•  5 Dec 2024
  •  ദീപം 57
  •  നാളം 39
പ്രതിഭ

നസ്രേത്തിന്‍ നാട്ടിലെ കുഞ്ഞുപാട്ടുകാരി

രു കൊല്ലത്തോളം നീണ്ടുനിന്ന കൊവിഡ് പ്രതിസന്ധികള്‍ക്കുശേഷം സിനിമാ കൊട്ടകകളിലെത്തിയ മമ്മൂട്ടിച്ചിത്രമായ ''ദി പ്രീസ്റ്റ്'' ബോക്‌സ് ഓഫീസ് റെക്കോഡുകളെ ഭേദിച്ച് മുന്നേറുകയാണ്, ഒപ്പം ''നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരിമാതേ...'' എന്ന ഭക്തിസാന്ദ്രമായ ഗാനവും. അതിമനോഹരമായ ഈ പാട്ടിലൂടെ ഗാനാലാപനരംഗത്ത് തന്റെ സ്ഥാനമുറപ്പിക്കുകയാണ് നിയ ചാര്‍ളി എന്ന ആറാം ക്ലാസ്സുകാരി. കോഴിക്കോട്, പുല്ലൂരാംപാറ പെരിയപ്പുറം വീട്ടില്‍ ചാര്‍ളി ജോസഫിന്റെയും നിത്യ ചാര്‍ളിയുടെയും മകളാണ് നിയാ ചാര്‍ളിയെന്ന ഈ കൊച്ചുമിടുക്കി. 
ചെറുപ്പംമുതല്‍ നന്നായി പാടുന്ന നിയ, സ്‌കൂളിലും ദൈവാലയഗായകസംഘത്തിലുമൊക്കെ സജീവമായിരുന്നു. ഫഌവേഴ്‌സ് ടിവിയുടെ കൊച്ചുകുട്ടികള്‍ക്കായുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ഓഡിഷനു പോയെങ്കിലും മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. നിരാശപ്പെടാതെ തന്റെ അവസരത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. ഒരു ദിവസം പുല്ലൂരാംപാറയിലെ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ അമ്മയോടൊപ്പം ധ്യാനത്തിനു പോയി. ആ ദിവസം അവിടെ മറ്റൊരു പ്രോഗ്രാം അവതരിപ്പിക്കാന്‍ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫും വന്നിരുന്നു. അവിടെവച്ച് അദ്ദേഹത്തെ പരിചയപ്പെടുകയും പാട്ടു പാടുകയും ചെയ്തു. നിയയുടെ ശബ്ദം വളരെയേറെ ഇഷ്ടപ്പെട്ട അദ്ദേഹം തന്റെയൊരു ആല്‍ബത്തില്‍ പ്രവേശനോത്സവഗാനം പാടാന്‍ നിയയ്ക്ക് അവസരം കൊടുത്തു. എന്നാല്‍, അതു പുറത്തിറങ്ങിയില്ല. അതിനുശേഷമാണ് 'ലോനപ്പന്റെ മാമ്മോദീസ' എന്ന സിനിമയില്‍ പാടാനുള്ള അവസരം അദ്ദേഹംതന്നെ നല്‍കിയത്.  'ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും...' എന്ന ആ ഗാനം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചലച്ചിത്രപിന്നണിഗാനരംഗത്ത് തന്റെ പ്രഥമഗാനം പാടിക്കഴിഞ്ഞ് നിയ ഫഌവേഴ്‌സ് ടോപ്പ് സിംഗറിന്റെ ഫ്‌ളോറില്‍ അതിഥിയായെത്തുകയും ജഡ്ജസിന്റെ മുമ്പില്‍ ഗാനം ആലപിക്കുകയും ചെയ്തു.  ഒരിക്കല്‍ അവസരം നിഷേധിക്കപ്പെട്ട അതേ ഫ്‌ളോറിലേക്ക് ഒരു പിന്നണിഗായികയായുള്ള ആ വരവ് ഏറെ അഭിമാനം നിറഞ്ഞതായി. ടോപ്പ് സിംഗറില്‍ ഒരിക്കല്‍ അവസരം
നിഷേധിക്കപ്പെട്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഫഌവേഴ്‌സ് ചാനല്‍ എന്നെ മനഃപൂര്‍വ്വം തള്ളിക്കളഞ്ഞതല്ല. എന്നേക്കാള്‍ നന്നായി പാടുന്ന കുട്ടികള്‍ അവിടെയുണ്ടല്ലോ. അതുകൊണ്ട് അവസരം കിട്ടാതിരുന്നതാണെന്നായിരുന്നു നിയയുടെ വിനയാന്വിതമായ മറുപടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'അറിയുന്നു ഞാന്‍ എന്നേശുവേ അതിരറ്റ നിന്റെ സ്‌നേഹം...' എന്ന നിയ പാടിയ ഭക്തിഗാനം വലിയ ഹിറ്റായിരുന്നു. നിയയുടെ പുതിയ ചില ഭക്തിഗാനങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
'ദി പ്രീസ്റ്റി'ലെ ഒരു ഗാനത്തിന് ലീഡ് പാടാന്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ അന്വേഷിച്ചുകൊണ്ടിരുന്ന സംഗീതസംവിധായകന്‍ രാഹുല്‍ രാജിനോട് അല്‍ഫോണ്‍സ് ജോസഫ് തന്നെയാണ് നിയയുടെ കാര്യം പറഞ്ഞത്. നിയയുടെ പാട്ട് ഇഷ്ടപ്പെട്ട രാഹുല്‍രാജ് 'നസ്രേത്തിന്‍ നാട്ടിലെ'
എന്ന പാട്ടു പാടാന്‍ നിയയ്ക്ക് അവസരം വല്‍കി.
ഗായിക മെറിന്‍ ഗ്രിഗറിയും ആ ഗാനത്തില്‍ കൂടെ പാടുന്നുï്. 
ഈ ഗാനത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതും, അതൊരു മാതാവിന്റെ പാട്ടുതന്നെയായതുമെല്ലാം 
വിസ്മയത്തോടും സന്തോഷത്തോടും നന്ദിയോടും
കൂടിയാണ് നിയ ഓര്‍ക്കുന്നത്. 
കോഴിക്കോട് തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് 
ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ നിയ ഏഴാമത്തെ വയസ്സു മുതല്‍ സംഗീതം അഭ്യസിക്കുന്നുണ്ട്. ഇപ്പോള്‍ ആനന്ദ് കാവുവട്ടത്തിന്റെ കീഴിലാണ് ശാസ്ത്രീയസംഗീതം  പഠിക്കുന്നത്. കേരളത്തില്‍ കലകളെ ആവോളം പ്രോത്സാഹിപ്പിച്ച വന്ദ്യവൈദികന്‍ ആബേലച്ചന്റെ കുടുംബത്തിലാണ് നിയയുടെ ജനനം. സഹോദരന്‍ അജയ് ചാര്‍ളി.
പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരങ്ങള്‍  കൈയെത്തും ദൂരത്തു വന്നിട്ട് വഴുതിമാറിപ്പോകുമ്പോള്‍ നിരാശ തോന്നാം, അത് മനുഷ്യസഹജമാണ്. എന്നാല്‍ നിരാശപ്പെടാതെ പ്രാര്‍ത്ഥനയോടും പരിശ്രമങ്ങളോടും കൂടി കാത്തിരുന്നാല്‍ അപ്രതീക്ഷിതമായി അവസരം കൈവരുമെന്ന് സ്വന്തം അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് നിയ ചാര്‍ളിയെന്ന ഈ കൊച്ചുമിടുക്കി. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)