•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഹൃദയപരമാര്‍ത്ഥതയാണു പരമപ്രധാനം

ഓഗസ്റ്റ്  1  കൈത്താക്കാലം    നാലാം ഞായര്‍

നിയ. 5:16-24    ഏശ. 9:13-21  
2 കോറി.10:12-18   മര്‍ക്കോ.7:1-13

ത്രുക്കളുടെ ആക്രമണത്താല്‍ ബലഹീനമായ വാഗ്ദത്തനാടിന്റെ വടക്കുഭാഗം അസീറിയക്കാര്‍ കീഴടക്കിയിരിക്കുന്നതാണ് ഏശയ്യാ (9:13-21) വായനയുടെ പശ്ചാത്തലം. എല്ലാം തകര്‍ന്നുകിടക്കുമ്പോഴും കൂടുതല്‍ വലുതും മെച്ചപ്പെട്ടതുമായവകൊണ്ട് ഞങ്ങള്‍ എല്ലാം പുതുക്കിപ്പണിയുമെന്ന് അഹങ്കാരത്തോടും ഔദ്ധത്യത്തോടുംകൂടി ജനം പറഞ്ഞുനടക്കുകയാണ്. തകര്‍ച്ചയുടെ അടിസ്ഥാനകാരണം ദൈവനിന്ദയും ദൈവനിഷേധവുമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അനുതപിക്കാത്ത ഈ ജനത്തിന്റെ വകതിരിവില്ലാത്ത നേതാക്കന്മാരും പ്രവാചകന്മാരും (9:14-15) അവരില്‍നിന്നു നീക്കം ചെയ്യപ്പെടും. ഇസ്രായേല്‍ ജനത്തിന്റെ അകൃത്യങ്ങളാണ് ദൈവകോപത്തിന് ആക്കംകൂട്ടുന്ന ഇന്ധനം. തകര്‍ന്ന മനുഷ്യജീവിതത്തെ തീര്‍ത്തും മാനുഷികമായ കാഴ്ചപ്പാടിലൂടെ പുനര്‍നിര്‍മിക്കാന്‍ സാധിച്ചേക്കുമെങ്കിലും പുനരുജ്ജീവനം സംഭവിക്കുന്നത് മനുഷ്യന്‍ അവന്റെ അകൃത്യങ്ങളെക്കുറിച്ച് അനുതപിച്ച് കര്‍ത്താവിങ്കലേക്കു തിരിയുമ്പോഴാണ്.
ദൈവവചനത്തില്‍നിന്നു വേറിട്ട ഒരസ്തിത്വം പാരമ്പര്യത്തിനില്ല എന്ന കാതലായ ഒരാശയമാണ് കര്‍ത്താവ് സുവിശേഷത്തിലൂടെ പഠിപ്പിക്കുന്നത് (മര്‍ക്കോ. 7:1-13). ഫരിസേയരും ജെറുസലേമില്‍നിന്നു വന്ന നിയമജ്ഞരും ഈശോയുടെ ചുറ്റും കൂടുന്നത് അവനെ വിലയിരുത്താനാണ്. മര്‍ക്കോസിന്റെ സുവിശേഷം 3:22 ല്‍ ജെറുസലേമില്‍നിന്നു വന്ന നിയമജ്ഞര്‍, ഈശോ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നതെന്ന നിഗമനത്തിലെത്തുന്നുണ്ട്. അവര്‍ക്ക് ഈശോയെക്കുറിച്ചുള്ള മുന്‍വിധിയെ സാധൂകരിക്കുന്ന എന്തെങ്കിലുമൊക്കെ കണ്ടെത്തണം. ഈശോയുടെ ചെയ്തികളെ വിലയിരുത്തുക എന്നത് അതില്‍ത്തന്നെ തെറ്റായ ഒരു കാര്യമല്ല. പ്രത്യക്ഷത്തില്‍ ഈ നിയമജ്ഞര്‍ അവരുടെ വിശ്വാസത്തെ വ്യാജമിശിഹാമാരില്‍നിന്നും വ്യാജപ്രവാചകന്മാരില്‍നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ്. പക്ഷേ, അവരുടെ വിലയിരുത്തല്‍രീതിയാണ് തെറ്റിപ്പോകുന്നത്. ഈശോയെക്കുറിച്ച്  മുന്‍വിധിയോടെയുള്ള ഒരു സമീപനം അവര്‍ സ്വീകരിക്കുന്നു. അവരുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡം ദൈവവചനമല്ല; മറിച്ച്, മതത്തിന്റെ പാരമ്പര്യങ്ങളാണ്; അവ മനുഷ്യനിര്‍മിതങ്ങളുമാണ്. ഈശോയെ മിശിഹായായി തിരിച്ചറിയാനുള്ള ഏക ഉപാധി ദൈവവചനമാണ്. നിയമജ്ഞരുടെ പാളിച്ചയും ഇവിടെയാണ്. മതത്തിന് അപചയം സംഭവിക്കുന്നത് ദൈവവചനത്തെക്കാള്‍ മനുഷ്യനിര്‍മിതമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോഴാണ്.
ബാലിശമായ ആചാരങ്ങള്‍ മുറുകെപ്പിടിക്കുകയും അവയെ മാനിക്കാത്തവരെ ദൈവദൂഷണം പറയുന്നവരായി ചിത്രീകരിച്ചു മാറ്റിനിര്‍ത്തുകയും ചെയ്യുന്നവരെ 'കപടനാട്യക്കാരേ' എന്നാണു കര്‍ത്താവ് വിളിക്കുന്നത്. അതിനായി ഉപയോഗിച്ചിരിക്കുന്ന 'ഹിപ്പോക്രൈറ്റ്‌സ്' എന്ന ഗ്രീക്കുവാക്കിനര്‍ത്ഥം 'നടന്‍' അല്ലെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കുന്നവന്‍ എന്നാണ്. കാപട്യം അഭിനയമാണ്. ഉള്ളും പുറവും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത അവസ്ഥ. 
ആത്മാര്‍ത്ഥതയില്ലായ്മ നമ്മുടെ കര്‍ത്താവിനെ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. ചെയ്യുന്ന പ്രവൃത്തികളിലുള്ള സത്യസന്ധമായ ശ്രദ്ധയാണ് ആത്മാര്‍ത്ഥത. ടശിരലൃശ്യേ എന്ന ഇംഗ്ലീഷ് വാക്ക് 'ടകചഋ'  'ഇഋഞഅ' എന്നീ രണ്ടു ലത്തീന്‍ മൂലപദങ്ങളില്‍നിന്നു വരുന്നു. 'മെഴുകില്ലാത്തത്' എന്നാണതിനര്‍ത്ഥം. പുരാതന ഗ്രീക്ക്-റോമന്‍ ശില്പികള്‍ മാര്‍ബിള്‍ പ്രതിമകള്‍ നിര്‍മിക്കുമ്പോള്‍ അതിന്റെ പോരായ്മകള്‍ നികത്താന്‍ മിനുക്കുപണികള്‍ നടത്തിയിരുന്നത് മെഴുക് മാര്‍ബിള്‍ പൊടിയില്‍ കലര്‍ത്തി ഉപയോഗിച്ചുകൊണ്ടാണ്. കാഴ്ചയില്‍ അത് യഥാര്‍ത്ഥ മാര്‍ബിള്‍പോലെതന്നെ തോന്നും.
ആത്മീയജീവിതത്തെ ഇപ്രകാരമുള്ള മിനുക്കുപണികള്‍ കൊണ്ടു കാണാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കുന്ന  ശൈലിയാണ് കാപട്യം. ഇതു പലപ്പോഴും എനിക്കും ദൈവത്തിനും മാത്രം അറിയാവുന്ന കാര്യമാണ്. ആത്മീയജീവിതം ഞാനും കര്‍ത്താവീശോമിശിഹായും തമ്മിലുള്ള സ്‌നേഹബന്ധമാണ്. ആ സ്‌നേഹബന്ധത്തിന്റെ ബാഹ്യപ്രകടനമായിരിക്കണം എന്റെ ഭക്ത്യഭ്യാസങ്ങള്‍. നമ്മെപ്പോലെതന്നെ ദൈവവും ആഗ്രഹിക്കുന്നത് ആത്മാര്‍ത്ഥമായ സ്‌നേഹമാണ്.
ഫരിസേയരും നിയമജ്ഞരും ഇന്നുമുണ്ട്. നിയമത്തിന്റെയും മനുഷ്യനിര്‍മിതമായ പാരമ്പര്യങ്ങളുടെയും പേരില്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ നമ്മളും അഭിനവഫരിസേയരും ഫരിസേയിസത്തിന്റെ വക്താക്കളുമാകുന്നു. കര്‍ത്താവിന്റെ സുവിശേഷത്തിന്റെ കാതല്‍ മനസ്സിലാക്കിയില്ലെങ്കില്‍ നാം തന്നെ അപകടത്തിലാകുന്നുവെന്നു മാത്രമല്ല, സ്വര്‍ഗത്തിലേക്കുള്ള മറ്റുള്ളവരുടെ വഴിയടയ്ക്കുന്നവരുമായേക്കാം.
ഒരു വ്യക്തിയെ ശരിയായി മനസ്സിലാക്കുമ്പോഴാണ് അവനുമായി ഒരു ഹൃദയൈക്യം നമുക്കുണ്ടാകുന്നത്. ഈശോയെയും അവന്റെ സുവിശേഷത്തെയും അടുത്തറിഞ്ഞെങ്കില്‍ മാത്രമേ, അവനുമായുള്ള ഹൃദയൈക്യത്തിലേക്കു നമുക്കു വളരാനാവൂ. അല്ലെങ്കില്‍ നിയമജ്ഞരോടും ഫരിസേയരോടും ഈശോ പറഞ്ഞ വാക്കുകള്‍ നമ്മോടും ആവര്‍ത്തിച്ചേക്കാം: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്'' (മര്‍ക്കോ. 7:6). വി. ആഗസ്തീനോസിന്റെ അഭിപ്രായത്തില്‍, മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുന്ന സ്ഥലമാണ് ഹൃദയം. ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക'' (മത്താ. 6:6). നീ പ്രാര്‍ത്ഥിക്കാനായി പ്രവേശിക്കേണ്ട ഉള്‍മുറി നിന്റെ ഹൃദയമാണ്. അടയ്‌ക്കേണ്ട കതകുകള്‍ ഇന്ദ്രിയങ്ങളാണ്. അവിടെയാണ് നിന്റെ ആന്തരികതയെ നിനക്കു തൊടാനും നിന്റെ ദൈവത്തോടു നിനക്കു സംസാരിക്കാനും സാധിക്കുക. കര്‍ത്താവ് വീണ്ടും പറയുന്നുണ്ട്: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും'' (മത്താ. 5:8). സംശുദ്ധമായ ആന്തരികത എന്നു പറയുന്നതും ഹൃദയം ശുദ്ധമായിരിക്കുന്ന അവസ്ഥയാണ്.
കര്‍ത്താവ് നമ്മുടെ ആന്തരികതയിലേക്കാണു നോക്കുന്നത്. നമ്മുടെ ഹൃദയവിചാരങ്ങള്‍ അറിയുന്നവനാണവന്‍. കര്‍ത്താവിനെ അറിഞ്ഞവന്‍ പിന്നീടൊരിക്കലും ലോകത്തിന്റെ തിന്മകളിലേക്കു തിരിയില്ല. അലക്‌സാണ്ട്രിയായിലെ ക്ലെമന്റ് പറയുന്നു: ലോകത്തിന്റെ ജീര്‍ണതകളിലേക്കു തിരിഞ്ഞുനോക്കിയപ്പോഴാണ് ലോത്തിന്റെ ഭാര്യ അസ്തപ്രജ്ഞയായത്; ഉപ്പുതൂണായി മാറിയത്!!
ശുദ്ധിയെ സംബന്ധിച്ചിടത്തോളം കര്‍ത്താവു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നിയമജ്ഞര്‍ക്കു കഴിയുന്നില്ല. ''നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍'' (ഏശയ്യാ 1:16) എന്ന പ്രവാചകന്റെ ആത്മീയവാക്കുകള്‍ അവര്‍ തെറ്റിദ്ധരിച്ചു. ഹൃദയത്തെയും പ്രവൃത്തികളെയും ശുദ്ധീകരിക്കണമെന്ന വാക്കുകള്‍ അവര്‍ ഭൗതികമായി മാത്രം മനസ്സിലാക്കി. ശരീരം കഴുകുക, ശുദ്ധിയുള്ളവരാകുക എന്ന കാര്യത്തിലേക്ക് അവര്‍ ചുരുങ്ങിപ്പോകുന്നുവെന്നതാണ് അവരുടെ അടിസ്ഥാനപ്രശ്‌നമെന്ന് വി. ബീഡ് പറയുന്നുണ്ട്.
കര്‍ത്താവിന് നിയമജ്ഞരെക്കുറിച്ചും ഫരിസേയരെക്കുറിച്ചുമുള്ള പരാതിയിതാണ്: ''നിങ്ങള്‍ മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു'' (7:7-8). അന്നത്തെ യഹൂദമതജീവിതത്തിന്റെ  വലിയ ഒരപചയത്തിലേക്കാണ് ഈശോ അവരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടതേതെന്നു നാം തിരിച്ചറിയണം. പ്രധാനപ്പെട്ട ദൈവകല്പനകള്‍ (തോറാ) ഉപേക്ഷിച്ച് ശ്രേഷ്ഠന്മാരുടെ പാരമ്പര്യങ്ങളിലേക്ക് അവര്‍ ശ്രദ്ധയൂന്നി. പ്രധാനമായവയെ മാറ്റിനിര്‍ത്തി അപ്രധാനമായതിന്റെ പിന്നാലെ പോകുകയും അതിനുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നത് ഇന്നും മതജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ദൈവകല്പനകള്‍ക്കു പകരം മനുഷ്യനിര്‍മിതമായ വ്യാഖ്യാനങ്ങള്‍ക്കും വാചികപാരമ്പര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നിയമജ്ഞരും ഫരിസേയരും നല്‍കി. ദൈവപ്രമാണങ്ങളുടെ മുഴുവന്‍ കാതല്‍ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലുമാകയാല്‍ കരുണയെയും ഉപവിയെയും മാറ്റിനിര്‍ത്തിയുള്ള പ്രഘോഷണങ്ങള്‍ നിരര്‍ത്ഥകമാണെന്ന് പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. ആയതിനാല്‍, നിയമത്തിനും ആന്തരികതയുണ്ട്. നിയമത്തെ വ്യാഖ്യാനിക്കാനുള്ള താക്കോല്‍ സ്‌നേഹമാണ്. അതു മനസ്സിലാക്കിയാല്‍ മാനുഷികനിയമങ്ങളും നല്ലതു തന്നെ. ദൈവപ്രമാണങ്ങളുടെ കാതല്‍ മനസ്സിലാക്കാനും അതനുസരിക്കാനും ഈശോമിശിഹായുടെ സ്‌നേഹമാകട്ടെ നമ്മെ നിര്‍ബന്ധിക്കുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)