•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

പതിനാലാമെടം

മനുഷ്യബന്ധനം
പകല്‍ അതിന്റെ ഉടയാടകളുരിഞ്ഞുകളയാനൊരുങ്ങുകയാണ്. ഗെന്നസറേ തടാകക്കരയില്‍ അന്തിമിനുക്കം മുഷിഞ്ഞുതുടങ്ങിയിരിക്കുന്നു. തിരയടങ്ങാത്ത  കടലിലേക്കു നോക്കി ശിമയോന്‍ ഖിന്നതയോടെ നിന്നു. കാരുണ്യം വറ്റിയ മാതാവിനെപ്പോലെ കടല്‍ മുമ്പില്‍ കിടന്നലയ്ക്കുന്നു.
ശിമയോന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. കടല്‍ ഇത്രയും വന്ധ്യയായതെന്ത്? ഇവളുടെ ഗര്‍ഭത്തില്‍ മത്സ്യങ്ങളുടെ ഉറവിടങ്ങളെല്ലാം അഴിഞ്ഞുപോയിരിക്കുന്നുവോ?
മൂന്ന് മുഴുനീളരാവുകള്‍ അവര്‍ കടലിലായിരുന്നു. വലയെറിഞ്ഞിട്ട് ഒന്നും കിട്ടിയില്ല. ഒരു ചെറുമീന്‍പോലും. അതാണദ്ഭുതം. ഓര്‍മവച്ചകാലംമുതല്‍ ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ല. വലയെറിഞ്ഞാല്‍ വെറും കൈയോടെ കടല്‍ മടക്കിയിട്ടില്ല.
ശിമയോന്‍ ഒരു പ്രതിമപോലെ മണല്‍പ്പരപ്പില്‍ ഇരുന്നു. കൈകള്‍ പിറകോട്ടൂന്നി ദൈന്യതയോടെ മുകളിലേക്കു നോക്കി. ആകാശത്തിനു കീഴെ ഒരു പേരറിയാപ്പക്ഷി ശബ്ദം വച്ചു പറക്കുന്നു. അതിനും ഈ കടല്‍പ്പരപ്പില്‍നിന്ന് ഒന്നും കൊത്തിപ്പെറുക്കാന്‍ കിട്ടിയിട്ടുണ്ടാവില്ല. ശിമയോന്‍ വിചാരിച്ചു.
ശിമയോനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും കഴിച്ചിട്ട് രണ്ടുനാളായിരിക്കുന്നു. എല്ലാം തരുന്നതു കടലാണ്. കടലിന്റെ കനിവിലാണ് എല്ലാവരും ജീവിക്കുന്നത്. പക്ഷേ, ആ കടല്‍ തന്റെ അക്ഷയപാത്രം അവര്‍ക്കു നേരേ അടച്ചുകളഞ്ഞിരിക്കുന്നു.
''എല്ലാം എടുക്കുന്നതും കടലാണ്.''
കരയ്ക്കടുപ്പിച്ച വള്ളത്തില്‍നിന്നു പുറത്തേക്കിട്ട വല കഴുകിയെടുക്കുകയായിരുന്ന അന്ത്രയോസും കൂട്ടരും. അവര്‍ അകലെ മാറി ഒറ്റയ്ക്കിരിക്കുന്ന ശിമയോനെ കണ്ടു. ശിമയോന്‍ വിഷമിച്ചിരിക്കുകയാണെന്നു കണ്ട അന്ത്രയോസ് അയാളുടെ പക്കല്‍ ചെന്നു പറഞ്ഞു:
''നമുക്ക് ഇന്നു രാത്രികൂടി കടലിലിറങ്ങാം. എന്തെങ്കിലും കിട്ടാതിരിക്കില്ല.'' 
അവനെ കേട്ടാറെ ശിമയോന്‍ തലതിരിച്ചു നോക്കി. അവന്റെ വാക്കുകള്‍ തന്നെ സമാധാനിപ്പിക്കാനാണെന്ന് ശിമയോനറിയാം. അതുകൊണ്ട് മറുത്തൊന്നും പറഞ്ഞില്ല.
പക്ഷേ, ശിമയോന് ഒട്ടുമേ പ്രതീക്ഷയുണ്ടായിരുന്നില്ല. വൃഥാ     ഒരു രാത്രികൂടി കടലിന്റെ വന്യതയിലേക്കിറങ്ങിച്ചെന്ന് വലയെറിയാം. ഉപ്പുകാറ്റില്‍ വിയര്‍ത്തൊലിച്ച്, ശൂന്യമായ വല പ്രതീക്ഷയോടെ വലിച്ചെടുത്ത് വള്ളപ്പടവിലിടാം. കിഴക്കു വെള്ള പൊട്ടുമ്പോഴേക്കും നിരാശ കൂടുകെട്ടിയ മനസ്സുമായി കരയിലേക്കു മടങ്ങാം.
അതെ, അതു മാത്രമാണുണ്ടാവുക. അല്ലാതെ അദ്ഭുതങ്ങളൊന്നും സംഭവിക്കില്ല. ശിമയോന്‍ മനസ്സില്‍ കുറിച്ചു.
കടലില്‍നിന്ന് ഒരു കാറ്റ് കരയ്ക്കു കയറി വന്നു. ഇനിയും ചൂടാറാത്ത കാറ്റ്. കാറ്റില്‍ ശിമയോനു സുഖം തോന്നി.
പൊടുന്നനേയാണ് ശിമയോന്‍ ആ കാഴ്ച കണ്ടത്. അകലെനിന്ന് ഒരു ജനക്കൂട്ടം നടന്നുവരുന്നു. ശിമയോന്‍ ആശ്ചര്യത്തോടെ എഴുന്നേറ്റു. എന്താണു സംഭവിച്ചത്...? ഒരു നിശ്ചയവുമില്ല. ശിമയോന്‍ അന്ത്രയോസിന്റെ സമീപം ചെന്ന് ജനക്കൂട്ടത്തിനു നേരേ വിരല്‍ ചൂണ്ടി: 
''അന്ത്രയോസേ, നീനോക്ക്.''
കാഴ്ച കണ്ടാറെ അന്ത്രയോസൂം കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അവര്‍ കഴുകിക്കൊണ്ടിരുന്ന വല നിലത്തിട്ട് വള്ളത്തിനരികിലേക്ക് ഒതുങ്ങി നിന്നു. ജനക്കൂട്ടം അടുത്തടുത്തു വരിയായിരുന്നു. ജനക്കൂട്ടത്തിനു മുമ്പില്‍ നടക്കുന്നയാളെ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അയാള്‍ വെളുത്ത കുപ്പായവും ചുവന്ന ഉത്തരീയവും ധരിച്ചിരുന്നു. അവന്റെ മുഖം തേജോമയമായിരുന്നു. അവന്റെ കണ്ണുകള്‍ കാരുണ്യത്തിന്റെ നിറവൊഴുകുന്നവയായിരുന്നു. പിന്നോട്ടു നീണ്ടിറങ്ങിയ മുടിയും താടിയും അവനൊരു ജ്ഞാനിയുടെ പരിവേഷം ചാര്‍ത്തുന്നു.
അവന്‍ അടുത്തു വന്നാറെ പ്രകൃതി ശീതളമാകുന്നു. കാറ്റ് മൃദുലമാകുന്നു. കടല്‍ തിരയൊതുങ്ങി ശാന്തമാകുന്നു.
അവന്‍ വന്നപാടേ ശിമയോന്റെ വഞ്ചിയില്‍ കയറി. വഞ്ചി കരയില്‍നിന്നു നീക്കാന്‍ ശിമയോനോടാവശ്യപ്പെട്ടു. ശിമയോനും അന്ത്രയോസും അവന്‍ പറഞ്ഞപ്രകാരം ചെയ്തു. അവന്‍ വഞ്ചിയില്‍ ഇരുന്നു. അവനോടൊപ്പം വന്ന് ജനങ്ങള്‍ അവനു മുമ്പില്‍ നിലത്തിരുന്നു.
അവന്‍ ജനക്കൂട്ടത്തെ പഠിപ്പിക്കാന്‍ തുടങ്ങി. അവനില്‍നിന്ന് പുറപ്പെടുന്ന വിജ്ഞാനം കേട്ട് ജനങ്ങളില്‍ മതിപ്പുളവായി. അവര്‍ പരസ്പരം ചോദിച്ചു:
''ഇവന്‍ ആ തച്ചന്‍ ജോസഫിന്റെ പുത്രനല്ലേ...?''
അവന്റെ വായില്‍നിന്നു വീഴുന്ന ഹൃദ്യമായ വചനങ്ങളില്‍ അവര്‍ അദ്ഭുതപ്പെട്ടു. അവര്‍ അവനോടു വിനയമുള്ളവരായി. സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു:
''ആഴത്തിലേക്കു നീങ്ങി മീന്‍ പിടിക്കാന്‍ നിങ്ങളുടെ വലകള്‍ ഇടുക.'' അവനെ കേട്ട് ശിമയോന്‍ പറഞ്ഞു:
''ഗുരോ, രാത്രി മുഴുവന്‍ ഞങ്ങളദ്ധ്വാനിച്ചു. ഒരു മീന്‍പോലും കിട്ടിയില്ല. എങ്കിലും നിന്റെ വാക്കനുസരിച്ച് ഞങ്ങള്‍ വലയിറക്കാം.''
അവര്‍ വള്ളം നീക്കി. ആഴമുള്ള ഭാഗത്ത് വലയിറക്കി. പെട്ടെന്നായിരുന്നു അവരുടെ വലയ്ക്കുള്ളില്‍ ഒരു വലിയ മത്സ്യക്കൂട്ടംപെട്ടത്. അവര്‍ക്ക് അതിശയവും അതിലേറെ അമ്പരപ്പും ഉണ്ടായി. കാരണം, ഭാരംകൊണ്ട് അവര്‍ക്ക് വല വലിച്ചു കയറ്റാന്‍ കഴിഞ്ഞില്ല. അന്ത്രയോസ് തോണിപ്പടിയില്‍ കയറിനിന്ന് മറ്റു വഞ്ചിക്കാരെക്കൂടി വിളിച്ചു. അവര്‍ വന്നെത്തി. വല വലിച്ചു കയറ്റാന്‍ അവരുംകൂടി സഹായിച്ചു. രണ്ടു വഞ്ചിയും മുങ്ങാന്‍ തുടങ്ങുമാറ് അവര്‍ മീന്‍ നിറച്ചു. 
ശിമയോനും അയാളോടൊത്തുണ്ടായിരുന്ന എല്ലാവരു തങ്ങള്‍ നടത്തിയ മീന്‍പിടിത്തത്തെക്കുറിച്ച് വിസ്മയിച്ചുപോയി. ശിമയോന്‍ അവന്റെ പാദം നമിച്ചുകൊണ്ടു പറഞ്ഞു:
''കര്‍ത്താവേ, എന്നെ വിട്ടുപോയാലും. ഞാന്‍ പാപിയായ മനുഷ്യനാണ്.''
അതില്‍ കുറഞ്ഞൊന്നും ശിമയോനു പറയാനില്ലായിരുന്നു. കാരണം, തന്റെ മുമ്പില്‍ നില്‍ക്കുന്നവന്‍ എല്ലാം അറിയുന്നവനും എല്ലാറ്റിനും ഉടയവനുമാണെന്ന് ശിമയോന്‍ ഒരു വെളിപാടുപോലെ അറിഞ്ഞു.
''ശിമയോനേ, നീ  ഭയപ്പെടേണ്ടതില്ല.'' യേശു പറഞ്ഞു: ''എന്നെ അനുഗമിച്ചാലും. ഞാന്‍ നിന്നെ മനുഷ്യരെ പിടിക്കുന്നവരാക്കാം.''
യേശു പിന്നെ ഒന്നും പറഞ്ഞില്ല. വഞ്ചിയില്‍നിന്നു കരയ്ക്കിറങ്ങി നടക്കാന്‍ തുടങ്ങി. ശിമയോനും അന്ത്രയോസും സര്‍വതും ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.
യേശു അവിടെനിന്നു പോകുംവഴി യോഹന്നാനെയും യാക്കോബിനെയും കണ്ടു. യോഹന്നാനും യാക്കോബും കടല്‍ക്കരയില്‍ പിതാവായ സെബദിയോടൊത്തിരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു. അവരാകട്ടെ വള്ളവും വലയും പിതാവിനെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.
അവരഞ്ചുപേരും ജനക്കൂട്ടത്തെ കടന്നുപോയി. കടല്‍വീണ്ടും ഇളകിമറിയാന്‍ തുടങ്ങി. കടലില്‍നിന്ന് കാറ്റ് കരയ്ക്കു കയറി വന്നു. ഉപ്പുരസവും ഉഷ്ണവും നിറഞ്ഞ കാറ്റ്.
അപ്പോഴാണ് അനനിയാദ് അവിടേക്ക് ഓടിക്കിതച്ചെത്തിയത്. അവന്‍ വല്ലാതെ വിയര്‍ത്തിരുന്നു. അടക്കാനാവാത്ത കിതപ്പില്‍ അവന്റെ നെഞ്ച് കടല്‍ത്തിര4കള്‍പോലെ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അവന്‍ കടല്‍ത്തീരം നിറഞ്ഞ ആളുകള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട് ആരെയോ തിരഞ്ഞു നടന്നു. അവന്റെ ചെയ്തികള്‍ കണ്ട് ജനം പിറുപിറുത്തു.
''ഭ്രാന്തന്‍.''
ജനങ്ങള്‍ അവനെ അവഗണിച്ച് അവിടെ നടന്ന അദ്ഭുതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ അനനിയാദ് അവര്‍ക്കിടയില്‍ കിളിരംകൂടിയ ഒരാളുടെ പക്കല്‍ ചെന്നു ചോദിച്ചു:
''നീയാണോ അവന്‍...?''
''ആരെയാണ് ഈ ജനക്കൂട്ടത്തിനിടയില്‍ നീ തിരയുന്നത്?''
''നസ്രായനായ യേശുവിനെ. എനിക്കവനെ കാണണം.'' അനനിയാദ് തിടുക്കപ്പെട്ടു.
''അവന്‍ പോയി.'' അയാള്‍ പറഞ്ഞു.
''എവിടേക്ക്...?''
''അറിഞ്ഞുകൂടാ. അവനോടൊപ്പം സെബദിയുടെ പുത്രന്മാരും ശെമയോനും അന്ത്രയോസും ഉണ്ട്.''
അനനിയാദ് പിന്നെ നിന്നില്ല. അവന്‍ പോയ ദിക്ക് ചോദിച്ചറിഞ്ഞ് തിരക്കിട്ടു നടന്നു. സത്യത്തില്‍ അനനിയാദ് ഓടുകതന്നെയായിരുന്നു. പിന്നെ ഓട്ടത്തിന് വേഗം കൂടിവന്നു, കുതിരക്കുളമ്പടികള്‍പോലെ അവന്റെ കാലുകള്‍ മണല്‍പ്പരപ്പില്‍ വീണുയര്‍ന്നു.
കുറെ ചെന്നപ്പോള്‍ കരയിലേക്കു കയറ്റിയിരിക്കുന്ന വഞ്ചിക്കരികെ കേടുവന്ന വലയുമായി ഒരു വൃദ്ധന്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു. അത് സെബദിയായിരുന്നു. യോഹന്നാന്റെയും യാക്കോബിന്റെയും പിതാവ്. അനനിയാദ് അയാളുടെ പക്കല്‍ ചെന്നു ചോദിച്ചു:
''അവന്‍ ആ നസ്രായന്‍ ഏതു വഴിക്കാണു പോയത്?''
വൃദ്ധന്‍ തലയുയര്‍ത്തി അനനിയാദിനെ നോക്കി. അയാള്‍ കരയുകയാണെന്ന് അനനിയാദ് കണ്ടു.
''അറിഞ്ഞുകൂടാ...'' അയാള്‍ പറഞ്ഞു. ''പക്ഷേ, അവനോടൊപ്പം എന്റെ മക്കള്‍ രണ്ടുപേരും എന്നെ വിട്ടുപോയി. എനിക്കിനി ആരുമില്ല. ഈ കടലല്ലാതെ.'' വൃദ്ധന്റെ ശബ്ദം ഒരു ചാറല്‍മഴപോലെ ചിലമ്പി. നൊമ്പരത്തിന്റെ ഒരു തണുപ്പ് ഉണ്ടായിരുന്നു ആ ശബ്ദത്തില്‍.
ഒരു നിമിഷം, അനനിയാദ് ശബ്ദിച്ചില്ല. അവര്‍ക്കിടയില്‍ കടലിന്റെ ഇരമ്പം മാത്രം. മൗനത്തിന്റെ ഒരു കടല്‍ കിടന്നിളകി മറിയുന്നു. ''നീ അവനെ അന്വേഷിക്കുന്നതെന്തിന്?'' വൃദ്ധന്‍ ചോദിച്ചു.
''അറിഞ്ഞുകൂടാ... പക്ഷേ, എനിക്കവനെ കാണണം.'' അനനിയാദ് പറഞ്ഞു.
കടല്‍ക്കരയിലാകെ സന്ധ്യാ നിഴല്‍ വീണിരുന്നു. വൃദ്ധന്‍ അനനിയാദിനു നേരേ  കാഴ്ച മങ്ങിയ കണ്ണുകളുയര്‍ത്തി സൂക്ഷിച്ചു  നോക്കി. ഒരു ദീര്‍ഘയാത്രയുടെയും അലച്ചിലിന്റെയും ക്ഷീണം. കരുവാളിച്ച രൂപംപോലെ ഒരു യുവാവ്. കോതിയൊതുക്കാത്ത പപ്രശമുടി കടല്‍ക്കാറ്റില്‍ ചിതറിപ്പറക്കുന്നു. പക്ഷേ, അവന്റെ കണ്ണുകളുടെ തീക്ഷ്ണത.... എങ്കിലും വൃദ്ധന്‍ ഇപ്രകാരം ചോദിച്ചു:''നിനക്കും ഭ്രാന്തുപിടിച്ചോ...?''
പക്ഷേ, അനനിയാദ് അതു കേട്ടില്ലെന്നു നടിച്ചു. പിന്നെ അടക്കാനാവാത്ത ഒരു ജിജ്ഞാസയോടെ ചോദിച്ചു.
''അവന്‍ ഏതു ദിക്കിലേക്കാണു പോയത്...''
വൃദ്ധന്‍ വിരല്‍ചൂണ്ടിയ ദിക്കിലേക്ക് അനനിയാദ് തിരക്കിട്ടു. മുമ്പില്‍ സന്ധ്യ പടരുന്ന, ആളൊഴിഞ്ഞ തീരം ഒരു മഹാമരുവു പോലെ... ഒരു വശത്ത് അനന്തമായ കടല്‍ അങ്ങ് ചക്രവാളം വരെ...
യേശു എവിടേക്കായിരിക്കും പോയത്? എത്ര വന്നാലും ഈ ഗലീലി വിട്ട് എവിടേക്കും പോയിരിക്കില്ല. അതിനുമാത്രം സമയമായിട്ടില്ലല്ലോ ഇവിടെനിന്നു പോയിട്ട്. മാത്രമല്ല, യേശുവിനോടൊപ്പം ശെമയോനും അന്ത്രയോസും സെബദീപുത്രന്മാരും ഉണ്ടല്ലോ...
എത്രയും പെട്ടെന്ന് അവനെ കണ്ടുപിടിക്കണം. തനിക്കും അവനോടൊപ്പം ചേരണം. കാരണം, അവന്‍ മിശിഹാതന്നെ. മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും അതേപ്പറ്റി എഴുതിയിരിക്കുന്നു. അവന്‍തന്നെയാണ് ഇവന്‍. ലോകത്തിന്റെ രക്ഷകന്‍.
അനനിയാദ് ഇരുട്ടിലൂടെ നടക്കുകയായിരുന്നു. അവന്റെ മനസ്സപ്പോള്‍ ആഹ്ലാദചിത്തനായ ഒരു കൊച്ചുകുട്ടിയുടേതുപോലെയായിരുന്നു. അത് കാര്‍മേഘപടലങ്ങളില്ലാത്ത തെളിഞ്ഞ ആകാശംപോലെ ശുഭ്രമായിരുന്നു. അവിടെ യേശുവിന്റെ കാണാരൂപം ഒരു സൂര്യതേജസ്സുപോലെ തിളങ്ങിയിരുന്നു. 
പക്ഷേ, ആ രാത്രിയുടെയും പിന്നാലെ വന്ന ഒരു പകലിന്റെയും ദൈര്‍ഘ്യമത്രയും അന്വേഷിച്ചിട്ടും യേശു എവിടേക്കാണു പോയതെന്നറിയാന്‍ അനനിയാദിനു കഴിഞ്ഞില്ല. 
യാത്രയ്ക്കിടയില്‍ കണ്ടവരോടൊക്കെ അവന്‍ യേശുവിനെ അന്വേഷിച്ചു. പക്ഷേ, അവരില്‍ പലരും അവനെ കേട്ടതില്ല. കേട്ടവര്‍ക്കാകട്ടെ അവന്‍ എവിടെയുണ്ടെന്നു നിശ്ചയവുമുണ്ടായിരുന്നില്ല. അനനിയാദ് അവശനായി ത്തീര്‍ന്നിരുന്നു. വിശപ്പും ദാഹവും കാരുണ്യമേതുമില്ലാതെ അവനെ പീഡിപ്പിച്ചു. പാദങ്ങളിലെ വ്രണങ്ങള്‍ നീരുകെട്ടി വീര്‍ക്കുകയും കുപ്പായം മുഷിഞ്ഞുകീറുകയും ചെയ്തിരുന്നു.
അവന്‍ ഒരു സിക്കമൂര്‍ മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നു. ഇനി നടക്കാന്‍ വയ്യ. ശരീരമാകെ വലിഞ്ഞുമുറുകുന്നു. എവിടെയൊക്കെയോ നീറ്റലും വേദനയും അനുഭവപ്പെടുന്നു. മുറിവുകള്‍ വിങ്ങുന്നു. എന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടിയിരുന്നെങ്കില്‍. അവന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ചുറ്റും നോക്കി. എവിടെയും ആളനക്കം കണ്ടില്ല. അടുത്തെങ്ങും ഒരു വീടും കാണാനില്ല. സിക്കമൂറില്‍ പഴങ്ങളുമില്ല.
സന്ധ്യ മയങ്ങുകയാണെന്ന് അവന്‍ കണ്ടു. കിഴക്കന്‍കുന്നുകളുടെ മറപറ്റി ഇരുട്ട് ഒരു കള്ളനെപ്പോലെ മാര്‍ജാരപാദങ്ങളൂന്നി കടന്നുവരുന്നു.
അവന്‍ മരത്തിന്റെ വേരില്‍ തലവച്ചു കിടന്നു. ഇരുട്ട് തിടംവയ്ക്കുന്നു. ഇരുട്ടിലൂടെ ഒരു ഈറന്‍കാറ്റ് വന്ന് അവനെ തൊട്ടു. അവന് സൗഖ്യം തോന്നി. അരപ്പട്ടയില്‍ തിരുകിയിരുന്ന കുഴലെടുത്ത് അവന്‍ വായിക്കാന്‍ തുടങ്ങി. അവന്റെ പാട്ടുകേട്ടിട്ടെന്നവണ്ണം സിക്കമൂര്‍ മരം ശാഖകള്‍ താഴ്ത്തി അവന് കുടപിടിച്ചു. അവന്‍ സ്വയം മറന്നുള്ള കുഴല്‍വായനയ്ക്കിടയില്‍ എപ്പഴോ മയങ്ങിപ്പോയി.
ആരോ ഉണര്‍ത്തുകയായിരുന്നു. സമീപത്തെങ്ങും ആരുമില്ല. വൃക്ഷക്കമ്പുകള്‍ക്കിടയിലൂടെ കരങ്ങള്‍ നീട്ടി സൂര്യനാണ് അവനെ ഉണര്‍ത്തിയത്. മദ്ധ്യാഹ്നമായിരുന്നു. അവന്‍ എഴുന്നേറ്റ് അല്പമകലെക്കണ്ട അരുവിയില്‍നിന്ന് മുഖം കഴുകി. വയറുനിറയെ വെള്ളം കുടിച്ചു. പിന്നെയും നടന്നു തുടങ്ങി.
എത്ര ദൂരം നടന്നുകാണും...? നിശ്ചയമില്ല. തലയ്ക്കു മുകളില്‍ സൂര്യന്‍ എരിഞ്ഞു കത്തുകയാണ്. ഗലീലിയാക്കടല്‍പോലെ വെയില്‍ ഭൂമിയില്‍ കിടന്നലയ്ക്കുകയാണ്. അനനിയാദ് വെയിലിന്റെ കടല്‍മുറിച്ചു വ്രണം പൊട്ടിയ പാദങ്ങളൂന്നി വലിഞ്ഞു. കുറേദൂരം നടന്നു കഴിഞ്ഞപ്പോഴാണ് കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടത്. അവന്റെയുള്ളില്‍ ആശയുടെ ഒരു മിന്നല്‍പ്പിണരുണ്ടായി.
ഒരുപക്ഷേ, അവന്‍ അവിടെയുണ്ടായിരിക്കുമോ? നസ്രായനായ യേശു.
യേശുവിനെ ചിന്തിച്ചാറെ അനനിയാദില്‍ അജ്ഞാതമായ ഒരു ശക്തി വന്നുനിറഞ്ഞു. അവന്‍ കാലുകള്‍ വലിച്ചു കുത്തി നടന്നു. അവിടെ നസ്രായന്‍ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതാകും അവിടെ ആള്‍ക്കൂട്ടം. എതിരേ വന്ന ആളോട് അവന്‍ തിരക്കി:
''എന്താ അവിടെ?''
''എന്തോ ആഘോഷം നടക്കുകയാണെന്നു തോന്നുന്നു.'' അയാള്‍ മറുപടി പറഞ്ഞുകൊണ്ട് നടന്നുപോയി. അനനിയാദ് ആള്‍ക്കൂട്ടം കണ്ട സ്ഥലത്തെത്തി. സാമാന്യം വലിയ വീടായിരുന്നത്. മുറ്റത്ത് പന്തലും പന്തല്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ഒരു വിവാഹാഘോഷം നടക്കുകയാണ്.
പ്രധാന കവാടത്തിലെത്തിയ അനനിയാദിനെ ഒരാള്‍ തടഞ്ഞു. പുച്ഛം കലര്‍ന്ന കണ്ണുകളോടെ അയാള്‍ ചോദിച്ചു:
''നിങ്ങള്‍ വിവാഹത്തിനു ക്ഷണിക്കപ്പെട്ടവനാണോ?''
അവന്‍ മറുപടി പറഞ്ഞിട്ടില്ല. അവന്റെ വേഷവും രൂപവും ഒരതിഥിയുടേതായിരുന്നില്ല. അവന്റെ മൗനം വായിച്ചറിഞ്ഞിട്ടെന്ന വണ്ണം അയാള്‍ പറഞ്ഞു:
''ക്ഷണിക്കപ്പെടാത്തവര്‍ക്കും യാചകര്‍ക്കും ഒടുവില്‍ എന്തെങ്കിലും കിട്ടിയേക്കും. നിങ്ങള്‍ പിന്‍പുറത്തെങ്ങാനും മാറി നില്‍ക്ക്.''
അനനിയാദ് ശബ്ദിച്ചില്ല. മെല്ലെ പിന്‍പുറത്ത് കാത്തുനില്ക്കുന്ന യാചകരുടെ കൂട്ടത്തിലേക്ക് അവന്‍ നടന്നു.
(തുടരും}

 

Login log record inserted successfully!