•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

ദേവാങ്കണം

പ്രിയമുള്ളവരേ...
ഞാന്‍ ദേവസഹായം പിള്ള. എന്റെ പൂര്‍വാശ്രമത്തിലെ പേര് നീലകണ്ഠന്‍ എന്നായിരുന്നു. ഒരുപക്ഷേ, നിങ്ങളില്‍ പലരും എന്നെ കേട്ടിട്ടുണ്ടാകില്ല. ചിലരെങ്കിലും എന്നെ കേട്ടിരിക്കാനും മതി. ഇതൊന്നും പറയാനല്ല ഞാനിപ്പോള്‍ മുതിരുന്നത്.
ഈ അടുത്തകാലത്തായി ഒരാള്‍ എനിക്കു ചുറ്റും സഞ്ചരിക്കുന്നു. എന്നോടു ചിരിക്കുന്നു. ചിലപ്പോഴൊക്കെ വിതുമ്പുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഞാന്‍ പറയുന്ന ഉത്തരങ്ങളിലൊന്നും അയാള്‍ തൃപ്തിപ്പെടുന്നുമില്ല. ആയിരത്തിയെഴുന്നൂറ്റി പ്പന്ത്രണ്ടിലാണ് എന്റെ ജനനം. ആയിരത്തിയെഴുന്നൂറ്റി നാല്പത്തിയൊന്നില്‍ ഭൂമിയിലെ വാസമുപേക്ഷിച്ച് ക്രിസ്തുദേവന്റെ തിരുവടികളിലേക്കു മടങ്ങുകയും ചെയ്ത നീലകണ്ഠപ്പിള്ള ദേവസഹായംപിള്ള എന്ന ഞാന്‍, എനിക്കു ചുറ്റും കുറെക്കാലമായി സഞ്ചരിക്കുകയും ആവശ്യമില്ലാത്തതും എന്നാല്‍, പലപ്പോഴും ജാഗ്രത്തുമായ ചോദ്യങ്ങള്‍കൊണ്ട് എനിക്കു സ്വസ്ഥത തരാതിരിക്കുകയും ചെയ്യുന്ന എന്റെ പ്രിയമിത്രത്തിന്റെ തൂലികയിലെ മഷിയായി വീണ്ടും ഉരുവാക്കപ്പെടുകയാണ്.
എന്റെ സന്തോഷങ്ങളും സങ്കടങ്ങളും പീഡാസഹനങ്ങളും നാനൂറു വര്‍ഷങ്ങള്‍ക്കുശേഷം എന്റെ പ്രിയമിത്രത്തിലൂടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. ഈ പങ്കുവയ്ക്കല്‍ യേശുദേവന്റെ അന്ത്യത്താഴവുമായി നിങ്ങള്‍ തുലനം ചെയ്യണം. അത്രയ്ക്കുണ്ട് എന്റെ കഥ നിങ്ങളിലേക്ക് എത്തിക്കാന്‍ തൂലിക പിടിക്കുന്ന ഈ മനുഷ്യനും അനുഭവിക്കുന്നത്. അയാള്‍ പറയുന്നത്, ഒരു കഥയെഴുതുന്നത് തന്നെത്തന്നെ ബലികൊടുക്കുന്നതുപോലെയാണെന്നാണ്.
ഞാന്‍ നീലകണ്ഠന്‍. കഥ പറഞ്ഞു തുടങ്ങുന്നതു ഞാനാണ്. തുടക്കം മാത്രമാണ് എന്നില്‍നിന്നുണ്ടാകുക. ബാക്കി എന്റെ പ്രിയ എഴുത്തുകാരന്‍ പറയും. കഥ പറഞ്ഞുതീരുമ്പോള്‍ ഞാന്‍ വായനക്കാരെ കാണാന്‍ വരും. നിശ്ചയം.
നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. ശ്രീപത്മനാഭസ്വാമികളുടെ പട്ടണം. ക്ഷേത്രസമുച്ചയങ്ങളുടെ നാട്.
കരിമ്പനകള്‍ കുടമാറ്റം നടത്തുന്ന വെളിമ്പറമ്പുകളും മാന്തോപ്പുകളും നെല്‍വയലുകളും നിറഞ്ഞ മനോഹരമായ ചെന്തമിഴ്‌നാട്. അതിനടുത്താണ് നട്ടാലം എന്ന ഗ്രാമം. നട്ടാലത്താണ് മരുതുകുളങ്ങര ഭവനം സ്ഥിതി ചെയ്യുന്നത്.
അന്ന് മരുതുകുളങ്ങര എന്നൊരു നാട്ടുരാജ്യമുണ്ടായിരുന്നു ഉത്തരതിരുവിതാംകൂറില്‍. അഴീക്കല്‍മുതല്‍ കായംകുളംവരെയായിരുന്നു അതിന്റെ വിസ്തൃതി. ആയിരത്തിയെഴുന്നൂറ്റിയിരുപതില്‍ കായംകുളം രാജാവ് പിടിച്ചടക്കുന്നതുവരെ അതൊരു സ്വതന്ത്രനാട്ടുരാജ്യമായിരുന്നു.
മരുതുകുളങ്ങര കായംകുളം രാജാവിന്റെ അധീനതയിലാകുന്നതിനു രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആ നാട്ടില്‍നിന്ന് ഒരു പോറ്റിയെ നട്ടാലത്തെ ഭദ്രകാളീക്ഷേത്രത്തില്‍ പൂജാരിയായി നിയമിച്ചിരുന്നു. അദ്ദേഹം ആ നാട്ടുകാരിയായ ഒരു നായര്‍സ്ത്രീയെ വിവാഹം ചെയ്ത് തന്റെ രാജ്യനാമംതന്നെ ഭവനനാമമായി സ്വീകരിച്ച് നട്ടാലത്തു താമസമുറപ്പിച്ചു. ആ വംശത്തിലെ പിന്‍മുറക്കാരനായാണ് നീലകണ്ഠന്‍ ജനിച്ചത്.
അച്ഛന്‍ വാസുദേവന്‍. അമ്മ ദേവകി. പതിനാറുകെട്ടും പടിപ്പുരയും പതിനായിരം പാടത്തിന്റെ നെല്‍ക്കൃഷിയും അനവധിവിധ സ്വത്തുവകകളും മരുതുകുളങ്ങര ഭവനത്തിനു സ്വന്തം. ഈരേഴു പതിന്നാല് ലോകത്തുമുള്ള ദേവാസുരഗണങ്ങളും മുപ്പത്തിമുക്കോടി ദേവകളും കാവല്‍നിന്നു മരുതുകുളങ്ങര ഭവനത്തിന്.
പടിപ്പുരയ്ക്കുപുറത്ത് അടിയാന്മാരും കുടിയാന്മാരും കല്പനകള്‍ക്കു കാതോര്‍ത്തു സദാ കാത്തുനിന്നു. കരിമ്പനകളും പുളിമരങ്ങളും വേപ്പുമരങ്ങളും നിറഞ്ഞ വെളിമ്പറമ്പുകളില്‍ കൊഴുത്തു മെഴുത്ത കാലിക്കൂട്ടങ്ങള്‍ മേഞ്ഞുനടന്നു. കാലാകാലങ്ങളില്‍ വയലില്‍ സമൃദ്ധിയുടെ കതിരു കുനിഞ്ഞു. ഹരിതം നിറഞ്ഞ കൃഷിയിടങ്ങളും തൊടികളും സമൃദ്ധം. നാട് സമൃദ്ധം.
ത്രിസന്ധ്യകളില്‍ നാമജപം കഴിഞ്ഞ് മരുതുകുളങ്ങരവീടിന്റെ പടിപ്പുരയില്‍നിന്നൊരു വിളിച്ചു ചോദ്യം രാക്കാറ്റില്‍ പറന്നുവരും:
''അത്താഴപ്പട്ടിണിക്കാരുണ്ടോ?''
''ഇല്ലേ തമ്പ്രാ...'' മിക്കവാറും മറുപടിയുണ്ടാകും.
നട്ടാലത്താരും പട്ടിണി പുതച്ചുറങ്ങിയില്ല. മഴചോരുന്ന കുടിലുകളിലാര്‍ക്കും നിദ്ര മുടങ്ങിയില്ല. ഒരു പ്രഭാതത്തിലും അവര്‍ മുഷിഞ്ഞ സൂര്യനെ കണ്ടുണര്‍ന്നില്ല.
എല്ലാം സേവാമൂര്‍ത്തികളുടെ അനുഗ്രഹം....
നട്ടാലം കാക്കാന്‍ അനവധിയായ ക്ഷേത്രങ്ങളില്‍ കിരാതമൂര്‍ത്തികള്‍ കാവല്‍ നിന്നു. മൂര്‍ത്തീവിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ബലിക്കല്ലുകള്‍ ദാഹം ശമിക്കാതെ കിടന്നു.
കാലാകാലങ്ങളായി നാട്ടുനന്മയ്ക്കായി ഗണകശ്രേഷ്ഠന്മാര്‍ കവിടിപ്പലകകളില്‍ മഹാജ്ഞാനത്തിന്റെയും ദീര്‍ഘദര്‍ശനത്തിന്റെയും കരുക്കള്‍ നിരത്തി. യോഗദൃഷ്ടിയുടെയും ത്രികാലജ്ഞാനത്തിന്റെയും നാരായമുനകളാല്‍ നട്ടാലത്തിനു മുകളില്‍ അഭിവൃദ്ധിക്കുള്ള കവചം കുറിച്ചു.
''ആപത്തുകള്‍ വരുന്നു. നരബലി വേണം.''
രക്തപാനംകൊണ്ടേ കിരാതമൂര്‍ത്തികളുടെ കലിയടങ്ങൂ. ആപത്തുകള്‍ അകലംകൊള്ളൂ. ഇല്ലെങ്കില്‍ അനര്‍ത്ഥങ്ങള്‍ നാടിനെ ഗ്രസിക്കും.
രോഗങ്ങള്‍, മഹാമാരികള്‍, പ്രകൃതിക്ഷോഭങ്ങള്‍, നാശനഷ്ടങ്ങള്‍.... നാടുമുടിയും.
ബലിക്കല്‍പ്പുരകളില്‍ കുരുതി നടന്നു. ബലിക്കായി തിരഞ്ഞെടുക്കപ്പെട്ടതോ ഹീനജാതിക്കാര്‍. ശൂദ്രര്‍, അശുദ്ധര്‍, അധമജന്മങ്ങള്‍.
അശുദ്ധജാതിക്കാരുടെ ശുദ്ധരക്തം പാനം ചെയ്ത് സവര്‍ണരുടെ കിരാതമൂര്‍ത്തികള്‍ തൃപ്തിയടഞ്ഞു. ബലിക്കല്ലുകള്‍ രക്തം നനഞ്ഞ് മോക്ഷപ്രാപ്തിക്കായി കാത്തുകിടന്നു.
ബ്രഹ്‌മജ്ഞാനത്തിന്റെ പൊരുളറിയുന്ന ബ്രാഹ്‌മണ്യവര്‍ഗത്തില്‍നിന്നാരും ബലിക്കല്ലുകളില്‍ ശിരസറുക്കപ്പെട്ടില്ല. ബലിമൃഗങ്ങളെ അവര്‍ ചൂണ്ടിക്കാട്ടുക മാത്രം ചെയ്തു.
അതൊക്കെ പഴയകാലം. കാലം മാറി. പക്ഷേ, കഥകളില്‍ വലിയ മാറ്റം വന്നില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി പരിണാമംകൊണ്ടു. മനുഷ്യക്കുരുതി മൃഗബലിയിലേക്കു വഴിമാറി, അങ്ങനെ മാറ്റേണ്ടിവന്നു.
പക്ഷേ, മൂര്‍ത്തികള്‍ മനുഷ്യരക്തം കിട്ടാതെ പൊരിഞ്ഞു. ദേവകള്‍ മുഖം മറച്ചു. നട്ടാലത്തിനു മുകളില്‍ കലികാലത്തിന്റെ നിഴല്‍ വീണു. ഋതുചക്രങ്ങള്‍ ക്രമം തെറ്റി. കൊടുംവേനലും പേമാരിയും നട്ടാലത്തെ പ്രഹരിച്ചു. ജനങ്ങള്‍ വലഞ്ഞു. മാറാരോഗങ്ങളും അകാലമരണങ്ങളും സംഭവിക്കുന്നു.
പ്രതിവിധി വേണം. ദേവപ്രീതിക്കായി മൃഗബലി. കുക്കുട ബലി. രക്തപാനം ചെയ്തു മൂര്‍ത്തികള്‍ ശാന്തരായി. എങ്കിലും ഭക്തര്‍ക്കു തൃപ്തി വന്നില്ല. പൊങ്കാല. മഞ്ഞള്‍ചാര്‍ത്ത്, പാലഭിഷേകം, നെയ്യഭിഷേകം, തുളസിമാല, കൂവളമാല, ഗുരുതി അങ്ങനെ അര്‍പ്പണങ്ങളനവധി.
അങ്ങനെ, മനുഷ്യനും ദൈവങ്ങളും ഹിതകരമായി കഴിയുന്ന കാലം. പത്മനാഭപുരത്തിന്റെ കിഴക്കേ ആകാശത്തില്‍ വെള്ളിടിപൊട്ടി. കാലം തെറ്റിവന്ന വര്‍ഷം വെള്ളിനൂലുകള്‍പോലെ ഭൂമിയിലേക്കിറങ്ങി.  കരിമ്പനകളും വേപ്പുമരങ്ങളും മകരവര്‍ഷത്തില്‍ കുളിരുകൊണ്ടു.
മഴയും കുളിരും പെയ്ത മകരപ്പുലരിയില്‍ നട്ടാലം ഗ്രാമത്തിലെ മരുതുകുളങ്ങരത്തറവാട്ടില്‍ ഒരുണ്ണി പിറന്നു. ഉദയാര്‍ക്കപ്രഭയോടെ ഒരുണ്ണി. തേജോമയന്‍. സൗമ്യരൂപന്‍.
നേരം തെളിഞ്ഞു. കാലം തെളിഞ്ഞു. കവിടിപ്പലകകളില്‍  കരുക്കള്‍ നിറഞ്ഞു. രാശിചക്രങ്ങള്‍ തിരിഞ്ഞു.  നക്ഷത്രവ്യൂഹങ്ങള്‍ തെളിഞ്ഞു.
ഇവന്‍ രോഹിണി നക്ഷത്രം. അഷ്ടമി രോഹിണി. ശ്രീകൃഷ്ണജന്മം. പക്ഷേ, ജീവിതം ശങ്കരസമാനം. ശിവശങ്കരം. ശങ്കരവാസം കൈലാസത്തില്‍. ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ മൂന്നാം കണ്ണ്.
ഇരുപത്തെട്ടാം നാള്‍ നൂലുകെട്ട്. നട്ടാലത്തമ്മയുടെ തിരുനടയില്‍. നട്ടാലത്തമ്മ മഹാകാളി. മഹാമായ, ജഗദംബിക. അനുഗ്രഹവര്‍ഷിണി. സര്‍വ്വംഹര...
മഹാമായ ഭദ്രകാളിയുടെ തിരുനടയില്‍വച്ച് ഉണ്ണിക്കു പേരു കുറിച്ചു: നീലകണ്ഠന്‍.
ജ്യോത്സ്യപ്രമുഖര്‍ അകംതെളിച്ച് കരിമ്പനയോലക്കെട്ടില്‍ നാരായം കോറി ജാതകം ദര്‍ശിച്ചു:
''ഇവന്‍ കൃഷ്ണജന്മം. ഔന്നത്യത്തില്‍ ശങ്കരതുല്യന്‍.''
ജ്യോത്സ്യവചനങ്ങള്‍ അണുവിട പിഴച്ചില്ല. പത്മനാഭപുരത്തെ പുകള്‍പെറ്റ ജ്യോത്സ്യപ്രഭുതികള്‍ക്കു പിഴയ്ക്കില്ല. ഉണ്ണി സമര്‍ത്ഥന്‍. സ്ഥിരബുദ്ധി, സമാനതകളില്ലാത്ത ഗ്രഹണസിദ്ധി. ദൃഢഗാത്രം. ഐശ്വര്യരൂപം.
അനാദിയായ കാലത്തിന്റെ രഥചക്രമുരുണ്ടുകൊണ്ടിരുന്നു. ഋതുഭേദങ്ങള്‍ ക്രമം തെറ്റാതെ വന്നുപോയി.
ഉണ്ണി വളര്‍ന്നു. പഠനം മരുതുക്കുളങ്ങര വീട്ടില്‍ ത്തന്നെ. പണ്ഡിതശിരോമണികള്‍ പാഠങ്ങള്‍ ചൊല്ലിക്കൊടുത്തു. ഗുരുക്കന്മാരില്‍നിന്നു ചൊല്ലിക്കിട്ടിയതൊക്കെയും ശിലാചിത്രങ്ങളായി നീലകണ്ഠന്‍ വശപ്പെടുത്തി.
തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകള്‍ വശമാക്കി. കാവ്യം, അലങ്കാരം, അര്‍ത്ഥശാസ്ത്രം ഒക്കെ ഉള്ളിലേക്കാവഹിച്ചു.
സിദ്ധരൂപം, അമരകോശം, തിരുക്കുറള്‍, ചിലപ്പതികാരം, മേഘസന്ദേശം ഒക്കെയും നീലകണ്ഠനു മനഃപാഠം. തര്‍ക്കം, വേദാന്തം എന്നിവയില്‍ അദ്വിതീയന്‍. മെയ്യഭ്യാസത്തിലും ആയുധാഭ്യാസത്തിലും അതിനിപുണന്‍.
ബുദ്ധികൂര്‍മത, അതാകട്ടെ തുഷാരകണംപോലെ ശുഭ്രമായത്. സത്‌സ്വഭാവി. കറയറ്റ വ്യക്തിത്വം. കരുണാധരന്‍. ഗുരുകുലസമ്പ്രദായത്തിലായിരുന്നു നീലകണ്ഠന്റെ വിദ്യാഭ്യാസത്തിലേറെയും. പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഓരോ ഗുരുക്കന്മാര്‍ക്കും ദക്ഷിണയും ദ്രവ്യങ്ങളും കാഴ്ചവച്ചാണ് നീലകണ്ഠന്‍ മടങ്ങിയത്.
തങ്ങളുടെ പ്രിയശിഷ്യനെ അനുഗ്രഹിച്ചയയ്ക്കുമ്പോള്‍ ഗുരുക്കന്മാരോരുത്തരും ദീര്‍ഘദര്‍ശനംപോലെ പറഞ്ഞു:
''പ്രിയ ശിഷ്യാ നിന്നെ കാലവും ലോകവും അടയാളപ്പെടുത്തും.''
മരുതുകുളങ്ങര ഭവനത്തിനു മനം നിറഞ്ഞു. നീലകണ്ഠനെ പ്രതി നട്ടാലം മുഴുവന്‍ അഭിമാനം കൊണ്ടു.
ഗുരുകുലകാലത്ത് അനുഷ്ഠിച്ചു പോന്ന ദിനചര്യകളെല്ലാം പഠനാനന്തരവും നീലകണ്ഠന്‍ തുടര്‍ന്നു. ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ത്തന്നെ ഉറക്കമുണരും. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് മരുതുക്കുളങ്ങരത്തറവാടിനു തെക്കേനടയിലുള്ള ഭദ്രകാളീക്ഷേത്രത്തിലേക്കു നടക്കും. വെട്ടം തെളിച്ചുകൊണ്ട് സന്തതസഹചാരി കുമാരനുമുണ്ടാകും കൂടെ. കുമാരന്‍ നീലകണ്ഠന്റെ ഒരു ബന്ധുവാണ്. മരുതുക്കുളങ്ങരയില്‍ത്തന്നെ വാസം.
പൂജാരി നടതുറക്കുംമുമ്പേ നീലകണ്ഠന്‍ ക്ഷേത്രനടയിലെത്തും. നീലകണ്ഠനെത്തിയാല്‍ നടതുറക്കാന്‍ സമയമായി എന്നു പൂജാരിക്കു നിശ്ചയം. നീലകണ്ഠനു നേരവും നാവും പിഴയ്ക്കില്ല.
വിശേഷനാളുകളില്‍ നീലകണ്ഠന്‍ ദര്‍ശനത്തിനായി മാരിയമ്മന്‍ കോവിലില്‍ പോകും. വില്ലുവണ്ടിയിലാകും യാത്ര. സാരഥിയായി കുമാരനുമുണ്ടാകും.
ക്ഷേത്രദര്‍ശനം കഴിഞ്ഞു നേരേ കളരിയിലേക്കാണു പോകുക. ആയുധാഭ്യാസം. കരവാള്‍, ഉറുമി തുടങ്ങിയവ. പിന്നെ മെയ്യഭ്യാസവും. പഠിച്ചതൊക്കെയും പരിശീലിച്ചുറപ്പിക്കും. നീലകണ്ഠന് എതിരാളിയായി കളരിയിലും കൂട്ടുകാരന്‍ കുമാരന്‍ തന്നെ.
കളരിയഭ്യാസം  കഴിഞ്ഞ് നേരേ മരുതുകുളങ്ങരയിലേക്ക്. ദേഹശുദ്ധി വരുത്തി പ്രഭാതഭക്ഷണം കഴിക്കും. ചെമ്പാവരിക്കഞ്ഞിയാണു പഥ്യം. നെയ്യ് ചേര്‍ത്ത കഞ്ഞി. കനലില്‍ പൊള്ളിച്ചെടുത്ത പപ്പടം.  കൊണ്ടാട്ടം, ഉപ്പിലിട്ടത് അത്രയേ വേണ്ടൂ. ആവതുണ്ടെങ്കിലും വിഭവങ്ങള്‍ അധികമൊന്നും ഭക്ഷണത്തിനുണ്ടാകാറില്ല. എല്ലാം മിതമായിട്ടു മതി.
ഭക്ഷണം കഴിഞ്ഞ് നീലകണ്ഠന്‍ നടക്കാനിറങ്ങും.
കൂട്ടിനു കുമാരനുണ്ടാവില്ല. ഒറ്റയ്ക്കാണു നടത്തം. വെയിലുറച്ചിട്ടുണ്ടാവില്ല. നീലകണ്ഠന്‍ നടക്കാനിറങ്ങുമ്പോള്‍ ഇളംകാറ്റ് വീശുന്നുണ്ടാകും. കാറ്റില്‍ കനകാംബരവും ജമന്തിയും മണക്കുന്നുണ്ടാവും. കരിമ്പനക്കാടുകള്‍ മെല്ലെ ചാമരം വീശും. മുളങ്കാടുകള്‍ കീര്‍ത്തനം പാടും.
നടത്തം കരുവാന്‍ മാണിക്കന്റെ ആലയിലേക്കാവും. നീലകണ്ഠന്റെ മിത്രമാണ് കരുവാന്‍ മാണിക്കന്‍. കാരിരുമ്പിന്റെ മനസ്സറിഞ്ഞ കൊല്ലപ്പണിക്കാരന്‍.
മാണിക്കന്റെ അപ്പന്‍ കരുമാണ്ടി കരുവാന്‍ നട്ടാലമറിയുന്ന കൊല്ലപ്പണിക്കാരനായിരുന്നു. അസ്ത്രമൂര്‍ച്ചയുള്ള ആയുധങ്ങള്‍ പണിയുന്നവന്‍. പത്മനാഭപുരം കൊട്ടാരത്തിലേക്കുള്ള ആയുധങ്ങള്‍ പണിതിരുന്നത് കരുവാന്‍ കരുമാണ്ടിയായിരുന്നു. കരുമാണ്ടിയുടെ കാലശേഷം മാണിക്കനായി നട്ടാലത്തിന്റെ കരുവാന്‍.


(തുടരും)

 

Login log record inserted successfully!