ഫെബ്രുവരി 13 ദനഹാക്കാലം ഏഴാം ഞായര്‍
പുറ 16: 13-21 1 രാജാ 19: 1-8
1 കൊറി 10: 14-21 യോഹ 6: 47-59
ദനഹാക്കാലം ദൈവപുത്രനായ ഈശോമിശിഹാ തന്റെ പ്രത്യേകതകളെ ജനസമൂഹത്തിനു വെളിപ്പെടുത്തുന്ന കാലമാണ്. താന്‍ ജീവന്റെ അപ്പമാകുന്നു എന്ന് ഈശോ ഇന്നത്തെ വായനകളിലൂടെ വെളിപ്പെടുത്തുന്നു. മനുഷ്യനു ജീവന്‍ നല്കുന്നത് അവന്‍ കഴിക്കുന്ന ഭക്ഷണമാണ്. ജീവന്റെയും മനുഷ്യന്റെയും അവന്‍ ആഹരിക്കുന്ന ഭക്ഷണത്തിന്റെയും ദാതാവായ ദൈവം മനുഷ്യന്റെ രക്ഷയ്ക്കായി തന്റെ പുത്രനും പരിപൂര്‍ണ ദൈവവുമായ ഈശോമിശിഹായിലൂടെ നടത്തുന്ന പ്രവര്‍ത്തനമാണ് രക്ഷാകരപദ്ധതിയില്‍ വെളിപ്പെടുത്തുന്നത്. മനുഷ്യനു ജീവന്‍ നല്കിയവന്‍തന്നെ ഈ ജീവന്റെ ഭാഗമാകുവാന്‍ തന്നെത്തന്നെ അപ്പമാക്കി മാറ്റുന്നു.
പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായന (പുറ 16: 13-21) തങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പവും മാംസവും ലഭിക്കുന്നില്ല എന്ന ഇസ്രായേല്‍ ജനത്തിന്റെ ആവലാതിയോടുള്ള ദൈവത്തിന്റെ പ്രതികരണമാണ്. ദൈവജനത്തിന്റെ പ്രശ്‌നങ്ങള്‍ ദൈവത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെയാണ്. ദൈവത്തിന്റെ ശക്തമായ കരം ഇസ്രായേല്‍ ജനത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അവരോടൊപ്പം ഉണ്ട് എന്നതിനെ തെളിയിക്കുന്ന കാര്യങ്ങളാണ് ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ നടക്കുന്നത്. ഇസ്രായേല്‍ ജനത്തെ അദ്ഭുതകരമായി ചെങ്കടല്‍ കടത്തിയും (പുറ. 14: 1-31); ശുദ്ധജലം നല്കിയും (പുറ. 15: 22-27); മന്നയും മാംസഭക്ഷണവും നല്കിയും (പുറ. 16: 136); പാറയില്‍നിന്നു ജലം നല്കിയും (പുറ. 17: 1-7); യുദ്ധത്തില്‍ ജയം നല്കിയും (പുറ 17, 8-16), ദൈവം പരിപാലിക്കുന്നത് തന്റെ ശക്തി ജനത്തിനു മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിലാണ്. ''കര്‍ത്താവായ ഞാനാണ് നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.'' (പുറ. 16:12). കാടപ്പക്ഷികളെ കണ്ടപ്പോള്‍ ഇസ്രായേല്‍ ജനത്തിന് ഇത് തങ്ങള്‍ക്കുള്ള മാംസഭക്ഷണമാണ് എന്നു മനസ്സിലായി. പക്ഷേ, പ്രഭാതത്തില്‍ വീണ മഞ്ഞ് ഉരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തു ലോലമായി കാണപ്പെട്ട വസ്തു എന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല. മോശയാണ് അതെന്താണെന്ന് അവര്‍ക്കു വ്യാഖ്യാനിച്ചു കൊടുക്കുന്നത്. ''കര്‍ത്താവ് നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.'' ഈശോയുടെ ജീവിതത്തോടും സഭയുടെ ആരാധനക്രമത്തോടും ബന്ധപ്പെട്ട് ഇതേ ചിത്രം നാം കാണുന്നുണ്ട്. ഈശോയുടെ അദ്ഭുതപ്രവൃത്തികള്‍ കണ്ടവരും വാക്കുകള്‍ കേട്ടവരും ചോദിക്കുന്നത് ഇവനാരാണ് എന്നാണ്. അതിനു സുവിശേഷത്തില്‍ സ്വര്‍ഗം കൊടുക്കുന്നത് 'ഇവനെന്റെ പ്രിയപുത്രന്‍' എന്ന മറുപടിയാണ്. വി. കുര്‍ബാനയില്‍ ആകട്ടെ അദ്ഭുതകരമായ രഹസ്യങ്ങളുടെ അര്‍പ്പണത്തിനായി, കൃതജ്ഞതാബലിക്കായി ഒരുമിച്ചുകൂടിയിരിക്കുന്ന ദൈവജനത്തോട് ഈശോയുടെ വാക്കുകള്‍ (യോഹ. 6: 50, 51) ഉദ്ധരിച്ചുകൊണ്ട് കാര്‍മികന്‍ പറയുകയാണ്. ''ഇത് സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല; പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.''
മന്ന എന്ന അപ്പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നീതിയുക്തമായ വിതരണമായിരുന്നു. ''ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. പിന്നീട് ഓമെര്‍കൊണ്ട് അളന്നു നോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്കു കൂടുതലോ, കുറച്ചു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തരും ശേഖരിച്ചത് അവര്‍ക്കു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു'' (പുറ. 16: 17-18).
നീതിയുടെ തുല്യവിതരണം ദൈവത്തിന്റെ കരുണയുടെ അടയാളമാണ്. ദൈവത്തിന്റെ രക്ഷയും ജനത്തിനു തുല്യമായിട്ടാണ് വിതരണം ചെയ്യുന്നത്. അവിടത്തെ വിശ്വസിക്കുന്നവര്‍ക്ക്, ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കു തുല്യമായി വിതരണം ചെയ്യപ്പെടുന്നത് ദൈവത്തിന്റെ രക്ഷയാണ്. വി. കുര്‍ബാനയില്‍ ഈശോയുടെ ശരീരവും രക്തവും എല്ലാവര്‍ക്കും തുല്യമാണ്. ഈശോയുടെ ശരീരവും രക്തവും എല്ലാവര്‍ക്കും ലഭിക്കുന്നത് തുല്യമായാണ്; ആ ശരീരത്തിന്റെ പങ്കുവയ്ക്കലിലൂടെ ലഭിക്കുന്ന നിത്യരക്ഷയും എല്ലാവര്‍ക്കും തുല്യമാണ്.
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായന (1 രാജാ. 19: 1-8) ഏലിയായുടെ ജീവസന്ധാരണത്തിനായി അപ്പം നല്‍കുന്ന കര്‍ത്താവിന്റെ കരുതല്‍ സൂചിപ്പിക്കുന്നു. ദൈവം നല്കുന്ന ഭക്ഷണത്തിന്റെ ശക്തി ഏലിയായില്‍ പ്രകടമായപ്പോള്‍, ''അതിന്റെ ശക്തികൊണ്ടു നാല്പതു രാവും നാല്പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹൊറെബിലെത്തി'' (19,8). ദൈവം നല്കുന്ന ഭക്ഷണത്തിന്റെ അളവല്ല അതിലുള്ള ശക്തിയാണു പ്രധാനം. നാല്പതു രാവും നാല്പതു പകലും നടക്കാനുള്ള ശക്തി ഒരപ്പത്തില്‍നിന്നും ഒരു പാത്രം വെള്ളത്തില്‍നിന്നും ലഭിക്കണമെങ്കില്‍, ജീവന്റെ നാഥനായ ദൈവംതന്നെ അതില്‍ പ്രവര്‍ത്തിക്കണം.
ഇന്നത്തെ പഴയ നിയമവായനകളില്‍ നാം കാണുന്ന രണ്ടു പരാമര്‍ശങ്ങളും ദൈവം ജനത്തിനു കൊടുക്കുന്ന ഭൗമികവും ശാരീരികാരോഗ്യം നല്‍കുന്നതുമായ അപ്പത്തെക്കുറിച്ചുള്ളവയാണ്. ആ അപ്പം സ്വീകരിക്കുന്നവരുടെ ശാരീരികാരോഗ്യം വര്‍ദ്ധിക്കുകയും ഭൗതികമായ ജീവിതം ആരോഗ്യത്തോടെ തുടര്‍ന്നുകൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ നാം കാണുന്നത് ശാരീരികാരോഗ്യത്തിനോടൊപ്പം, അതിനുമപ്പുറം, ആത്മീയവും നിത്യവുമായ ജീവന്‍ പ്രദാനം ചെയ്യുന്ന ദൈവമാകുന്ന അപ്പത്തെക്കുറിച്ചാണ്. ദൈവപുത്രനായ ഈശോമിശിഹാ സ്വന്തം ശരീരവും രക്തവും ഭക്ഷണമായി ദൈവജനത്തിനു നല്കുന്നതാണ് ഈ അപ്പം.
ഈശോ താനാകുന്ന, തന്റെ ശരീരമാകുന്ന അപ്പത്തെക്കുറിച്ച് ഇത്രയധികം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതുപോലെ മറ്റൊരു കാര്യവും പറഞ്ഞിട്ടുണ്ടാകില്ല. ''ഞാന്‍ ജീവന്റെ അപ്പമാണ്'' (6: 48); സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ് (6: 50); ലോകത്തിന്റെ ജീവനുവേണ്ടിയുള്ള അപ്പം എന്റെ ശരീരമാണ് (6: 51); ജീവന്‍ ഉണ്ടാകണമെങ്കില്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകകയും രക്തം പാനം ചെയ്യുകയും ചെയ്യണം (6: 53); എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് (6: 54); എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും (6: 57); ഇതു ഭക്ഷിക്കുന്നന്‍ എന്നേക്കും ജീവിക്കും (6: 58). തന്റെ ശരീരമാകുന്ന ഭക്ഷണത്തെക്കുറിച്ചും അതു പ്രദാനം ചെയ്യുന്ന നിത്യജീവനെക്കുറിച്ചും തിരിച്ചും മറിച്ചും, ആവര്‍ത്തിച്ചാവര്‍ത്തിച്ച്, തന്റെ ജനത്തെ പഠിപ്പിക്കുന്ന ഈശോയെയാണു നാം കാണുന്നത്.
ആശീര്‍വദിക്കപ്പെടുന്ന അപ്പവും വീഞ്ഞും ഈശോമിശിഹായുടെ ശരീരത്തിലും രക്തത്തിലുമുള്ള പങ്കുവയ്ക്കലാണെന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു (1 കോറി. 10: 14-22: ലേഖനം). സത്യദൈവമായ ഈശോമിശിഹായില്‍ വിശ്വസിക്കുന്നവരും അവന്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്നവരുമായ നമ്മള്‍, അവിശ്വാസികള്‍ അവരുടെ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുന്ന ഭക്ഷണത്തില്‍ പങ്കുപറ്റുന്നത്, പിശാചിനുള്ള ബലിയര്‍പ്പണത്തില്‍ പങ്കാളികള്‍ ആകുന്നതിനു തുല്യമാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു. മറ്റുള്ള ദൈവങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒന്നാം പ്രമാണലംഘനംതന്നെയാണ്.