മേയ് 9 ഉയിര്‍പ്പുകാലം ആറാം ഞായര്‍
ഏശ. 52:7-12ശ്ലീഹ. 10:9-16
എഫേ. 2:11-22 യോഹ. 17:20-26
യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായത്തില്‍ ഈശോ മനുഷ്യമക്കള്‍ക്കു നല്കിയ മനോഹരമായ മൂന്നു കാര്യങ്ങളെക്കുറിച്ചു പറയുന്നു - നാമം, വചനം, മഹത്ത്വം. ഒരുമയ്ക്കുവേണ്ടിയുള്ള അപേക്ഷയോടെയാണ് ഈ പൗരോഹിത്യപ്രാര്‍ത്ഥന പൂര്‍ണമാകുന്നത്.
നാമം
''എന്റെ ജനം എന്റെ നാമം അറിയും'' (ഏശയ്യാ 52:6).
''അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി'' (യോഹ 17:6,26).
വചനം
''ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും'' (ആമോസ് 8:11).
''അങ്ങ് എനിക്കു നല്കിയ വചനം ഞാന്‍ അവയ്ക്കു നല്കി (യോഹ. 17:7,14).
മഹത്ത്വം
''അങ്ങ് എനിക്കു തന്ന മഹത്ത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു (യോഹ. 17:22).
ഭൂമിയിലെ മനുഷ്യരോടുള്ള തീവ്രമായ സ്‌നേഹത്താല്‍ പ്രേരിതനായി സ്വര്‍ഗത്തിന്റെ സ്വന്തമായ തീ സ്വര്‍ഗത്തില്‍നിന്നു മോഷ്ടിച്ച് ഭൂമിയില്‍ എത്തിച്ച ഗ്രീക്കുദേവനാണ് പ്രൊമിത്യൂസ്. ഇക്കാരണത്താല്‍ പ്രൊമിത്യൂസ് ബന്ധിതനായി, പീഡിതനായി. കഴുകന്‍ പ്രൊമിത്യൂസിന്റെ ഹൃദയം നിരന്തരം കൊത്തിപ്പറിച്ച് ചുടുനിണമൊഴുക്കി. ഈ ഗ്രീക്കുദേവന്‍ മനുഷ്യര്‍ക്കു നല്‍കിയത് തീയാണ്. വെളിച്ചം പകരുന്ന തീ. ഭക്ഷണത്തിനു രുചിഭേദം വരുത്തുന്ന തീ. തണുത്ത ഭൂമിയെ ചൂടുപിടിപ്പിക്കുന്ന തീ. മനുഷ്യമനസ്സുകളെ ജ്വലിപ്പിക്കുന്ന അഗ്നി. ഇതൊരു ഗ്രീക്ക് കഥയാണ്. എന്നാല്‍ സുവിശേഷത്തിലെ ഈശോ പറയുന്നു: ''ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നിരിക്കുന്നു. അതു കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.'' ഇതു വെറും കഥയല്ല. ചരിത്രത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ കാതലാണ്. രക്ഷാകരചരിത്രത്തിലെ 'ലോകരക്ഷക'ന്റെ (യോഹ. 4:42, 1 യോഹ. 4:14) ചരിത്രമാണ്. എല്ലാറ്റിന്റെയും 'മൂലക്കല്ലായ' ക്രിസ്തുചരിതമാണ്. ''അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്'' (എഫേ. 2:20).
വിദൂരസ്ഥരെ സമീപസ്ഥരാക്കിയത് അവന്റെ രക്തമാണ്. ''ഒരിക്കല്‍ വിദൂരസ്ഥരായിരുന്നവര്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു'' (എഫേ. 2:13).
ക്രിസ്തു ദൈവത്തിന്റെ നാമവും ദൈവത്തിന്റെ വചനവും അവിടുത്തെ മഹത്ത്വവും മനുഷ്യര്‍ക്കു വെളിപ്പെടുത്തി. അത് അവരില്‍ സ്‌നേഹം ഉണ്ടാകുവാനായിരുന്നു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിന് ഞാന്‍ അത് ഇനിയും അവരെ അറിയിക്കുമെന്നും ഈശോ പറയുന്നു (യോഹ 17:26). അവന്റെ മനുഷ്യമക്കളോടുള്ള അധികസ്‌നേഹത്തിന്റെ അധികചിഹ്നമാണ് കുരിശും കുരിശിലെ ബലിയും അവിടുത്തെ തിരുരക്തവും.
''ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ'' (എഫേ. 2:18).
എല്ലാവരും ഒന്നാകുന്നതിന്
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്നതിനിടയിലാണ് കൗണ്‍സില്‍ വിളിച്ചു കൂട്ടിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ നിര്യാതനാകുന്നത്. ചികിത്സയിലായിരുന്ന അവസാനനാളുകളില്‍ ചില സമയങ്ങളില്‍ പാപ്പാ ലത്തീനില്‍ ഇപ്രകാരം പറഞ്ഞിരുന്നതായി ഗ്രന്ഥങ്ങളിലുണ്ട്: 'ഉത്ത് ഊനും സിന്ത്' - എല്ലാവരും ഒന്നാകുന്നതിന് എന്നു സാരം. ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള തന്റെ പൗരോഹിത്യപ്രാര്‍ത്ഥനയില്‍ ഈശോ പറഞ്ഞു പ്രാര്‍ത്ഥിച്ച മനോഹരമായ വചനങ്ങള്‍തന്നെയായിരുന്നു ഇത്. ''അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ, അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്ത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ'' (യോഹ. 17:20-23).
'ബാബേല്‍' ആശയക്കുഴപ്പത്തിന്റെ ആവിഷ്‌കാരമാണെങ്കില്‍ പന്തക്കുസ്താ പരിശുദ്ധാത്മാവു തരുന്ന ഒരുമയുടെ ഉത്സവമാണ്. ബാബേലില്‍ ആശയവിനിമയത്തിന്റെ തകരാറാണെങ്കില്‍ പന്തക്കുസ്താനുഭവം വിവിധ ഭാഷക്കാരെ ഒരുമിപ്പിക്കുന്ന ഒരുമയുടെ അരൂപി തരുന്ന ആശയവിനിമയമാണ്. തകര്‍ന്നുപോയ ആശയവിനിമയത്തിന്റെ കേബിളുകള്‍ നേരേയാക്കുന്ന ഒരു വ്യക്തിയുടെ ചിത്രം വരച്ചതിനാണ് ഒരു കലാകാരന്‍ സമ്മാനാര്‍ഹനായത്. പൊട്ടിയ ബന്ധങ്ങളെ കൂട്ടിയിണക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ ശുശ്രൂഷ എന്നു വ്യക്തമാക്കുന്ന ചിത്രം. കുഞ്ഞുണ്ണി മാഷ് പാടിയതുപോലെ, ''എനിക്കുണ്ടൊരു ലോകം. നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം' - ഇതാണ് ഇന്നത്തെ അവസ്ഥ.
നിനക്ക് നിന്റെ ലോകമുണ്ട്. എനിക്ക് എന്റെ ലോകമുണ്ട്. എന്നാല്‍ നമുക്ക് നമ്മുടേതെന്നു പറയാവുന്ന ഒരു ലോകമില്ലെന്നു സാരം. ഓരോരുത്തരും അവരവരുടെ സ്വകാര്യലോകങ്ങളിലാണ്. 'ഞാന്‍' പോയാല്‍ മാത്രമേ, 'നാം' ഉണ്ടാകൂ എന്നുള്ള ബോധ്യം തരുന്നതാണ് ഈ കുഞ്ഞുണ്ണിക്കവിത. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ ഫരിസേയന്‍ നാലുവട്ടം ആവര്‍ത്തിക്കുന്ന പദം 'ഞാന്‍' എന്നതാണ്. ചിലര്‍ നാഴികയ്ക്കു നാല്പതുവട്ടം ഇതാവര്‍ത്തിക്കുന്നു. ഈശോ പഠിപ്പിച്ച സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'ഞാന്‍' അല്ല 'ഞങ്ങള്‍' നിറഞ്ഞുനില്ക്കുന്നു, എട്ടുവട്ടം.
ഞാന്‍ എന്താകുന്നു എന്ന ഗബ്രിയേല്‍ മാര്‍സലിന്റെ അന്വേഷണം ചെന്നെത്തിയത് 'നാം ആകുന്നു' എന്ന ഉത്തരത്തിലാണ്. രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുചേരുന്നിടത്ത് എന്റെ സാന്നിധ്യമുണ്ടെന്നാണ് കര്‍ത്താവു പഠിപ്പിക്കുന്നത് (മത്താ. 18:20). നാം ഒരു ശരീരത്തിലെ പല അവയവങ്ങളാണെന്ന പൗലോസിന്റെ ഭാഷ്യവും ഒരുമയുടെ അരൂപിയെ ചിത്രീകരിക്കുന്നു. ഒരു ചങ്ങലയുടെ ബലം അതിന്റെ ബലഹീനമായ കണ്ണിയുടെ ബലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആ ബലഹീനമായ കണ്ണിയെ കണ്ടെത്തി ബലപ്പെടുത്തുകയാണ് ആ ചങ്ങല ബലപ്പെടുത്താനുള്ള വഴി.
''ആകയാല്‍, ദൈവമഹത്ത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍'' (റോമ. 15:7)