•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

സാന്ത്വനക്കാറ്റ്‌

ആശുപ്രതിവരാന്തയില്‍ ഇരിക്കുമ്പോള്‍ മനുഷ്യജീവിതത്തിലെ സകല വേദനകളും പ്രയാസങ്ങളും ഞാന്‍ അനുഭവിക്കുന്നു. അവരവര്‍ക്കു വേണ്ടപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവിടെ എല്ലാവരും. തലങ്ങും വിലങ്ങും ധൃതിയില്‍ നടക്കുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആശുപത്രിജീവനക്കാരും. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ സദാ നിറഞ്ഞു നില്‍ക്കുന്നു,
ഈ വരാന്തയുടെ അങ്ങേയറ്റത്തുള്ള ഐസിയുവില്‍ എനിക്കു പ്രിയപ്പെട്ട ഒരാള്‍ കിടപ്പുണ്ട് - എന്റെ അമ്മ. 
ഓര്‍മ്മവെച്ച നാള്‍മുതല്‍ ഞാന്‍ കാണുന്നത് എന്റെ അമ്മയുടെ കരയുന്ന മുഖമാണ്, എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കല്‍ അമ്മ എന്റെ അച്ഛനെക്കുറിച്ചു പറഞ്ഞു. പണക്കൊതിയിലും മദ്യപാനത്തിലും മറ്റു ദുര്‍ന്നടപ്പുകളിലുംപെട്ട് ജീവിതത്തിന്റെ വഴിയോരത്ത് അമ്മയെ തനിച്ചാക്കിപ്പോയ അച്ഛന്‍. വളരെയധികം കഷ്ടപ്പെട്ട്, ഒറ്റമകനായ എന്നെ അമ്മ വളര്‍ത്തി. എന്നെക്കൂടാതെ ഒരു കാലിനു സ്വാധീനമില്ലാത്ത കുഞ്ഞമ്മയും അമ്മയുടെ സംരക്ഷണയിലായിരുന്നു.
കാലം കടന്നുപോയി. അമ്മ തളര്‍ന്നുകൊണ്ടിരുന്നു. പതിനാറാമത്തെ വയസ്സില്‍ കുടുംബഭാരം ഞാന്‍ ഏറ്റെടുത്തു. സ്ഥിരമായ ഒരു ജോലിയില്ല, എത്ര ശ്രമിച്ചിട്ടും ജീവിതം മുന്നോട്ടുപോകില്ലെന്നുറപ്പായപ്പോള്‍ ആകെയുള്ള അഞ്ചുസെന്റ് പണയപ്പെടുത്തി ഗള്‍ഫിലേക്കു പോകാന്‍ തീരുമാനിച്ചു. ആരുടെയൊക്കെയോ കാലുപിടിച്ച് അമ്മാവന്‍ എനിക്ക് ഒരു വിസ സംഘടിപ്പിച്ചുതന്നു. അമ്മയെയും കുഞ്ഞമ്മയെയും അമ്മാവനെ ഏല്പിച്ച് എന്റെ കൊച്ചുമോഹങ്ങളുമായി ഞാന്‍ ഗള്‍ഫിലേക്കു പറന്നു. അംബരചുംബികളായ കെട്ടിടങ്ങളും മനോഹരകാഴ്ചകളും കണ്ട് ഞാന്‍ അമ്പരന്നു. നാളുകള്‍ കഴിഞ്ഞു. 
അങ്ങനെയിരിക്കേ, നടുക്കുന്ന ആ വാര്‍ത്ത വന്നു. ലോകത്തെ മുഴുവനും കൊവിഡ് എന്ന മഹാമാരി പിടികൂടിയിരിക്കുന്നു. ഈ നാട്ടിലേക്കും അതിന്റെ കരാളഹസ്തം നീïുവന്നിരിക്കുന്നു. ആരെയും വീടിനു പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ ഭയന്നു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. ജോലിയുമില്ല, കൂലിയുമില്ല. നാട്ടിലേക്കു തിരിച്ചുപോകാന്‍ പറ്റുമോ എന്നുപോലും അറിയില്ല, കരയാന്‍പോലും കഴിയുന്നില്ല. ആകെയൊരു മരവിപ്പ്. ചില ഫഌറ്റുകളില്‍നിന്ന് നിലവിളികള്‍ കേള്‍ക്കാം. ആംബുലന്‍സുകള്‍ അലമുറയിട്ട് ചീറിപ്പായുന്നു. പോലീസുകാര്‍ വഴിയില്‍ കാണുന്നവരെയൊക്കെ തല്ലിയോടിക്കുന്നു. എന്റെ അമ്മയും കുഞ്ഞമ്മയും... അവരുടെ കാര്യമോര്‍ത്ത് എന്റെ മനസ്സു വിങ്ങി. ഫോണ്‍ വിളിച്ചിട്ടു കിട്ടുന്നില്ല. സര്‍വ്വശക്തനായ ദൈവത്തിനു മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഞാന്‍ നിലവിളിച്ചു പ്രാര്‍ത്ഥിച്ചു; ''അപ്പാ, എന്നെ രക്ഷിക്കണേ.'' എന്റെ ഉള്ളില്‍ ഒരു പ്രകാശം പരന്നു, എന്റെ ദൈവം എന്നെ കൈവിടില്ല, അതുകൊണ്ട് എന്റെ നാടും എന്നെ കൈവിടില്ല. ദൈവത്തിന്റെ കരുതല്‍... ഞങ്ങള്‍ക്കു നാട്ടിലേക്കു പോരാന്‍ അനുവാദം കിട്ടി. ഒരുപാട് സ്വപ്‌നങ്ങളും മോഹങ്ങളുമായി ഇവിടെ വന്ന എനിക്ക് ഒന്നുമാകാതെ തിരികെപ്പോകേണ്ടിവന്നു, എല്ലാം ഇവിടെ ഉപേക്ഷിച്ചിട്ട്.
എന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഞാനാകെ കോരിത്തരിച്ചു. എന്റെ നാടിനെയും നാടു ഭരിക്കുന്നവരെയുമോര്‍ത്ത് ഞാന്‍ അഭിമാനംകൊണ്ടു. ഇവിടെ ആംബുലന്‍സുകളുടെ ഭയാനകമായ ചീറിപ്പായലില്ല, നിലവിളികളില്ല, പോലീസുാരുടെ ആട്ടിപ്പായിക്കലില്ല. മനസ്സ് ശാന്തമായി. അമ്മയുടെ സ്‌നേഹത്തണലില്‍ എന്റെ സങ്കടങ്ങള്‍ ആവിയായി, എന്റെ അമ്മയെയും കുഞ്ഞമ്മയെയും വിട്ട് ഇനി ഞാന്‍ എവിടേക്കുമില്ല. 
ആശ്വാസത്തിന്റെ ദിനങ്ങള്‍ക്കുമേല്‍ കറുത്ത നിഴല്‍ വീണത് പെട്ടെന്നായിരുന്നു. പനിക്കു മരുന്നു വാങ്ങാന്‍ പോയ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാന്‍ തകര്‍ന്നുപോയി. പതിനഞ്ചു ദിവസമായി ഈ ആശുപത്രി വരാന്തയില്‍ അമ്മയെ ഒന്നു കാണാനാവാതെ, മോനേയെന്നുള്ള വിളി കേള്‍ക്കാനാവാതെ ഒരേയിരുപ്പ്. ഡോക്ടര്‍മാരും നേഴ്‌സുമാരുമൊക്കെ നിര്‍ബന്ധിച്ചതാണ്, വീട്ടില്‍ പൊയ്‌ക്കോളൂ, ഞങ്ങളില്ലേ ഇവിടെ. എനിക്കറിയാം അവരുടെ കരുതല്‍, സ്‌നേഹം... ഒക്കെ. പക്ഷേ, എന്റെ അമ്മയല്ലേ? ഇന്നറിയാം അമ്മയുടെ പരിശോധനാഫലം.
അമ്മയുടെ റിസള്‍ട്ട് പറയുമ്പോള്‍ ഡോക്ടറുടെ മുഖത്തു കണ്ടï സന്തോഷം എനിക്കു മറക്കാന്‍ കഴിയില്ല. പുഞ്ചിരി വിരിയുന്ന ആ കണ്ണില്‍ നിറഞ്ഞ ആനന്ദക്കണ്ണീര്‍ എന്നെ സമാധാനിപ്പിച്ചു. അച്ഛന്‍ ഉപേക്ഷിച്ചുപോയെങ്കിലും എന്നെ വളര്‍ത്തിയ എന്റെ അമ്മയ്ക്ക് ഞാന്‍ എന്തുകൊടുത്താല്‍ മതിയാകും. എന്റെ വീട്ടുമുറ്റത്ത് ഈ സന്ധ്യാനേരത്ത് ദൂരെ മറയുന്ന അസ്തമനസൂര്യനെനോക്കി സായന്തനക്കാറ്റേറ്റ് ഇങ്ങനെയിരിക്കുമ്പോള്‍ എന്റെ മനസ്സ് എന്നോട് വീണ്ടും പറഞ്ഞു: എന്റെ അമ്മ എന്നെ കരുതിയതിനുമപ്പുറമായി ഞാന്‍ അമ്മയെ കരുതേണ്ടിയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)