''താളം മേളം നാദസ്വരം കുറികല്യാണമേ
ആണും പെണ്ണും ചേര്‍ന്നാടീടും പുതുകല്യാണമേ'' (ചിത്രം - ഈനാട്)
ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ നാട് (1982) എന്ന ചലച്ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഗാനത്തിന്റെ ചരണത്തിലെ രണ്ടു വരികളാണ് മുകളില്‍ ചേര്‍ത്തത്. പ്രസ്തുത ഈരടിയില്‍ നാഗസ്വരം എന്നതിനു പകരം 'നാദസ്വരം' എന്നു പ്രയോഗിച്ചിരിക്കുന്നു. ''നാദത്തിനും സ്വരത്തിനും മുഖ്യാര്‍ത്ഥം ഒന്നു തന്നെ, അതായത് ശബ്ദം. അതിനാല്‍, നാദസ്വരത്തിനു പൗനരുക്തിദോഷമുണ്ട്.''* ശരിയായ രൂപം നാഗസ്വരം. 'നാകസ്വരം' എന്ന പാഠഭേദവും പ്രചാരത്തിലുണ്ട്.
''നാദത്തെ സ്വരപ്പെടുത്തി അവതരിപ്പിക്കുന്നതാണ് നാദസ്വരം''** എന്ന നിരീക്ഷണത്തിനു യുക്തിയുടെ പിന്‍ബലമില്ല. നാദോപകരണത്തിന് നാഗസ്വരം എന്നുതന്നെ പറയണം. തെക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള സുഷിരവാദ്യമാണത്. തടികൊണ്ടു നിര്‍മ്മിച്ച ഒരു തരം നീണ്ട കുഴലാണ് നാഗസ്വരം (a kind of clarinet).. ഈ കുഴലിന്റെ മുകള്‍വശത്തും താഴ്‌വശത്തും ഏഴും അഞ്ചും ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. ശീവാളി(പുല്‍ത്തണ്ടാല്‍ നിര്‍മ്മിതം)യില്‍ക്കൂടി ഊതുകയും മുകള്‍വശത്തുള്ള ഏഴു ദ്വാരങ്ങളില്‍ ക്രമപ്രകാരം വിരലോടിക്കുകയും ചെയ്തുകൊണ്ടാണ് നാഗസ്വരം വായിക്കുന്നത്. തെന്നിന്ത്യയില്‍ ഉത്സവാഘോഷങ്ങളിലും മംഗളവേളകളിലും ഒരു ചടങ്ങെന്ന നിലയില്‍ നാഗസ്വരം വായിക്കുന്ന പതിവുണ്ട്. നാഗസ്വരക്കച്ചേരികള്‍ക്കും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. നാഗസ്വരത്തിന് തകിലും ജാലറയുമാണ് പക്കമേളങ്ങള്‍.
മഹാവിഷ്ണുവിന്റെ പ്രീതിക്കായി, നാരദന്റെ ആവശ്യപ്രകാരം പ്രപഞ്ചത്തിലില്ലാത്ത ഒരു നാദം അനന്തന്‍ (ആയിരം തലയുള്ള സര്‍പ്പം) കേള്‍പ്പിച്ചതായി ~ഒരു ഐതിഹ്യം നിലവിലുണ്ട്. നാഗം സ്വരം കൊടുത്തതിനാല്‍ ആ സംഗീതോപകരണത്തിനു നാഗസ്വരം എന്ന പേര്‍ സിദ്ധിച്ചുവത്രേ. ഒരുപക്ഷേ, നാഗത്തിന്റെ ആകൃതി കാഴ്ചയില്‍ തോന്നുന്നതിനാല്‍ നാഗസ്വരം എന്ന പേര്‍ കിട്ടിയതുമാകാം. നാഗങ്ങള്‍ക്കുപോലും ഇമ്പകരമായ (നാഗങ്ങള്‍ക്ക് ശ്രവണശക്തിയില്ല) സംഗീതം നാഗസ്വരം, സ്വര്‍ലോകവാസികള്‍ക്കുപോലും സുഖകരമായ സംഗീതം നാകസ്വരം - ഇങ്ങനെയുള്ള വിഗ്രഹിക്കലും അര്‍ത്ഥം പറയലും എത്രപേര്‍ സ്വീകരിക്കുമെന്നറിയില്ല.
* ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2013, പുറം - 334.
** നാരായണന്‍, വി.കെ., ഭാഷയും മാധ്യമവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2014, പുറം - 30.