•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

പ്രകര്‍ഷവും പ്രഹര്‍ഷവും

പ്ര എന്ന ഉപസര്‍ഗം ചേര്‍ന്നുള്ള ഒട്ടേറെ പ്രയോഗങ്ങള്‍ സംസ്‌കൃതത്തിലുണ്ട്. പ്ര+കര്‍ഷം = പ്രകര്‍ഷം; പ്ര + ഹര്‍ഷ = പ്രഹര്‍ഷം. പ്രകര്‍ഷണ എന്നതിന്റെ ചുരുക്കരൂപമാണ് ഇവിടെ പ്ര. വര്‍ദ്ധിച്ചത് എന്നാണ് പ്രകൃതത്തില്‍ പ്രകര്‍ഷേണയുടെ അര്‍ത്ഥം. ധാതുവിന്റെ പൂര്‍വ്വപദമായി നിന്ന് അതിന്റെ അര്‍ത്ഥത്തെ ഭേദിപ്പിക്കലാണ് പ്ര എന്ന  ഉപസര്‍ഗ്ഗത്തിന്റെ ധര്‍മ്മം*. പ്രകര്‍ഷേണയുള്ള മോദ (വര്‍ദ്ധിച്ച സന്തോഷം) മാണല്ലോ  പ്രമോദം. പ്രരോദനം, പ്രച്ഛന്നം, പ്രലോഭനം, പ്രക്ഷേപം, പ്രജനനം, പ്രബലം, പ്രശാന്തം, പ്രസ്ഫുടം, പ്രകോപം, പ്രചരണം മുതലായവയില്‍ പ്ര എന്ന ഉപസര്‍ഗ്ഗം ചേര്‍ന്നുനില്‍ക്കുന്നു.
പ്ര എന്ന ഉപസര്‍ഗ്ഗം ചേര്‍ന്ന പദമാണ് പ്രകര്‍ഷം (പ്ര+കര്‍ഷം). ആധിക്യം, ശ്രേഷ്ഠത, അധികാരം, ദൈര്‍ഘ്യം, സാര്‍വ്വത്രികത എന്നെല്ലാം പ്രകര്‍ഷത്തിന് അര്‍ത്ഥമുണ്ട്.  വര്‍ദ്ധിച്ച ഹര്‍ഷമാണ് പ്രഹര്‍ഷം (പ്ര+ഹര്‍ഷം). സന്തോഷം, രോമാഞ്ചം എന്നീ വിവക്ഷിതങ്ങള്‍ കൂടാതെ, ലിംഗത്തിന്റെ ഉയര്‍ച്ച (ലിംഗോദ്ധാരണം) എന്നും പ്രഹര്‍ഷത്തിന് അര്‍ത്ഥമുണ്ട്. മനസ്സിനുണ്ടാകുന്ന പ്രസാദമാണ് ഹര്‍ഷം. പ്രിയസമാഗമജന്യമായ സുഖവിശേഷവും ഹര്‍ഷമാകാം.
ഭക്തി ശബ്ദത്തോട് പ്രകര്‍ഷവും പ്രഹര്‍ഷവും വെവ്വേറെ സമാസിക്കണം. ഭക്തിയുടെ ആധിക്യം സൂചിപ്പിക്കാന്‍ ഭക്തിപ്രകര്‍ഷം എന്നു പറയാം. വര്‍ദ്ധിച്ച ഭക്തിയാണ് ഭക്തിപ്രകര്‍ഷം. ഭക്തിപ്രഹര്‍ഷം സമാനാര്‍ത്ഥം നല്‍കുന്നില്ല ഭക്തിപ്രഹര്‍ഷം അത്യാനന്ദമോ രോമാഞ്ചം കൊള്ളലോ മാത്രമല്ല, ലൈംഗികവിജൃംഭണം കൂടിയാണ്. ആ നിലയ്ക്ക് 'ഭക്തിപ്രഹര്‍ഷം' എന്നെഴുതിയാല്‍ ദുഃസൂചന കടന്നുകൂടാം. ഭക്തിയുടെ ആധിക്യത്തെയോ ശ്രേഷ്ഠതയെയോ കുറിക്കാന്‍ ഭക്തിപ്രകര്‍ഷം എന്നുതന്നെയാണ് വേണ്ടത്.
പ്രകര്‍ഷം - പ്രഹര്‍ഷം; 'ക'യ്ക്ക് ശക്തി പോരെന്നു കരുതി തത്സ്ഥാനത്ത് 'ഹ' വയ്ക്കുമ്പോള്‍ വിവക്ഷിതം അപ്പാടെ മാറിപ്പോകുന്നു. 'തൂക്കവില്ലിലെ ഭക്തിപ്രകര്‍ഷ'ത്തെ ഭക്തിപ്രഹര്‍ഷമാക്കിയാല്‍ ''അര്‍ത്ഥത്തിനു തൂക്കം കുറയുന്നു. ആശയത്തിന്റെ വില്ലൊടിയുന്നു; ഭക്തി വിഭക്തിയാകുന്നു'' ** വാര്‍ത്തയെഴുതുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇതൊന്നും ചിന്തിച്ചിരിക്കാനിടയില്ല. നാലുകോളം വാര്‍ത്തയ്ക്കു പറ്റിയ ശീര്‍ഷകം എന്നേ കരുതിക്കാണുകയുള്ളൂ. എന്നാല്‍ അര്‍ത്ഥമറിയാവുന്ന വായനക്കാരുടെ നേരെയുള്ള കൊഞ്ഞനം കാട്ടലായതു മാറാം!
* രാജരാജവര്‍മ്മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം - 240
** നാരായണന്‍ വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 75

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)