മാര്‍ച്ച് 13 നോമ്പുകാലം മൂന്നാം ഞായര്‍
നിയ 15 : 7-15 തോബി 12 : 6-15
2 കോറി 8 : 9-15 മത്താ 6 : 1-8; 16-18
സഹോദര സ്‌നേഹ ത്തിന്റെ പ്രായോഗിക മാനത്തെ ക്കുറിച്ചാണ് ഇന്നത്തെ വിശുദ്ധഗ്രന്ഥവായനകള്‍ വിശദീകരിക്കുന്നത്. ദരിദ്രസഹോദരനെക്കുറിച്ചു പരിഗണനയുണ്ടാകണമെന്ന് (നിയ. 15:7-15) ഒന്നാം പ്രഘോഷണം നമ്മെ പഠിപ്പിക്കുന്നു. സഹോദരനെതിരേ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്. ഉദാരമായി വായ്പ കൊടുക്കണം. സാബത്തുവര്‍ഷം കടമെല്ലാം ഇളവുചെയ്യണമെന്നത് ഇസ്രായേലിനെ സംബന്ധിച്ച് നിയമത്തിന്റെ ഭാഗമാണ് (ലേവ്യ. 25). അതുകൊണ്ടാണ് ഏഴാം വര്‍ഷത്തെ 'മോചനവര്‍ഷം' എന്നു വിശേഷിപ്പിക്കുന്നത്. മോചനവര്‍ഷം അടുത്തിരിക്കുന്നതിനാല്‍, നല്കിയ വായ്പ തിരികെ ലഭിക്കാതെപോകുമോ എന്ന ഭയത്തില്‍ സഹായം അര്‍ഹിക്കുന്ന സഹോദരനോടു കരുണ കാണിക്കാതിരിക്കുന്നതു പാപമാണ്. ഉദാരമായി ദാനംചെയ്യുന്നവന്റെ ജോലികളിലും അവന്‍ ആരംഭിക്കുന്ന പ്രവൃത്തികളിലും സമൃദ്ധമായ ദൈവാനുഗ്രഹമുണ്ടാകും (നിയ. 15:10). അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുമുള്ള ദരിദ്രരെ ശല്യമായി കാണാതെ, നമുക്കു ദൈവാനുഗ്രഹം ലഭിക്കാന്‍ സഹായിക്കുന്നവരായി കാണാന്‍ സാധിക്കണമെന്ന് ഇന്നത്തെ ആദ്യപ്രഘോഷണം നമ്മെ ഉദ്ബാധിപ്പിക്കുന്നു.
രണ്ടാം പ്രഘോഷണത്തില്‍ (തോബി. 12:6-15) തോബിത്തിനും മകന്‍ തോബിയാസിനും റഫായേല്‍ ദൂതന്‍ നല്കുന്ന ഉപദേശങ്ങള്‍ ദാനധര്‍മത്തിന്റെ പ്രാധാന്യത്തെപ്പറ്റിയാണ്. പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമാകുന്നത് അതിനോട് ഉപവാസവും ദാനധര്‍മവും നീതിയും കൂട്ടിച്ചേര്‍ക്കുമ്പോഴാണ് (തോബി. 12:8). പാപത്തില്‍നിന്നു മാത്രമല്ല, മരണത്തില്‍നിന്നുപോലും രക്ഷിക്കാനുള്ള കഴിവ് ദാനധര്‍മത്തിനുണ്ട് (തോബി: 12:9). തോബിത്തിന്റെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകാര്യമായത് അവന്റെ കാരുണ്യപ്രവൃത്തികള്‍ മൂലമാണ്. മരിച്ചവരെ സംസ്‌കരിച്ചതും മറ്റു സത്പ്രവൃത്തികള്‍ ചെയ്തതുമെല്ലാം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതിനു കാരണമായി. ദൈവം നമുക്കു ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ നന്മകള്‍ക്കായി അവിടത്തെ സ്തുതിക്കുന്നതും അവിടത്തേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും ഉചിതമാണെന്നും ദൂതന്‍ അനുസ്മരിപ്പിക്കുന്നു.
ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷകളില്‍പ്പോലും ഉദാരമായ ദാനങ്ങളിലൂടെ കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്നത്തെ മൂന്നാം പ്രഘോഷണത്തില്‍ (2 കോറി. 8:9-15) പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. മക്കദോനിയായിലെ സഭകളുടെ നല്ല മാതൃകയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നത്. അതീവസമ്പന്നനായിരുന്നിട്ടും മനുഷ്യരായ നമ്മെപ്രതി ദരിദ്രരില്‍ ദരിദ്രനായി അവതരിച്ച ഈശോയുടെ മാതൃകയാണ് ഇതിനു നമുക്കു പ്രചോദനം (2 കോറി. 8:9). ഓരോരുത്തരും താന്താങ്ങളുടെ കഴിവനുസരിച്ച് ഉദാരമായി സഹായിക്കണമെന്നാണു ശ്ലീഹാ ഉപദേശിക്കുന്നത്.
യഹൂദമതജീവിതത്തിന്റെ ബാഹ്യ അടയാളങ്ങളായി കരുതപ്പെട്ടിരുന്ന മൂന്നു കാര്യങ്ങളാണ് ധര്‍മദാനം, പ്രാര്‍ത്ഥന, ഉപവാസം എന്നിവ. തോറാ (നിയമം) മുഴുവന്റെയും പ്രായോഗികസംഗ്രഹമായി യഹൂദര്‍ ഇതിനെ കണ്ടിരുന്നു. അവരുടെ ധാര്‍മികതയെയും മതജീവിതത്തെയും നിര്‍വചിച്ചിരുന്നതും നിര്‍ണയിച്ചിരുന്നതും ഈ ത്രിവിധജീവിതശൈലിയായിരുന്നു. തന്റെ സുവിശേഷപ്രകാരമുള്ള ഒരു പുതിയ ധാര്‍മികത പ്രഘോഷിച്ച ഈശോമിശിഹാ ഈ ജീവിതശൈലിക്കു പുതിയൊരു മാനം നല്കി. അവിടത്തെ ശിഷ്യരുടെ ധാര്‍മികത ഫരിസേയരുടെയും നിയമജ്ഞരുടെയും ധാര്‍മികതയെ അതിശയിക്കുന്നതായിരിക്കണം (മത്താ. 5:20) എന്നുപദേശിച്ചപ്പോള്‍ അവിടന്നു വിഭാവനം ചെയ്തതും ഇതുതന്നെയായിരുന്നു. ഈ പുതിയ ധാര്‍മികതയുടെ വ്യത്യസ്തമാനങ്ങളാണ് ഇന്നത്തെ സുവിശേഷപ്രമേയം (മത്താ. 6:1-8,16-18).
ധര്‍മദാനം, പ്രാര്‍ത്ഥന, ഉപവാസം എന്നീ മൂന്നു പ്രവൃത്തികളെയാണ് സത്കര്‍മങ്ങളായി ഉദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ പ്രഥമമായിട്ടുള്ളത് ധര്‍മദാനമാണ്. മറ്റുള്ളവരുടെ പ്രശംസ കാംക്ഷിച്ച്, വലിയ പ്രചാരണം നല്കി, ദാനം ചെയ്യുന്നവര്‍ക്കു ദൈവത്തില്‍നിന്നു യാതൊരു പ്രതിഫലത്തിനും അര്‍ഹതയില്ലെന്ന് അവിടുന്നു വ്യക്തമായി പഠിപ്പിക്കുന്നു. നമ്മള്‍ ചെയ്യുന്ന സത്പ്രവൃത്തികളുടെ ലക്ഷ്യം മനുഷ്യരെ കാണിക്കുകയെന്നതാകരുത്. അങ്ങനെയെങ്കില്‍ സ്വര്‍ഗീയസമ്മാനം നമുക്കു ലഭിക്കുകയില്ല. സത്കര്‍മങ്ങള്‍ ചെയ്താല്‍ അവയെ കൊട്ടിഘോഷിക്കുവാനുള്ള പ്രവണതയില്‍നിന്നും പ്രശംസാമോഹങ്ങളില്‍നിന്നും നമ്മള്‍ അകന്നു ജീവിക്കണം (മത്താ. 7:15). സത്കര്‍മങ്ങളും ദാനധര്‍മങ്ങളും ആത്മപ്രശംസയ്ക്കും അംഗീകാരത്തിനുമുള്ള ഉപാധികളായി ഉപയോഗിക്കുമ്പോള്‍ അവയുടെ മേന്മ കുറഞ്ഞുപോകും. പേരിനും പെരുമയ്ക്കുംവേണ്ടി നന്മ ചെയ്യുന്നവര്‍ക്കു ഭൗമികമായ ലക്ഷ്യം മാത്രമേയുള്ളൂ. ദൈവത്തെ പ്രസാദിപ്പിക്കുകയെന്ന ചിന്തയില്‍നിന്ന് അവര്‍ വ്യതിചലിക്കുന്നു. മനുഷ്യരുടെ പ്രശംസ താത്കാലികമാണെങ്കില്‍ ദൈവപിതാവിന്റെ പ്രതിഫലം ശാശ്വതമാണ്. കൊടുക്കുന്നവന്‍ മറക്കുകയും സ്വീകരിക്കുവന്‍ മറക്കാതിരിക്കുകയും ചെയ്യുന്നതാണു മഹത്ത്വം. നീതി പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യപ്രശംസയെ ലക്ഷ്യമിടരുത്. പ്രശംസ എപ്പോഴും നീതിയെ അനുയാത്ര ചെയ്യേണ്ടതാണ്. ഏറ്റവും ശുദ്ധമായ ഉദ്ദേശ്യത്തോടെയും സ്വീകരിക്കുന്നവരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ടുമായിരിക്കണം ദാനധര്‍മം ചെയ്യേണ്ടത്.
കപടനാട്യക്കാര്‍ ധര്‍മദാനകാര്യത്തിലെന്നപോലെ പൊതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടുന്നു. മനുഷ്യനില്‍നിന്നു ലഭിക്കുന്ന പ്രശംസയോട് വളരെയേറെ സ്‌നേഹം കപടനാട്യക്കാര്‍ പുലര്‍ത്തുന്നു. അവര്‍ക്കു പ്രാര്‍ത്ഥനയെന്നത് സ്വയം സ്‌നേഹത്തിന്റെ പ്രകടനമാണ്. അവര്‍ ദൈവഹിതം തേടാതെ മനുഷ്യസ്തുതി തേടുന്നു. വിശ്വാസത്തെക്കാള്‍ സ്വാര്‍ത്ഥത നിറഞ്ഞ ഹൃദയത്തിന്റെ പ്രതിഫലനമാണിവിടെ നാം ദര്‍ശിക്കുക. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്നു കതകടച്ച് അദൃശ്യനായ പിതാവിനോടു പ്രാര്‍ത്ഥിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്. മുറിയില്‍ക്കയറി പ്രാര്‍ത്ഥിക്കുന്നത് ദൈവവും പ്രാര്‍ത്ഥിക്കുന്നവനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു. ഉള്‍മുറിയെന്നത് ഒരുവന്റെ ഹൃദയമാണ്. ഹൃദയമാകുന്ന ഉള്‍മുറിയില്‍ പ്രവേശിച്ച് അതിന്റെ കവാടങ്ങള്‍ തുറന്നിട്ടാല്‍ തിന്മയുടെ ശക്തികള്‍ ആന്തരികമനുഷ്യനെ ആക്രമിക്കുകയും പ്രാര്‍ത്ഥനയുടെ ഏകാഗ്രതയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍, ഇന്ദ്രിയങ്ങളാകുന്ന കവാടങ്ങളെ നാം അടയ്ക്കണം. ഇന്ദ്രിയനിഗ്രഹമുണ്ടായാലേ നമ്മുടെ പ്രാര്‍ത്ഥന ദൈവപിതാവ് ശ്രവിക്കുകയുള്ളൂ. പ്രാര്‍ത്ഥനയുടെ ഫലദായകത്വം പ്രധാനമായും പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യശുദ്ധിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവര്‍ കാണുന്നുവെന്നതല്ല, മറ്റുള്ളവരെ കാണിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണു തെറ്റ്. ആരവങ്ങളും ആര്‍പ്പുവിളികളും ഒഴിവാക്കി ശാന്തമായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ചുങ്കക്കാരന്റെ എളിയ മനോഭാവത്തോടും ധൂര്‍ത്തപുത്രന്റെ അനുതാപത്തോടും പാപിനിയുടെ ഹൃദയവിശുദ്ധിയോടുംകൂടി ദൈവസന്നിധിയില്‍ അണയുക. ഹൃദയവിശുദ്ധിയില്ലാതെ നീ എത്രമാത്രം ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചാലും ദൈവം നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് ഏശയ്യാ പ്രവാചകന്‍ പ്രസ്താവിക്കുന്നു.
ദാനധര്‍മം, പ്രാര്‍ത്ഥന എന്നിവയുടെ കാര്യത്തിലെന്നതുപോലെ ആത്മാര്‍ത്ഥത നിറഞ്ഞ മനസ്സും നിസ്വാര്‍ത്ഥമായ പ്രവൃത്തിയും ഉപവസിക്കുമ്പോഴും നമുക്ക് ആവശ്യമാണ്. കപടനാട്യക്കാരുടെ ഉപവാസത്തെക്കുറിച്ച് ഏശയ്യ 58:5, ജറെ. 14:12 എന്നിവിടങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. കപടനാട്യക്കാര്‍ ഉപവസിക്കുന്നതു ദൈവതിരുമുമ്പില്‍ വിനീതരാകാനായിരുന്നില്ല; മറിച്ച്, മനുഷ്യരുടെ മുമ്പില്‍ വലിയവരാകാനായിരുന്നു. ദൈവതിരുമുമ്പില്‍ ആരുമറിയാതെ നടത്തുന്ന ഉപവാസം ആത്മാര്‍ത്ഥമായിരിക്കും. മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി നടത്തുന്ന ഉപവാസമെന്ന പ്രകടനത്തിനു ദൈവതിരുമുമ്പില്‍ വിലയില്ല. ഉപവാസമെന്നാല്‍ കൂടെ വസിക്കലാണ്. ഉപവാസദിനമെന്നത് ദൈവത്തോടൊപ്പം ആയിരിക്കാനുള്ള ദിവസമാണ്. അപ്പോള്‍ ഭക്ഷണം അപ്രസക്തമായിത്തീരുന്നു. അവിടെ പിതാവുമായുള്ള ബന്ധത്തിന്റെ ഊട്ടിയുറപ്പിക്കലാണു സംഭവിക്കുന്നത്. പിതാവായ ദൈവത്തോടൊപ്പമായിരിക്കാന്‍ മക്കളെ പ്രാപ്തരാക്കുന്നതാണ് ഉപവാസം.
ധര്‍മദാനം, പ്രാര്‍ത്ഥന, ഉപവാസം എന്നീ മൂന്നു സത്കര്‍മങ്ങള്‍വഴി നോമ്പുകാലത്തെ ഫലപ്രദവും അനുഗ്രഹദായകവുമാക്കാം. പ്രകടനപരതയും മനുഷ്യപ്രശംസയ്ക്കുവേണ്ടിയുള്ള അഭിലാഷവും വര്‍ജിച്ച് ഹൃദയമാകുന്ന ഉള്‍മുറിയില്‍ പ്രവേശിച്ച് ദൈവത്തോടു നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവത്തോടൊപ്പമായിരുന്നുകൊണ്ട് സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാം. സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടാന്‍, നാം അപരനെ സഹായിക്കണം. നാം ദരിദ്രരുടെ ധാന്യപ്പുരകളായി വര്‍ത്തിച്ചാല്‍മാത്രമേ നമ്മളെയും മറ്റുള്ളവര്‍ സഹായിക്കൂ. കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഏകോദരസഹോദരചിന്തയോടെ തരണം ചെയ്യാന്‍ ഈ വിശുദ്ധഗ്രന്ഥവായനകള്‍ നമുക്ക് ഊര്‍ജം പകരട്ടെ.