•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഈശോ നാഥനും രാജാവും

നവംബര്‍ 21    പള്ളിക്കൂദാശ   നാലാം ഞായര്‍
1 രാജാ 6:11-19     എസെ 43:1-7
ഹെബ്രാ 9:16-28   മത്താ 22:41-46

സജീവനായ ദൈവം പ്രവര്‍ത്തനനിരതനും തന്നോടു വിശ്വസ്തത പുലര്‍ത്തുന്നവനോടു നീതി പ്രവര്‍ത്തിക്കുന്നവനുമാണ്. തന്നെ ആരാധിക്കാന്‍ കടപ്പെട്ട ജനത തന്റെ മാര്‍ഗത്തില്‍ തന്റെ കല്പനകള്‍ അനുസരിച്ചു ജീവിച്ചാല്‍ മാത്രമേ ജീവനുള്ള ദൈവത്തിന്റെ മഹത്ത്വം അവരില്‍ വസിക്കുകയുള്ളൂ.

റുസലേം ദൈവാലയം പണിതുകൊണ്ടിരുന്ന സോളമന്‍ രാജാവിനുണ്ടായ കര്‍ത്താവിന്റെ അരുളപ്പാടോടുകൂടിയാണ്         (1 രാജാ 6:11-19) പള്ളിക്കൂദാശക്കാലം അവസാനഞായറാഴ്ചത്തെ വായനകള്‍ ആരംഭിക്കുന്നത്. തനിക്കുവേണ്ടി സോളമന്‍ പണിയുന്ന ഭവനത്തില്‍ വസിക്കാന്‍ ദൈവം വയ്ക്കുന്ന നിബന്ധന ശ്രദ്ധേയമാണ്. ഇസ്രായേല്‍ജനം ദൈവത്തിന്റെ ''ചട്ടങ്ങള്‍ ആചരിച്ചും അനുശാസനങ്ങള്‍ അനുസരിച്ചും കല്പനകള്‍ പാലിച്ചും നടന്നാല്‍... ഞാന്‍ ഇസ്രായേല്‍ മക്കളുടെ മധ്യേ വസിക്കും'' (6:12-13). 14-ാം വാക്യത്തില്‍ നാം വായിക്കുന്നു: ''സോളമന്‍ ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി'' സോളമന് ദൈവത്തിന്റെ വ്യവസ്ഥ സ്വീകാര്യമായിരുന്നു! ഇസ്രായേലിന്റെ കര്‍ത്താവിനെ ഏറ്റവുമധികം സ്‌നേഹിക്കുകയും ആരാധിക്കുകയും അവിടുത്തെ മുമ്പില്‍ എളിമയോടെ നില്‍ക്കുകയും ചെയ്ത സോളമന്‍രാജാവിന് ദൈവത്തിന്റെ ഈ വ്യവസ്ഥ സ്വീകാര്യമാകാതിരിക്കാന്‍ തരമില്ലതന്നെ.
എന്നാല്‍, അധികം വൈകാതെതന്നെ സോളമന്‍ രാജാവിന്റെ ചാപല്യങ്ങള്‍ അദ്ദേഹത്തെ വിഗ്രഹാരാധനയിലേക്കു നയിക്കുന്നതോടെ ഇസ്രായേലില്‍ കുടികൊണ്ടിരുന്ന ദൈവമഹത്ത്വം പിന്‍വാങ്ങുകയും രാജ്യത്ത് അസ്ഥിരതകള്‍ ഉണ്ടാകുകയും ചെയ്യുന്നത് (1 രാജാ. 11:1-8; 12,20) നാം കാണുന്നുണ്ട്. മനോഹരവും ബൃഹത്തുമായ ഒരു കെട്ടിടം നിര്‍മിച്ച് അതില്‍ കുടിയിരുത്തിയാല്‍ നിരന്തരം അതിലായിരിക്കുന്ന നിര്‍ജീവമായ വിഗ്രഹമല്ല, ദൈവത്തിന്റെ മഹത്ത്വം. സജീവനായ ദൈവം പ്രവര്‍ത്തനനിരതനും തന്നോടു വിശ്വസ്തത പുലര്‍ത്തുന്നവനോടു നീതി പ്രവര്‍ത്തിക്കുന്നവനുമാണ്. തന്നെ ആരാധിക്കാന്‍ കടപ്പെട്ട ജനത തന്റെ മാര്‍ഗത്തില്‍ തന്റെ കല്പനകള്‍ അനുസരിച്ചു ജീവിച്ചാല്‍ മാത്രമേ ജീവനുള്ള ദൈവത്തിന്റെ മഹത്ത്വം അവരില്‍ വസിക്കുകയുള്ളൂ. ജറൂസലേം ദൈവാലയത്തിന് ദൈവമഹത്ത്വം നഷ്ടപ്പെടുന്നതിനു പ്രധാന കാരണം ഇസ്രായേല്‍ ജനം ദൈവത്തെ, അവിടുത്തെ കല്പനകളെ മറന്നുപോയി എന്നതാണ്. സോളമന്‍ രാജാവിന്റെ വിഗ്രഹാരാധന തുടങ്ങി, ഇസ്രായേല്‍ ജനം നടത്തുന്ന അനീതിപ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഇസ്രായേലിലുള്ള, ദൈവാലയത്തിലുള്ള ദൈവമഹത്ത്വത്തെ ഇല്ലാതാക്കുന്ന സാഹചര്യങ്ങളാണ്. ജറൂസലേംദൈവാലയമാകുന്ന കെട്ടിടം 'പിതാവിന്റെ ആലയമായി' മാറുന്നത് അവിടുത്തെ മഹത്ത്വം നിറയുന്നതിനാലാണ്. അതിനെ പിതാവിന്റെ ഭവനം അല്ലാതാക്കിമാറ്റുന്നത് ഇസ്രായേല്‍ജനത്തിന്റെ അനീതിപരമായ പ്രവൃത്തികളുമാണ്. പിതാവിന്റെ ആലയത്തിലെ ദൈവമഹത്ത്വത്തെക്കുറിച്ച് ജനത്തെ വീണ്ടുമോര്‍മിപ്പിക്കുന്നത് ഈശോയാണ് (മത്താ. 24:2; മര്‍ക്കോ. 13:2; യോഹ. 2:19).
ദൈവത്തിന്റെ മഹത്ത്വം ദൈവാലയത്തില്‍ ആവസിക്കാന്‍ കിഴക്കുനിന്നു വരുന്നതാണ് എസക്കിയേല്‍ പ്രവാചകനുണ്ടായ ദര്‍ശനം (രണ്ടാം വായന - എസ. 43:1-7). ആരാധനക്രമത്തില്‍ വളരെയേറെ പ്രാധാന്യം വഹിക്കുന്ന കിഴക്കുദിക്കിന്റെ ദൈവശാസ്ത്രപരമായ ശ്രേഷ്ഠത നമുക്കറിവുള്ളതാണല്ലോ.
ദൈവമഹത്ത്വം വര്‍ണനാതീതവും അതീന്ദ്രിയവുമാകുന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും നമുക്കു കാണാനാവും. ദൈവാലയം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വസ്ത്രാഞ്ചലം (ഏശയ്യ 6:1), കൂടാരത്തിനകത്തേക്ക് മോശയ്ക്കു പ്രവേശിക്കാന്‍ കഴിയാത്തവിധം സാന്ദ്രമായ മേഘം (പുറ. 40:35), ഭൂമി നിറഞ്ഞിരിക്കുന്ന തേജസ് (എസ. 43:2) എന്നിങ്ങനെ മനുഷ്യസാധ്യമായ വാക്കുകള്‍കൊണ്ട് ദൈവമഹത്ത്വത്തെ വര്‍ണിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ ദൈവമഹത്ത്വത്തിന്റെ സാന്നിദ്ധ്യത്താല്‍ അതു ദര്‍ശിക്കുന്നവര്‍ക്ക് മോഹാലസ്യംവരെയുണ്ടാകുന്നുണ്ട് (മത്താ. 17:6). അത്രയധികം മഹത്തരവും മനുഷ്യമനസ്സിന് അഗ്രാഹ്യവും സങ്കല്പാതീതവുമാണ് ദൈവത്തിന്റെ സാന്നിധ്യം. പഴയ നിയമ ദൈവാലയത്തില്‍നിന്ന് പുതിയ നിയമ ദൈവാലയത്തിലേക്ക് ഈശോയിലൂടെ നടന്ന മാറ്റത്തിലും അവിടുത്തെ ശരീരമായ, പുതിയ ജറൂസലേമായ സഭയിലും അതേ മഹത്ത്വം തന്നെ കുടികൊള്ളുന്നു. ജറൂസലേംദൈവാലയം ഇല്ലാതായതുകൊണ്ട് ലോകത്തിലെ ദൈവമഹത്ത്വത്തിന്റെ സാന്നിധ്യം ഇല്ലാതാകുന്നില്ല. മറിച്ച്, കൂടുതല്‍ ശക്തവും ദൃഢവുമായി ഈശോയുടെ ശരീരമാകുന്ന സഭയില്‍ ദൈവമഹത്ത്വം നിറഞ്ഞുനില്ക്കുന്നു.
സഭയെന്നാല്‍ മിശിഹായുടെ ശരീരമാണെന്നും അതില്‍ നിറഞ്ഞിരിക്കുന്ന ദൈവമഹത്ത്വം അവര്‍ണനീയമാണെന്നും അറിയണം. അതിനൊപ്പം മാമ്മോദീസാ സ്വീകരിച്ച ഓരോ ദൈവപൈതലും ഈശോയുടെ ശരീരത്തിലെ അവയവങ്ങളാണ് (അംഗങ്ങള്‍) എന്നു തിരിച്ചറിയുമ്പോഴേ അല്മായ/വൈദിക/സന്ന്യസ്തഭേദമില്ലാതെ എല്ലാവരും ചേര്‍ന്നിരിക്കുന്ന സഭാശരീരത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയൂ.
പഴയ നിയമത്തിലെ രക്തം ചിന്തിയുള്ള ബലിയുടെ ന്യൂനതകളും പുതിയ നിയമത്തില്‍ ഈശോ സ്വന്തരക്തം ചിന്തി ബലിയര്‍പ്പിച്ചത് എങ്ങനെയാണ് ബലിയര്‍പ്പണത്തിന്റെ  പൂര്‍ണതയാകുന്നതെന്നും ഹെബ്രായര്‍ക്കുള്ള ലേഖനം സമര്‍ത്ഥിക്കുന്നു (ഹെബ്രാ. 9:16-28). ബലികള്‍ പല പ്രാവശ്യം അര്‍പ്പിക്കേണ്ടിവരിക, ശുദ്ധീകരണത്തിനായി കാളക്കുട്ടികളുടെയും ആടുകളുടെയും രക്തം ഉപയോഗിക്കുക, പുരോഹിതന്‍ പരികര്‍മി മാത്രമാവുക, ബലിവസ്തുക്കളും ബലിയര്‍പ്പകനും തമ്മില്‍ ബന്ധമില്ലാതിരിക്കുക തുടങ്ങിയ വലിയ ന്യൂനതകള്‍ പഴയ നിയമബലിയര്‍പ്പണത്തിനുണ്ടായിരുന്നു. ഈശോമിശിഹായുടെ ബലിയില്‍ ബലിവസ്തുവും ബലിയര്‍പ്പകനും ഒന്നാകുകയും എല്ലാവര്‍ക്കുംവേണ്ടി ഒരിക്കല്‍മാത്രം ബലിയര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് പഴയ നിയമബലിയുടെ ന്യൂനതകള്‍ പരിഹരിച്ച് പുതിയ നിയമബലി  യാഥാര്‍ത്ഥ്യമാകുന്നത്. എന്നാല്‍, മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഈശോയില്‍ പൂര്‍ത്തിയാകുന്നത് തിരിച്ചറിയാത്ത യഹൂദമതനേതാക്കന്മാര്‍ക്ക് ഈ മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതു യാഥാര്‍ത്ഥ്യമാണ്.  അതുകൊണ്ടുതന്നെ ഈ മാറ്റത്തിന്റെ രുചിയനുഭവിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഒരിക്കല്‍ മാത്രം അര്‍പ്പിക്കപ്പെട്ട ഏകബലി ലോകമെങ്ങും അനുദിനം അര്‍പ്പിക്കപ്പെടുന്നു എന്ന് നാം അവകാശപ്പെടുന്നതിന്റെ സാംഗത്യവും ഇന്നു ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിനുത്തരം നല്‌കേണ്ടതും കത്തോലിക്കരായ നമ്മുടെ കടമയാണ്. ''ഇതു നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍'' എന്ന ഈശോയുടെ കല്പനയാണ് ആദ്യം നാം ഓര്‍മിക്കേണ്ടത്. അതു'പോലെ' ചെയ്യുന്നതോ, നമ്മള്‍ 'തന്നെ' ചെയ്യുന്നതോ അല്ല; ഈശോ നടത്തിയ ആത്മബലിയുടെ പുനരാവിഷ്‌കാരവവുമല്ല; അത് ഈശോയുടെ ബലിതന്നെയാണ്. ബലിയര്‍പ്പകനും ബലിവസ്തുവുമായ ഈശോമിശിഹാതന്നെയാണ് പരി. കുര്‍ബാനയിലും സന്നിഹിതനാകുന്നത്.
ഈ ലോകത്തിലെ തന്റെ   (മിശിഹാ) സാന്നിധ്യത്തെക്കുറിച്ച് യഹൂദജനത്തെയും അവരുടെ നേതാക്കന്മാരെയും  ഈശോ ഓര്‍മിപ്പിക്കുന്ന അവസരമാണ് സുവിശേഷത്തില്‍ നാം കാണുന്നത് (മത്താ. 22:41-46). ദാവീദിന്റെ പുത്രനായി മിശിഹാ ജനിക്കുമെന്ന പ്രവചനം ഫരിസേയര്‍ക്കു നന്നായി അറിയാം. പക്ഷേ, ഈശോയുടെ വാക്കുകള്‍ അവരെ നയിക്കുന്നത് മറ്റൊരു ചോദ്യത്തിലേക്കാണ്. സങ്കീര്‍ത്തനം 110:1 ലെ ദാവീദിന്റെ വചനങ്ങളാണ് ഈശോ പറയുന്നത്: ''കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുള്‍ ചെയ്തു: ''ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക'' (മത്താ. 22:44). ഇതില്‍ 'കര്‍ത്താവ്'  എന്ന പ്രയോഗം പിതാവിനെയും 'എന്റെ കര്‍ത്താവ്' എന്ന പ്രയോഗം മിശിഹായെയുംകുറിച്ചാണെന്ന് ഇസ്രായേല്‍ ജനം വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍, പിതാവ് (ദാവീദ്) എങ്ങനെയാണ് പുത്രനെ (മിശിഹാ) 'കര്‍ത്താവേ' എന്നു വിളിക്കുന്നത് എന്ന ചോദ്യമാണുയരുന്നത്. മനുഷ്യാവതാരത്തില്‍ മിശിഹാ ദാവീദിന്റെ വംശത്തില്‍ ജനിക്കുമെന്നും എന്നാല്‍ അവന്‍ ദൈവത്വത്തില്‍ നിത്യനായതുകൊണ്ട് ദാവീദിന് മിശിഹായെ 'എന്റെ കര്‍ത്താവേ' എന്നു വിളിക്കുന്നതില്‍ തെറ്റില്ല എന്നും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, ഈ ദൈവശാസ്ത്രം അംഗീകരിക്കാമെങ്കില്‍ ഫരിസേയരും യഹൂദരും ആദ്യം ഈശോതന്നെയാണ് മിശിഹാ എന്നംഗീകരിക്കേണ്ടി വരും. അതിനവര്‍ തയ്യാറല്ല. 'അബ്രാഹത്തിനുമുമ്പ് ഞാനുണ്ടായിരുന്നു' (യോഹ. 8:58-59) എന്ന ഈശോയുടെ പ്രസ്താവനയില്‍ യഹൂദമതനേതാക്കന്മാര്‍ക്കുണ്ടായ അമര്‍ഷത്തിനു കാരണവും ഇതുതന്നെ.
ദാവീദിന്റെ പുത്രനെന്ന നിലയില്‍ മാനുഷികമായും നിത്യനായ ദൈവം എന്ന നിലയില്‍ ആത്മീയമായും ഈശോ രാജാവുതന്നെ. പഴയ നിയമ ബലിയെ പൂര്‍ത്തീകരിച്ച് ഏകബലിയാക്കി ഒരിക്കല്‍മാത്രം അര്‍പ്പിക്കപ്പെട്ട ബലിവഴി ജനത്തിന്റെ രക്ഷ സാധിക്കുന്നവന്‍ എന്ന നിലയിലും ഈശോ രാജാവുതന്നെ. ബലിയര്‍പ്പകനും ബലിവസ്തുവും ഒരാള്‍തന്നെ എന്ന നിലയില്‍ മനുഷ്യവംശത്തെ മുഴുവന്‍ രക്ഷിച്ച ഏകകര്‍ത്താവ് എന്നു പറയുമ്പോഴും അവന്‍ രാജാവുതന്നെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)