•  9 May 2024
  •  ദീപം 57
  •  നാളം 9
വചനനാളം

പലോഭനങ്ങളെ അതിജീവിക്കാന്‍

ഫെബ്രുവരി 27  നോമ്പുകാലം   ഒന്നാം ഞായര്‍
പുറ 24 : 12-18  പ്രഭാ 2 : 1-11
ഹെബ്രാ 2 : 10-18   ലൂക്കാ 4 : 1-13

സാത്താന്‍ ഭൗമികരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഈശോ സ്വര്‍ഗീയരാജ്യമാണ് നമുക്കു വാഗ്ദാനം ചെയ്യുന്നത്. ഈശോ നമുക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗീയഭവനങ്ങള്‍ സ്വന്തമാക്കാന്‍ ലൗകികപ്രതാപങ്ങളും ആധിപത്യങ്ങളും ഉപേക്ഷിക്കേണ്ടതായി വരും.

ലിയനോമ്പിന്റെ ചൈതന്യത്തിലേക്കു നാം പ്രവേശിക്കുകയാണല്ലോ. ഉപവാസവും പ്രാര്‍ത്ഥനയും വഴി സാത്താനെ പുറത്താക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനും കഴിയുമെന്ന ഉറപ്പാണ് നോമ്പുകാലം നമുക്കു നല്കുന്നത്. നാല്പതു രാവും നാല്പതു പകലും മൂശെ ദൈവത്തോടൊത്ത് ആയിരിക്കുന്നതിനെക്കുറിച്ചാണ് നോമ്പുകാലം ആദ്യഞായറിലെ ഒന്നാം പ്രഘോഷണത്തില്‍ (പുറ. 24:12-18) നാം കാണുന്നുത്. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസത്തിന്റെ മുന്‍രൂപമായി സീനായ് മലയില്‍വച്ചുള്ള മൂശെയുടെ ഉപവാസം വര്‍ത്തിക്കുന്നു. ജീവിതത്തില്‍ പ്രലോഭനങ്ങളുണ്ടാകുന്നതിനെക്കുറിച്ചാണ് രണ്ടാം വായന പരാമര്‍ശിക്കുന്നത്' എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക' എന്ന ഉപദേശത്തോടെയാണ് രണ്ടാം പ്രഘോഷണം (പ്രഭാ. 2:1-11)  ആരംഭിക്കുന്നത്. പ്രലോഭനങ്ങളുടെ മദ്ധ്യേ പതറാതെയും തകരാതെയും ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കണമെന്നാണ് പ്രഭാഷകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
''അവന്‍ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കും' എന്ന സാന്ത്വനവചസ്സുകളോടെയാണ് മൂന്നാം വായന (ഹെബ്രാ. 2:10-18) സമാപിക്കുന്നത്. പാപമൊഴികെ എല്ലാത്തിനോടും അവിടന്ന് നമ്മോടു സദൃശനായത് നമ്മെ രക്ഷിക്കാനായിരുന്നു. ഇതെക്കുറിച്ചാണ് ഹെബ്രായലേഖകന്‍ ഇപ്രകാരം എഴുതുന്നത്: ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതനാകാന്‍ അവന്‍ തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു (2:17). സഹനമരണങ്ങളിലൂടെ നമ്മോടു താദാത്മ്യപ്പെട്ട് ഈശോ മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയാവുകയും നമ്മുടെമേല്‍ അധികാരം പുലര്‍ത്തിയിരുന്ന പിശാചിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. കര്‍ത്താവ് തന്റെ ഉത്ഥാനംവഴി പിശാചിനു നമ്മുടെമേലുള്ള ആധിപത്യം തകര്‍ത്തുകളഞ്ഞു. ആദ്യമനുഷ്യന്‍ ദുഷ്ടപിശാചിന്റെ പ്രേരണയ്ക്കു വഴങ്ങി ദൈവത്തോട് അനുസരണക്കേടു കാണിച്ചതിനു പരിഹാരമായി രണ്ടാം ആദമായ മിശിഹാ പിശാചിന്റെ തന്ത്രങ്ങള്‍ക്കു കീഴ്‌പ്പെടാതെ പിതാവായ ദൈവത്തിന്റെ വചനങ്ങള്‍ക്കു വിധേയപ്പെട്ടു നിത്യജീവന്റെ പാത നമുക്കു തുറന്നുതന്നു.
മരുഭൂമിയില്‍വച്ച് ഈശോ നേരിട്ട പ്രലോഭനങ്ങളാണ് സുവിശേഷപാഠം (മത്താ. 4:1-11). സ്വഭാവത്താലേ പരിശുദ്ധനും, കളങ്കമറ്റവനും നന്മയില്‍ പൂര്‍ണനുമായിരുന്ന മിശിഹാ എന്തിനാണ് ഉപവാസമനുഷ്ഠിച്ചത്? നമ്മിലെ വിഷയാസക്തിയെ നിഹനിക്കുന്നതിനും നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പാപത്തിന്റെ നിയമത്തെ എതിര്‍ക്കുന്നതിനും (1 കോറി. 9:27), ഭോഗേച്ഛയിലേക്കു നമ്മെ നയിക്കുന്ന വികാരങ്ങളെ നശിപ്പിക്കുന്നതിനുമുള്ള മാര്‍ഗമെന്ന നിലയിലാണ് ഈശോ ഉപവാസമനുഷ്ഠിച്ചത്. ബലഹീനരായ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കാന്‍  അവിടുന്ന് ഉപവസിച്ചു.
ഈശോ മരുഭൂമിയില്‍വച്ചു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു കഴിയുമ്പോഴാണ് പ്രലോഭകന്‍ സമീപിക്കുന്നത്. പ്രലോഭനംവഴിയുള്ള പോരാട്ടത്തിലൂടെ അവനെ പരീക്ഷിക്കാത്തിടത്തോളം കാലം അവനെ തിരിച്ചറിയാന്‍ തനിക്കു കഴിയുകയില്ലായെന്നു മനസ്സിലാക്കിയതുകൊണ്ടാണ് മരുഭൂമിയില്‍വച്ച് സാത്താന്‍ ഈശോയെ പരീക്ഷിക്കുന്നതെന്ന് സഭാപിതാവായ വിശുദ്ധ അപ്രേം ഉദ്‌ബോധിപ്പിക്കുന്നു. ആഹാരം കൂടാതെ നാല്പതുദിവസങ്ങള്‍ മോശയും (പുറ. 24:18) ഏലിയായും (1 രാജ. 19:4) ദൈവവചനംകൊണ്ട് കഴിഞ്ഞു. അവര്‍ ദൈവത്തില്‍ ആശ്രയിച്ചതിനാല്‍ ഭൗതിക അപ്പം ആഗ്രഹിച്ചില്ല. എന്നാല്‍, ദൈവത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചതിനാല്‍ (ഉത്പ. 3:5) ആഹാരംവഴി ആദം വശീകരിക്കപ്പെട്ടു. ഭക്ഷണംവഴി ആദത്തില്‍ നമ്മള്‍ പരാജിതരായെങ്കില്‍ വര്‍ജനം വഴി മിശിഹായില്‍ നമ്മള്‍ വിജയം നേടിയെന്ന് അലക്‌സാണ്ട്രിയായിലെ വിശുദ്ധ സിറില്‍ പ്രസ്താവിക്കുന്നു. പറുദീസായില്‍ ആദത്തിനുണ്ടായ പ്രലോഭനങ്ങളെയും മരുഭൂമിയില്‍ ഇസ്രായേല്‍ജനത്തിനുണ്ടായ പ്രലോഭനങ്ങളെയും സംക്ഷിപ്തമായി പുനരാവിഷ്‌കരിക്കുകയായിരുന്നു ഈശോ അഭിമുഖീകരിച്ച പ്രലോഭനങ്ങളെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസ്താവിക്കുന്നു (മതബോധനഗ്രന്ഥം, 538).
ഈശോയുടെ ദൈവപുത്രത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു മരുഭൂമിയില്‍വച്ചുണ്ടായ പരീക്ഷണങ്ങള്‍. 'നീ ദൈവപുത്രനാണെങ്കില്‍' എന്നു പറഞ്ഞുകൊണ്ടാണ് സാത്താന്‍ ഓരോ പ്രലോഭനത്തിലേക്കും ഈശോയെ നയിക്കുന്നത്. 'നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക' (മത്താ. 27: 40) എന്നു പടയാളികള്‍ ഈശോ കുരിശില്‍  കിടക്കുമ്പാള്‍ പറഞ്ഞതിന്റെ മുന്‍രൂപമാണ് പ്രലോഭകന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. ദൈവികച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദിമനുഷ്യനും ദൈവമക്കളായി ജീവിക്കാന്‍ വിളിക്കപ്പെട്ട ഇസ്രായേല്‍ജനവും പരാജയപ്പെട്ടത്, തങ്ങള്‍ ദൈവമക്കളാണെന്നു തെളിയിക്കുന്നതിലാണ്. എന്നാല്‍, സാത്താന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങുകയോ കുരിശില്‍നിന്നിറങ്ങി വരികയോ ചെയ്യാതെയും, തന്റെ ദൈവികശക്തി സ്വന്തം നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാതെയും താന്‍ ദൈവമാണെന്ന് ഈശോ തെളിയിക്കുന്നു.
ഈശോയുടെ ത്രിമാനപ്രലോഭനങ്ങളില്‍ ഒന്നാമത്തേത് കല്ലുകളെ അപ്പക്കഷണങ്ങളാക്കി വിശപ്പുമാറ്റാനുള്ളതായിരുന്നു. മിശിഹാ ദൈവപുത്രനാണെന്നു തെളിയിക്കുന്നതിനുവേണ്ടി കല്ലുകളെ അപ്പമാക്കുകയെന്നാണു സാത്താന്‍ ഈശോയോടു പറയുന്നത്. ആദത്തെ വശീകരിച്ചതുപോലെ മിശിഹായെയും വശീകരിക്കാന്‍ സാത്താന്‍ ശ്രമിക്കുന്നു. മിശിഹാ ഈ വഞ്ചന തിരിച്ചറിയുകയില്ലെന്നും അവന്‍ കല്ലുകളെ അപ്പമാക്കുമെന്നുമാണ് സാത്താന്‍ കരുതിയത്. വിശപ്പാണല്ലോ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ മുഖ്യമായത്. ഇതിനു പരിഹാരമുണ്ടാക്കാനാണ് പിശാച് ഈശോയെ വെല്ലുവിളിച്ചത്. വിശന്നുവലഞ്ഞവന്‍ അപ്പം കാണുമ്പോള്‍ കീഴ്‌പ്പെടുമെന്ന് അവന്‍ ചിന്തിച്ചു. പഴം കഴിച്ച് വിശപ്പു മാറ്റാനും ദൈവത്തെപ്പോലെയാകാനുമുള്ള സര്‍പ്പത്തിന്റെ പ്രലോഭനങ്ങള്‍ക്കുമുമ്പില്‍ ഒന്നാം ആദം പരാജയപ്പെട്ടുപോയെങ്കില്‍ (ഉത്പ. 3:1-6) രണ്ടാം ആദമായ ഈശോ സാത്താന്റെ പ്രലോഭനത്തിനു മുമ്പില്‍ കീഴടങ്ങുന്നില്ല. കല്ലുകളെ അപ്പമാക്കാനുള്ള പ്രലോഭനത്തെ അവിടന്ന് എതിര്‍ക്കുകയും, ഉത്ഥാനത്തിലൂടെ മരണത്തിന്റെ ശിലയെ നമുക്കുള്ള അപ്പമാക്കി ഈശോ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാല്‍, കുരിശുമരണത്തിലൂടെയാണ് അവിടുന്ന് സ്വയം ദിവ്യകാരുണ്യ അപ്പമായി നമുക്കു മുന്നില്‍ മാറിയത്. ഈ ദിവ്യകാരുണ്യത്തിലൂടെത്തന്നെ ഈശോ ശിലാഹൃദയങ്ങളെ മാംസളഹൃദയങ്ങളാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ദൈവാലയത്തിന്റെ മുകളില്‍നിന്നു താഴേക്കുചാടി ദൈവപുത്രത്വം തെളിയിക്കാനാണ് പ്രലോഭകന്‍ രണ്ടാമതായി ഈശോയോട് ആവശ്യപ്പെടുന്നത്. ഒരു വൃക്ഷത്തിലൂടെ തനിക്കു ദൈവമാകാമെന്ന് ആദത്തെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ഒരിക്കല്‍ സാത്താനു കഴിഞ്ഞു (ഉത്പ. 3:5). അതുപോലെ ദൈവാലയഗോപുരംവഴി ഈശോയെ  കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് സാത്താന്‍ പ്രതീക്ഷിച്ചുവെന്ന് വി. അപ്രേം പറയുന്നു. നിന്റെ പാദം കല്ലിന്മേല്‍ തട്ടാതെ ദൈവം താങ്ങുമെന്ന സങ്കീര്‍ത്തനവാക്യം ഉദ്ധരിച്ച് (സങ്കീ 91:11-12) സാത്താന്‍ ഈശോയെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. ശവക്കല്ലറയില്‍നിന്ന് ഉയിര്‍ത്തുവരാന്‍ കഴിവുള്ള അവിടുത്തേക്ക് വളരെ അനായാസമായി ദൈവാലയത്തിന്റെ മുകളില്‍നിന്നു ചാടി തന്റെ ദൈവപുത്രത്വം സാത്താനു മുമ്പില്‍ വെളിപ്പെടുത്താമായിരുന്നു. പക്ഷേ, എളിമയുടെയും ക്ഷമയുടെയും മാതൃക പിന്തുടര്‍ന്നുകൊണ്ടും, 'നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്' (നിയ. 6:16) എന്ന ദിവ്യവചസ്സുകള്‍ ഉരുവിട്ടുകൊണ്ടും ഈശോ സാത്താനെ പരാജയപ്പെടുത്തുന്നു.
മൂന്നാമതായി, പ്രലോഭകന്‍ ഉയര്‍ന്ന ഒരു മലയിലേക്കാണ് ഈശോയെ ആനയിക്കുന്നത്. തന്നെ കുമ്പിട്ടാരാധിച്ചാല്‍ ലോകത്തിലെ സകല രാജ്യങ്ങളും പ്രതാപങ്ങളും നല്കാമെന്നാണ് പിശാച് ഈശോയോടു ചെയ്യുന്ന വാഗ്ദാനം. സാത്താനെ ആരാധിക്കുക എന്നു പറഞ്ഞാല്‍ തിന്മയുടെ വഴി തിരഞ്ഞെടുക്കുക എന്നര്‍ത്ഥം. സത്യത്തിന്റെയും നീതിയുടെയും പാത വെടിഞ്ഞ് സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി ജീവിക്കാന്‍ സാത്താനെ ആരാധിക്കുക. ഈ മാര്‍ഗം പിന്തുടരാനുള്ള ആഹ്വാനമായിരുന്നു സാത്താന്‍ ഈശോയുടെ മുമ്പില്‍ അവതരിപ്പിച്ചത്. ആരാധന ദൈവത്തിനു മാത്രം അര്‍ഹതപ്പെട്ടതാണ് എന്ന മറുപടിയോടെ (നിയ. 6:13) മൂന്നാം പ്രലോഭനത്തെയും അവിടന്നു നേരിട്ടു. മാത്രമല്ല, സാത്താന്‍ ഭൗമികരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഈശോ സ്വര്‍ഗീയരാജ്യമാണ് നമുക്കു വാഗ്ദാനം ചെയ്യുന്നത്. ഈശോ നമുക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗീയഭവനങ്ങള്‍ സ്വന്തമാക്കാന്‍ ലൗകികപ്രതാപങ്ങളും ആധിപത്യങ്ങളും ഉപേക്ഷിക്കേണ്ടതായി വരും.
ഈശോയെ പിശാച് വിട്ടുപോയ ഉടന്‍തന്നെ മാലാഖമാര്‍ വന്നു ശുശ്രൂഷിച്ചു എന്നാണ് സുവിശേഷത്തില്‍ രേഖപ്പെടുത്തിരിക്കുന്നത്. പ്രലോഭനത്തെ കീഴ്‌പ്പെടുത്താന്‍ പരിശ്രമിക്കുന്നവര്‍ക്കാണ് ദൈവം മാലാഖമാരുടെ സംരക്ഷണം നല്കുന്നത്. നാല്പതു ദിനരാത്രങ്ങള്‍ മരുഭൂമിയില്‍ കഴിഞ്ഞ ഏലിയാപ്രവാചകന് കര്‍ത്താവിന്റെ ദൂതന്‍ ഭക്ഷണമൊരുക്കിയതുപോലെ, പ്രലോഭകന്‍ ഈശോയെ വിട്ടുപോയപ്പോള്‍ മാലാഖമാര്‍ ഈശോയ്ക്കു ഭക്ഷണം നല്കുകയും ശുശ്രൂഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അതുപോലെ, ജീവിതമാകുന്ന മരുഭൂമിയില്‍വച്ച് ഉണ്ടാകുന്ന ശാരീരികദുര്‍മോഹങ്ങളുടെയും ദ്രവ്യാഗ്രഹങ്ങളുടെയും അധികാരക്കൊതിയുടെയും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നോമ്പുകാലം ഒന്നാം ഞായറിലെ വിശുദ്ധഗ്രന്ഥവായനകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

 

Login log record inserted successfully!