ജൂലൈ 25 കൈത്താക്കാലം മൂന്നാം ഞായര്‍
നിയമ. 5:6-16 ഏശ. 5:1-7
2 കോറി. 7:1-11 യോഹ.9:1-12,35-38
പാപം മനുഷ്യനില്‍നിന്നു നീക്കം ചെയ്യാന്‍ നിയമത്തിനു കഴിവില്ല. കൃപയ്ക്കുമാത്രമേ അതിനു സാധിക്കൂ. കൃപയില്ലാത്ത നിയമാനുഷ്ഠാനം മനുഷ്യനെ ഒരിടത്തും കൊണ്ടുചെന്നെത്തിക്കില്ല.
സഭയുടെ വളര്‍ച്ചയാണ് കൈത്താക്കാലത്തിന്റെ ചിന്താവിഷയം. അതു കേവലം എണ്ണത്തില്‍ മാത്രമല്ല, ഗുണത്തിലുമുള്ള പുരോഗതിയാണ്. പിറവിക്കുരുടന്‍ പടിപടിയായി വിശ്വാസപാതയില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത് യോഹന്നാന്‍ സുവിശേഷകന്‍ മനോഹരമായി അവതരിപ്പിക്കുന്നതാണ് കൈത്താക്കാലം മൂന്നാം ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം (യോഹ. 9:1-38).
അന്ധന് ഈശോമിശിഹായെക്കുറിച്ച് വ്യക്തമായ അറിവില്ല. അത് അവന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്: ''ഈശോ എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി'' (9:11). ഫരിസേയരുടെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍ പതറാതെ 'അവന്‍ ഒരു പ്രവാചകനാണ്' (9:17) എന്നു പ്രഘോഷിക്കാന്‍ അവന്‍ ധൈര്യം കാണിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്ന അവന്റെ അടുപ്പക്കാരനാണ് ഈശോ എന്നും അവന്‍ പറയുന്നുണ്ട് (9:31). സമൂഹത്തില്‍ ഒറ്റപ്പെടുകയും സിനഗോഗില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍, അവന് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകള്‍ ശരിക്കും തുറക്കുകയും 'വിശ്വസിക്കുന്നു കര്‍ത്താവേ' എന്നു പറഞ്ഞ് അവന്‍ വിശ്വാസത്തിന്റെ സമ്മതം കൊടുക്കുകയും, ഈശോയെ കര്‍ത്താവായി പ്രഖ്യാപിക്കുകയുമാണ്. ഈശോമിശിഹായെ കര്‍ത്താവായി സ്വജീവിതത്തില്‍ സ്വീകരിക്കുക എന്നത് വിശ്വാസപാതയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
പാപവും രോഗവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള യഹൂദകാഴ്ചപ്പാട് വളരെ പ്രാകൃതമെന്ന് അത്യന്താധുനികരായ നമ്മള്‍ പറയുമെങ്കിലും നമ്മുടെ നാട്ടുഭാഷയില്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ചില പ്രയോഗങ്ങളുണ്ട്. 'ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാ എനിക്കിങ്ങനെ', 'കാരണവന്മാര്‍ ചെയ്തുകൂട്ടിയതിന്റെ ഫലം' എന്നിങ്ങനെയുള്ള ചൊല്ലുകള്‍ നമുക്കു സുപരിചിതമാണ്. ഇതെല്ലാം യഹൂദകാഴ്ചപ്പാടിന്റെ പരാവര്‍ത്തനങ്ങളാണ്. യഹൂദകാഴ്ചപ്പാടനുസരിച്ച് ഒരുവന്റെ രോഗത്തിന് അല്ലെങ്കില്‍ ശാരീരികവൈകല്യത്തിനു കാരണം അവന്റെ പാപമാണ്. ഇനി ഒരു കുഞ്ഞിനാണ് ഇതു സംഭവിക്കുന്നതെങ്കില്‍ അത് അവന്റെ മാതാപിതാക്കളുടെ പാപംമൂലമാണെന്ന് അവര്‍ അനുമാനിച്ചു. ഈ ഒരു പശ്ചാത്തലത്തിലാണ് ജന്മനാ അന്ധനായ ഒരുവനെ ചൂണ്ടി, 'റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ?' (9:12) എന്ന ചോദ്യം അവര്‍ ഉന്നയിക്കുന്നത്. ഈശോയുടെ മറുപടി സുവ്യക്തമാണ്: ''ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്'' (9:3).
അന്ധനായ ഒരു മനുഷ്യനില്‍ എന്തു ദൈവമഹത്ത്വം! ഇവന്‍ അന്ധനായി ജനിച്ചതും അന്ധനായി വളര്‍ന്നതും ദൈവം അവന്റെമേല്‍ മഹത്ത്വം കാണിക്കുന്ന ആ ഒരു ദിവസത്തെപ്രതി ആയിരുന്നോ? അതിലും നല്ലത് അവന്‍ അരോഗദൃഢഗാത്രനായി ജനിക്കുകയും അവന്റെ പൂര്‍ണാരോഗ്യത്തെപ്രതി ജനം ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയായിരുന്നില്ലേ? ഈ ആശങ്കകള്‍ക്കു മറുപടി കിട്ടണമെങ്കില്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ക്ക് നാംതന്നെ മറുപടി പറഞ്ഞാല്‍ മതി. ജീവിതത്തില്‍ എല്ലാക്കാര്യങ്ങളും നേരേ ചൊവ്വേ ആയിരിക്കുമ്പോള്‍ നീ ദൈവത്തെ ഓര്‍ക്കുകയും നന്ദി പറയുകയും ചെയ്യുന്നുണ്ടോ? ജീവിതത്തില്‍ നിനക്കു സന്തോഷവും ആനന്ദവും നല്‍കുന്ന കാര്യങ്ങളില്‍ നീ ദൈവമഹത്ത്വം ദര്‍ശിക്കുന്നുണ്ടോ?
ജീവിതം സ്വാഭാവികമായി മുന്നോട്ടു നീങ്ങുമ്പോള്‍ അതില്‍ ദൈവത്തിന്റെ കരം ദര്‍ശിക്കാനാകുന്നതാണ് സംശുദ്ധമായ ആത്മീയത. വി. ക്രിസോസ്റ്റമിന്റെ അഭിപ്രായത്തില്‍, അന്ധതകൊണ്ട് ജീവിതത്തില്‍ നേട്ടമുണ്ടാക്കിയവനാണ് പിറവിക്കുരുടന്‍. അവന്റെ കണ്ണിന്റെ കാഴ്ചയോടൊപ്പം ആന്തരികനയനങ്ങളും കര്‍ത്താവ് തുറന്നു. കാഴ്ചയുള്ളവരായി കാണപ്പെടുന്ന യഹൂദര്‍ അവരുടെ കാഴ്ചകൊണ്ട് വാസ്തവത്തില്‍ ഒരു നേട്ടവുമുണ്ടാക്കുന്നില്ല. കാഴ്ചയില്ലായ്മയല്ല; മറിച്ച്, പാപമാണ് വലിയ തിന്മ എന്ന വലിയ അറിവിലേക്ക് അന്ധന്‍ എത്തുന്നു.
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ദൈവം നടത്തുന്ന ഇടപെടലുകള്‍ വ്യത്യസ്തമാണ്. ഹോറെബ് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഏലിയ ചെന്നു നില്‍ക്കുകയാണ്. ദൈവത്തെ കാണാനുള്ള നില്പാണ്. കൊടുങ്കാറ്റടിക്കുന്നു, ഭൂകമ്പമുണ്ടാകുന്നു, അഗ്നിയിറങ്ങുന്നു. ഇവയിലൊന്നും കര്‍ത്താവുണ്ടായിരുന്നില്ല. പിന്നീട് ഇളംകാറ്റില്‍ ഒഴുകിയെത്തിയ മൃദുസ്വരമായി ദൈവം ഏലിയായോടു സംസാരിക്കുന്നുണ്ട് (1 രാജാ. 19:11,12). വലിയ സംഭവങ്ങളിലും ജീവിതത്തിന്റെ നിസ്സാരതകളിലും ദൈവം ഇടപെടല്‍ നടത്തുകയും നമ്മോടു സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇടപെടല്‍ എങ്ങനെയായിരുന്നാലും ലക്ഷ്യം ഒന്നു മാത്രമാണ്; നമ്മുടെ ആത്മരക്ഷ.
പിറവിക്കുരുടന്‍ ആളുകളുടെ മുമ്പില്‍ കൈനീട്ടി ഭിക്ഷ യാചിച്ചു ജീവിച്ചുപോന്നവനാണ്. ഇവിടെ മനുഷ്യജീവിതത്തിന്റെ ഒരു ചിത്രം കാണാന്‍ സാധിക്കും. നമ്മളും കൈനീട്ടുന്നവരാണ്. അംഗീകാരത്തിനായി, പ്രശംസകള്‍ക്കായി, ആശംസകള്‍ക്കായി നമ്മള്‍ ഭിക്ഷയെടുക്കുന്നവരാണ്. ഇവയൊന്നും നമ്മുടെ ദാരിദ്ര്യത്തെ മാറ്റുന്നില്ല. പിറവിക്കുരുടന്‍ ഭിക്ഷ യാചിക്കല്‍ അവസാനിപ്പിക്കുന്നത് അവന്‍ ഈശോമിശിഹായുടെ നോട്ടത്തിന്‍കീഴിലായപ്പോഴാണ്. അതാണ് അവനു സന്തോഷവും ആനന്ദവും നല്‍കിയത്. സങ്കീര്‍ത്തനം 16 ല്‍ നാം വായിക്കുന്നു: ''അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്; അങ്ങയുടെ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.'' അതുകൊണ്ട് കടന്നുപോകുന്ന കര്‍ത്താവിന്റെ നോട്ടം എന്റെമേല്‍ വീഴത്തക്കവിധം ഞാനിരിക്കണം. ''കടന്നുപോകുന്നത് കര്‍ത്താവാണെന്നു ഞാന്‍ തിരിച്ചറിയാതെ മാനസാന്തരപ്പെടാതിരിക്കുമോ എന്നതാണു ഭയം'' എന്നു വി. ആഗസ്തീനോസ് പറയുന്നുണ്ട്.
''എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു'' (9:4). ഇവിടെ 'പകല്‍' ഈശോമിശിഹാ ഭൂമിയില്‍ ആയിരിക്കുന്ന സമയത്തെ സൂചിപ്പിക്കുന്നു. 'അന്ധകാരം' അവന്റെ മരണത്തെ സൂചിപ്പിക്കുന്നു. അവന്‍ ലോകത്തിന്റെ പ്രകാശമാണ്. ഈശോ തന്റെ വാക്കുകള്‍ അടയാളങ്ങള്‍കൊണ്ടു സ്ഥിരീകരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തില്‍ പലയാവര്‍ത്തി നാം കാണുന്നുണ്ട്. ലോകത്തിന്റെ പ്രകാശമായ മിശിഹാ കുരുടനു കാഴ്ച നല്‍കി. അവന്റെ സ്വത്വം നമുക്ക് വെളിവാക്കുകയാണിവിടെ ചെയ്യുന്നത്. ഈശോ ഇവിടെ തന്നെത്തന്നെ 'പ്രകാശം' എന്നു വിശേഷിപ്പിക്കാന്‍ കാരണം വിശ്വസിക്കുന്നവന്റെ ആത്മാവിനെ പ്രകാശിപ്പിക്കാന്‍ കഴിയുന്നവനാണ് അവന്‍ എന്നതുകൊണ്ടും പിറവിക്കുരുടന് കാഴ്ച കൊടുക്കാന്‍ പോകുന്നുവെന്നതുകൊണ്ടുമാണ്. ഈശോമിശിഹായാകുന്ന പ്രകാശം ലോകാവസാനംവരെ നമ്മോടൊപ്പം ഉണ്ടാകും. അത് അവന്റെ ഉറപ്പാണ് (മത്താ. 28:20).
അവന്‍ നിലത്തു തുപ്പി, ചെളിയുണ്ടാക്കി അവന്റെ കണ്ണുകളില്‍ പൂശി (9:6). മറ്റെല്ലാ അദ്ഭുതങ്ങളിലും കര്‍ത്താവ് തന്റെ വചനത്താല്‍ സൗഖ്യം നല്‍കുമ്പോള്‍ ഇവിടെ പ്രകടമായ ഒരു പ്രവൃത്തി കൊണ്ടാണ് സൗഖ്യം നല്‍കുക. 'സൃഷ്ടിയുടെ ഒരു കുറവ് പരിഹരിച്ച് അതിനെ പൂര്‍ണതയിലെത്തിക്കാനുള്ള ഒരു പ്രവൃത്തി' എന്നാണ് വി. അപ്രേം ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത്. പിറവിക്കുരുടനെ പുതുസൃഷ്ടിയാക്കാന്‍ ഈശോ ചെയ്യുന്ന പ്രവൃത്തി സൃഷ്ടികര്‍മത്തെത്തന്നെ അനുസ്മരിപ്പിക്കുംവിധമാണ് (ഉത്പ. 2:7). മനുഷ്യനെ സൃഷ്ടിച്ച അതേ കരംകൊണ്ടു തന്നെ അവന്‍ പുനഃസൃഷ്ടികര്‍മം നടത്തുകയാണ്.
മണ്ണ് സൗഖ്യദായകമായത് ഈശോമിശിഹായുടെ ഉമിനീരിനോടു ചേര്‍ന്നപ്പോഴാണ്. മണ്ണ് നിയമവും ഉമിനീര് കൃപയുമായി ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കാറുണ്ട്. നിയമത്തിനു മനുഷ്യന്റെ തെറ്റു ചൂണ്ടിക്കാണിക്കാം. അവനില്‍ കുറ്റബോധം ജനിപ്പിക്കാം. പക്ഷേ, പാപം മനുഷ്യനില്‍നിന്നു നീക്കം ചെയ്യാന്‍ നിയമത്തിനു കഴിവില്ല. കൃപയ്ക്കു മാത്രമേ അതിനു സാധിക്കൂ. കൃപയില്ലാത്ത നിയമാനുഷ്ഠാനം മനുഷ്യനെ ഒരിടത്തും കൊണ്ടുചെന്നെത്തിക്കില്ല.
ആദത്തിന്റെ പാപംമൂലം അധഃപതിച്ച മനുഷ്യവംശത്തിന് ഒരു കഴുകലും പുനഃസൃഷ്ടിയും ആവശ്യമായിരുന്നു. അതുകൊണ്ട് ഈശോ അവനോടു പറഞ്ഞു: ''നീ പോയി സീലോഹക്കുളത്തില്‍ കഴുകുക'' (9:7). ആ കഴുകലിലൂടെ അവന്‍ ആത്മീയമായും ശാരീരികമായും സൗഖ്യമുള്ളവനായി - നവസൃഷ്ടിയായി. അവന്‍ സ്രഷ്ടാവിനെ തിരിച്ചറിഞ്ഞു. 'സീലോഹ' എന്ന വാക്കിന്റെയര്‍ത്ഥം അയയ്ക്കപ്പെട്ടവന്‍ എന്നാണ്. പിതാവിനാല്‍ അയയ്ക്കപ്പെട്ടവനാണ് ഈശോമിശിഹാ. അവനാല്‍ കഴുകി വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് നാം പുതുസൃഷ്ടിയാകുന്നത്. ഈശോ പത്രോസിനോടു പറയുന്നുണ്ട്: ''ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു പങ്കില്ല (യോഹ. 13:8). കര്‍ത്താവിന്റെ വചനത്തിന്റെ ശക്തിയും ഇവിടെ പ്രകടമാകുകയാണ്. കര്‍ത്താവിന്റെ അധരത്തില്‍നിന്നു പുറപ്പെടുന്ന വാക്ക് ഫലരഹിതമായി തിരിച്ചുവരില്ല (ഏശ. 55:11). അന്ധനു കാഴ്ച കൊടുത്തത് സീലോഹാക്കുളമോ നാമാനു സൗഖ്യം കൊടുത്തത് ജോര്‍ദാനിലെ വെള്ളമോ അല്ല; മറിച്ച്, കര്‍ത്താവിന്റെ വചനമാണെന്ന് വി. അപ്രേം പഠിപ്പിക്കുന്നു.
പിറവിക്കുരുടന്‍ നമ്മുടെയെല്ലാം പ്രതിനിധിയാണ്. നമ്മള്‍ ദൈവത്തെ അറിയാനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണെങ്കിലും പാപം നിമിത്തം നമ്മള്‍ അന്ധരാണ്. നമുക്കു പുതിയ വെളിച്ചം ആവശ്യമാണ്; ഈശോ നമുക്കു തരുന്ന വിശ്വാസത്തിന്റെ വെളിച്ചം. 'നിന്നോടു സംസാരിക്കുന്ന ഞാന്‍തന്നെയാണവന്‍' (9:37) എന്ന ഈശോയുടെ വാക്കുകളാല്‍ കുരുടന്‍ മിശിഹാരഹസ്യത്തിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു. 'കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു' (9:38) എന്ന അവന്റെ മറുപടിയില്‍ ഇത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു.