•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഒരു കാറ്റുപോലെ

രാത്രി.
കണ്ണുതുറന്നു കിടക്കുകയായിരുന്നു ദയ. ചുറ്റിനും ഇരുട്ടായിരുന്നു. അവളെ ചുറ്റിവരിഞ്ഞ് ഒരു കാല്‍ അവളുടെ ദേഹത്തേക്ക് ഉയര്‍ത്തിവച്ച് ബെഞ്ചമിന്‍ കിടന്നു. അവനും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. പപ്പയുടെയും അമ്മയുടെയും നടുവില്‍ കിടന്നുറങ്ങിയിരുന്ന ഒരു കാലമാണ് അവന്റെ ഓര്‍മയിലുണ്ടായിരുന്നത്. അമ്മ പോയപ്പോള്‍ പപ്പയുണ്ടെന്നത് ആശ്വാസവും സന്തോഷവുമായിരുന്നു. പക്ഷേ, ഇപ്പോള്‍ പപ്പയും...
സോജന്റെ വീട്ടിലെ അവരുടെ ആദ്യത്തെ രാത്രിയായിരുന്നു അത്. ചെറിയൊരു മുറിയില്‍ ചെറിയൊരു കട്ടിലിലായിരുന്നു രണ്ടുപേരും കിടന്നിരുന്നത്.
ദയയും ഓരോരോ ആലോചനകളിലായിരുന്നു. സനലിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവന്‍. പപ്പ ഇന്നും മദ്യപിച്ചിട്ടുണ്ടാവുമോ? അപ്പച്ചനു വല്ലതും കഴിക്കാന്‍ കൊടുത്തുകാണുമോ? പപ്പയെന്തിനാണ് തങ്ങളെ പറഞ്ഞുവിട്ടത്? അതു പപ്പയ്ക്കു
സ്നേഹമില്ലാഞ്ഞിട്ടാണെന്ന് ദയയ്ക്കു തോന്നിയില്ല. അങ്കിളിന്റെ വാക്കുകള്‍ പപ്പയെ വേദനിപ്പിച്ചു. അതായിരുന്നു കാരണം. ദയ കണ്ടെത്തി.
അങ്കിള്‍ വരാതിരുന്നെങ്കില്‍... എങ്കില്‍ ഇപ്പോഴും തങ്ങള്‍ തങ്ങളുടെ വീട്ടില്‍ത്തന്നെയാവുമായിരുന്നു. സ്വന്തം വീടിനോളം
സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന മറ്റൊരിടവും ഈ ലോകത്തിലില്ലെന്ന് ദയയ്ക്കു തോന്നി. എത്ര പ്രിയപ്പെട്ടവരുടെ വീടാണെങ്കിലും അവിടെ എന്തുകൊണ്ടോ എങ്ങനെയോ ഒരു അപരിചിതത്വം, അന്യഥാബോധം. അങ്കിളെന്തു പറഞ്ഞാലും പപ്പയ്ക്കു തങ്ങളെ പറഞ്ഞുവിടാതിരിക്കാമായിരുന്നു. അവള്‍ക്ക് അങ്ങനെയും തോന്നി. തങ്ങള്‍ പപ്പയുടെ മക്കളല്ലേ? പപ്പയ്ക്കല്ലേ തങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ അവകാശം? കൂടുതല്‍ ഉത്തരവാദിത്വം? പപ്പയ്ക്കില്ലാത്ത വേദന മറ്റുള്ളവര്‍ക്കു തങ്ങളെക്കുറിച്ച് തോന്നേണ്ടതുണ്ടോ? പപ്പയെ ഇനിയെന്നു കാണും? പപ്പ നാളെ വരുമോ? ഓര്‍ക്കുംതോറും ദയയുടെ സങ്കടം ഇരട്ടിച്ചു. ഒന്നുറക്കെ കരയണമെന്ന് അവള്‍ക്കു തോന്നി. പക്ഷേ, താന്‍ കരഞ്ഞാല്‍ അത് ബെഞ്ചമിനറിയും. അവന്‍ ഉറങ്ങിക്കോട്ടെ. താന്‍ കൂടി കരഞ്ഞുകാണിച്ച് അവന്റെ കുഞ്ഞുമനസ്സ് വേദനിപ്പിക്കണ്ട. ഇപ്പോള്‍തന്നെ ഒരുപാട് സങ്കടങ്ങള്‍ അവന്റെയുള്ളിലുണ്ട്. അമ്മയുടെ മരണം, അമ്മച്ചിയുടെ മരണം. പപ്പയുടെ മദ്യപാനം. കുടുംബത്തിലാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന അസ്വസ്ഥതകള്‍... എല്ലാം അവനു മനസ്സിലാവുന്നുണ്ട്. അവനതു തുറന്നുപറയുന്നില്ലെന്നേയുള്ളൂ.
''ചേച്ചീ,'' അപ്പോഴാണ് ബെഞ്ചമിന്‍ അടക്കിനിര്‍ത്തിയ സ്വരത്തില്‍ വിളിച്ചത്.
''ഊം?'' ദയ വിളികേട്ടു. ''മോനുറങ്ങിയില്ലേ?''  ബെഞ്ചമിനും തന്നെപ്പോലെ ഉറങ്ങാതെ കിടക്കുകയാണെന്ന് അവള്‍ക്കപ്പോഴാണു മനസ്സിലായത്.
''ഒറക്കം വരുന്നില്ല ചേച്ചി,'' ബെഞ്ചമിന്റെ തൊണ്ടയ്ക്ക് ഇടര്‍ച്ചയുണ്ടായിരുന്നു.
''ഞാന്‍ പപ്പേം അമ്മേം  ഓര്‍ത്തുകിടക്കുവായിരുന്നു. നമുക്കു മാത്രം എന്താ ചേച്ചീ ഇങ്ങനെ?''
അതൊരു എട്ടുവയസ്സുകാരന്റെ ചോദ്യമായി ദയയ്ക്കു തോന്നിയില്ല. തന്റെ ഉള്ളിലെ അതേ ചോദ്യംതന്നെയാണല്ലോ ബെഞ്ചമിനും ചോദിച്ചതെന്നോര്‍ത്ത് അവള്‍ അദ്ഭുതപ്പെട്ടു. തങ്ങളെപ്പോലെ കഠിനവേദനകളിലൂടെ കടന്നുപോകുന്ന കുട്ടികളുണ്ടാവുമോ? ഒരുപക്ഷേ, ലോകത്തില്‍ എവിടെയെങ്കിലും ഏതെങ്കിലുമൊക്കെ കുട്ടികളുണ്ടാവും. എന്നാല്‍, തങ്ങളുടെ
സ്‌കൂളില്‍ തങ്ങളെപ്പോലെ മറ്റാരുമില്ല. അടുത്തുനില്ക്കുന്നവരെ നോക്കിയാണല്ലോ എല്ലാ താരതമ്യങ്ങളും രൂപപ്പെടുന്നത്. അവരെല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നവരാണ്. ഒരുകാലത്ത് തങ്ങളും അങ്ങനെ ജീവിച്ചവരായിരുന്നു. അന്ന് തങ്ങള്‍ക്കു പപ്പയും അമ്മയുമുണ്ടായിരുന്നു. വല്ലപ്പോഴുമുളള സിനിമ കാണലുകള്‍. പിറന്നാളുകള്‍ക്കു പുറത്തുനിന്നു ഡിന്നര്‍. ക്രിസ്മസിനും ഓണത്തിനും ചെറിയ ഷോപ്പിങ്. അമ്മ വൈകുന്നേരങ്ങളില്‍ കൊണ്ടുവരാറുള്ള ലോലിപ്പോപ്പും മഞ്ചും... ജീവിതം സന്തോഷപ്രദംതന്നെയായിരുന്നു. പക്ഷേ, എല്ലാം പെട്ടെന്നൊരുനാള്‍...
''നമുക്കാരും ഇല്ലാതായി അല്ലേ ചേച്ചീ?'' ബെഞ്ചമിന്‍ ചോദിച്ചു
ദയയുടെ നെഞ്ചില്‍ സങ്കടത്തിന്റെ ഒരു ഉരുള്‍പൊട്ടി.
''എന്റെ മോനേ...'' അവള്‍ അവനെ വരിഞ്ഞുമുറുക്കി.
''നമുക്ക് പപ്പയുണ്ടല്ലോ...'' അവള്‍ അവനെ ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു.
''പക്ഷേ, പപ്പ നമ്മളോടു പോകാന്‍ പറഞ്ഞില്ലേ? അത് പപ്പയ്ക്കു നമ്മളെ ഇഷ്ടമില്ലാത്തോണ്ടല്ലേ?''
''അല്ല മോനേ,'' ദയ തിരുത്തി. ''പപ്പയ്ക്ക്  നമ്മളെ വലിയ ഇഷ്ടമായതോണ്ടാ. നമുക്ക്  യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഗ്രഹമുള്ളതോണ്ടാ. ഇവിടെയാകുമ്പോ നമുക്ക് ഹോട്ടലീന്ന് നല്ലനല്ല ഭക്ഷണം കിട്ടുമല്ലോയെന്നാ പപ്പ കരുതുന്നെ.. നമ്മള് വിശന്നിരിക്കാതിരിക്കാന്‍ വേണ്ടിയാ. അല്ലാതെ പപ്പയ്ക്ക് നമ്മളെ ഇഷ്ടമില്ലാത്തോണ്ടല്ല. മോന്‍ അങ്ങനെയൊന്നും വിചാരിക്കരുതേ.''
സനലിനെക്കുറിച്ച് ആരും മോശമായി ചിന്തിക്കുന്നതുപോലും ദയയ്ക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല.
''പപ്പ നാളെയോ മറ്റന്നാളോ വരും. നമ്മളെ പിരിഞ്ഞിരിക്കാന്‍ പപ്പയെക്കൊണ്ടാവൂല.'' ദയയ്ക്ക് അത് ഉറപ്പായിരുന്നു.
അപ്പോഴായിരുന്നു അടുത്ത മുറിയില്‍നിന്ന്  സോജനും ഭാര്യ ഷീബയും തമ്മിലുള്ള സംസാരം ദയയുടെ കാതുകളിലെത്തിയത്:
''വേലിയില്‍ കിടന്നതിനെ വേണ്ടാത്തിടത്ത് എടുത്തുവച്ചെന്ന് ആരോ പറഞ്ഞതുപോലെയുണ്ട്.'' ഷീബയുടെ സ്വരമായിരുന്നു അത്.
''നീയെന്നതാ ഇപ്പറയുന്നെ?'' സോജന്റെ സ്വരം.
''ആ പിള്ളേരെ നിങ്ങള്‍ക്ക് ഇങ്ങോട്ടു കൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?''
ആ ചോദ്യം കേട്ട് ദയ നടുങ്ങി.
''ഷീബേ...'' സോജനും അതുപോലെതന്നെ നടുക്കത്തിലായിരുന്നു.
''അവരെന്റെ സ്മിതേടെ പിള്ളേരാ. നമ്മുടെ മക്കളും അവരും തമ്മില്‍ എനിക്കു വ്യത്യാസമൊന്നുമില്ല. നീയതു മനസ്സിലാക്കണം.''
''എനിക്ക് നിങ്ങളുടെയത്ര ഹൃദയവിശാലതയൊന്നുമില്ല. നിങ്ങളും ഞാനും നമ്മുടെ മക്കളും. അതില്‍ക്കൂടുതല്‍ ചിന്തയൊന്നും എനിക്കില്ല.''
സോജന്‍ - ഷീബ ദമ്പതികള്‍ക്ക് നാലു മക്കളാണ്. മൂന്നു പെണ്ണും ഒരാണും.
''ശ്ശ്.. പതുക്കെപ്പറ എന്റെ ഷീബേ. ആ പെങ്കൊച്ച് കേള്‍ക്കും.''
''പിന്നെ, അവളു കേള്‍ക്കാന്‍ പോകുവല്ലേ. അവളുറങ്ങിക്കാണും. പെമ്പിള്ളേര് നോക്കിനില്ക്കുമ്പോഴാ വളരുന്നെ. മൂന്നെണ്ണം പോരാഞ്ഞിട്ടാണോ പുറത്തുനിന്നുകൂടി ഒരെണ്ണത്തെ കൊണ്ടുവന്നിരിക്കുന്നത്? ഇവിടത്തെ കാര്യംതന്നെ എങ്ങനെയാ നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? ഹൗസിങ് ലോണ്‍, കാറിന്റെ ലോണ്‍, പിള്ളേരുടെ പഠനം. അതിനിടയ്ക്കാ ആ പിള്ളേരുംകൂടി..
''നീയിങ്ങനെ കണ്ണീച്ചോരയില്ലാതെ സംസാരിക്കല്ലേ ഷീബേ. ആ പിള്ളേര് വന്നുകയറിയതല്ലേയുള്ളൂ. ഒരാഴ്ചപോലും തികഞ്ഞില്ലല്ലോ. അതിനുമുമ്പ് നീ അവരോട് രണ്ടാനമ്മപ്പോര് തുടങ്ങിയാലോ. എനിക്കിനി അവരെ തിരിച്ചുകൊണ്ടുപോയി വിടാന്‍ പറ്റ്വോ?''
''നിങ്ങള് എന്നോടു ചോദിച്ചിട്ടാണോ ആ പിള്ളേരെ ഇങ്ങോട്ടു കൊണ്ടുവന്നത്?'' ഷീബ തര്‍ക്കത്തിനുള്ള ഭാവത്തിലായിരുന്നു.
''ഇതൊക്കെ ചെയ്യുന്നതിനു  മുമ്പ് ഒരു ചോദ്യം,  ഒന്നു ഫോണ്‍ ചെയ്യാന്‍പോലും തോന്നിയില്ലല്ലോ?''
''നിന്റെ പറച്ചിലു കേട്ടാത്തോന്നുമല്ലോ ഞാന്‍ ഇതൊക്കെ പ്ലാന്‍ ചെയ്തു പോയതാണെന്ന്. അവിടെച്ചെന്നപ്പോ അവിടുത്തെ സിറ്റുവേഷന്‍. ഞാന്‍ പറഞ്ഞതല്ലേ നിന്നോടെല്ലാം.''
''അതേ, പറഞ്ഞു. ഇനി അവന് ഒന്നുകൂടി സൗകര്യമായി, സനലിന്. കുടിച്ചുമുള്ളി നടക്കാമല്ലോ. മക്കളുടെ കാര്യം സേഫ്.''
''നീയിത്ര ദുഷ്ടയാണെന്നു ഞാന്‍ കരുതിയില്ല ഷീബേ.'' സോജന് അതു തുറന്നുപറയാതിരിക്കാന്‍ കഴിഞ്ഞില്ല. കാഴ്ചയില്‍ സൗമ്യയാണ് ഷീബ. ഹൃദ്യമായ സംസാരം, ആകര്‍ഷണീയമായ ഇടപെടല്‍. മുഖത്ത് സദാ പുഞ്ചിരി. ശ്രീത്വവും സ്ത്രീത്വവും വേണ്ടുവോളം നിറഞ്ഞ രൂപം. പക്ഷേ, ഉള്ളിന്റെയുള്ളില്‍ ഇത്രയും കുടിലതയും സ്വാര്‍ത്ഥയും ഉണ്ടെന്ന് ആരറിഞ്ഞു? എത്ര വര്‍ഷം കൂടെക്കഴിഞ്ഞാലും സ്ത്രീയുടെ തനിസ്വരൂപം തിരിച്ചറിയാന്‍ കഴിയില്ലെന്ന് സോജനു തോന്നി. അയാള്‍ ആദ്യമായി കാണുന്നവിധത്തില്‍ ഷീബയെ നോക്കി. പെറ്റമ്മ നഷ്ടപ്പെട്ട ആ പിഞ്ചുമക്കള്‍ക്ക് ഒരമ്മയുടെ
സ്നേഹവും സാന്ത്വനവും നല്കാന്‍ ഷീബയ്ക്കു കഴിയുമെന്ന് വെറുതെ പ്രതീക്ഷിച്ചു. പൊതുജനങ്ങളുടെ മുമ്പില്‍ പ്രീതികരമായ ഇടപെടലും പെരുമാറ്റവും കാഴ്ചവച്ചിരുന്നതുകൊണ്ട് അവള്‍ ഇങ്ങനെയൊരു വിധത്തില്‍ സംസാരി ക്കുമെന്നോ ഇതാണ് അവളുടെ യഥാര്‍ത്ഥസ്വഭാവമെന്നോ മനസ്സിലാക്കാനും കഴിഞ്ഞില്ല.
ഷീബയ്ക്ക് കുട്ടികളെ ഇവിടെ താമസിപ്പിക്കുന്നത് ഇഷ്ടമല്ലെന്നു വ്യക്തമായ സ്ഥിതിക്ക് അവരുടെ കാര്യം പരുങ്ങലിലാണെന്ന് സോജനു മനസ്സിലായി. വല്ലാത്തൊരു നിസ്സഹായത തന്നെ മൂടുന്നതായി അയാള്‍ തിരിച്ചറിഞ്ഞു. ദയയുടെയും ബെഞ്ചമിന്റെയും മുഖങ്ങള്‍ അയാളുടെ കണ്‍മുമ്പില്‍ തെളിഞ്ഞു. നിസ്സഹായത നിറഞ്ഞ മുഖങ്ങള്‍. അയാള്‍ക്കു ചങ്കു പൊടിയുന്നതുപോലെ തോന്നി. വേനലില്‍നിന്ന് അവരെ തണലിലേക്കു നീക്കിനിര്‍ത്താന്‍ ശ്രമിച്ച താന്‍ പരാജയപ്പെട്ടിരിക്കുന്നു. പക്ഷേ, ആ പരാജയം സമ്മതിക്കാന്‍ അയാള്‍ സന്നദ്ധനായില്ല. ഉള്ളിലെ പുരുഷന്‍ സടകുടഞ്ഞെണീറ്റു. അയാള്‍ താക്കീതുകണക്കെ ഷീബയോടു പറഞ്ഞു:
''ഇതേ ഞാന്‍ നടത്തുന്ന കുടുംബമാ. ഇവിടെ ഞാന്‍ പറയുന്നത് എല്ലാവരും അനുസരിക്കണം. നിന്റെ കുശുമ്പും കുന്നായ്‌മേം വെറുപ്പും എന്റെ സ്മിതേടെ പിള്ളേരോടെങ്ങാനും നീയും നമ്മുടെ മക്കളും കാണിച്ചെന്നറിഞ്ഞാ ചവിട്ടിക്കൂട്ടും ഞാന്‍ എല്ലാറ്റിനേം.''
സോജന്റെ സ്വരം അലര്‍ച്ചയ്ക്കു തുല്യമായിരുന്നു. ഷീബ വല്ലാതെ പരിഭ്രമിച്ചുപോയി. ഇതുവരെ ഭര്‍ത്താവില്‍ കാണാത്ത പുതിയൊരു ഭാവം...
ദയ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതിനകം ഉറങ്ങിത്തുടങ്ങിയ ബെഞ്ചമിനെ കെട്ടിപ്പിടിച്ച് ശബ്ദമുണ്ടാക്കാതെ അവള്‍ കരഞ്ഞുതുടങ്ങി.                       

       (തുടരും)

 

 

 

 

Login log record inserted successfully!