•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഒരു കാറ്റുപോലെ

''എന്റെ സാറേ മരിച്ചുപോയവരെക്കുറിച്ച് നല്ലതേ പറയാവൂ എന്നതുകൊണ്ടു പറയുന്നതല്ല കേട്ടോ, സ്മിതക്കൊച്ചിനെപ്പോലെയൊരു കൊച്ചിനെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. എത്രയോ പെങ്കൊച്ചുങ്ങള് ഈ കടേല്‍ സാധനം മേടിക്കാന്‍ വരുന്നതാ.. സ്മിതക്കൊച്ചിനെപ്പോലെയൊരു പെങ്കൊച്ച്. തനിത്തങ്കമല്ലേ. തനിത്തങ്കം. എന്നാ ചെയ്യാനാ.  ദൈവം ആയുസ്സു കൊടുത്തില്ല. കഷ്ടം..''
പലചരക്കുകച്ചവടക്കാരന്‍ രാജുവിന്റെ വാക്കുകളായിരുന്നു അത്. കടയില്‍ സാധനം മേടിക്കാന്‍ വന്ന സനലിനോടു സംസാരിക്കുകയായിരുന്നു അയാള്‍. കടയിലും വരാന്തയിലുമായി വേറേയും ചിലരുണ്ടായിരുന്നു. സനല്‍ ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാതെ തല കുമ്പിട്ടുനിന്നു.
എന്തിനാണ് ഇങ്ങനെ ആളുകള്‍ അനാവശ്യമായി തന്റെ മുറിവിനെ കുത്തിനോവിക്കുന്നത് എന്നതായിരുന്നു അയാളുടെ ചിന്ത. മറക്കാന്‍ ശ്രമിക്കുകയാണ്, ഓര്‍മിക്കാതിരിക്കാന്‍ പണിപ്പെടുകയാണ്. അപ്പോഴാണ് ആളുകള്‍ വീണ്ടും വീണ്ടും അതേക്കുറിച്ചുതന്നെ സംസാരിക്കുന്നത്.
ഒരുപക്ഷേ, അത്തരമൊരു പ്രവണത എല്ലാ മനുഷ്യര്‍ക്കുമുണ്ടാവാം. മറ്റൊരാളോടു സഹതപിക്കാനുള്ള മാര്‍ഗമെന്ന നിലയിലായിരിക്കും അവരങ്ങനെ പറയുന്നത്. മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ അവരെക്കുറിച്ച് നല്ലതു പറയുക എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്. അനുശോചനസമ്മേളനങ്ങള്‍ അക്കാര്യമാണു വ്യക്തമാക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഒരു നല്ലവാക്കുപോലും പറയാത്തവരാണ് പരേതരെക്കുറിച്ച് വായ്‌തോരാതെ സംസാരിക്കുന്നത്.
നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കുകപോലും ചെയ്യാത്തവരാണ് മരിച്ചുപോയവരെക്കുറിച്ച് ഈ ജന്മത്തില്‍ താന്‍ കണ്ടിട്ടുളളതില്‍ വച്ചേറ്റവും  വിശുദ്ധനായ മനുഷ്യനായിരുന്നു എന്ന മട്ടില്‍ പ്രസംഗിച്ചുകളയുന്നത്. മനുഷ്യനോളം കാപട്യമുള്ള മറ്റൊരു മൃഗവും ഈ ലോകത്തില്‍ ഇല്ല. ആവശ്യങ്ങള്‍ക്കുവേണ്ടി വെളുക്കെ ചിരിക്കും. സ്വാര്‍ത്ഥതയ്ക്കുവേണ്ടി മുഖസ്തുതി പറയും. നേട്ടങ്ങള്‍ക്കുവേണ്ടി തോളത്തു കൈയിട്ടു നടക്കും. ചൂഷണം ചെയ്യാന്‍വേണ്ടി സുഹൃത്താണെന്നു ഭാവിക്കും. മനുഷ്യന്‍ ചില നേരങ്ങളില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമാണ്, മനുഷ്യന്‍ മൃഗമാകരുതെന്നു ശഠിക്കുമ്പോഴും. രാജുവിന്റെ വാക്കുകള്‍ കേട്ട് സനല്‍ ദീര്‍ഘമായി നിശ്വസിച്ചു.
''സാറ് സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് ഞാനറിഞ്ഞായിരുന്നു. അതു നന്നായി സാറേ. പിള്ളേരും ടീച്ചേഴ്സുമായി കാണുകേം മിണ്ടുകേം ചെയ്യുമ്പോള്‍ സങ്കടങ്ങള്‍ക്കൊക്കെ കുറവുണ്ടാകും.''
''എനിക്ക് കുറച്ചു സാധനം വേണമായിരുന്നു.'' അയാളെ വെറുതെ സംസാരിക്കാന്‍ വിടാതെ സനല്‍ ഇടയ്ക്കു കയറി.
''അത് ഞാനെടുത്തോണ്ടിരിക്കുവാണല്ലോ. പത്തു കിലോ അരിയെന്നല്ലേ സാറു പറഞ്ഞത്. അതെടുത്തു. രണ്ടു കിലോ പഞ്ചസാരയും എടുത്തു. ഒരു കിലോ വെളിച്ചെണ്ണയും എടുത്തു. ഇനി എന്നതാ വേണ്ടെ?''
സനല്‍ എഴുതിക്കൊണ്ടുവന്ന ലിസ്റ്റ് നോക്കി.
''ഒരു കിലോ കടുക്.''
സനല്‍ ലിസ്റ്റില്‍ നോക്കി പറഞ്ഞു. സാധനമെടുക്കാന്‍ തുനിഞ്ഞ രാജു തിരിഞ്ഞുനിന്നു.
''എന്നതാ സാറേ, ഒരു കിലോ കടുകോ?'' ആ ചോദ്യത്തിലെ അവിശ്വസനീയതയും അമ്പരപ്പും സനല്‍ മനസ്സിലാക്കി.  
''സാറ് എന്നതാ ഇപ്പറയുന്നെ?  അത്രയും കടുകൊന്നും ഒരു വീട്ടിലേക്ക് ഒറ്റയടിക്കു വേണ്ട സാറേ. നമ്മളെന്നതാ കടുകാണോ നാലുനേരം കഴിക്കുന്നെ.  ഈ സാറിന്റെയൊരു കാര്യം.''
രാജു ചിരിച്ചു. അയാളുടെ ചിരി കടയിലുണ്ടായിരുന്ന മറ്റുള്ളവരിലേക്കും പടര്‍ന്നു. കടയില്‍ ചിരി നിറഞ്ഞു.
 നിറഞ്ഞ ചിരികള്‍ക്കിടയില്‍ വേവുപിടിച്ചവനെപ്പോലെ സനല്‍ നിന്നു. കടുകു വേണമെന്ന് അന്നാമ്മ പറഞ്ഞിരുന്നു. പക്ഷേ, അതു വാങ്ങുന്ന അളവിന്റെ കാര്യത്തില്‍ അയാള്‍ക്ക് അത്ര കൃത്യതയുണ്ടായിരുന്നില്ല. പഞ്ചസാരയും എണ്ണയും പോലെ ഒരു അളവ് എന്നേ അയാള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ, അതൊരു അബദ്ധമാണെന്ന് ഇപ്പോഴാണു മനസ്സിലാകുന്നത്.
 ''നൂറു കടുകു മതി സാറേ. ഒരു പായ്ക്കറ്റ്.'' രാജു ചിരി അടക്കി ഒരു പായ്ക്കറ്റ് കടുക് റാക്കുകള്‍ക്കിടയില്‍നിന്നെടുത്തു.
''അയ്യോ പാവം.'' അയാള്‍ സനലിനെ നോക്കി  വീണ്ടും ചിരിച്ചു.
''സാറിന് ഇതൊന്നും അറിയത്തില്ല അല്ലേ. ആ സ്മിതക്കൊച്ച് പറയുവായിരുന്നു സനല്‍സാറിന് അടുക്കളക്കാര്യമൊന്നും അറിയത്തില്ലെന്ന്. അന്ന് അതു കുഴപ്പമില്ലായിരുന്നു. ഇനീം അങ്ങനെത്തെ പോക്കു പോയാല്‍ ശരിയാവുമോ?''
രാജുവിന്റെ ഉപദേശം സനലിന് തീരെ ഇഷ്ടമായില്ല.
''ഒരു കുടുംബം നോക്കിനടത്തുന്നത് നിസ്സാരകാര്യമാണോ. നമ്മള് ഈ ആണുങ്ങള്‍ക്ക് എന്നതാ അറിയാവുന്നെ. വച്ചുവിളമ്പി ഇരിപ്പിടത്തില്‍ കിട്ടുന്നതിന് കുറ്റം പറയാനല്ലാതെ. എന്റെ പെമ്പ്രന്നോത്തിയുണ്ടല്ലോ സാലമ്മ, അവള് ഞങ്ങടെ മൂത്ത മോള് മരിയറ്റിനെ പെറ്റേല്പിക്കാനായിട്ട് ഓസ്‌ട്രേലിയായ്ക്കു പോയ മൂന്നുമാസമാ ഞാന്‍ ശരിക്കും പറഞ്ഞാ സാലമ്മേടെ വെല മനസ്സിലാക്കിയെ.  രണ്ടു പെമ്പിള്ളേര് വീട്ടിലുണ്ടായിരുന്നതോണ്ട് പട്ടിണികിടന്നില്ലെന്നേയുള്ളൂ. എന്നാലും മൂന്നുമാസത്തേക്ക് എന്റെ വീടൊരു മരിച്ചവീടുപോലെയായിരുന്നു. അതാ ഈ പെണ്ണുങ്ങള് വീട്ടില്‍നിന്നു മാറിനില്ക്കുമ്പോഴത്തെ പ്രശ്നം. എനിക്കാണേ പിന്നെ മൂന്നുമാസത്തെ ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതുപോലെയാണോ സാറിന്റെ കാര്യം.. പോയവര് ഇനി തിരിച്ചുവരില്ലല്ലോ?''
രാജു ദീര്‍ഘമായി നിശ്വസിച്ചു.
''അല്ലാ, ഇനിയെന്നതൊക്കെ സാധനമാ സാറിനു വേണ്ടെ?''
''ഇനിയൊന്നും വേണ്ട.''
സനല്‍ ലിസ്റ്റിലെ ബാക്കി സാധനങ്ങളുടെ പേരു വായിക്കാതെ പോക്കറ്റിലേക്കിട്ടു. ഇനി ഇയാളുടെ കടയില്‍നിന്ന് സാധനം വാങ്ങില്ലെന്ന് സനല്‍ തീരുമാനമെടുത്തു. എന്തോ രാജുവിനോട് അയാള്‍ക്ക് വല്ലാത്ത അകല്‍ച്ച തോന്നി.
 ''കുറെ നാളായല്ലോ സാറേ സാധനം വാങ്ങിയിട്ട്. എന്നിട്ടും ഇത്രയും മതിയോ. അതോ സാറ് വേറേ വല്ല കടേന്നും സാധനം വാങ്ങിത്തുടങ്ങിയോ. സ്മിതക്കൊച്ച് എന്റെ കടേന്നേ സാധനം വാങ്ങിയിരുന്നുളളൂ.''
''ഇത്രയും മതി.'' രാജുവുമായി ഒരു വാഗ്വാദത്തിനോ തര്‍ക്കത്തിനോ സനലിന് താത്പര്യമുണ്ടായിരുന്നില്ല.
രാജു സാധനങ്ങളുടെ  തുകയെഴുതിക്കൂട്ടുന്നതിനിടയില്‍ ചോദിച്ചു:
''അല്ല സാറേ, സ്മിതക്കൊച്ച് മരിച്ചവകേല് ആശുപത്രിക്കാര് വല്ലതും തന്നോ. സാറിന്  ഇന്‍ഷ്വറന്‍സ് വല്ലതുമുണ്ടായിരുന്നോ.''
''ചേട്ടന്‍ കാശെത്രയാന്നു പറ.'' സനലിന്റെ സ്വരമുയര്‍ന്നു. ആ ഭാവമാറ്റം രാജുവിനും മനസ്സിലായി. അയാള്‍ വേഗം തുക പറഞ്ഞു. സനല്‍ പോക്കറ്റില്‍ നിന്നു കാശെടുത്തുകൊടുത്തു. രാജു സാധനങ്ങളടങ്ങിയ പായ്ക്കറ്റ് സനലിനു നേരേ നീട്ടി.
''ഓട്ടോയ്ക്കാണോ സാറേ.''
''ഉം.''
''സ്മിതക്കൊച്ചായിരുന്നെങ്കില്‍'' രാജുവിനെ പറയാന്‍ അനുവദിക്കാതെ പെട്ടെന്ന് സനല്‍ അയാളുടെ നേരേ ചൂണ്ടുവിരലുയര്‍ത്തി.
''ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്.''
സനലിന്റെ ആ ഭാവമാറ്റം രാജുവിനെ അദ്ഭുതപ്പെടുത്തി. തികട്ടിവന്ന ദേഷ്യവും സങ്കടവും എങ്ങനെയോ കടിച്ചമര്‍ത്തി സനല്‍ സാധനങ്ങളെടുത്ത് പുറത്തേക്കിറങ്ങി.
സ്മിതയായിരുന്നു സാധനങ്ങള്‍ സ്ഥിരമായി വാങ്ങിയിരുന്നത്. ഓരോ ദിവസവും അവള്‍ അന്നന്നുവേണ്ട സാധനങ്ങള്‍ ഹോസ്പിറ്റലില്‍നിന്നു വരുന്ന വഴിക്കു വാങ്ങിച്ചുകൊണ്ടുവരുമായിരുന്നു. ആക്ടീവയില്‍ പലതവണയായി എത്തിക്കുന്ന സാധനങ്ങള്‍. ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയില്‍ സനല്‍ ആദ്യമായിട്ടായിരുന്നു കടയില്‍ പോയി സാധനം വാങ്ങുന്നത്. എപ്പോഴെങ്കിലും പച്ചക്കറിയോ മീനോ പഴമോ വാങ്ങിക്കൊണ്ടുവരികയാണെങ്കില്‍ അതു മിക്കപ്പോഴുംതന്നെ കേടുവന്നവയുമായിരിക്കും. സനലിന്റെ അറിവില്ലായ്മ പെട്ടെന്നുതന്നെ മനസ്സിലാക്കി കച്ചവടക്കാര്‍ കേടാവാറായ സാധനം സനലിനു കൊടുത്ത് നഷ്ടം ഒഴിവാക്കിയിരുന്നു. ഇത് സ്ഥിരമായിക്കഴിഞ്ഞപ്പോള്‍ സ്മിതതന്നെയാണ് പറഞ്ഞത്, ഇനി ഒരു സാധനവും വാങ്ങണ്ടാ, വെറുതെയെന്തിനാ പണം കൊടുത്ത് ചീത്ത സാധനം വാങ്ങുന്നത്. ഞാന്‍തന്നെ സാധനം വാങ്ങിക്കോളാം എന്ന്.
നല്ല കാര്യമെന്നേ  അതുകേട്ടപ്പോള്‍ സനലിനു തോന്നിയുള്ളൂ. സാധനം മേടിക്കാനുള്ള ഉത്തരവാദിത്വംപോലും തന്നില്‍നിന്ന് എടുത്തുനീക്കിയല്ലോ. രക്ഷപ്പെട്ടുവെന്ന ഭാവമായിരുന്നു തനിക്ക്. പക്ഷേ, ഇപ്പോഴറിയുന്നു, സാധനം മേടിക്കുമ്പോഴുളള ബുദ്ധിമുട്ട്. എത്ര കടകള്‍ കയറിയിറങ്ങിയും എത്ര നേരം ഊഴം കാത്തുനിന്നുമെല്ലാമാണ് ഒരു വീട്ടിലേക്കുള്ള വിവിധ സാധനങ്ങള്‍ ഒരാള്‍ വീട്ടിലെത്തിക്കുന്നത്. അതൊന്നും വീട്ടിലിരിക്കുന്നവര്‍ അറിയുന്നില്ലല്ലോ. സ്മിത വീടിനുവേണ്ടി ചെയ്ത ഓരോ ത്യാഗവും കഷ്ടപ്പാടും എത്രയോ വലുതായിരുന്നു! ജീവിച്ചിരുന്നപ്പോള്‍ അവളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ല. അവള്‍ ചെയ്ത ജോലികള്‍. അതിനുവേണ്ടി നീക്കിവച്ച സമയം. ഒഴിവാക്കിയ സന്തോഷങ്ങള്‍. പക്ഷേ, ഇപ്പോള്‍ അവളില്ലാത്തപ്പോള്‍, അവള്‍ ഇല്ലാതെ പോയപ്പോള്‍ തിരിച്ചറിയുന്നു അവളുടെ വില. അവളുടെ സാന്നിധ്യത്തിന്റെ വില. ഒരു വീടിന്റെ കേന്ദ്രബിന്ദു സ്ത്രീയാണ്, ഭാര്യയാണ്. അവളാണ് അച്ചുതണ്ട്. ആ അച്ചുതണ്ടിനെ ചുറ്റിപ്പറ്റിയാണ് മറ്റെല്ലാ ഗ്രഹങ്ങളും കറങ്ങുന്നത്. എല്ലാ മനുഷ്യര്‍ക്കും മരണം ഒരു പാഠമാണ്. മറ്റൊരിടത്തും കിട്ടാത്ത പാഠങ്ങള്‍ മരണത്തിലൂടെ ലഭിക്കുന്നു. സാധനങ്ങള്‍ തൂക്കിപ്പിടിച്ച് വീട്ടിലേക്കു നടന്നാലോ എന്നാണ് സനല്‍ ആദ്യം ആലോചിച്ചത്. പക്ഷേ, നടക്കാനുള്ള ദൂരത്തെക്കുറിച്ചാലോചിപ്പോള്‍ അതു ബുദ്ധിമുട്ടായിരിക്കുമെന്ന് അയാള്‍ക്കു തോന്നി. എങ്കില്‍ ഓട്ടോയ്ക്കു പോകാമെന്നു തീരുമാനിച്ചു ഓട്ടോസ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ അയാളുടെ അരികിലായി ഒരു ബൈക്ക് വന്നുനിന്നു.സുമന്‍ ആയിരുന്നു അത്.
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)