•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

കൂടെ വസിക്കുന്ന ദൈവം

ജനുവരി 16   ദനഹാക്കാലം   മൂന്നാം ഞായര്‍
നിയ 31: 1-8   ഏശ 41: 8 -16
ഫിലി 3: 4-16   വി. മര്‍ക്കോ 3: 7-19

നഹാക്കാലത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച തന്റെ ജനത്തിന്റെകൂടെയായിരിക്കുന്ന ദൈവത്തെ വിശുദ്ധ ഗ്രന്ഥഭാഗങ്ങളിലൂടെ സഭ നമുക്കു പരിചയപ്പെടുത്തുന്നു. സ്വന്തജനത്തിന്റെകൂടെയായിരിക്കാന്‍ ദൈവം തന്റെ പുത്രനിലൂടെ തയ്യാറായി എന്നത് മനുഷ്യകുലത്തെ, ഈ പ്രപഞ്ചത്തെ ദൈവം എത്രയധികം സ്‌നേഹിക്കുന്നുണ്ട് എന്നതിനു തെളിവാണല്ലോ. ദൈവം മനുഷ്യനെ രക്ഷയിലേക്കു നയിക്കുന്നതിനു  വളരെ വ്യക്തമായ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും ആ പദ്ധതികള്‍ ഈശോമിശിഹായിലൂടെ നിറവേറുമ്പോള്‍ ദൈവം സന്തോഷിക്കുകയാണെന്നും ധ്യാനിക്കാന്‍ കഴിയുമ്പോഴാണ് ക്രിസ്തീയാത്മീയതയുടെ ആഴവും അകക്കാമ്പും നാം തിരിച്ചറിയുന്നത്.
ഇന്നത്തെ ഒന്നാം വായന നിയമാവര്‍ത്തനപ്പുസ്തകത്തില്‍ മോശ ജനത്തെ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതാണ് (നിയമാ. 31:1-8). ''നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു മുമ്പേ പോകും'' (31:3). ഇസ്രായേല്‍ജനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നടപ്പാക്കപ്പെടുന്നത് പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയുമാണെങ്കിലും അവരിലെല്ലാം പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്റെ ശക്തിയെ തിരിച്ചറിയാന്‍ മോശയുടെ അവസാനകാലവും വാക്കുകളും ജനത്തെ സഹായിക്കുന്നു. കാലാകാലങ്ങളില്‍ ദൈവത്തിന്റെ മനുഷ്യരായി മാറുന്നവര്‍ക്ക് അഹങ്കാരമുണ്ടാകരുതെന്നും അവിടത്തെ മുന്നില്‍ എളിമയോടെ നില്ക്കണമെന്നും ദൈവത്തിന്റെ സന്ദേശം ജനത്തിനു കൈമാറാന്‍ വിളിക്കപ്പെട്ടവര്‍ തങ്ങളുടെ ശുശ്രൂഷകാലം കഴിയുമ്പോള്‍ സന്തോഷത്തോടും പ്രത്യാശയോടും വരുന്ന തലമുറയ്ക്ക് ആ ശുശ്രൂഷ കൈമാറണമെന്നും മോശയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. കാരണം, മാനുഷികമായ പരിധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒന്നല്ല സ്രഷ്ടാവും സര്‍വശക്തനുമായ ദൈവത്തിന്റെ പ്രവര്‍ത്തനം. ഓരോ പ്രവാചകന്റെയും പുരോഹിതന്റെയും അധികാരിയുടെയും കൂടെ വസിക്കുന്ന ദൈവമാണ് അവന്റെ ശക്തികേന്ദ്രം.
ഇത്രയും കാലം മോശ ഇസ്രായേല്‍ജനത്തെ നയിച്ചെങ്കില്‍ ഇനി 'ജോഷ്വാ' നിങ്ങളെ നയിക്കും (നിയമാ. 31:3). 'ദൈവം വിമോചകന്‍/രക്ഷക'നാണ് എന്നതാണ് ജോഷ്വാ എന്ന വാക്കിന്റെ അര്‍ത്ഥം. ഇസ്രായേല്‍ജനത്തെ തുടര്‍ന്നു നയിക്കുന്ന ജോഷ്വായുടെ പുതിയനിയമത്തിലെ പൂര്‍ത്തീകരണമാണ് ഈശോ. 'യെഹോശ്വ' എന്ന ഹീബ്രുനാമത്തില്‍നിന്നാണ് 'ജോഷ്വാ' എന്ന പേരും 'ഈശോ' എന്ന പേരും വന്നിരിക്കുന്നത്. യഹൂദര്‍ തങ്ങളുടെ ഏകസത്യദൈവത്തെ 'ദൈവം' എന്നു വിളിക്കുന്നതിനുപകരം 'യാഹ്‌വേ' എന്നാണു വിശേഷിപ്പിച്ചിരുന്നത്. കാരണം, ദൈവത്തിന്റെ നാമം ഉച്ചരിക്കുന്നതിന് അവര്‍ക്കു ഭയമായിരുന്നു. 'യാഹ്‌വേ' എന്നതില്‍നിന്നാണ് 'യെഹോശ്വ' എന്ന നാമം ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്.  ദൈവത്തോട് അടുത്തുനില്ക്കുന്ന ജോഷ്വായും ദൈവം തന്നെയായ ഈശോയും ദൈവത്തെക്കുറിച്ചുള്ള നിരന്തര ഓര്‍മ നമ്മില്‍ ഉണര്‍ത്തുന്നു. പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി പിതാക്കന്മാരോടു സംസാരിച്ച ദൈവം, ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി നമ്മോടു സംസാരിക്കുന്നു. (ഹെബ്രാ. 1:1-2). ദൈവസാന്നിധ്യത്തിന്റെ നൈരന്തര്യം ഒരുകാലത്ത് മനുഷ്യരുടെയിടയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെയായിരുന്നെങ്കില്‍ ഇപ്പോളത് ദൈവപുത്രനായ ഈശോമിശിഹായിലാണ്.
'ദൈവമായ കര്‍ത്താവ് കൂടെയുണ്ട്' എന്ന പ്രസ്താവനയോടൊപ്പം നിരന്തരം ചേര്‍ത്തു കാണുന്ന ഒന്നാണ് 'ഭയപ്പെടേണ്ട' എന്ന ആശ്വാസവചനം (നിയമ. 31:6; ഏശ. 41:10). സര്‍വശക്തനും അപരിമേയനുമായ ദൈവത്തിന്റെ സാന്നിധ്യം ഭയം ജനിപ്പിക്കുന്നതാണെന്നു പഴയനിയമത്തില്‍ നാം കാണുന്നുണ്ട് (പുറ. 19,16:20,18).
പാപം ചെയ്യാതിരിക്കാന്‍ ജനത്തില്‍ ദൈവഭയം ഉണ്ടാകുന്നതിനുവേണ്ടിയാണു ഭയപ്പെടുത്തുന്ന സാഹചര്യത്തില്‍ ദൈവം ജനത്തിനുമുന്നില്‍ വരുന്നതെന്നു മോശ ജനത്തെ സാന്ത്വനിപ്പിക്കുന്നു (പുറ. 20:20). പാപം ചെയ്യുമ്പോഴാണ് മനുഷ്യസഹജമായ ഭയം ഉണ്ടാകുന്നതെന്നു വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (ഉത്പ. 3:12). ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഒറ്റയ്ക്കുനില്‍ക്കാന്‍ കഴിയാതെ മനുഷ്യനുണ്ടാകുന്ന ശൂന്യതയാണ് ഭയത്തെ സൃഷ്ടിക്കുന്നത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ മരണം എന്ന വലിയ ഭയമാണ് അനുദിനജീവിതത്തിലെ ചെറിയ ഭയങ്ങളെ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, പനി കലശലായാല്‍ വൈദ്യശുശ്രൂഷ തേടുന്നത് പനിമൂലം മരിക്കും എന്ന ഭയമുള്ളതുകൊണ്ടാണല്ലോ. ഏറ്റവും ശക്തമായ ഭയം മരണഭയമാണ്. ഈ മരണം ഉണ്ടായതാകട്ടെ, അനുസരണക്കേടും അതില്‍നിന്നുരുവായ പാപം നിമിത്തവും.
ദൈവത്തിന്റെകൂടെ നടന്നിരുന്ന ആദ്യമനുഷ്യന്‍, മരണത്തെക്കുറിച്ചുള്ള ചിന്തയില്ലാതിരുന്നവന്‍ അനുസരണക്കേടില്‍നിന്നുള്ള പാപത്താല്‍ മരണത്തിന് അര്‍ഹനായിത്തീരുന്നു. ദൈവം കൂടെ നടക്കുന്നുണ്ടെങ്കിലും അവന് ആ സ്‌നേഹത്തെ, ചൈതന്യത്തെ അനുഭവിക്കാനാവുന്നില്ല. രക്ഷാകരപദ്ധതയില്‍ കൂടെനടക്കുന്ന ദൈവത്തെ ജനത്തിനു മനസ്സിലാക്കിക്കൊടുക്കുക എന്നത് ദൈവത്തിന്റെതന്നെ പ്രധാന ദൗത്യമായി മാറുന്നു. മോശയിലൂടെയും ജോഷ്വായിലൂടെയും താന്‍ ജനത്തിന്റെകൂടെയുണ്ട് എന്ന വലിയ ആശ്വാസമാണു ദൈവം നല്കുന്നത്. അതുകൊണ്ടാണ് 'ദൈവമായ കര്‍ത്താവാണ് നിങ്ങളുടെകൂടെയുള്ളത്' എന്ന ഉറപ്പോടുകൂടി 'ഭയപ്പെടേണ്ട' എന്ന ആശ്വാസവചനം ദൈവം പറയുന്നത്.
ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അവസ്ഥകളെ ഇല്ലാതാക്കുന്ന ദൈവമായ കര്‍ത്താവാണ് ജനത്തിന്റെ വലതുകൈ ചേര്‍ത്തുപിടിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിക്കുന്ന ദൈവത്തെയാണ് ഏശയ്യാ പ്രവാചകനും ഏറ്റുപറയുന്നത് (ഏശ. 41:8-16). 'ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍' എന്ന പ്രവചനം 'ഈശോ എന്ന നാമത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കുള്ള സൂചനകൂടിയാണ്. ഈശോമിശിഹാതന്നെയാണ് ഇസ്രായേലിന്റെ രക്ഷകനെന്ന് ഈശോയുടെ കാലത്തുള്ള യഹൂദര്‍ക്കു മനസ്സിലാക്കാനുള്ള പ്രവചനം കൂടിയാണത്.
ഇസ്രായേലിന്റെ ദൈവത്തിലുള്ള വിശ്വാസം പുതിയനിയമത്തില്‍ ഈശോയാകുന്ന ദൈവത്തിന്റെ പുത്രനിലേക്കു വളരുന്ന വചനഭാഗമാണ് ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ് ശ്ലീഹാ എഴുതുന്നത് (ഫിലി. 3:4-16).
നിയമാവര്‍ത്തനത്തിലും ഏശയ്യാ പ്രവചനത്തിലും ദൈവം കൂടെ വസിക്കുന്ന ജനത്തെയാണു കാണുന്നതെങ്കില്‍ പുതിയനിയമത്തിലാകട്ടെ ദൈവം കൂടെ വസിക്കുന്നു എന്നുപറഞ്ഞാല്‍ അത് ഈശോമിശിഹാ കൂടെ വസിക്കുന്നു എന്നതായി ആഴപ്പെടുന്നു. ''ഇത് മിശിഹായെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ'' (ഫിലി. 3:9). മനുഷ്യനായിപ്പിറന്ന ദൈവം പിന്നീട് മനുഷ്യന്റെകൂടെയാണ്, അവന്റെ സങ്കടങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും കോട്ടങ്ങളും ദൈവത്തിന്റെയും മനുഷ്യന്റെയുമാണ്. 'ഭയപ്പെടേണ്ട' എന്നു വീണ്ടും ദൈവം പറയുന്നത് (മര്‍ക്കോ. 5:36; ലൂക്കാ. 12:32; മത്താ. 6:34; മര്‍ക്കോ. 6:50) പ്രവാചകന്‍മാരിലൂടെയല്ല, ദൈവംതന്നെയാണ്.
കൂടെയായിരിക്കുന്ന ദൈവത്തെ സുവിശേഷകനായ മര്‍ക്കോസ് ശ്രദ്ധിക്കുന്നുണ്ട് (മര്‍ക്കോ. 3:7-19). സുവിശേഷത്തിന്റെ ഒന്നാംഭാഗത്ത് ഈശോയാകുന്ന ദൈവം ശിഷ്യന്മാരാകുന്ന ജനത്തിന്റെകൂടെ നടക്കുന്നതാണു നാം കാണുന്നത്. ''ഈശോ ശിഷ്യന്മാരോടുകൂടി കടല്‍ത്തീരത്തേക്കുപോയി'' (3:7മ). തുടര്‍ന്ന്, ദൈവം തന്റെ ജനത്തിന്റെ മധ്യത്തില്‍ എങ്ങനെയായിരിക്കുന്നുവെന്നു സുവിശേഷഭാഗം തെളിയിക്കുന്നു. ''ഈശോ വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു, ആള്‍ത്തിരക്കില്‍ ഞെരുങ്ങിയിരുന്നു. രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.'' തന്റെ ജനത്തിന്റെ കൂടെ ആയിരിക്കുന്ന സമയം ദൈവം ആസ്വദിക്കുകയാണ്.
സുവിശേഷത്തിന്റെ രണ്ടാംഭാഗത്തു തന്നോടുകൂടെയായിരിക്കാന്‍ ജനത്തെ ക്ഷണിക്കുന്ന ദൈവത്തെ നാം കാണുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതുവഴി ദൈവജനത്തിന്റെ പ്രതിനിധികളായി തന്നോടൊത്തായിരിക്കാന്‍ ദൈവം എല്ലാവരെയും വിളിക്കുന്നു. തന്റെ ജനത്തിന്റെ കൂടെയല്ലാത്ത ഒരവസ്ഥയെപ്പറ്റി സ്‌നേഹമായ ദൈവത്തിനു ചിന്തിക്കാനാവില്ല. അതിന്റെ പൂര്‍ണതയില്‍, എന്നും നമ്മോടൊത്തായിരിക്കാന്‍ അവന്‍ വി.കുര്‍ബാന സ്ഥാപിച്ചു. 'ദൈവം നമ്മോടുകൂടെ' എന്നര്‍ത്ഥമുള്ള 'ഇമ്മാനുവേല്‍' എന്ന് അവന്‍ വിളിക്കപ്പെടും. അതേ, ദൈവം നമ്മുടെകൂടെയാണ്, നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നത് അവനാണ്. ''മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല'' (സങ്കീ. 23:4).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)