ഉച്ചാരണപ്രയാസം ഒഴിവാക്കാന്‍ വര്‍ണ്ണങ്ങള്‍ക്കു മാറ്റം വരാറുണ്ട്. വാക്കുകളെ ലഘുപ്പെടുത്തി ഉച്ചരിക്കാന്‍വേണ്ടി നടത്തുന്ന വികാരമാണത്. ഇത്തരം മാറ്റങ്ങളെ ശബ്ദശാസ്ത്രകാരന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വര്‍ണവികാരങ്ങള്‍ പൊതുവില്‍പ്പറഞ്ഞാല്‍, വാമൊഴിയിലേയുള്ളൂ. എന്നാല്‍, അപൂര്‍വം ചില പദങ്ങളുടെ ഉച്ചാരണം എഴുത്തിലേക്കു സംക്രമിച്ചിട്ടുണ്ട്. പ്രയത്‌നലഘൂകരണസിദ്ധാന്തപ്രകാരം ഏറ്റവും കൂടുതല്‍ മാറ്റം സംഭവിച്ചിട്ടുള്ളത് അകാരത്തിനാണ് എന്നു തോന്നുന്നു.*
ഒരു വശത്തേക്കാവുക എന്നര്‍ത്ഥമുള്ള ചരിയുക എന്ന ക്രിയാശബ്ദത്തിന്റെ പേരച്ചരൂപം ചരിഞ്ഞ എന്നും കൃദ്രൂപം ചരിവ് എന്നുമാണ്. ഉച്ചാരണത്തില്‍ അകാരത്തിനു ദുഷിപ്പ് വന്ന് എ കാരമായിട്ടുണ്ട്. ചരിഞ്ഞ വാമൊഴിയില്‍ (ച് + അ) ചെരിഞ്ഞ (ച് + എ) എന്നായിത്തീര്‍ന്നു. ക്രമേണ 'ചെരിഞ്ഞ' എഴുത്തിലും കടന്നുകൂടി. ഇനി ചെരിഞ്ഞ്, ചെരിവ്, ചെരിയുക മുതലായവ തെറ്റാണെന്നു പറഞ്ഞാല്‍ വിലപ്പോകണമെന്നില്ല. ചരിവിന്, 'ചരുവ്' എന്നും രൂപഭേദമുണ്ട്. ഇത്യാദി രൂപങ്ങള്‍ക്ക് ശുദ്ധി പോരാ എന്നുതന്നെയാണ് വൈയാകരണമതം. അര്‍ത്ഥഭേദം വരുത്താതെയുള്ള ഇത്തരം മാറ്റങ്ങളെ സ്വതന്ത്രപരിവര്‍ത്തന(എൃലല ്മൃശമശേീി)ങ്ങളായാണ് ഭാഷാശാസ്ത്രം പരിഗണിക്കുന്നത്. ചരിഞ്ഞ - ചെരിഞ്ഞ, ഇവയുടെ ശുദ്ധ്യശുദ്ധിയെക്കാള്‍ പെരുമാറ്റസ്വഭാവമാണ് ഭാഷാശാസ്ത്രപഠനങ്ങള്‍ക്കു വിഷയം. എന്നാല്‍, പരമ്പരാഗത വൈയാകരണന്മാര്‍ ചെരിഞ്ഞ, ചെരിവ്, ചെരുവ്, ചരുവ് മുതലായവയെ മാനകശബ്ദങ്ങളായി കണക്കാക്കുന്നില്ല. മഹാകവി കുമാരനാശാന്‍ ചരിഞ്ഞ എന്ന പദത്തെ അംഗീകൃത എഴുത്തുരൂപമായി സ്വീകരിച്ചിരിക്കുന്നു 'ചാരുനേത്രമരത്തിലിടത്തു തോള്‍/ചാരിച്ചാഞ്ഞു ചരിഞ്ഞ മിഴികളാല്‍' ** എന്നു ചണ്ഡാലഭിക്ഷുകിയിലും 'മസൃണശിലാസനത്തില്‍ ചരിഞ്ഞ പാര്‍ശ്വത്തില്‍ പുഷ്പ/വിസൃമരസുരഭിയാമുപധാനത്തില്‍' എന്നു കരുണയിലും ചരിഞ്ഞ എന്നുതന്നെയാണ് എഴുതിയിട്ടുള്ളത്.*** ഇവയൊക്കെ പദശുദ്ധിയെ സംബന്ധിച്ചുള്ള ദിശാസൂചികളാണ്.
* പ്രയത്‌നമാത്രകള്‍: - അകാരം - തീവ്രപ്രയത്‌നം, ഇകാരം - മധ്യപ്രയത്‌നം, ഉകാരം ലഘുപ്രയത്‌നം; എകാരം - ഉകാരത്തെക്കാള്‍ കുറച്ചു പ്രയത്‌നം; സംവൃതോകാരം ഏറ്റവും കുറച്ചു പ്രയത്‌നം.
**കുമാരനാശാന്‍, എന്‍., ആശാന്റെ പദ്യകൃതികള്‍, ഡി.സി. ബുക്‌സ്, കോട്ടയം, 1998, പുറം-533,
***................. പുറം - 552