•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

സൈബര്‍ലോകത്തെ അടിമക്കോലങ്ങള്‍

ന്റര്‍നെറ്റിന്റെ നിരന്തരമായ ഉപയോഗം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ 1998 ല്‍ കിംബര്‍ലി യങ് എന്ന മനഃശാസ്ത്രജ്ഞന്‍ ഏതാനും ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലി തയ്യാറാക്കുകയുണ്ടായി. അതിലെ ഏതാനും ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. നിങ്ങള്‍ ഉദ്ദേശിക്കുന്നതിലും വളരെയധികം സമയം  ഇന്റര്‍നെറ്റില്‍ ചെലവഴിച്ചതായി അനുഭവപ്പെടാറുണ്ടോ?
2. താങ്കള്‍ ഇന്റര്‍നെറ്റിലും അനുബന്ധമാധ്യമങ്ങളിലും അമിതമായി സമയം കളയുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരാതിപ്പെടാറുണ്ടോ?
3.നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെയിരിക്കുന്ന സമയങ്ങളില്‍ വലിയ മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് അതേ എന്നാണ് ഉത്തരമെങ്കില്‍ ആ വ്യക്തി ഇന്റര്‍നെറ്റ്/ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് അടിമയായിക്കഴിഞ്ഞു എന്നാണു കണ്ടെത്തല്‍. ഇത്തരം ഇരുപതോളം ചോദ്യങ്ങളടങ്ങിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റുപയോഗിച്ചു മദ്യവും മയക്കുമരുന്നുംപോലെ ഇന്റര്‍നെറ്റിനു മാനസികമായി അടിപ്പെടുകയും അതുവഴി വ്യക്തിവൈകല്യങ്ങള്‍ രൂപപ്പെടുകയും ചെയ്ത ആളുകളെ തിരിച്ചറിഞ്ഞു ചികിത്സിച്ചു സുഖപ്പെടുത്താമെന്നായിരുന്നു യങിന്റെ കണ്ടെത്തല്‍.
കുട്ടികളെക്കുറിച്ചാണ് ഏറെ പരാതികള്‍ ഉയരുന്നതെങ്കിലും മുതിര്‍ന്നവരും ഇന്റര്‍നെറ്റ് അഡിക്ഷനില്‍ പിന്നിലല്ല. അല്പസമയം മൊബൈല്‍ ഓഫ് ആയാലോ ഇന്റര്‍നെറ്റ് കണക്ഷന്‍ അല്പം കുറഞ്ഞുപോയാലോ അസ്വസ്ഥരാവുകയും വ്യാകുലപ്പെടുകയും ചെയ്യുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും.സ്വാഭാവികമായിത്തോന്നാവുന്ന ഇത്തരം അസ്വസ്ഥതകളെയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്‍ എന്നു പറയുന്നത്. ഇവ സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദം വളരെ വലുതാണ്, കുട്ടികളില്‍ ഇവ ഉണ്ടാക്കുന്നത് മിഥ്യാബോധം, അപകര്‍ഷത, മാനസികസമ്മര്‍ദം, അലസത, പഠനവൈകല്യങ്ങള്‍, വ്യക്തിത്വവൈകല്യങ്ങള്‍ എന്നിവയാണ്. വിളര്‍ച്ച, കാഴ്ചക്കുറവ്, അമിതഭാരം, ഗുരുതര ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍പോലെയുള്ള ശാരീരികപ്രശ്‌നങ്ങള്‍ വേറേയും.
മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ശ്രദ്ധ. വായിക്കാനും പഠിക്കാനും ജോലി ചെയ്യാനും മാത്രമല്ല, ചിന്തിക്കാന്‍പോലും ശ്രദ്ധ അനിവാര്യമാണ്. ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നതുമൂലം ആളുകളുടെ 'ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്ന സമയം' മൂന്നു മിനിറ്റായി കുറഞ്ഞിരിക്കുന്നു എന്ന കണ്ടെത്തലിലാണ് ഗവേഷകര്‍. മൂന്നു മിനിറ്റു മാത്രം ഒരു കാര്യം ചിന്തിക്കാന്‍ സാധിക്കുന്ന വ്യക്തിയുടെ ദൈനംദിനകാര്യങ്ങള്‍പോലും താളംതെറ്റും.
ചുരുക്കത്തില്‍, ജീവിതത്തിന്റെയും തൊഴിലിന്റെയും പണത്തിന്റെയുംതാളംതെറ്റി അവയുടെ കാരണം തിരിച്ചറിയാതെ  സമ്മര്‍ദത്തിന് അടിമപ്പെടും.
യൂട്യൂബില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ളത് ദൈര്‍ഘ്യംകുറഞ്ഞ വീഡിയോകള്‍ക്കാണ്. അരമണിക്കൂര്‍പോലും ഒരു പരിപാടി കാണാന്‍ സാധിക്കാത്തവര്‍ ഇന്ന് അധികമാണ്. ഈ അവസ്ഥ മനസ്സിലാക്കിയാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം പുതുതായി അവതരിപ്പിച്ചത്. അതേ, യൂട്യൂബ് ഷോര്‍ട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പത്ത്-ഇരുപത് സെക്കന്റുകള്‍ മാത്രമുള്ള വീഡിയോകള്‍തന്നെ. ഇവയില്‍ പതിയിരിക്കുന്ന അപകടം മറ്റൊന്നാണ്. ഒഴിവുസമയത്ത് അല്പസമയം ഫോണില്‍ ചെലവഴിക്കാനായി മാറ്റിവയ്ക്കുന്നവര്‍പോലും ഈ കുഞ്ഞന്‍ വീഡിയോകള്‍ മണിക്കൂറുകള്‍ കാണുന്നുണ്ടെന്നാണു കണക്ക്. എന്നാല്‍, ഇങ്ങനെ വിവിധ കാര്യങ്ങള്‍ സെക്കന്റുകള്‍കൊണ്ട് കടന്നുപോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒന്നിലും പൂര്‍ണമായി ശ്രദ്ധ പതിയുന്നില്ല, ചിന്തിക്കുന്നുമില്ല. ഇതു കണ്ണിനെയും തലച്ചോറിനെയും രൂക്ഷമായി ബാധിക്കുകയും ചെയ്യും.
ഇന്റര്‍നെറ്റ് ഉപയോഗംമൂലം അറിഞ്ഞും അറിയാതെയും നിലനില്‍ക്കുന്ന മാനസിക, ശാരീരികപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് ഡിജിറ്റല്‍ ഡി ടോക്‌സ് കേന്ദ്രങ്ങള്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍, ഓണ്‍ലൈന്‍ പോണോഗ്രഫി, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് അടിമകളാകുന്നവരെ സാധാരണജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ ഈ കേന്ദ്രങ്ങള്‍ സഹായകമാണ്. മദ്യപാനവും മയക്കുമരുന്നുംപോലെ പലപ്പോഴും സ്വയം വിമുക്തരാകാന്‍ ഇന്റര്‍നെറ്റിന് അടിമ യായവര്‍ക്കും സാധിക്കാറില്ല, പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇന്റര്‍നെറ്റും സ്വന്തം ചിന്തകളും സൃഷ്ടിച്ച മിഥ്യാലോകം അവരുടെ മനസ്സിനെ സ്വാധീനിച്ച് യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകറ്റുകയാണു ചെയ്യുന്നത്.
കേരളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ ക്ലിനിക് സ്ഥാപിക്കപ്പെട്ടത് 2018 ലാണ്. എറണാകുളം
കളമശേരി രാജഗിരി കോളജിലെ സൈക്കോളജി
ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നാണ് ക്ലിനിക് സ്ഥാപിക്കപ്പെട്ടത്. ഹെല്‍ത്തി ഇന്റര്‍നെറ്റ് ടെക്‌നോളജി എക്‌സ്പീരിയന്‍സ് ക്ലിനിക്  എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇന്റര്‍നെറ്റ് അഡിക്ഷന്‍ കേസുകളില്‍ അഞ്ചെണ്ണമെങ്കിലും 12 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ടതാണ്. അരമണിക്കൂറോ പരമാവധി ഒരു മണിക്കൂറോഇന്റര്‍നെറ്റ് ഉപയോഗം അനുവദനീയമായ പ്രായമാണിത്. പതിമ്മൂന്നു വയസ്സില്‍ താഴെ
യുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനുതന്നെ വിലക്കുണ്ട്.
സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും രണ്ടോ മൂന്നോ ദിവസം ഫോണും ഇന്റര്‍നെറ്റും പൂര്‍ണമായി ഒഴിവാക്കുന്നത് ഗുണകരമാണ്. പഠനം തടസ്സപ്പെടാതെതന്നെ ഈ ശീലം വളര്‍ത്താനാകും. ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി പരതി ശേഖരിക്കുന്ന അറിവുകളെക്കാള്‍ ഓര്‍മയില്‍ നില്‍ക്കുന്നതും ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുന്നതും പുസ്തകവായനയും അതിലൂടെ നേടുന്ന അറിവുകളുമാണെന്നു പഠന
ങ്ങള്‍ പറയുന്നു. ആഴത്തില്‍ പഠിക്കാനും ചിന്തിക്കാനും വിലങ്ങുതടിയുമാകാറുണ്ട് ഇന്റര്‍നെറ്റ് പഠ
നങ്ങള്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ അമിതമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവര്‍ക്ക് ഭാവിയില്‍ ഗഹനമായ വിഷയങ്ങളും പുസ്തകങ്ങളും പഠിക്കാന്‍ പ്രയാസമനുഭവപ്പെട്ടേക്കാം. ടൈപ്പു ചെയ്യുമ്പോള്‍ ലഭിക്കുന്ന ചുരുങ്ങിയ വാക്കുകള്‍ വായിച്ച ശീലമല്ലേയുള്ളൂ, തലച്ചോറിന്!
കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കും 'ഡിജിറ്റല്‍ ഡി ടോക്‌സിഫിക്കേഷന്‍' ദിനങ്ങള്‍ ആവശ്യമാണ്. ഓഫീസ്-ജോലിത്തിരക്കുകള്‍ ഉള്ളവര്‍പോലും അവധിദിനങ്ങളിലെ ഏതാനും മണിക്കൂറുകളെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. ഒരു ദിവസം എത്ര മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നു തിട്ടപ്പെടുത്തി ഒരു വര്‍ഷം എത്ര മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നു കണ്ടെത്തി നിയന്ത്രിക്കാന്‍
സാധിക്കും. ഇതിനായി ഫോണില്‍ത്തന്നെ പല ആപ്ലിക്കേഷനുകളും ലഭ്യമാണ്.  പകരം, മറ്റു ഫലപ്രദമായ അറിവും വിനോദവും നല്‍കുന്ന ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കായി സമയം നീക്കിവയ്ക്കാം. ടെക്‌നോളജി അമിതമായി ഉപയോഗിച്ചു കഴുത്തിനും തോളിനും വേദന, വീക്കം, പുറംവേദന എന്നിവയുമായി കൂടുതലും ബുദ്ധിമുട്ടുന്നത് മുതിര്‍ന്നവരാണ്. ഇതിന്റെ കാരണങ്ങള്‍ ഡിജിറ്റല്‍ അഡിക്ഷനാണെന്നു  തിരിച്ചറിയാറില്ലെന്നേയുള്ളൂ.

 

Login log record inserted successfully!