ഇതിലും ഭേദം ചേട്ടായി എന്നെ കൊന്നുകളയുന്നതാ.
രോഷ്നി പൊട്ടിക്കരഞ്ഞുപോയി. അവളുടെ ആ ഭാവമാറ്റം റോയിയെ നടുക്കി.
സുമന്‍ രോഷ്‌നിയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്നു വ്യക്തമാക്കിയപ്പോള്‍ രോഷ്‌നിക്ക് അവനെയും ഇഷ്ടമാണ് എന്നായിരുന്നു റോയി കരുതിയിരുന്നത്. അങ്ങനെയൊരു സൂചന റോയിയുടെ വാക്കിലുമുണ്ടായിരുന്നു. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സുമനാണോ എന്ന് രോഷ്‌നി ഇങ്ങോട്ടു ചോദിച്ചപ്പോള്‍ ആ വിചാരം കൃത്യമാണെന്നും മനസ്സില്‍ കരുതി. പക്ഷേ, ഇപ്പോള്‍ രോഷ്നി കരയുന്നു, സുമനുമായി വിവാഹം കഴിക്കുന്നതിനെക്കാള്‍ ഭേദം അവളെ കൊന്നുകളയുന്നതാണെന്നു പറയുന്നു. നടുങ്ങാതിരിക്കുന്നതെങ്ങനെ?
''അപ്പോ, അപ്പോ നിനക്ക് അവനെ ഇഷ്ടമല്ലേ?''
റോയി ചോദിച്ചു.
''എല്ലാ കാര്യോം അവളുടെ ഇഷ്ടം ചോദിച്ചു നടത്തിയാ മതി.'' സീന പുച്ഛിച്ചു.
''വിവാഹം കഴിക്കാന്‍നേരം ആര്‍ക്കും വലിയ ഇഷ്ടമൊന്നും കാണുകേലാ. പിന്നെ പതുക്കെപ്പതുക്കെ ഇഷ്ടമായിക്കോളും. അടുത്തും മനസ്സിലാക്കിയും ഒക്കെ കഴിയുമ്പോഴല്ലേ യഥാര്‍ത്ഥസ്നേഹം പുറത്തോട്ടുവരുന്നത്.'' സീന വാദിച്ചു.
''എനിക്ക് എന്തായാലും സുമനെ ഇഷ്ടമാ, ഇന്നത്തെ കാലത്ത് നയാപൈസ സ്ത്രീധനം വാങ്ങാതെ ഒരു ചെറുപ്പക്കാരന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകാന്നുവച്ചാ. അത് ആ മനസ്സിന്റെ വലുപ്പമല്ലേ കാണിക്കുന്നെ?''
അപ്പോള്‍ അതാണു കാര്യം. രോഷ്‌നിക്കു മനസ്സിലായി. സുമന്‍ സ്ത്രീധനം ചോദിക്കുന്നില്ല. സീനയ്ക്കു സന്തോഷിക്കാന്‍ അതുമാത്രം മതിയല്ലോ. മാത്രവുമല്ല, പുറമേ നോക്കുമ്പോള്‍ സുമനെ കുറ്റം പറയാനും കഴിയില്ല. കാണാന്‍ മിടുക്കന്‍. നല്ല ജോലി. ഭേദപ്പെട്ട സാമ്പത്തികവുമുണ്ട്. തൊട്ടടുത്തുതന്നെ വീട്. എതിരുപറയാന്‍ കാരണങ്ങളൊന്നുമില്ല. എന്നാല്‍, തനിക്ക് എന്തുകൊണ്ടോ സുമനെ ഇഷ്ടമല്ല. അതാണു പ്രശ്‌നം. ഒരു വ്യക്തിയോട് ഇഷ്ടം തോന്നുന്നതും വെറുപ്പു തോന്നുന്നതും പ്രത്യേകിച്ച് എന്തെങ്കിലും കാരണംകൊണ്ടുമാത്രമാണോ? അല്ല, ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു വ്യക്തിയോടുപോലും പെട്ടെന്ന് മാനസികമായ അടുപ്പം തോന്നാറില്ലേ? എന്നാല്‍, ഏറെ നാള്‍ ഒരുമിച്ചുള്ള സഹപ്രവര്‍ത്തകരോടോ സഹപാഠികളോടോ എന്തിന് കുടുംബത്തില്‍ത്തന്നെ ഉള്ള ആളോടുപോലും ആ
അടുപ്പം തോന്നണമെന്നില്ല. മനസ്സുകള്‍ തമ്മിലുള്ള തരംഗദൈര്‍ഘ്യമാണ് അടുപ്പവും അകലവുമെല്ലാം നിശ്ചയിക്കുന്നത്.
''സുമന്റെ മനസ്സിന് എത്ര വലുപ്പമുണ്ടെങ്കിലും എനിക്ക് അയാളെ ഇഷ്ടമില്ല ചേട്ടായി.'' രോഷ്നി തുറന്നുപറഞ്ഞു.
റോയി നിസ്സഹായനായി. ''നിന്റെ മനസ്സില്‍ വേറേ ആരെങ്കിലുമുണ്ടോ?'' തന്റെ മനസ്സിലെ സംശയം റോയി തുറന്നുചോദിച്ചു.
''എന്റെ മനസ്സില്‍ ആരുമില്ല.'' രോഷ്‌നിയുടെ വാക്കിലെ സത്യസന്ധത റോയിയുടെ നെഞ്ചിനെയും സ്പര്‍ശിച്ചു.
''സ്വന്തം കാലില്‍ നില്ക്കാന്‍ എനിക്കു കഴിയണം. ഏതെങ്കിലും ഒരുത്തന്റെ അടിമയായി ജീവിക്കാന്‍ എനിക്കു മനസ്സില്ല. അതുകൊണ്ട് എനിക്കൊരു ജോലികിട്ടിയിട്ടു മതി വിവാഹമൊക്കെ.''
''അതു പറ്റില്ല. ഇനിയും നിന്നെ ഇവിടെ നിര്‍ത്താന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.''
റോയി രോഷ്‌നിക്ക് മുഖംകൊടുക്കാതെയാണ് അതുപറഞ്ഞത്. രോഷ്‌നി അന്ധാളിപ്പോടെ റോയിയെ നോക്കി.
''നാട്ടില്‍ ഇപ്പോത്തന്നെ ചില അടക്കംപറച്ചിലുകളുണ്ട്. നിന്നെയും ആ സനലിനെയും ചേര്‍ത്ത്.''
രോഷ്‌നി നടുങ്ങി.
''ചിലരൊക്കെ എന്നോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ചേരുന്ന ആള്‍ക്കാരാ. വിശ്വസിക്കാനും ആളുണ്ടാവും. പേരുദോഷം കേള്‍പ്പിച്ചാല്‍ ഇരുന്നുപോവും. അതുകൊണ്ടാ എല്ലാം അറിഞ്ഞോണ്ടു സുമന്‍ ആലോചനയും കൊണ്ടുവന്നപ്പോ ഞാന്‍ സമ്മതിച്ചത്.''
''എല്ലാം അറിഞ്ഞുകൊണ്ട്.'' രോഷ്‌നിയുടെ കാതില്‍ ആ വാക്ക് തറഞ്ഞുനിന്നു. സുമനാണ് ഈ അപവാദം പറഞ്ഞുപരത്തിയതെന്ന് രോഷ്‌നിക്ക് ഉറപ്പായിരുന്നു. വെടക്കാക്കി തനിക്കാക്കുന്ന പതിവു രീതി. പക്ഷേ, താന്‍ നിസ്സഹായയാണ്. തന്റെ ഭാഗത്തെ ശരികള്‍ മനസ്സിലാക്കാന്‍ ആരുമില്ല; തന്നെ കേള്‍ക്കാനും. ഒരുപക്ഷേ, അമ്മയുണ്ടായിരുന്നുവെങ്കില്‍... അല്ലെങ്കില്‍ ചേച്ചിമാരാരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍... തനിക്ക് ഹൃദയം തുറക്കാന്‍ ആരുമില്ലാതായിരിക്കുന്നു. രോഷ്‌നി തേങ്ങി.
''അതുകൊണ്ട് ചേട്ടായി വേറേ ആലോചന കൊണ്ടുവരും. മോള് എതിര്‍പ്പൊന്നും പറഞ്ഞേക്കരുത്. ഇന്നത്തെക്കാലത്ത് രണ്ടാള്‍ക്കും ജോലിയുണ്ടെങ്കിലേ കുടുംബം നേരാംവണ്ണം നടക്കൂ. അതോണ്ട് വിവാഹം കഴിക്കുന്ന ഒരു ചെറുപ്പക്കാരനും പെണ്ണിനോടു ജോലിക്കു പോകണ്ടായെന്നു പറയില്ല. കല്യാണം കഴിഞ്ഞാലും നിനക്കു ജോലിക്കു പോകാന്‍ കഴിയും എന്നുതന്നെയാ ചേട്ടായി പറഞ്ഞതിന്റെ അര്‍ത്ഥം.''
എതിര്‍ത്തുപറയാന്‍ രോഷ്നിക്കു വാക്കുകളുണ്ടായിരുന്നില്ല. റോയിയുടെ ഭാഗം നോക്കുമ്പോള്‍ അയാള്‍ പറഞ്ഞതിലെല്ലാം ശരികളുണ്ട്. പെങ്ങളെ സ്‌നേഹിക്കുന്നവനാണ് അയാള്‍. മൂത്ത ഒരു കൂടപ്പിറപ്പായിട്ട് രാജുവുണ്ടെങ്കിലും അയാളില്‍നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കാനില്ലെന്ന് റോയിക്കറിയാമായിരുന്നു. ഒരു ചടങ്ങിനു വന്നുനില്ക്കാന്‍ മാത്രമായിട്ടേ അയാളെ ഉപകരിക്കുകയുള്ളൂ. ബാക്കിയുള്ളതെല്ലാം ചെയ്യേണ്ടത് താന്‍ മാത്രമാണ്. അവളുടെ ഭാവിയെയോര്‍ത്ത് അയാള്‍ക്ക് ഉത്കണ്ഠകളുണ്ട്. സുരക്ഷിതമായ കൈകളില്‍ അവളെ ഏല്പിച്ചാലേ അയാള്‍ക്ക് സ്വസ്ഥതയുണ്ടാവൂ. ദിവസങ്ങള്‍ കടന്നുപോയി. രോഷ്നിക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങി. ഒന്നുരണ്ട് ആലോചനകളോട് തനിക്ക് ഇഷ്ടമില്ലെന്നു തന്നെ രോഷ്നി തുറന്നുപറഞ്ഞു. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളല്ലേ, അവര്‍ക്കുമുണ്ടാവില്ലേ ഇഷ്ടങ്ങളും തീരുമാനങ്ങളും എന്ന മട്ടില്‍ അതിനെ റോയി അവഗണിച്ചു. പക്ഷേ, അടുത്ത ആലോചന വന്നപ്പോഴും രോഷ്‌നി എതിരുപറഞ്ഞു.
''എനിക്ക് അപ്പഴേ അറിയാമായിരുന്നു അവള് എന്തെങ്കിലും കാരണം പറഞ്ഞ് ഈ കല്യാണങ്ങളെല്ലാം മുടക്കുമെന്ന്.'' കിടപ്പുമുറിയിലെത്തിയപ്പോള്‍ സീന വാശിയോടെ റോയിയോടു പറഞ്ഞു.
''അവള് നമ്മളെയെല്ലാം പൊട്ടന്മാരാക്കുവാ. അവളുടെ മനസ്സില് ആ സാറുതന്നെയാ. നോക്കിക്കോ അവള് പേരുദോഷം കേള്‍പ്പിച്ച് ഇവിടെത്തന്നെ നില്ക്കും.'' റോയി തന്നെക്കാള്‍ കൂടുതല്‍ രോഷ്‌നിയെ സ്‌നേഹിക്കുന്നുണ്ടോ പരിഗണിക്കുന്നുണ്ടോയെന്നെല്ലാം സീനയ്ക്ക് സംശയമുണ്ടായിരുന്നു. അവളെ ഈ വീട്ടില്‍നിന്ന് ഒഴിവാക്കിയാല്‍ റോയിയുടെ മുഴുവന്‍
സ്നേഹത്തിനും താന്‍ അവകാശിയാകും. സ്വന്തം കുടുംബമായിക്കഴിയുമ്പോള്‍ രോഷ്‌നിക്കും റോയിയോടുളള സ്‌നേഹം കുറയും. തനിക്ക് റോയി മാത്രമല്ലേയുള്ളൂ. അതുകൊണ്ട് എത്രയുംവേഗം രോഷ്‌നിയെ വിവാഹം കഴിപ്പിച്ചയയ്ക്കണം. സീന അങ്ങനെയൊരു തീരുമാനമെടുത്തിരുന്നു. സീനയുടെ വാക്കുകള്‍ റോയിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ഒരു സംശയമായി അതു വളര്‍ന്നു. തന്നെ രോഷ്നി കബളിപ്പിക്കുകയാണോ?
''ഇനി ചോദിക്കുകേം പറയുകേം ഒന്നും വേണ്ട. നമുക്ക് നല്ലതെന്നു തോന്നുന്ന ഒരു ആലോചന അങ്ങു നടത്തുക. അല്ല പിന്നെ.'' സീന അങ്ങനെയൊരു നിര്‍ദേശം നല്കിക്കൊണ്ട് റോയിക്ക് പുറംതിരിഞ്ഞുകിടന്നു.
ഒരു തീരുമാനത്തിലെത്താന്‍ ആ വാക്കുകള്‍ തെല്ലൊന്നു
മല്ല റോയിയെ സഹായിച്ചത്. പിന്നീടു വന്ന വിവാഹാലോചനയെ സംബന്ധിച്ച് രോഷ്നിയോട് അഭിപ്രായം ആരായുകയോ ഒന്നുമുണ്ടായില്ല. നല്ലൊരു ചെറുപ്പക്കാരനെന്ന് റോയിക്ക് തോന്നി. മുപ്പതു വയസ്, പേര് ജോമോന്‍. ഇലക്ട്രീഷ്യനാണ്. കുറെവര്‍ഷം ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ത്തന്നെ. അപ്പനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതായിരുന്നു ജോമോന്റെ കുടുംബം. സഹോദരിമാര്‍ വിവാഹിതരാണ്. അപ്പനമ്മമാര്‍ക്ക് ആരോഗ്യമുള്ളതിനാല്‍ പെട്ടെന്നൊന്നും അവരുടെ ശുശ്രൂഷ ഏറ്റെടുത്തു നടത്തേണ്ട സാഹചര്യവുമില്ല. അന്വേഷണം നടത്തിയപ്പോള്‍ ജോമോനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ആര്‍ക്കും എതിരഭിപ്രായവു
മില്ല.
''ഞങ്ങള് അതങ്ങു തീരുമാനിച്ചു. ഇനി നീ എതിരൊന്നും പറയണ്ടാ.'' ചെറുക്കന്റെ വീടുപോയി കണ്ട ദിവസം റോയി പ്രഖ്യാപിച്ചു.
''നിന്നെ ജോലിക്കു വിടുന്നതിന് അവന് സമ്മതക്കുറവുമില്ല. നിനക്ക് മാനേജ് ചെയ്തു പോകാന്‍ പറ്റുന്ന കുടുംബമാ. ദുല്‍ക്കര്‍ സല്‍മാനോ പൃഥ്വിരാജോ കല്യാണം കഴിക്കാന്‍ വരുമെ
ന്നാണ് വിചാരിച്ചിരിക്കുന്നതെങ്കില്‍ അത് തുറന്നുപറഞ്ഞോ.''
''ഇല്ല, ആരും വരാനില്ല.'' രോഷ്നി തീര്‍ത്തുപറഞ്ഞു. ഇന്നത്തെക്കാലത്തുപോലും ഒരു പെണ്‍കുട്ടിക്ക് അവളുടെ പൂര്‍ണസമ്മതത്തോടെ വിവാഹിതയാകാന്‍ കഴിയുന്നില്ലല്ലോ എന്നാണ് അവളോര്‍മിച്ചത്. വീട്ടുകാര്‍ ഒരാളെ കൊണ്ടുവന്നുനിര്‍ത്തുന്നു. ബാഹ്യമായ ചില ഘടകങ്ങള്‍ നോക്കി നല്ലതാണെന്നു കണ്ടെത്തുന്നു. ആ വിവാഹം നടത്തുന്നു. പെണ്ണുങ്ങള്‍ക്ക് അവിടെ കൃത്യമായ തീരുമാനമെടുക്കാന്‍ പലപ്പോഴും കഴിയാറില്ല.
അന്നുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ജോമോനെ ഓര്‍മിച്ചു. അവന്റെ വര്‍ത്തമാനം, ചിരി... രോഷ്‌നിക്ക് പതുക്കെ പ്പതുക്കെ അവനോടു മാനസ്സികമായ ഒരു അടുപ്പം തോന്നി. കൊള്ളാം. ഒരുപക്ഷേ, എനിക്ക് അയാളെ ആത്മാര്‍ത്ഥമായി
സ്‌നേഹിക്കാന്‍ കഴിഞ്ഞേക്കും. അവള്‍ക്കു തോന്നി. വല്ലാ
ത്തൊരു ആശ്വാസം ഉള്ളില്‍ നിറഞ്ഞതുപോലെ അവള്‍ക്ക് അനുഭവപ്പെട്ടു.
രോഷ്നിയുടെ മനസ്സമ്മതത്തിന്റെയും വിവാഹത്തിന്റെയും തീയതി നിശ്ചയിച്ചു.
(തുടരും)