•  5 Dec 2024
  •  ദീപം 57
  •  നാളം 39
ശ്രേഷ്ഠമലയാളം

ഓണക്കിറ്റ്

ന്യഭാഷയില്‍നിന്നു പദങ്ങള്‍ സ്വീകരിച്ച് സമസ്തപദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത മലയാളത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. മലയാളപദങ്ങളോട് അന്യഭാഷാപദങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് പുതിയ പുതിയ ഒറ്റപ്പദങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം പദങ്ങള്‍ വളരെവേഗം പ്രചാരത്തിലാവാറുണ്ട്. പരമ്പരാഗത വൈയാകരണന്മാര്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വാക്കുകളെ തിരസ്‌കരിച്ചേക്കാം. എന്നാല്‍, ഇങ്ങനെ രൂപപ്പെടുന്ന സമസ്തപദങ്ങളെ അവഗണിക്കാനാവില്ല. ഉദാ. ബസ്സുയാത്ര (ബസ്സ് - ഇംഗ്ലീഷ്, യാത്ര - സംസ്‌കൃതം, ക്രിക്കറ്റുകളി (ക്രിക്കറ്റ് - ഇംഗ്ലീഷ്, കളി - മലയാളം), ലോഡിറക്കല്‍ (ലോഡ് - ഇംഗ്ലീഷ്, ഇറക്കല്‍ - മലയാളം). ഇവയെ ആരൊക്കെ വിചാരിച്ചാലും പുറംതള്ളാനാവില്ലല്ലോ.
വ്യത്യസ്തഭാഷയിലെ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റപ്പദമാക്കുന്ന പ്രവണതയ്ക്ക് ആദാനമിശ്രിതം(Loanblend)  അഥവാ ആഗതമിശ്രണം എന്നു പറയുന്നു. ''ആഗതപദങ്ങളെ ദത്തഭാഷാപദങ്ങളുമായി ചേര്‍ത്ത് പുതിയ പദങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണിത്.''* സ്വന്തവും കടമെടുത്തതുമായ ഘടകങ്ങളുടെ കൂടിക്കലര്‍പ്പ് എന്നും വിശേഷിപ്പിക്കാം. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് (kit) കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് ഓണക്കിറ്റായി. ഓണക്കിറ്റിന്, ഓണത്തിനു കൊടുക്കുന്ന (ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ അടങ്ങിയ) കിറ്റ് എന്നു വിഗ്രഹിച്ചര്‍ത്ഥം പറയാം. കിറ്റിനാകട്ടെ ചെറുസഞ്ചി എന്ന വിവക്ഷിതം ചേരുകയും ചെയ്യും.
ഓണം, കിറ്റ് എന്നീ വാക്കുകള്‍ വിശേഷണവിശേഷ്യങ്ങളായതിനാല്‍ ഓണക്കിറ്റ് എന്നു സമാസിച്ചെഴുതണം. അപ്പോള്‍, ഉത്തരപദാദിയിലെ ദൃഢവ്യഞ്ജനം ഇരട്ടിക്കും. ഓണ + കിറ്റ് = ഓണക്കിറ്റ്. ഓണം + കിറ്റ് എന്നുള്ള പിരിച്ചെഴുത്തുരൂപവും ശരിയാണ്. അവിടെ അനുസ്വാരലോപം അധികമായി സംഭവിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഓണം + കിറ്റ്  = ഓണക്കിറ്റ്! ഓണകിറ്റ് എന്നു പ്രയോഗിക്കരുത്.
ഓണക്കിറ്റുപോലെ സാധുവായ പ്രയോഗമല്ല 'ഭക്ഷ്യക്കിറ്റ്.' ഭക്ഷ്യ എന്ന വിശേഷണത്തിന് ഭക്ഷിക്കത്തക്ക എന്നാണര്‍ത്ഥം. കിറ്റ് ഭക്ഷിക്കത്തക്കത് അല്ലല്ലോ. അവിടെ, ഭക്ഷ്യധാന്യക്കിറ്റ്, ഭക്ഷ്യദ്രവ്യക്കിറ്റ്, ഭക്ഷ്യവിഭവക്കിറ്റ് എന്നൊക്കെ വേണം പ്രയോഗിക്കാന്‍. സര്‍ക്കാര്‍ ഓണത്തിനു കൊടുക്കുന്ന കിറ്റിലെ വിഭവങ്ങള്‍പോലെ ഭാഷയും ശുദ്ധമാകട്ടെ.
*രവിശങ്കര്‍, എസ്. നായര്‍., ഭാഷയും ഭാഷാശാസ്ത്രവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 308.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)