സംസ്‌കൃതഭാഷയിലെ ഏറ്റവും പ്രസിദ്ധനായ വൈയാകരണന്‍ പാണിനിമഹര്‍ഷിയാണ്. ബി.സി. 600 നും 300 നും ഇടയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. അഷ്ടാദ്ധ്യായി എന്ന പേരില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥം അറിയപ്പെട്ടു. എട്ട് അധ്യായങ്ങള്‍ ഉള്ളതിനാലാണ് ആ പേര്‍ ഗ്രന്ഥനാമമായത്. 3996 സൂത്രങ്ങള്‍ പാണിനീയത്തില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. പാണിനീയസൂത്രങ്ങള്‍ക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്. മലയാളസന്ധിയില്‍ പലയിടത്തും പാണിനീയസൂത്രം സംഗതമായി നിലകൊള്ളുന്നു.
പാണിനീയത്തിലെ സ്വരസന്ധി (അച്‌സന്ധി) വിഭാഗത്തില്‍പ്പെടുന്ന ഒരു സൂത്രമാണ്, ''അകഃസവര്‍ണ്ണേദീര്‍ഘഃ''* എന്നത്. സമാനസ്വരങ്ങള്‍ സന്ധിയില്‍ ദീര്‍ഘങ്ങളാകുന്നതാണ് സവര്‍ണ്ണദീര്‍ഘം (അകഃ സവര്‍ണ്ണേ അചിപരേ ദീര്‍ഘ ഏകാദേശഃസ്യാത്) അ+അ=ആ; ഇ+ഇ=ഈ; ഉ+ഉ=ഊ തുടങ്ങിയവ സവര്‍ണ്ണദീര്‍ഘത്തിന് ഉദാഹരണം. ആധുനികമലയാളത്തിലെ ചില സന്ധിരൂപങ്ങളെ ഈ സൂത്രപ്രകാരം വ്യാഖ്യാനിക്കാം. ഉമ്മ+അച്ചി= ഉമ്മാച്ചി, അന്ന+അമ്മ=അന്നാമ്മ, തെയ്യ+അമ്മ=തെയ്യാമ്മ, ശോശ+അമ്മ=ശോശാമ്മ, അച്ച+അമ്മ= അച്ചാ മ്മ, ത്രേസ്യാ+അമ്മ=ത്രേസ്യാമ്മ, ഉമ്മ+ അച്ചു=ഉമ്മാച്ചു, മറിയ+അമ്മ=മറിയാമ്മ, സാറ+അമ്മ=സാറാമ്മ, അമ്മ+അച്ചി = അമ്മാച്ചി തുടങ്ങിയ സംജ്ഞാനാമങ്ങളില്‍ കാണുന്ന ആകാരം ഇങ്ങനെ രൂപപ്പെട്ടതാകണം. ഉമ്മച്ചി (ഉമ്മ+അച്ചി)യില്‍ അകാരലോപവും ഉമ്മാച്ചിയില്‍ (ഉമ്മ+ച്ചി) സവര്‍ണദീര്‍ഘവും സംഭവിക്കുന്നു എന്നതത്രേ അവ തമ്മിലുള്ള ഭേദം. അന്നമ്മയും അന്നാമ്മയും അതേ നയം അനുവര്‍ത്തിക്കുന്നു. ഉമ്മച്ചിയും ഉമ്മാച്ചിയും മുസ്ലീംസ്ത്രീയാണ് (സ്ത്രീ-ച്ചി). അച്ചമ്മ (അച്ചാമ്മ) അച്ഛന്റെയോ അമ്മയുടെയോ അമ്മയാകാം. കേവലനാമമായും അച്ചാമ്മ പ്രയോഗത്തിലുണ്ട്.
കരി+ഇല=കരീല, കരു+ഊര്‍=കരൂര്‍, തിരു+ ഊര്‍=തിരൂര്‍ എന്നെല്ലാമാകുന്നതും സവര്‍ണ്ണ ദീര്‍ഘം എന്ന പാണിനീയസൂത്രപ്രകാരമാണ്. മലയാളസന്ധിപ്രകാരം കരി+ഇല=കരിയില; കരു+ഊര്‍=കരുവൂര്‍, തിരു+ഊര്‍ തിരുവൂര്‍ എന്നെല്ലാമാണ് വരേണ്ടത്. എന്നാല്‍, കരുവൂര്‍, തിരുവൂര്‍ എന്നീ രൂപങ്ങള്‍ സാധാരണങ്ങളല്ലല്ലോ. കരുവൂര്‍, തിരുവൂര്‍ എന്നിവയുടെ ഉച്ചാരണത്തില്‍ ഹ്രസ്വം വന്നാലും കരൂരും തിരൂരും ആകുമെന്ന് എന്‍.ആര്‍. ഗോപിനാഥപിള്ള നിരീക്ഷിച്ചിട്ടുണ്ട്. **
*ചാക്കോ, ഐ.സി., പാണിനീയപ്രദ്യോതം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം -52
** ലത, വി. നായര്‍., എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍ (സമ്പാദനം), കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം - 2019, പുറം - 339