•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ആരാധന സത്യദൈവത്തിനുമാത്രം

ജൂലൈ 12 ശ്ലീഹാക്കാലം ഏഴാം ഞായര്‍
നിയ 4:10-14 ഏശ 5:8-20 
1 കോറി 16:1-14 ലൂക്കാ 13:22-30

 

ഒരുവന് എന്തെങ്കിലും സഹനമോ ദുരന്തമോ ഉണ്ടാകുമ്പോള്‍ അത് അവനെതിരേ വിധി പ്രസ്താവിക്കുവാനുള്ള അവസരമായി മാറ്റരുത്. സഹനമോ ദുരന്തമോ ഉണ്ടാകുന്നതു കാണുമ്പോള്‍ നീ അവരെക്കാള്‍ മെച്ചപ്പെട്ടവനാണ് എന്നു ചിന്തിക്കരുത്. നിനക്ക് ഒരു അടയാളമായി അവ മാറണം.
          
     വാഗ്ദത്തനാട്ടിലേക്കു പ്രവേശിക്കാന്‍ തയ്യാറായി മൊവാബ് താഴ്‌വരയില്‍ ഒന്നിച്ചുകൂടിയിരിക്കുന്ന ഇസ്രായേല്‍ജനത്തിന്റെ പക്കല്‍ തങ്ങള്‍ മരുഭൂമിയിലൂടെ കടന്നുപോന്ന സംഭവങ്ങള്‍ വിവരിക്കുന്ന മോശ, പുറപ്പാടു പുസ്തകം: 19,16-25 വചനങ്ങളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുസ്മരിക്കുന്നതാണ് ഇന്നത്തെ ആദ്യവായന (നിയമ. 4:10-24). കല്പനകള്‍ നല്കുന്നതിനായി സീനായ്മലയില്‍ ദൈവം പ്രത്യക്ഷപ്പെടുന്നതാണ് പ്രതിപാദ്യം. പുറപ്പാടു പുസ്തകത്തില്‍ സീനായ്മല (19:14) എന്നു വിളിക്കുന്നതുതന്നെയാണ് നിയമാവര്‍ത്തനഗ്രന്ഥത്തില്‍ ഹോറെബ് എന്നു പറഞ്ഞിരിക്കുന്നത്. വ്യത്യസ്തപാരമ്പര്യത്തില്‍ ഒരേ മലയെക്കുറിച്ചു പറയുന്നതാണ് രണ്ടുപേരുകളും. 
ഇസ്രായേല്‍ജനത്തിനു കല്പനകള്‍ നല്കുന്നതിനുവേണ്ടിയാണ് ദൈവം ഇറങ്ങിവരുന്നത്. ദൈവത്തിന്റെ സാന്നിധ്യത്തെ അവതരിപ്പിക്കുന്നതാണ് അഗ്നിയും അന്ധകാരവും ഇരുണ്ട കാര്‍മേഘങ്ങളുമെല്ലാം. ദൈവം നേരിട്ടെത്തി കല്പനകള്‍ നല്കുന്നതിലൂടെ അതിന്റെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. അദൃശ്യനും അരൂപിയുമായ ദൈവത്തെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ദൈവത്തിന്റെ സ്ഥാനം നല്കി എന്തെങ്കിലും വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നത് ശക്തമായി എതിര്‍ക്കുന്നു. അദൃശ്യനായ ദൈവത്തിനു ദൃശ്യമായ രൂപം നല്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലാത്തതിനാല്‍ത്തന്നെ ദൈവത്തിന്റെ സ്ഥാനം നല്കി എന്തെങ്കിലും വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നത് വചനം വിലക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ആകാശഗോളങ്ങള്‍, സ്ത്രീ, പുരുഷന്‍ തുടങ്ങി എന്തിന്റെയെങ്കിലും വിഗ്രഹങ്ങള്‍ ഉണ്ടാക്കി ദൈവമായി ആരാധിക്കുന്നതു വലിയ തെറ്റാണെന്നു വചനം പറയുന്നു. കത്തോലിക്കാസഭയിലുള്ള രൂപങ്ങളെക്കുറിച്ച് ഇത്തരുണത്തില്‍ ചോദ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. സഭയില്‍ ഒരു രൂപവും ഉണ്ടാക്കുന്നത് ദൈവത്തിന്റെ സ്ഥാനം നല്കിക്കൊണ്ടല്ല. അവയെല്ലാം ഒരു ആശയസംവേദനത്തിനായി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ മാത്രമാണ്. അവ വിഗ്രഹങ്ങളല്ല. നിയമാവര്‍ത്തനപ്പുസ്തകത്തില്‍ത്തന്നെ ദൈവം പ്രത്യക്ഷനായി എന്ന ആശയം വ്യക്തമാക്കുന്നതിനാണ് അഗ്നിയും മേഘവും അന്ധകാരവുമെല്ലാം അവതരിപ്പിക്കുന്നത്; അവയൊന്നും ദൈവമല്ല. വിഗ്രഹങ്ങള്‍ എന്നു പറഞ്ഞാല്‍ ''വിശേഷാല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്'' എന്നാണ്. ഈ അര്‍ത്ഥത്തില്‍ ഒരു രൂപവും കത്തോലിക്കാസഭയില്‍ വണങ്ങുന്നില്ല, വണങ്ങുവാന്‍ പാടുമില്ല. ഏതെങ്കിലും രൂപങ്ങള്‍ വിശിഷ്യാ ഗ്രഹിക്കുവാന്‍ സാധിക്കുന്നു എന്നുപറഞ്ഞാല്‍ അത് കത്തോലിക്കാപ്പഠനങ്ങള്‍ക്കു വിരുദ്ധവുമാണ്. പ്രാചീനമനുഷ്യര്‍ സൂര്യനെയും ചന്ദ്രനെയും ആകാശഗോളങ്ങളെയും മറ്റു പ്രകൃതിശക്തികളെയുമൊക്കെ ദൈവങ്ങളായിക്കരുതി അവയുടെ ബിംബങ്ങള്‍ ഉണ്ടാക്കി ആരാധിച്ചിരുന്നു. അവയെല്ലാം സൃഷ്ടവസ്തുക്കള്‍ മാത്രമാണെന്നും ദൈവങ്ങളല്ലെന്നും പഠിപ്പിക്കുകയാണ് ഇസ്രായേലിനു നല്കിയ അതിസ്വാഭാവികമായ വെളിപ്പെടുത്തലുകളിലൂടെ ദൈവം ചെയ്തത്. പഞ്ചഗ്രന്ഥത്തിന്റെ (തോറാ) പ്രധാന ലക്ഷ്യം സത്യദൈവത്തെ വെളിപ്പെടുത്തുകയും ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നു പഠിപ്പിക്കുകയും ദൈവമല്ലാത്തവയെ ആരാധിക്കരുത് എന്നു നിഷ്‌കര്‍ഷിക്കുകയുമാണ്.
ഇപ്രകാരം ഇസ്രായേലിനു നിയമം നല്കിയപ്പോള്‍ ദൈവം അവരില്‍നിന്നാവശ്യപ്പെട്ടത് അവര്‍ ആ നിയമങ്ങള്‍ പാലിക്കണമെന്നും വരുംതലമുറയെ പഠിപ്പിക്കണമെന്നുമായിരുന്നു (നിയമ 4:10). അതിനാല്‍ത്തന്നെ വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചുകഴിയുമ്പോള്‍ ആ നിയമങ്ങള്‍ നിഷ്ഠയോടെ പാലിക്കണമെന്നാണ് മോശ ജനത്തെ ഉപദേശിക്കുന്നത്. കാരണം, ഈജിപ്തിലായിരുന്ന ഇസ്രായേല്‍ജനം അവിടെ ദൈവമായിക്കരുതിയിരുന്ന കാളക്കുട്ടിയെയും തങ്ങളുടെ ആരാധനാമൂര്‍ത്തിയാക്കിത്തുടങ്ങിയിരുന്നു. ഈജിപ്തില്‍നിന്നുമുള്ള മോചനം യഥാര്‍ത്ഥത്തില്‍ അതില്‍നിന്നുമുള്ള മോചനം കൂടിയായിരുന്നു. കാനാന്‍നാട്ടില്‍ പ്രവേശിക്കുന്ന ഇസ്രായേല്‍ജനം അവിടെ പ്രവേശിച്ചുകഴിയുമ്പോള്‍ ആ നാട്ടിലെ രീതിയനുസരിച്ച് ദൈവമല്ലാത്തവയെ ദൈവമായി ആരാധിച്ച് സത്യദൈവത്തില്‍നിന്ന് അകന്നുപോകുവാന്‍ സാധ്യതയുണ്ട്. അതിനാലാണ് പത്തുകല്പനകളില്‍ ഒന്നാമത്തെതായി, ''സത്യദൈവത്തെമാത്രമേ ആരാധിക്കാവൂ'' എന്ന കല്പന നല്കിയത്.
രണ്ടാമത്തെ വായനയില്‍ ജനം അജ്ഞതമൂലം അടിമത്തത്തിലേക്കു പോകുന്നു എന്നാണ് ഏശയ്യാ പ്രവാചകന്‍ പറയുന്നത്. നിയമം പാലിക്കുവാനും അതു വരുന്ന തലമുറകളെ പഠിപ്പിക്കുവാനുമായിരുന്നു മോശ ആവശ്യപ്പെട്ടത്. എന്നാല്‍, പുതുതലമുറയ്ക്ക് അതു പകര്‍ന്നുനല്കാതെ വന്നപ്പോള്‍ ജനം അജ്ഞതമൂലം അടിമത്തത്തിലേക്കു പോകുന്നു. ഇത് ഇസ്രായേല്‍ നേതാക്കന്മാരുടെ പരാജയമാണ്. ജനത്തിനു വേണ്ട ജ്ഞാനം പകര്‍ന്നുനല്കാതെ വന്നപ്പോള്‍ അവര്‍ സത്യദൈവത്തെ ഉപേക്ഷിച്ച് ദൈവമല്ലാത്തവയുടെ പിന്നാലെ പോയി. ദൈവത്തില്‍നിന്നകന്ന് ദൈവത്തെ അറിയാത്ത ജനമായി മാറി. അവര്‍ക്കുവരുന്ന നീതിപൂര്‍വകമായ വിധിയെക്കുറിച്ചാണ് ഏശയ്യാ പ്രവാചകന്‍ പറയുന്നത്. ആ ജനത്തെ വീണെ്ടടുക്കുന്നതിന് കര്‍ത്താവിന്റെ പ്രവൃത്തി ആസന്നമായിരിക്കുന്നു എന്ന് അവന്‍ ഉദ്‌ബോധിപ്പിക്കുന്നു: ''തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!'' ജനത്തിന്റെ അജ്ഞതയാണ് ഈ വചനത്തിലൂടെ പ്രകടമാകുന്നത്. നമുക്കു ലഭിക്കുന്ന സത്യവിശ്വാസം ജീവിക്കുകയും അതു വരുന്ന തലമുറകളിലേക്കു കൈമാറി നല്കുകയും ചെയ്യുന്നില്ലെങ്കില്‍ അജ്ഞത വളരുകയും ജനം വഴിതെറ്റുകയും ചെയ്യുന്നു. അത് അവരെ ആത്മീയാടിമത്തത്തിലേക്കു നയിക്കും.
ശ്ലീഹാക്കാലം അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനഫലമായുള്ള സഭയുടെ വളര്‍ച്ചയെ അനുസ്മരിക്കുന്ന കാലമാണ്. ശ്ലീഹാക്കാലം അഞ്ചാം ഞായറാഴ്ച മൂന്നാമത്തെ വായനയില്‍ പരിശുദ്ധാരൂപിയുടെ വിവിധ വരങ്ങളാല്‍ സഭയെ പണിതുയര്‍ത്തുവാനാണ് പൗലോസ് ശ്ലീഹാ ഓര്‍മിപ്പിച്ചത് (1 കോറി. 14:1-12). ഇന്ന് വിശുദ്ധര്‍ക്കുവേണ്ടിയുള്ള ഭൗതികധനശേഖരണത്തില്‍ ശ്രദ്ധയുണ്ടാകുന്നതിനെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്. വിശുദ്ധര്‍ എന്ന് ഇവിടെ ശ്ലീഹാ വിളിക്കുന്നത് വിശ്വാസം സ്വീകരിച്ച ആദിമസഭാസമൂഹത്തെയാണ്. ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതുകയാണ്: ''ഗലാത്തിയായിലെ സഭകളോട് ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുക. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വരുമാനമനുസസരിച്ച് ഒരു തുക കരുതിവയ്ക്കണം.'' (1 കോറി. 16:2). അക്കാലത്ത് സഹനമനുഭവിച്ചിരുന്ന ജറുസലേമിലെ സഭയ്ക്കുവേണ്ടിയായിരുന്നു അത്. ആത്മീയവും ഭൗതികവുമായി സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി യത്‌നിക്കുന്ന പൗലോസ് ശ്ലീഹായെയാണ് നമുക്കു കാണുവാന്‍ സാധിക്കുന്നത്. ആത്മീയവസ്തുക്കളുടെ പങ്കുവയ്ക്കല്‍ നടത്തുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ആവശ്യക്കാരനുമായി ഭൗതികവസ്തുക്കള്‍ പങ്കുവയ്ക്കുന്നതെന്നും അപ്പസ്‌തോലന്‍ പഠിപ്പിക്കുകയാണ്.
വിശുദ്ധ സുവിശേഷഭാഗം ആരംഭിക്കുന്നത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ഈശോ ജറുസലേമിലേക്കു പോകുകയായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ്. ഈശോയുടെ ആഗമനത്തിന്റെ ലക്ഷ്യം ജറുസലേമാണ്. അവിടന്ന് ജറുസലേമിനെ ലക്ഷ്യംവച്ചാണ് എപ്പോഴും നടന്നിരുന്നത്. അവിടെയാണ് പീഡാനുഭവകുരിശുമരണഉത്ഥാനരഹസ്യങ്ങള്‍ നിറവേറിയത്. ഈശോ നമ്മോടു പ്രവേശിക്കുവാന്‍ ആവശ്യപ്പെടുന്നതും ജറുസലേമിലേക്കുള്ള വഴിയാണ്. അത് ഇടുങ്ങിയ വഴിയാണ്. അത് ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്ന വഴിയാണ്. ആ വഴിയേ യാത്രചെയ്യുവാനാണ് ഈശോ വിളിക്കുന്നത്. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഇടുങ്ങിയ വാതില്‍ ഈശോതന്നെയാണ്. അവിടന്നുതന്നെ പറഞ്ഞിട്ടുണ്ട്: ഞാനാണ് ആടുകളുടെ വാതില്‍. ആ വാതിലിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും (യോഹ 10:9). അവിടുന്നുതന്നെയാണ് വഴിയും സത്യവും ജീവനും (യോഹ 14:6).

 

Login log record inserted successfully!