മാര്‍ച്ച് 6 നോമ്പുകാലം രണ്ടാം ഞായര്‍
ഉത്പ 13 : 1-13 പ്രഭാ 31 : 1-11
1 തിമോ 6 : 3-10 ലൂക്കാ 19 : 1-10
സമ്പത്ത് മനുഷ്യനാവശ്യമാണ്. അതിനായി അദ്ധ്വാനിക്കണം. എന്നാല്‍, സമ്പത്തിനുവേണ്ടിമാത്രം ജീവിക്കുന്നതു തെറ്റാണ്. സമ്പത്ത് നല്ല ദാസനാണെങ്കിലും മോശപ്പെട്ട യജമാനനാണെന്ന കാര്യം നാം മറക്കരുത്. ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് (1 തിമോ. 6:10).
ഭൗതികസമ്പത്തിനോടു മിശിഹായുടെ ശിഷ്യനുണ്ടാകേണ്ട മനോഭാവമാണ് ഇവിടത്തെ പ്രതിപാദ്യവിഷയം. കര്‍ത്താവ് വാഗ്ദാനം ചെയ്ത കാനാന്‍ദേശത്ത് അബ്രാഹം തന്റെയും ലോത്തിന്റെയും കുടുംബങ്ങളോടുകൂടി താമസിച്ചിരുന്ന കാലത്തെ ഒരു സംഭവമാണ് ഒന്നാമത്തെ വായന വിവരിക്കുന്നത് (ഉത്പ. 13:1-13). അബ്രാഹത്തിനും ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും വര്‍ദ്ധിച്ചുവന്ന അവസരത്തില്‍ അബ്രാഹം ലോത്തിനോടു പറയുന്ന കാര്യം ശ്രദ്ധേയമാണ്: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്. ഇതാ, ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ. എന്നെ പിരിഞ്ഞുപോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണ് നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം (ഉത്പ. 13: 8-9). ഇപ്രകാരം, സമാധാനപരമായി അവര്‍ പിരിയുകയാണ്. സമ്പത്തിലാശ്രയിക്കാതെ ദൈവത്തിലാശ്രയിക്കുന്ന അബ്രാഹത്തിന്റെ ഈ മനോഭാവം നമുക്കിടയില്‍ പുലരുന്നുവെങ്കില്‍ എത്രയോ കുടുംബകലഹങ്ങള്‍ ഒഴിവാകും! ഒരു തുണ്ടു ഭൂമിക്കും ഒരല്പം സമ്പാദ്യത്തിനുംവേണ്ടി ജീവിതകാലം മുഴുവന്‍ വഴക്കടിച്ചു കഴിയുന്ന എത്രയോ സഹോദരന്മാരുണ്ട്! ഒരല്പം വിട്ടുവീഴ്ചാ മനോഭാവവും പരസ്പരധാരണയുമുണ്ടെങ്കില്‍ നമ്മുടെ സമൂഹങ്ങള്‍ എത്രയോ ക്രൈസ്തവചൈതന്യമുള്ളവയാകും!
ഈ ലോകസമ്പാദ്യങ്ങളോടു വിശ്വാസിക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ചാണ് പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണം (പ്രഭാ. 31:1-11) നമ്മെ അനുസ്മരിപ്പിക്കുന്നത്. ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുമെന്നു പ്രഭാഷകന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ധനം ആവശ്യമെങ്കിലും നാമതിന്റെ അടിമകളായിത്തീരരുത്.
ഈശോമിശിഹായുടെ സുവിശേഷത്തോടും അവിടുത്തെ പ്രബോധനങ്ങളോടും ചേരാത്ത ജീവിതം നയിക്കുന്നവരെക്കുറിച്ചാണ് പൗലോസ്ശ്ലീഹാ (1 തിമോ. 6: 3-10)മുന്നറിയിപ്പു നല്കുന്നത്. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങള്‍ ഈശോയുടെ പ്രബോധനങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഉണ്ടാകുന്നത്. സര്‍വതിന്മകളുടെയും നിദാനം ദ്രവ്യാഗ്രഹമാണെന്ന് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു.
ദൈവദാനമായ സമ്പത്ത് ശരിയായി വിനിയോഗിക്കണമെന്നും നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും അങ്ങനെ മാനസാന്തരത്തിലൂടെ രക്ഷയുടെ അനുഭവം സ്വായത്തമാക്കണമെന്നും സക്കേവൂസിന്റെ ജീവിതകഥ നമ്മെ പഠിപ്പിക്കുന്നു. ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായിരുന്ന സക്കേവൂസ് ഈശോയെ കാണാന്‍ ആഗ്രഹിച്ച് സിക്കമൂര്‍മരത്തില്‍ കയറിയിരുന്നു. ഈശോയുടെ ചുറ്റും കൂടിയ ജനക്കൂട്ടത്തെക്കാള്‍ വളരെയകലെയാണ് സക്കേവൂസ് നിലയുറപ്പിച്ചതെങ്കിലും അവിടെയുണ്ടായിരുന്ന എല്ലാവരെയുംകാള്‍ ഈശോയുടെ അടുത്തെത്താന്‍ സ്‌നേഹംവഴി അദ്ദേഹത്തിനു കഴിഞ്ഞു. ദൈവത്തില്‍നിന്നകലാനാണ് ആദം അത്തിയിലകളുടെ ഇടയില്‍ ഒളിച്ചതെങ്കില്‍, ഈശോയുടെ അടുത്തേക്കു വരാനും, ഗുരുവിനെ നേരേചൊവ്വേ കാണാനുമാണ് സക്കേവൂസ് അത്തിമരത്തില്‍ കയറിയത്. ഫലം തരാത്ത അത്തിമരത്തെ നോക്കി ശപിച്ച കര്‍ത്താവ്, ഇപ്രാവശ്യം നോക്കിയപ്പോള്‍ അനുതാപത്തിന്റെ നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന സക്കേവൂസിനെയാണു കണ്ടത്. നിധി കണ്ടെത്തിയ വ്യാപാരിയെപ്പോലെ സക്കേവൂസ് അനുതാപവിവശനായി ദൈവത്തെ സമ്പത്തായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. സമ്പത്തിനോടുള്ള കാഴ്ചപ്പാടില്‍ സക്കേവൂസ് മാറ്റം വരുത്തുന്നു. അതുകൊണ്ടാണ് എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു' എന്നു സക്കേവൂസ് പറയുന്നത്. സമ്പത്ത് മനുഷ്യനാവശ്യമാണ്. അതിനായി അദ്ധ്വാനിക്കണം. എന്നാല്‍, സമ്പത്തിനുവേണ്ടി മാത്രം ജീവിക്കുന്നതു തെറ്റാണ്. സമ്പത്ത് നല്ല ദാസനാണെങ്കിലും മോശപ്പെട്ട യജമാനനാണെന്ന കാര്യം നാം മറക്കരുത്. ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് (1 തിമോ. 6:10). മറ്റൊരാളുടെ സമ്പത്തില്‍ നമുക്ക് തൃഷ്ണയുണ്ടാകാന്‍ പാടില്ല. അഴിമതിയും അക്രമവും സ്വാര്‍ത്ഥചിന്തകളും ധനമോഹത്തില്‍നിന്ന് ഉടലെടുക്കുന്നു.
ലൗകികസമ്പത്ത് കൊള്ളയടിക്കപ്പെടാമെങ്കിലും സ്വര്‍ഗീയസമ്പത്ത് ആര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. സ്വര്‍ഗത്തില്‍ സമാഹരിക്കുന്ന നിക്ഷേപം തുരുമ്പും കീടങ്ങളും നശിപ്പിക്കുകയില്ല. ആയതിനാല്‍ അപരനെ സഹായിച്ചും ധര്‍മദാനം ചെയ്തും ജീവിക്കുമ്പോള്‍ നാം ദൈവസന്നിധിയില്‍ യോഗ്യതയുളളവരും ആദ്ധ്യാത്മികമായി സമ്പന്നരുമായിത്തീരും.
കര്‍ത്താവാണ് സക്കേവൂസിനെ ആദ്യം സ്‌നേഹത്തോടും കാരുണ്യത്തോടുംകൂടി നോക്കുകയും അത്തിമരത്തില്‍നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്. അനുതാപവും മാനസാന്തരവുമാണ് ഈശോയുടെ കൃപാകടാക്ഷത്തിലൂടെ സക്കേവൂസിനുണ്ടാകുന്നത്. അനുതപിക്കുന്നവരുടെ പാപങ്ങള്‍ കര്‍ത്താവ് പൊറുക്കുമെന്ന പ്രത്യാശ ഉളവാക്കുന്നതാണ് ഈ സംഭവം. ചുങ്കക്കാരനെ ശിഷ്യനാക്കി മാറ്റിയ കര്‍ത്താവിന്റെ സ്‌നേഹവും അദ്ഭുതങ്ങളും നമ്മുടെയും ജീവിതത്തില്‍ ഉണ്ടാകാന്‍ അനുതാപത്തിന്റെ വഴിയിലൂടെ നമുക്കും സഞ്ചരിക്കാം. ഈശോയെ സ്വജീവിതത്തിലേക്കു ക്ഷണിച്ച് നമ്മുടെ ഭവനത്തിന്റെ നാഥനായി ഏറ്റുപറയാനും ക്രിസ്തുശിഷ്യരായിത്തീരാനും ശ്രമിക്കാം. സക്കേവൂസിനെപ്പോലെ പങ്കുവയ്ക്കലിന്റെയും ജീവിതനവീകരണത്തിന്റെയും ഗൃഹപാഠം ഈ നോമ്പുകാലത്ത് നമുക്കു ചെയ്തുതീര്‍ക്കാം.