നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? എന്ന ദൈവത്തിന്റെ ചോദ്യം ഇന്നും നമ്മുടെ ഓരോരുത്തരുടെയും കര്‍ണപുടങ്ങളില്‍ മുഴങ്ങേണ്ടതാണ്. തന്റെ തെറ്റുകളെക്കുറിച്ചു മനസ്തപിച്ച് അവ ഏറ്റുപറഞ്ഞപ്പോള്‍ ദൈവം കായേനു സംരക്ഷണമുദ്ര നല്കുന്നു.
തന്നെ വധിക്കാന്‍ സന്നാഹവുമായി എത്തിയ സാവൂളിനെ തന്റെ കൈയില്‍ കിട്ടിയിട്ടും ഉപദ്രവിക്കാതെ ക്ഷമിച്ചു വെറുതെ വിടുന്ന ദാവീദിനെയാണ് രണ്ടാം പ്രഘോഷണത്തില്‍ (1 സാമു. 24:1-6) നാം കണ്ടുമുട്ടുന്നത്. പാപികളോടു ദൈവത്തിനുള്ള കരുണയും അനുകമ്പയുമാണ് ഇതു  പ്രകടമാക്കുന്നത്.
പാപമില്ലാത്ത മനുഷ്യരില്ല. അതുകൊണ്ടാണ്, നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകുമെന്നു മൂന്നാം പ്രഘോഷണത്തില്‍ (1 യോഹ. 1:5-10) യോഹന്നാന്‍ ശ്ലീഹാ പറയുന്നത്. നാം പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍, അവന്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
വ്യഭിചാരം വലിയ തിന്മയായി യഹൂദര്‍ പരിഗണിച്ചിരുന്നു. ആരെങ്കിലും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടാല്‍ അവരെ കല്ലെറിഞ്ഞുകൊല്ലണമെന്നാണ് മോശയുടെ നിയമം അനുശാസിച്ചിരുന്നത് (ലേവ്യ. 20:10; നിയ. 12:22). ഇപ്രകാരമുള്ള ഒരു കൃത്യത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടി ഈശോയുടെ പക്കലെത്തിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് യോഹ. 8:1-11 വിവരിക്കുന്നത്. പാപിനിയായ സ്ത്രീയെ വിധിക്കുകയെന്നതിലുപരി ഈശോയെ കെണിയില്‍പ്പെടുത്തുകയെന്നതായിരുന്നു ഫരിസേയരുടെയും നിയമജ്ഞരുടെയും ലക്ഷ്യം. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിച്ചു പാപികളോടുള്ള സവിശേഷസ്‌നേഹം ഈശോ പ്രകടിപ്പിച്ചിരുന്നതുകൊണ്ട്, അവിടത്തെ പ്രതികരണം അറിയാനായി നിയമജ്ഞരും ഫരിസേയരും അവിടെ വന്നെത്തിയിരിക്കുകയാണ്. അവള്‍ കല്ലെറിയപ്പെടണം എന്ന് ഈശോ തീരുമാനിച്ചിരുന്നെങ്കില്‍, നീ നിരന്തരം പ്രസംഗിക്കുന്ന കരുണയെവിടെയെന്ന് അവര്‍ ചോദിക്കുമായിരുന്നു. കരുണ കാണിച്ച് അവളെ വെറുതെ വിട്ടിരുന്നെങ്കില്‍, മോശയുടെ നിയമം പാലിക്കാത്തവന്‍ എന്നും വിധിക്കുമായിരുന്നു (വിശുദ്ധ ബീഡ്). അവളെ വിധിച്ചാലും അവളോടു കരുണ കാണിച്ചാലും ഈശോയെ കുറ്റക്കാരനായി വിധിക്കാമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍, അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ആദ്യം കല്ലെറിയട്ടെ'യെന്ന്' ഈശോ പ്രസ്താവിക്കുന്നു. ഇതു പറഞ്ഞിട്ട് ഈശോ കുനിഞ്ഞ് നിലത്ത് എന്തോ എഴുതിക്കൊണ്ടിരുന്നു. വിശുദ്ധ ജറോമിന്റെ വ്യാഖ്യാനമനുസരിച്ച്, അവന്‍ എഴുതിക്കൊണ്ടിരുന്നത് കുറ്റമാരോപിച്ചവരുടെയും മറ്റെല്ലാവരുടെയും പാപങ്ങളാണ്. അപ്പോള്‍, മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു. സ്രഷ്ടാവിനെ അറിഞ്ഞിരുന്നില്ലെങ്കിലും തങ്ങളുടെ മനസ്സാക്ഷിയെ അറിഞ്ഞിരുന്നതുകൊണ്ടാണ് അവര്‍ വിട്ടുപോയതെന്നു വിശുദ്ധ ആഗസ്തീനോസ് അഭിപ്രായപ്പെടുന്നു. ഈശോയുടെ മറുപടി അവരില്‍ കുറ്റബോധവും പാപിനിയായ സ്ത്രീയില്‍ പാപബോധവും ജനിപ്പിച്ചുവെന്നതാണു വാസ്തവം.
കുറ്റബോധത്താല്‍ നിറഞ്ഞ ഫരിസേയപ്രമാണികള്‍ കല്ലുകള്‍ താഴെയിട്ടു പിന്തിരിഞ്ഞുപോയി. ഒടുവില്‍ കരുണയും കരുണാര്‍ഹയും മാത്രം അവിടെ അവശേഷിച്ചതായി ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് വി. ആഗസ്തീനോസ് പ്രസ്താവിക്കുന്നു. പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയും ചെയ്യുന്ന ഈശോ അവള്‍ക്കു പാപമോചനവും രക്ഷയും നല്കുന്നു. മേലില്‍ പാപം ചെയ്യരുതെന്ന നിര്‍ദേശവും നല്കി ഈശോ അവളെ പറഞ്ഞയയ്ക്കുന്നു.
പിടിക്കപ്പെട്ട വ്യഭിചാരിണി നിയമത്തിന്റെമുമ്പില്‍ കല്ലെറിയപ്പെടേണ്ടവളാണ്. എന്നാല്‍, ഈശോ പാപിനിയായ സ്ത്രീയെ വിധിക്കാതെ മോശയുടെ നിയമത്തെ അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തിലേക്കു തിരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. തന്മൂലം ഈ സുവിശേഷഭാഗമെന്നതു പാപിനിയും വിധികര്‍ത്താവും തമ്മിലുള്ള കണ്ടുമുട്ടലല്ല; മറിച്ച്, രക്ഷകനും പാപിനിയും അഥവാ, കരുണയും കരുണാര്‍ഹയും തമ്മിലുള്ള കണ്ടുമുട്ടലാണ്. പാപത്തിന്റെ ദീനതയെ സ്‌നേഹത്തിന്റെ കരുണയാല്‍ ഈശോ ഉടുപ്പിക്കുന്നു. അവളുടെ മനസ്സാക്ഷിയില്‍ ദൈവസ്വരം കേള്‍ക്കാന്‍ ഈശോ ഇടവരുത്തുന്നു. തുടര്‍ന്ന്, ഈശോ അവളെ സമാധാനത്തില്‍ പറഞ്ഞയയ്ക്കുകയും പുതുജീവിതം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കരുണയുടെ വസ്ത്രം ധരിച്ച അവള്‍ പുതുവ്യക്തിയാകുന്നു. പാപത്തിന്റെ ചെളിപുരണ്ട പുറങ്കുപ്പായം ഊരി ദൂരെയെറിഞ്ഞ് മിശിഹായുടെ കരുണാര്‍ദ്രസ്‌നേഹത്തില്‍ നമുക്ക് ആശ്രയിക്കാം.
കരുണയുടെ കവാടങ്ങള്‍ അടയ്ക്കപ്പെടുകയോ കരുണയുടെ നദി വറ്റുകയോ കരുണയുടെ ചക്രവാളങ്ങള്‍ അസ്തമിക്കുകയോ ചെയ്യുകയില്ലായെന്നതിന്റെ നേര്‍സാക്ഷ്യമാണു പാപിനിക്കു മോചനം നല്കുന്ന ഈ സുവിശേഷഭാഗം. ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തില്‍നിന്നും കരുതലില്‍നിന്നും നമ്മളാരും വിച്ഛേദിക്കപ്പെട്ടിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കരുണയുടെ ഉറവയായ ഈശോയുടെ പക്കലേക്ക് ഈ നോമ്പുകാലത്തു നമുക്കു തിരിച്ചുവരാം. കരുണയുടെ മുഖം നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും നമുക്കു പ്രകാശിപ്പിക്കാം.

 

Login log record inserted successfully!