•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവര്‍

മാര്‍ച്ച്  20     നോമ്പുകാലം   നാലാം ഞായര്‍

ഉത്പ 19 : 1-11    2 സാമു 12 : 1-7; 13-17
2 തിമോ 2 : 22-26    മത്താ 5 : 27-32

ഹൃദയവിശുദ്ധി ആര്‍ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് നോമ്പ് നാലാം ഞായറിന്റെ പ്രഘോഷണങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. സോദോമില്‍ ലോത്തിന്റെ അതിഥികളായി എത്തിയ ദൂതന്മാരുമായി മ്ലേച്ഛമായ സുഖഭോഗാദികളിലേര്‍പ്പെടാന്‍ ആഗ്രഹിച്ച നഗരവാസികളായ പുരുഷന്മാര്‍ക്കു ലഭിച്ച ദൈവശിക്ഷയെയും അവര്‍മൂലം നഗരത്തിനു സംഭവിച്ച നാശത്തെയുംകുറിച്ചാണ് ഒന്നാമത്തെ പ്രഘോഷണത്തില്‍ (ഉത്പ. 19:1-11) സൂചിപ്പിക്കുന്നത്. സ്രഷ്ടാവായ ദൈവം പ്രപഞ്ചത്തിനും അതിലെ ഓരോ ജീവജാലത്തിനും മനുഷ്യനു പ്രത്യേകിച്ചും പരസ്പരം ഇണചേരുന്നതിനെക്കുറിച്ചും വംശവര്‍ധന നടത്തുന്നതിനെക്കുറിച്ചുമുള്ള വ്യക്തമായ നിയമങ്ങള്‍ നല്കിയിട്ടുണ്ട്. പ്രകൃതിവിരുദ്ധമായ ബന്ധങ്ങളില്‍ മനുഷ്യന്‍ ഏര്‍പ്പെടുമ്പോള്‍ ദൈവികപദ്ധതിക്കെതിരേയാണവന്‍ പ്രവര്‍ത്തിക്കുന്നത്.
ചതിപ്രയോഗത്തിലൂടെ ഊറിയായെ യുദ്ധമുഖത്തുവച്ചു വധിക്കുകയും അവന്റെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദിന്റെ പ്രവൃത്തിയെ, ദൈവത്താല്‍ അയയ്ക്കപ്പെട്ട നാഥാന്‍ പ്രവാചകന്‍ കുറ്റപ്പെടുത്തുന്നതും അതിനുള്ള ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നതുമാണ് പഴയനിയമത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണം (2 സാമു. 12:1-7;13-17). പ്രവാചകന്റെ വാക്കുകള്‍ ശ്രവിച്ച ദാവീദ് അനുതപിച്ച് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. തന്റെ പാപത്തെക്കുറിച്ച് രാജാവ് മനസ്തപിച്ചതുകൊണ്ട് ദൈവം അദ്ദേഹത്തോടു ക്ഷമിക്കുകയും വലിയ ശിക്ഷയില്‍നിന്ന് ഒഴിവു നല്കുകയും ചെയ്തു. എത്ര വലിയ തെറ്റു നമ്മുടെ ഭാഗത്തുനിന്നുണ്ടായാലും അനുതപിച്ചു തിരിച്ചുവന്നാല്‍ ക്ഷമിക്കുന്നവനാണു നമ്മുടെ ദൈവമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.  
ഒരു വീട്ടില്‍ മാന്യത കൂടിയ കാര്യങ്ങള്‍ക്കും മാന്യത കുറഞ്ഞ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഉള്ളതുപോലെ തന്നെയാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുന്നതെന്ന് പൗലോസ്ശ്ലീഹാ (2 തിമോ. 2:20-26) ലേഖനഭാഗത്തു സൂചിപ്പിക്കുന്നു: ഒരു മനുഷ്യന്‍ മാന്യത കുറഞ്ഞവയില്‍നിന്നു തന്നെത്തന്നെ ശുദ്ധീകരിച്ചാല്‍ മാന്യത കൂടിയ കാര്യങ്ങള്‍ക്കു പാത്രമാകും. പാത്രം വിശുദ്ധവും ഉടമസ്ഥന്റെ ഉപയോഗത്തിന് ഉതകുന്നതും ഏതു സത്കര്‍മത്തിനും അനുഗുണവുമാകും (2 തിമോ. 2:21). യുവത്വത്തിന്റെ എല്ലാ മോഹങ്ങളിലുംനിന്ന് ഓടിയകലാനുള്ള ആഹ്വാനത്തെ ഈ പശ്ചാത്തലത്തിലാണു കാണേണ്ടത്. ഹൃദയനൈര്‍മല്യത്തിനു ശ്ലീഹാ നല്കുന്ന പ്രാധാന്യം തുടര്‍ന്നുവരുന്ന വാക്യത്തില്‍നിന്നു വ്യക്തമാണ്: നിര്‍മലഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്നു നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവ ലക്ഷ്യം വയ്ക്കുക (2 തിമോ. 2:22).
ആറാം പ്രമാണത്തെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനമാണ് ഇന്നത്തെ സുവിശേഷഭാഗം (മത്താ. 5:27-32). ജീവിതപങ്കാളിയെ ഉപേക്ഷിച്ച് വേറൊരു വ്യക്തിയെ പരിഗ്രഹിക്കുന്ന ഏതൊരാളും വ്യഭിചാരം ചെയ്യുന്നു. മൂശെയുടെ നിയമപ്രകാരവും ഈ കൃത്യങ്ങളെല്ലാം വലിയ തിന്മകളായായിട്ടാണു കരുതപ്പെട്ടിരുന്നത്. എന്നാല്‍, ആറാം പ്രമാണത്തിന്റെ അര്‍ത്ഥവ്യാപ്തി ഈശോ വിസ്തൃതമാക്കുന്നു. കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചരിച്ചുകഴിഞ്ഞുവെന്നാണ് അവിടുന്നു പഠിപ്പിക്കുന്നത് (മത്താ. 5:28). ഹൃദയത്തില്‍നിന്നുപോലും വ്യഭിചാരചിന്തകള്‍ അകറ്റിനിറുത്തുകയെന്നത് ദൈവരാജ്യത്തിന്റെ നീതിനിഷ്ഠയെ വെളിപ്പെടുത്തുന്നു. ദുരാഗ്രഹങ്ങള്‍ക്കു വഴങ്ങുന്നത് പാപകരവും അതില്‍നിന്നു ലഭിക്കുന്ന സന്തോഷം താത്കാലികവും നിയമവിരുദ്ധവുമാണ്. പാപപ്രേരണകള്‍ക്കു വഴങ്ങുന്നവര്‍ മനസ്സില്‍ പാപം ചെയ്യുകയും ദൈവികപദ്ധതിക്കു വിരുദ്ധമായി നീങ്ങുകയും ചെയ്യുന്നു.
പാപസാഹചര്യങ്ങളും പാപകര്‍മങ്ങളും ഒഴിവാക്കണമെന്നു വ്യക്തമാക്കാനാണ് വലതുകണ്ണ് ചൂഴ്‌െന്നടുത്തു കളയേണ്ട സാഹചര്യത്തെക്കുറിച്ച് ഈശോ ആലങ്കാരികമായി പറയുന്നത്.  വലതുകണ്ണ് എന്നത് നമ്മള്‍ അത്യധികം ഗാഢമായി സ്‌നേഹിക്കുന്ന ഒന്നിനെ സൂചിപ്പിക്കുന്നു. സ്‌നേഹത്തിന്റെ ആധിക്യത്തെ സൂചിപ്പിക്കാന്‍ നീ എന്റെ കണ്ണാണ്, കണ്ണുകളെക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നൊക്കെ പറയാറുണ്ട്. കണ്ണിനോട് 'വലതു'ചേരുമ്പോള്‍ അത് സ്‌നേഹത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. തന്മൂലം നിങ്ങള്‍ സ്വന്തം വലതുകണ്ണിനു തുല്യമായി സ്‌നേഹിക്കുന്ന ആളോ വസ്തുവോ ആണെങ്കില്‍പോലും അയാള്‍ യഥാര്‍ത്ഥസന്തോഷത്തിന് (സ്വര്‍ഗപ്രാപ്തിക്ക്) തടസ്സമാകുന്നുവെങ്കില്‍ അയാളെ ഉപേക്ഷിക്കണം. കാരണം, സ്വന്തം കണ്ണുപോലെ  സ്‌നേഹിക്കുന്ന അയാളെ മാറ്റി നിര്‍ത്തിയിട്ടാണെങ്കിലും നരകാഗ്നിയില്‍നിന്നു രക്ഷപ്പെടണമെന്ന് വി. ആഗസ്തീനോസ് വ്യാഖ്യാനിക്കുന്നു.
വലതുകണ്ണുപോലെ വലതുകൈയും പ്രധാനപ്പെട്ടതാണ്. വലതുകൈയെന്നാല്‍ പ്രിയസുഹൃത്ത് എന്നു വിവക്ഷിതം. കണ്ണുപോലെ വഴി കാണാനും കരങ്ങള്‍പോലെ ജോലി ചെയ്യാനും നമ്മെ സഹായിക്കുന്നുവെങ്കിലും തിന്മയ്ക്ക് ഇടവരുത്തുന്നുവെങ്കില്‍ നമ്മള്‍ അവരെ ഉപേക്ഷിക്കണം. ആദ്ധ്യാത്മികകാര്യങ്ങളില്‍ ഉപദേശം നല്കുന്നവരും തിന്മയുടെ ആശയഗതികളിലേക്കു നയിക്കുന്നുവെങ്കില്‍ നാം അവരെ ഉപേക്ഷിക്കണമെന്ന് വി. ആഗസ്തീനോസ് പഠിപ്പിക്കുന്നു.
ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ ഉപേക്ഷാപത്രം കൊടുക്കണം എന്ന് മൂശെ നിര്‍ദേശിച്ചത് ഭാര്യയെ ഉപേക്ഷിക്കുന്നത് നല്ലതാണെന്ന അര്‍ത്ഥത്തിലല്ല. പ്രത്യുത, ഒരു പുനര്‍വിചിന്തനത്തിനുള്ള അവസരമെന്ന നിലയിലാണ്. നിയമാവര്‍ത്തനപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇക്കാര്യമാണ് ഈശോ ഇവിടെ ഉദ്ധരിക്കുന്നത് (നിയമാ. 24:1). വിവാഹബന്ധത്തിന്റെ പവിത്രതയും അനന്യതയും ഈ സുവിശേഷഭാഗത്ത് ഈശോ ഊന്നിപ്പറയുന്നു. വിവാഹത്തിന്റെ പരിശുദ്ധി ദമ്പതികള്‍ അഭംഗുരം സംരക്ഷിക്കുകയെന്നതുതന്നെ ക്രൂശിതനോടൊപ്പമുള്ള യാത്രയാണ്.
സ്ത്രീയും പുരുഷനും തമ്മിലുള്ള പവിത്രവും ദൈവസംയോജിതവുമായ വിവാഹത്തിന്റെയും കുടുംബത്തിന്റെയും മഹത്ത്വത്തിനു കോട്ടം വരുത്തുന്ന തിന്മകളെ നമ്മള്‍ അകറ്റിനിറുത്തണം. കുടുംബത്തെ ഒരു സാമൂഹികവ്യവസ്ഥിതി മാത്രമായി ചുരുക്കാതെ ഒരു ദൈവവിളിയായി മനസ്സിലാക്കണം. ഭദ്രമായ കുടുംബങ്ങളാണ് സഭയുടെ യഥാര്‍ത്ഥ അടിത്തറയെന്നതിനാല്‍ വിവാഹവും കുടുംബരൂപവത്കരണവും ദൈവികപദ്ധതിയോടുള്ള പൂര്‍ണമായ സഹകരിക്കലും വിധേയപ്പെടലുമാണ്. കുടുംബബന്ധങ്ങളുടെ കൂട്ടായ്മയ്ക്ക് സഭയുടെയും സമൂഹത്തിന്റെയും നിര്‍മിതിയില്‍ വളരെ ഗൗരവമാര്‍ന്ന സ്ഥാനമുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും അന്തരീക്ഷത്തില്‍ കുടുംബഭദ്രത അനുദിനം ഊട്ടിയുറപ്പിക്കാം.

 

Login log record inserted successfully!